Friday 05 August 2022 06:25 PM IST

ഭഗവത്ഗീതയിലെ 700 ശ്ലോകങ്ങളും കാണാതെ പഠിച്ച് റെക്കോർഡിട്ടു: ശ്രീജയുടെ സൂപ്പർ മെമ്മറി പവറിനു പിന്നിൽ....

Asha Thomas

Senior Sub Editor, Manorama Arogyam

geetha343

എല്ലാ മനുഷ്യർക്കും വേണ്ടി രചിക്കപ്പെട്ടിട്ടുള്ള അധ്യാത്മികഗ്രന്ഥമെന്നാണ് ശ്രീമദ് ഭഗവത്ഗീതയെ വിശേഷിപ്പിക്കാറ്. വ്യാസവിരചിതമായ സംസ്കൃത ശ്ലോകങ്ങൾക്കു ദർശനഭംഗിയും കാവ്യഭംഗിയും ഏറെ. പതിനെട്ട് അധ്യായങ്ങളിലായി 700 ഗഹനമായ ശ്ലോകങ്ങൾ...ഒാരോ ശ്ലോകവും നാലു വരി...

കാസർകോട്, ചെറുവത്തൂരിൽ ജനിച്ച്, അമേരിക്കയിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ശ്രീജ പുതുമന ഭഗവത്ഗീത പഠിക്കാൻ തുടങ്ങിയപ്പോൾ അതൊരു ഒാർമപരീക്ഷണം കൂടിയായി മാറി. സംസ്കൃത ഭാഷയിലുള്ള ഭഗവത്ഗീത മുഴുവനായി 59 മിനിറ്റ് കൊണ്ട് 700 ശ്ലോകങ്ങളും ഉരുവിട്ട് ഇന്ത്യ ബുക്ക് ഒാഫ് റെക്കോർഡ്സ് നേടി ശ്രീജ. ഭഗവത്ഗീത പഠനത്തെക്കുറിച്ചും ശ്ലോകങ്ങൾ മുഴുവൻ മനഃപാഠമാക്കാൻ സഹായിച്ച ടെക്നിക്കുകളെക്കുറിച്ചും ശ്രീജ സംസാരിക്കുന്നു.

‘‘ അമേരിക്കയിൽ നിന്നു ബെംഗളൂരുവിലേക്ക് എത്തി, ഒഴിവുസമയത്ത് യോഗ പഠിക്കാൻ ചേർന്നതാണ് എല്ലാത്തിന്റെയും തുടക്കം. ആസനങ്ങളൊക്കെ പഠിച്ചു കഴിഞ്ഞപ്പോൾ കുറച്ചു കൂടി ആഴത്തിൽ യോഗ പഠിക്കണമെന്നു തോന്നി. അങ്ങനെ ബെംഗളൂരുവിലെ എസ്Ðവ്യാസ യോഗ യൂണിവേഴ്സിറ്റിയിലെ യോഗ ഇൻസ്ട്രക്ടർ കോഴ്സിനു ചേർന്നു. യോഗയ്ക്കു പ്രത്യേകമായുള്ള യൂണിവേഴ്സിറ്റിയാണത്. യോഗ പഠനത്തിന്റെ ഭാഗമായി ഭഗവത്ഗീതയിലെ ചില ശ്ലോകങ്ങൾ മന:പാഠമാക്കേണ്ടിയിരുന്നു. അതോടെ ഗീത കൂടുതൽ അറിയണമെന്ന താൽപര്യം ഉദിച്ചു. മാത്രമല്ല, അവിടുത്തെ ഒരു അധ്യാപിക ഭഗവത്ഗീതയിലെ മുഴുവൻ ശ്ലോകങ്ങളും പഠിച്ച് ശൃംഗേരിയിൽ പോയി പരീക്ഷ ജയിച്ചിരുന്നു.

ഉറക്കെ ചൊല്ലി പഠനം

2019 ൽ ഭഗവത്ഗീത പഠനം തുടങ്ങി. ആദ്യമൊക്കെ നല്ല കടുപ്പമായിരുന്നു. ഡിഗ്രിക്ക് സംസ്കൃതമായിരുന്നു എന്റെ രണ്ടാം ഭാഷ. പക്ഷേ, ആ സംസ്കൃതമൊന്നും തുണച്ചില്ല. ഗീതയുടെ മലയാളം വിവർത്തനം കയ്യിലുണ്ടായിരുന്നു. ശ്ലോകങ്ങളുടെ അർഥം ഗ്രഹിക്കാൻ അതു സഹായിച്ചു.

ചങ്കിങ് അഥവാ ചെറിയ ഭാഗങ്ങളായി തിരിച്ചുള്ള പഠനരീതിയാണ് സ്വീകരിച്ചത്. 18 അധ്യായങ്ങളുണ്ട് ഗീതയിൽ. ഒന്നാം അധ്യായത്തിൽ കൗരവ Ðപാണ്ഡവ കുടുംബാംഗങ്ങളുടെയും മറ്റും പേരുകളുണ്ട്. അതിൽ തുടങ്ങിയാൽ പഠനം നീങ്ങില്ല. അതുകൊണ്ട് താരതമ്യേന ലഘുവായ പന്ത്രണ്ടാം അധ്യായമാണ് ആദ്യം പഠിച്ചത്Ðഭക്തിയോഗ.

പഠിച്ചു തുടങ്ങും മുൻപേ ഇത്ര നാളുകൾ കൊണ്ട് പഠിക്കണം എന്നൊക്കെ ഒരു പദ്ധതിയിട്ടിരുന്നു. അന്നു മൂത്തമകൻ ചെറുതാണ്. ഷോപ്പിങ്ങും പാചകവും ജോലി തിരക്കുകളും കഴിഞ്ഞ് രാത്രിയേ സമയം കിട്ടുമായിരുന്നുള്ളൂ. അതുകൊണ്ട് ഒാരോ അധ്യായത്തിനും രണ്ടര ആഴ്ച വീതം നീക്കിവച്ചു. ഒരു വർഷമെടുത്തു ഭഗവത്ഗീത മുഴുവൻ മനഃപാഠമാക്കാൻ.

പഴയ ഗുരുകുല സമ്പ്രദായത്തിലെ പോലെ ഉറക്കെ ചൊല്ലിയായിരുന്നു പഠനം. ഒരു ദിവസം അഞ്ചു ശ്ലോകം പഠിക്കും. ഒരു ശ്ലോകം നാല് വരിയാണ്. ആദ്യ വരി അഞ്ചു തവണ ചൊല്ലും. രണ്ടാം വരിയും അഞ്ചു തവണ. തുടർന്ന് രണ്ടും ചേർത്ത് അഞ്ചു തവണ. ശ്ലോകം മുഴുവനായി പഠിച്ചിട്ട് വീണ്ടും അഞ്ചു തവണ കൂടി ചൊല്ലും. അതായത് ഒരു ശ്ലോകം പഠിച്ചുകഴിയുമ്പോഴേക്കും 35 തവണ ചൊല്ലിക്കഴിയും. പിറ്റേന്ന് അടുത്ത അഞ്ചു ശ്ലോകം പഠിക്കും. ശേഷം ഈ 10 ശ്ലോകങ്ങളും ഒ രുമിച്ച് ഒന്നുകൂടി പഠിക്കും.

ശ്ലോകങ്ങൾ ബന്ധിപ്പിച്ച് ...

ഒാരോ ശ്ലോകങ്ങളും തമ്മിൽ ബന്ധിപ്പിച്ച് പഠിക്കാൻ ശ്രമിച്ചിരുന്നു. എങ്കിലേ ക്രമമായി ഒാർത്തിരിക്കാനാകൂ. പഠനത്തിൽ അതീവശ്രദ്ധ വേണ്ടിയിരുന്നു. ഗീതയിലെ ഒാരോ ഭാഗവും കുത്തും കോമയും വിസർഗ്ഗവും ഒക്കെ വളരെ പ്രധാനമാണ്. വിസർഗ്ഗം തെറ്റിപ്പോയാൽ അർഥമേ മാറിപ്പോകും.

ഉച്ചാരണകാര്യത്തിലെ സംശയം തീ ർക്കാൻ ഒരു മെന്റർ Ðഗുരു പോലെ ഒരു അധ്യാപികയുണ്ടായിരുന്നു. യൂണിവേഴ്സിറ്റിയിലെ പ്രഫസറായ സുഭദ്ര മാം. ദീദി എന്നാണ് ഞങ്ങൾ വിളിക്കാറ്. ഒാരോ അധ്യായവും പഠിച്ചിട്ട് അത് ദീദിയെ ചൊല്ലിക്കേൾപ്പിക്കും.. പല ശ്ലോകങ്ങളുടെയും ആദ്യ വരികളൊക്കെ സമാനമായിരിക്കും. ആ വരികൾ തമ്മിൽ മാറിപ്പോകും.ദീദി അത്തരം വരികളൊക്കെ ആവർത്തിച്ചു ചൊല്ലിക്കുമായിരുന്നു. സംശയങ്ങൾ അപ്പപ്പോൾ തീ ർക്കാൻ  ചൊല്ലിക്കേൾപ്പിക്കൽ സഹായിച്ചു.

ഭഗവത്ഗീതയുടെ സംസ്കൃതത്തിലുള്ള ഒരു ഒാഡിയോയും ഉണ്ടായിരുന്നു. ഒാരോ അധ്യായം പഠിക്കും മുൻപും അതു കേൾക്കും. കാറിൽ പോവുമ്പോൾ അപ്പപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന അധ്യായം വച്ചു കേൾക്കുമായിരുന്നു. ഒരു അധ്യായം പഠിച്ച് ചൊല്ലിക്കേൾപ്പിച്ചു കഴിഞ്ഞിട്ടാണ് അടുത്തതിലേക്കു പോവുക. ഒാർമയിൽ ഒരു ചെപ്പ് നിറച്ച് അടച്ചുവച്ച് അടുത്തതു തുറന്നതുപോലെ.

രാത്രി പത്തുമണിയാവും ഫ്രീ ആ കാൻ. തുടർന്നു മുക്കാൽ മണിക്കൂർ പഠിക്കും. പഠനകാലത്ത് രാത്രിയായിരുന്നു പഠിത്തം. പക്ഷേ, യോഗയൊക്കെ തുടങ്ങിയതു കൊണ്ടാണോയെന്നറിയില്ല, ഗീത പഠിക്കുന്ന സമയത്ത് രാവിലെയും നല്ല ശ്രദ്ധ കിട്ടുമായിരുന്നു. അതുകൊണ്ട് രാവിലെ അര Ðമുക്കാൽ മണിക്കൂറും പഠിക്കും.

ഭഗവത്ഗീതയിലെ ശ്ലോകങ്ങളെല്ലാം ഒാരോ അധ്യായവും ഒരു പ്രിന്റ് എടുത്ത്, എവിടെ പോയാലും കരുതും. കിട്ടുന്ന ഇടവേളയിലൊക്കെ ഹൃദിസ്ഥമാക്കാൻ ശ്രമിക്കും. അങ്ങനെ 2020ൽ ഗീത മുഴുവനും പഠിച്ചുതീർത്തു. ആ സമയത്ത് രണ്ടാമത്തെ കുട്ടിയെ ഗർഭിണിയായതുകൊണ്ട് പ രീക്ഷയ്ക്ക് ഇരുന്നില്ല.

കുട്ടി ഉണ്ടായിക്കഴിഞ്ഞ് വീണ്ടും ഒന്നുകൂടി ഗീത മുഴുവനായി പഠിച്ചു .

യൂണിവേഴ്സിറ്റിയിലെ പരീക്ഷയ്ക്ക് 700 ശ്ലോകങ്ങളിൽ എവിടെ നിന്നു വേ ണമെങ്കിലും ചോദിക്കാം. 100 മാർക്കി ൽ 40 മാർക്ക് ഒാർമിച്ച് ചൊല്ലുന്നതിനും 30 മാർക്ക് ഉച്ചാരണശുദ്ധിക്കും 30 മാർക്ക് അവതണത്തിനുമാണ്.

റെക്കോർഡിലേക്ക്

2022 മേയിൽ ചിക്കമഗളൂരുവിന് അ ടുത്തുള്ള ശ്രീ ശൃംഗേരി മഠത്തിലെ ശാരദാപീഠത്തിൽ പരീക്ഷയ്ക്കിരുന്നു. ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളിൽ ഒന്നാണിത്. ഇപ്പോഴത്തെ ശങ്കരാചാര്യരായ ജഗത്ഗുരു ശങ്കരാചാര്യ ശ്രീ ശ്രീ ഭാരതി തീർത്ഥ സ്വാമിയുടെ മുൻപാകെ നടന്ന വാചാ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി. 2022 ഏപ്രിലിലാണ് ഭഗവത്ഗീതയിലെ മുഴുവൻ ശ്ലോകങ്ങളും 59 മിനിറ്റ് കൊണ്ട് കാണാതെ ചൊല്ലിത്തീർത്ത് ഇന്ത്യ ബുക്ക് ഒാഫ് റെക്കോർഡ്സിൽ ഇടംപിടിച്ചത്.

ഗീത മാറ്റിയ ജീവിതം

പണ്ട് ഫോണിലൊക്കെ ഒാൺലൈൻ ഇടപാടിനുള്ള ഒടിപി വന്നാൽ ഒരു 100 തവണ നോക്കണമായിരുന്നു ഒാർത്തുവയ്ക്കാൻ. ഇപ്പോൾ ഒറ്റത്തവണ മതി. പൊതുവേ കാര്യങ്ങളെല്ലാം ഒാർത്തിരിക്കാനുള്ള ശേഷി വർധിച്ചു. സമാധാനപൂർണവും സന്തോഷകരവുമായി ജീവിക്കേണ്ടതെങ്ങനെയെന്നാണ് ഗീത പറയുന്നത്. പലയാവർത്തി ശ്ലോകങ്ങൾ അർഥം മനസ്സിലാക്കി ഉരുവിട്ട് പഠിച്ച് അവയിലെ നിർദേശങ്ങൾ പലതും ജീവിതത്തിന്റെ ഭാഗമായി.

കുട്ടികളെ സംബന്ധിച്ച് ഗീത ഹൃദിസ്ഥമാക്കൽ ഒന്നാന്തരം മെമ്മറൈസേഷൻ ടെക്നിക് ആണെന്നു പറയാം. പ്രതിസന്ധികളിൽ വാടിപ്പോകാതെ ധൈര്യപൂർവം മുന്നേറുന്നത് എങ്ങനെയെന്നുള്ള ജീവിതനൈപുണി പരിശീലനമാണ് ഗീതാപഠനം. ഇതു ജീവിതരീതിയെ പാടേ മാറ്റും. ഫോണിനോടും ഡിജിറ്റൽ ഉപകരണങ്ങളോടുമുള്ള ആസക്തി മറികടക്കാനും സഹായിക്കും.’’ ശ്രീജ പറഞ്ഞുനിർത്തുന്നു.

Tags:
  • Manorama Arogyam