Wednesday 04 October 2023 12:43 PM IST : By സ്വന്തം ലേഖകൻ

കൊളസ്ട്രോളില്ല അമിത വണ്ണവുമില്ല; ഇനി മുതൽ പാലിനു പകരം ബദാം, സോയ മിൽക്കുകളായാലോ?

badam-milk

പശുവിൻ പാൽ ചിലർക്ക് അലർജിയും അസ്വസ്ഥതകളും ഉണ്ടാകാൻ കാരണമാകും. വീഗൻ ഡയറ്റ് പിന്തുടരുന്നവർ പശുവിൻ പാൽ മാത്രമല്ല മൃഗങ്ങളിൽ നിന്നുള്ള പാൽ പൂർണമായും ഒഴിവാക്കാറുണ്ട്. ഇത്തരക്കാർക്ക് പാലിന് പകരമായി ഉപയോഗിക്കാവുന്ന പാനീയമാണ് ബദാം മിൽക്കും സോയ മിൽക്കും.

പല തരം ഫ്ലേവർ ചേർത്ത ബദാം മിൽക്കും സോയ മിൽക്കും വിപണിയിൽ ലഭിക്കും. രുചി പകരുന്നതിന് പ്രത്യേക ഫ്ലേവർ ചേർത്തതും അമിത അളവിൽ മധുരം ചേർത്തതുമാകും ഇത്തരത്തിൽ എത്തുന്നവ. മധുരവും ഫ്ലേവറും ഒഴിവാക്കി വീട്ടിൽ തയാറാക്കുന്ന ബദാം മിൽക്കും സോയ മിൽക്കും കൂടുതൽ ആരോഗ്യകരമാണ്.

രോഗപ്രതിരോധശക്തിയേകും ബദാം മിൽക്

പോഷകങ്ങളാൽ സമ്പന്നമാണ് ബദാം മിൽക്ക്. ഈ പാനീയം ഭക്ഷണക്രമത്തിൽ പതിവാക്കിയാൽ രോഗപ്രതിരോധശക്തി വർധിക്കും. ബുദ്ധിവളർച്ചയെ സഹായിക്കുമെന്നതിനാൽ വളരുന്ന പ്രായത്തിലുള്ള കുട്ടികൾക്ക് ബദാം മിൽക്ക് നല്ലതാണ്.

ഒരു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമേ ബദാം മിൽക് നൽകാവൂ. ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ബദാം ദഹിക്കുന്നതിന് ബുദ്ധിമുട്ട് നേരിടാമെന്നത് കൊണ്ടാണിത്. ചിലരിൽ നട്സ് അലർജിയുള്ളതിനാൽ കുട്ടികൾക്ക് ബദാം മിൽക് അലർജിയില്ലെന്ന് ഉറപ്പ് വരുത്തണം. നട്സ് അലർജിയില്ലെങ്കിൽ മുതിർന്നവർ ബദാം മിൽക് കുടിക്കുന്നത് ആരോഗ്യകരമാണ്. ദിവസവും മുഴുവൻ ഉണർവ് നൽകുമെന്നതും ഈ പാനീയത്തിന്റെ പ്രത്യേകതയാണ്.

തയാറാക്കുന്ന വിധം

പത്തോ പതിനഞ്ചോ ബദാം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. രാവിലെ ബദാമിന്റെ തൊലി എളുപ്പത്തിൽ നീക്കാനാകും. തൊലി നീക്കിയ ബദാം അരക്കപ്പ് വെള്ളം േചർത്ത് മിക്സിയിൽ അടിച്ചെടുക്കുക. (ഒരു കുട്ടിക്ക് വേണ്ടി മാത്രമായി പാൽ തയാറാക്കുമ്പോൾ നാലോ അഞ്ചോ എണ്ണം അരച്ചാൽ മതിയാകും. ) ഇത് നന്നായി അരിച്ചെടുക്കണം. ഈ പാനീയം കട്ടിയുള്ള പാത്രത്തിലൊഴിച്ച് തിളപ്പിക്കുക. മുതിർന്നവർ തിളപ്പിക്കാതെ ഉപയോഗിച്ചാലും കുഴപ്പമില്ല. കുട്ടികൾക്ക് തിളപ്പിച്ച് നൽകുന്നതാണ് നല്ലത്.

ബദാം മിൽക്കിൽ ഒരു നുള്ള് ഓർഗാനിക് മഞ്ഞൾപ്പൊടി കൂടി േചർത്ത് നൽകിയാൽ കുട്ടികളുടെ രോഗപ്രതിരോധശേഷി വർധിക്കും. ബദാം മിൽക്കിൽ തേൻ, പനങ്കൽക്കണ്ടം, ഈന്തപ്പഴം ഇവ ചേർത്ത് നൽകുന്നത് നല്ലതാണ്. കുട്ടികൾക്ക് ബുദ്ധി വളരാനും ഊർജസ്വലതയേകാനും ഈ പാനീയം സഹായിക്കും. സ്മൂത്തി തയാറാക്കുമ്പോൾ പാലിനും പാലുൽപന്നങ്ങൾക്കും പകരമായും ബദാം മിൽക്ക് ചേർക്കാം.

ഗുണങ്ങൾ അറിയാം

ബദാം സ്നാക്കായി കഴിക്കുമ്പോഴും 8–12 മണിക്കൂർ വെള്ളത്തിലിട്ട് ശേഷം കഴിക്കുന്നതാണ് നല്ലത്. ഇങ്ങനെ കഴിക്കുമ്പോൾ ബദാം പെട്ടെന്ന് ദഹിക്കും. കൂടുതൽ േപാഷകങ്ങൾ ശരീരത്തിന് ലഭിക്കും. ബദാമിൽ കൂടുതലും നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ ആണ് അടങ്ങിയിട്ടുള്ളത്. എച്ച്ഡിഎൽ അളവ് കൂട്ടാൻ ദിവസം നാല് – ആറ് ബദാം കഴിക്കുക. കൂടുതൽ അളവിൽ കഴിക്കുന്നത് ഒഴിവാക്കണം. ചിലർ ഇത് കഴിച്ച ശേഷം ഉടനെ ഉറങ്ങാൻ കിടക്കും. ഇങ്ങനെ ചെയ്യരുത്. രാത്രി ബദാം കഴിച്ചിട്ട് കുറച്ചു നേരം നടക്കുന്നത് നല്ലതാണ്.

പശുവിൻ പാലിനെ അപേക്ഷിച്ച് കൊഴുപ്പ് കുറവാണെന്നതാണ് ബദാം മിൽക്കിന്റെ പ്രധാന മേന്മ. വീട്ടിൽ തയാറാക്കുന്ന ബദാം മിൽക്കിൽ കാലറി കുറവാണ്. ഇത് കൊണ്ട് അമിതഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർ ബദാം മിൽക്ക് കുടിക്കുന്നത് ഗുണകരമാണ്.

ധാരാളം നാരുകൾ അടങ്ങിയത് കൊണ്ട് ബദാം മിൽക്ക് പതിവായി ഭക്ഷണത്തിലുൾപ്പെടുത്തുന്നത് മലബന്ധമകറ്റാൻ നല്ലതാണ്. ബദാം, ബദാം മിൽക് ഇവ ശീലമാക്കുന്നത് കോളൻ കാൻസർ പ്രതിരോധിക്കാൻ ഉപകരിക്കും. ചർമത്തിന് യുവത്വവും ഭംഗിയും വേണമെങ്കിൽ ബദാം മിൽക്കിനെ കൂട്ടു പിടിച്ചാൽ മതി. വൈറ്റമിൻ ഇ സമൃദ്ധമായി അടങ്ങിയിട്ടുള്ളത് കൊണ്ട് ചർമത്തിന്റെ അഴക് വർധിപ്പിക്കാനും ചർമത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ അകറ്റാനും നല്ലതാണ്. െപാട്ടാസിയം, മഗ്നീഷ്യം, കോപ്പർ, സെലനിയം തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടും. ഇതിലടങ്ങിയിട്ടുള്ള കോപ്പർ രക്താതിമർദം നിയന്ത്രിക്കും.

അമിതവണ്ണമകറ്റും േസായ മിൽക്

മൃഗങ്ങളിൽ നിന്നുള്ള പാലിന് പകരം ഉപയോഗിക്കുന്ന പാനീയങ്ങളിൽ കൂടുതൽ പോഷകഗുണങ്ങളുള്ള സോയ മിൽക് ആണ് മുൻനിരയിൽ നിൽക്കുന്നത്. പ്രതിരോധശക്തിയേകുന്ന ഭക്ഷണപദാർഥമെന്ന നിലയിലും സോയ മിൽക് പ്രാധാന്യമർഹിക്കുന്നു. വീഗൻ ആയവർക്കും ലാക്റ്റോസ് ഇൻടോളറൻസ്, പശുവിൻ പാൽ അലർജി തുടങ്ങിയവ ഉള്ളവർക്കും േസായ മിൽക് ആരോഗ്യകരമായ പാനീയമാണ്. അമിതവണ്ണം മുതൽ ഹൈപ്പർ ടെൻഷൻ വരെയുള്ള പ്രശ്നങ്ങൾക്ക് ഗുണകരമാണ് സോയ മിൽക്. വിപണിയിൽ കിട്ടുന്ന സോയ മിൽക്കിൽ പ്രിസർവേറ്റീവ്, ഫ്ലേവർ ഇവ ചേർത്തിട്ടുണ്ടാകും. ഇവയില്ലാതെ ഉപയോഗിക്കാമെന്നതാണ് സോയ മിൽക് വീട്ടിൽ തയാറാക്കുന്നതിന്റെ ഗുണം.

milk-1

തയാറാക്കുന്ന വിധം

നാന്നൂറ് ഗ്രാം സോയ പയർ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ചെറുചൂടുള്ള വെള്ളം ഒഴിച്ച് പയർ നന്നായി തിരുമ്മി തൊലി നീക്കണം. തുടർന്ന് ഈ പയർ അൽപം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരയ്ക്കുക. അരിപ്പയിലോ കോട്ടൺ തുണിയിലോ അരിച്ചെടുക്കണം. ശേഷിച്ച പയർ അരച്ചത് വീണ്ടും മിക്സിയിൽ അടിച്ച ശേഷം അരിക്കുക. ഇങ്ങനെ നന്നായി അരച്ച് കിട്ടുന്ന പാൽ ചുവട് കട്ടിയുള്ള പാത്രത്തിൽ അൽപം വെള്ളം ചേർത്ത് നന്നായി തിളപ്പിക്കണം. പാൽ തിളക്കുമ്പോൾ മുകളിൽ വരുന്ന പത എടുത്തു കളയണം. ഇല്ലെങ്കിൽ അരുചി തോന്നും. പാൽ നന്നായി തിളച്ച ശേഷം തീ ഓഫ് ചെയ്യുക. .

ഈ പാൽ തണുത്ത ശേഷം പഞ്ചസാര, തേൻ, ഇവ ചേർത്ത് കുടിക്കാം. തേയില, കാപ്പിപ്പൊടി ഇവ ചേർത്ത് ചായയോ കാപ്പിയോ തയാറാക്കുകയും ചെയ്യാം. തിളപ്പിച്ച ശേഷമാണെ ങ്കിൽ നാല് ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ഗുണങ്ങൾ അറിയാം

ഹൈ ബയോളജിക്കൽ വാല്യു ഉണ്ടെന്നതാണ് േസായയുടെ പ്രത്യേകത. വെജിറ്റേറിയൻ ഭക്ഷണത്തിൽ ഇത്രയും ബയോളജിക്കൽ വാല്യു സോയയിൽ മാത്രമാണുള്ളത്. സോയ പയർ ദഹിക്കാൻ ബുദ്ധിമുട്ടാണ്. അതേ സമയം സോയ പയർ സംസ്കരിച്ച് തയാറാക്കുന്ന സോയ ചങ്ക്സ്, സോയ മിൽക്, സോസ്, ഓയിൽ, പൗഡർ തുടങ്ങിയവ ഉപയോഗിക്കാൻ നല്ലതാണ്. സംസ്കരിച്ച സോയയും ഗുണമേന്മയിൽ മുന്നിലാണ്.

ധാരാളം നാരുകൾ അടങ്ങിയ സോയ ശരീരത്തിലെ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. സോയ മിൽക് പതിവായി ഭക്ഷണത്തിലുൾപ്പെടുത്തുന്നത് കൊളസ്ട്രോൾ നില കുറയ്ക്കും. സോയ മിൽക്കിൽ ഒമേഗ 3, 6 ഫാറ്റി ആസിഡ് സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഹൃദ്രോഗത്തെ പ്രതിരോധിക്കുകയും ചെയ്യും. ഒാസ്റ്റിയോപൊറോസിസ്, പ്രമേഹം ഇവ തടയാനും സോയ മിൽക് ഗുണകരമാണ്. േസായ മിൽക്കിലടങ്ങിയ ചില ഘടകങ്ങൾ പ്രോസ്‌റ്റേറ്റ് കാൻസർ പ്രതിരോധിക്കാൻ സഹായിക്കും.

സമ്മർദം, വിഷാദം തുടങ്ങി മനസ്സിനെ ബാധിക്കുന്ന പല പ്രശ്നങ്ങളും കുറയ്ക്കാൻ സോയ മിൽക് പതിവാക്കിയാൽ മതി. സോയയിലടങ്ങിയ വൈറ്റമിൻ ബി 6, വൈറ്റമിൻ ബി കോം പ്ലക്സ് ഇവ മാനസിക നില മെച്ചപ്പെടുത്തും. സോയയിലുള്ള മഗ്‌നീഷ്യം സെറാടോനിൻ എന്ന േഹാർമോണിന്റെ അളവ് വർധിപ്പിക്കും. ഇത് മാനസിക നില മെച്ചപ്പെടുത്താൻ നല്ലതാണ്.

സോയ മിൽക് പതിവായി കുടിക്കുന്നത് ചർമത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പ്രതിരോധിക്കുമെന്നും ചർമത്തിന്റെ ചെറുപ്പം നിലനിർത്താൻ ഗുണകരമാണെന്നും വിദഗ്ധ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കാൽസ്യം സമൃദ്ധമായടങ്ങിയത് െകാണ്ട് എല്ലുകളുടെ ആരോഗ്യത്തിനും ഗുണകരമാണ്. വർക്കൗട്ടിന് ശേഷം എനർജി ഡ്രിങ്കായി േസായ മിൽക് കുടിക്കുന്നത് ഗുണകരമാണ്. കാലറിയും കൊഴുപ്പും കുറയ്ക്കുന്നതിന് വേണ്ടി വർക്കൗട്ട് ചെയ്യുമ്പോൾ ശരീരത്തിൽ നിന്ന് ഊർജവും നഷ്ടപ്പെടാറുണ്ട്. സോയ മിൽക്കിലുള്ള ഘടകങ്ങൾ ശരീരത്തിനാവശ്യമായ ഊർജമേകും.

ശ്രദ്ധിക്കേണ്ടത്

കുറഞ്ഞ അളവിൽ സോയ ഉപയോഗിക്കുന്നതാണ് നല്ലത്. ദിവസം അൻപത് ഗ്രാം സോയയേ ഉപയോഗിക്കാവൂ. ഗർഭിണികൾ ആദ്യ മൂന്ന് മാസം സോയ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ദഹിക്കാൻ ബുദ്ധിമുട്ടാണെന്നതാണ് കാരണം. തൈറോയ്ഡ് ഉള്ളവർക്ക് സോയ നല്ലതല്ല. േസായയിലുള്ള ചില ഘടകങ്ങൾ അയഡിൻ ആഗിരണം ചെയ്യുന്നത് തടയും. സോയ അലർജിയുള്ളവരും സോയ കഴിക്കുമ്പോൾ ഛർദ്ദി പോലെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നവരും ഇത് ഒഴിവാക്കണം.

ചെറിയ കുട്ടികൾക്ക് ഒരു വയസ്സിന് ശേഷം മാത്രമേ സോയ നൽകാൻ പാടുള്ളൂ. പീഡിയാട്രീഷനോട് വിദഗ്ധോപദേശം തേടിയ ശേഷം നൽകുക. ചെറിയ കുട്ടികൾക്ക് സോയ മിൽക് കുറഞ്ഞ അളവിൽ നൽകിയാൽ മതി. മുതിർന്നവരെപ്പോലെ ഒരു ഗ്ലാസ് സോയമിൽക് കുട്ടികൾക്ക് ആവശ്യമില്ല.

വിവരങ്ങൾക്കു കടപ്പാട്

ഡോ. സുജേത ഏബ്രഹാം,

റിട്ടയേർഡ് ന്യൂട്രീഷനിസ്റ്റ്, ഗവൺമെന്റ്

മെഡിക്കൽ േകാളജ്, കോട്ടയം