Saturday 29 October 2022 03:01 PM IST

വയർ വീർത്തിരിക്കുന്നതിനു പിന്നിൽ ഗ്യാസ് ആണോ? ജാഗ്രത വേണം ഈ കാര്യങ്ങളിൽ

Asha Thomas

Senior Sub Editor, Manorama Arogyam

bloating545656

ഒന്നും കഴിച്ചിട്ടില്ല, പക്ഷേ, വയർ വീർത്തിരിക്കുകയാണെന്നു ചിലർ പരാതി പറയുന്നതു കേട്ടിട്ടില്ലേ? ചിലർ അതിനെ ഗ്യാസ് ആണ് എന്നു വ്യാഖാനിക്കും. പക്ഷേ, വയർ വീർത്തിരിക്കുന്നതിനു (Bloating) പിന്നിൽ ഗ്യാസ് തന്നെയാകണമെന്നില്ല. അതിനു പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ട്. 

∙ മലബന്ധം

കൃത്യമായി മലവിസർജനം നടന്നില്ലെങ്കിലും വയർ വീർത്തിരിക്കാം. മലം കൂടുതൽ ദിവസം വൻകുടലിൽ തങ്ങിനിന്നാൽ ബാക്ടീരിയ അതിനെ ഫെർമെന്റ് ചെയ്ത് ഗ്യാസും വയർ വീർപ്പും ഉണ്ടാക്കാം. മലവിസർജനം നടന്നുകിട്ടാൻ വല്ലാതെ പ്രയാസപ്പെടേണ്ടിവരിക, കല്ലുകൾ പോലെ കട്ടിയേറിയ മലം, മലവിസർജനം ചെയ്തിട്ടും വയർ പൂർണമായി ഒഴിഞ്ഞില്ലെന്നുള്ള തോന്നൽ എന്നിവയൊക്കെ മലബന്ധമുണ്ട് എന്നതിന്റെ സൂചനയാകാം. മൂന്നു ദിവസമായിട്ടും മലവിസർജനം നടക്കുന്നില്ലെങ്കിൽ ഡോക്ടറെ കാണണം.

∙ വേഗത്തിലുള്ള ഭക്ഷണം കഴിക്കൽ

എത്ര വേഗത്തിൽ നാം ഭക്ഷണം കഴിക്കുന്നുവോ അത്ര കൂടുതൽ വായു നാം വിഴുങ്ങുന്നുണ്ട്. ഈ വായു കുടലിലേക്ക് എത്തി വയർ വീർക്കാൻ (Bloating) ഇടയാക്കാം.

∙ പാലും പാലുൽപന്നങ്ങളും

ചിലരിൽ പാലും പാലുൽപന്നങ്ങളും ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കാം. പ്രത്യേകിച്ച് പാലിലെ ലാക്ടോസ് എന്ന ഘടകത്തെ എളുപ്പം ദഹിപ്പിക്കാൻ കഴിയാത്ത പ്രശ്നമുള്ളവർക്ക്. ഇങ്ങനെയുള്ളവർ പാലും പാലുൽപന്നങ്ങളും ഒഴിവാക്കുന്നതാണു നല്ലത്.

∙ കുടലിനു പെട്ടെന്ന് പ്രശ്നം വരുന്ന പ്രകൃതം

ഉദാഹരണത്തിന് ഇറിറ്റബിൾ ബവൽ സിൻഡ്രം പോലെയുള്ള കുടൽ പ്രശ്നമുള്ളവർക്ക് പെട്ടെന്നു ഗ്യാസ് ഉണ്ടാകാം. ഇത് വയറിളക്കത്തിനും ഉദരവേദനയ്ക്കും കാരണമാകാം.

∙ ഗ്യാസ്ട്രോപാരെസിസ്

ആമാശയം വളരെ പതുക്കെ മാത്രം കാലിയാകുന്ന അവസ്ഥ. ഇത് വയർ വീർത്തിരിക്കാൻ ഇടയാക്കാം.

‌∙ ഭാരം കൂടുതൽ

ശരീരഭാരം വർധിച്ചിട്ടുണ്ടെങ്കിൽ വയർ വീർത്തിരിക്കുന്നതിനു മറ്റു കാരണം തേടേണ്ടതില്ല. കാരണം കൂടുന്ന കൊഴുപ്പ് ഉദരത്തിനു ചുറ്റുമുള്ള ഭാഗങ്ങളിലാകും അടിയുക. ഇങ്ങനെയുള്ളവർ ആകെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിനൊപ്പം വയറിന് പ്രത്യേകമായി ചില വ്യായാമങ്ങളും ചെയ്യണം.

∙ ആർത്തവം

ആർത്തവസമയത്ത് എല്ലാവർക്കുമില്ലെങ്കിലും ചിലരിൽ വയർ വേദനയോടൊപ്പം വയർ വീർത്തിരിക്കുന്ന അവസ്ഥയും കാണാറുണ്ട്. ഹോർമോൺ പ്രശ്നങ്ങളാകാം കാരണമെന്നാണു ഗവേഷകരുടെ അഭിപ്രായം.

∙ ഗൈനക്കോളജിക്കൽ രോഗങ്ങൾ

ഗർഭപാത്രവും അണ്ഡാശയവുമായി ബന്ധപ്പെട്ടുള്ള ചില രോഗാവസ്ഥകളുടെ ഭാഗമായും വയർ വീർപ്പ് അനുഭവപ്പെടാറുണ്ട്.

∙ സീലിയാക് രോഗം

ഗോതമ്പിലും ബാർലിയുമൊക്കെയുള്ള പ്രോട്ടീനായ ഗ്ലൂട്ടൻ ചിലർക്ക് വയറിളക്കം, വയർ വേദന എന്നിവയോടൊപ്പം വയറ്റിൽ ഗ്യാസ് കെട്ടിനിൽക്കാനും ഇടയാക്കാം. ഇങ്ങനെയുള്ളവർ ഭക്ഷണം വാങ്ങുമ്പോൾ ലേബൽ പരിശോധിച്ച് ഗ്ലൂട്ടൻ ഇല്ല എന്നുറപ്പു വരുത്തുക. ഗോതമ്പ്, ബാർലി എന്നിവ ഒഴിവാക്കുക.

എങ്ങനെ തടയാം?

എന്താണ് കാരണം എന്നു തിരിച്ചറിഞ്ഞാൽ ആപ്രശ്നം പരിഹരിക്കുക, വയർ വീർപ്പ് ഉണ്ടാകില്ല. ഗ്യാസ് തന്നെയാണു പ്രശ്നമെന്നു സംശയമുള്ളവരംു ഐബിഎസ് പോലെയുള്ള പ്രശ്നമുള്ളവരും ഭക്ഷണക്രമം മാറ്റുക. ‌

‌ആദ്യത്തെ പടിയായി ഗ്യാസുണ്ടാക്കുന്ന തരം ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താതിരിക്കുക.

കൊഴുപ്പും ഉപ്പും കാർബോഹൈഡ്രേറ്റും ഒക്കെ മിതമായി മാത്രം ഉപയോഗിക്കുക.

ഗ്യാസ് തടയാൻ ഫോഡ്മാപ് (FODMAP DIET) ഡയറ്റ് ഗുണകരമാണ്. അതായത് ഫെർമെന്റബിൾ ഒലിഗോസാക്കറൈഡ്സ് , ഡൈസാക്കറൈഡ്സ് , മോനോസാക്കറൈഡ്സ്, പോളിയോൾസ് എന്നീ ഘടകങ്ങൾ കുറവുള്ള തരം ഭക്ഷണക്രമം.

∙ ഒലിഗോസാക്കറൈഡുകൾ ഉള്ള ഭക്ഷണം– ഗോതമ്പ്, ഉള്ളി, വെളുത്തുള്ളി, പയറുവർഗങ്ങൾ, ബാൻസ്

∙ ഡൈസാക്കറൈഡ്സ് ഉള്ള ഭക്ഷണം– പാലിലെ ലാക്ടോസ്, തൈര്, ഐസ്ക്രീം

∙ മോണോസാക്കറൈഡ്സ് ഉള്ള ഭക്ഷണം– പഴങ്ങളിലുള്ള മധുരമായ ഫ്രക്ടോസ്, ആപ്പിൾ, പിയർ എന്നീ പഴങ്ങൾ

∙ പോളിയോൾസ് ഉള്ള ഭക്ഷണം– ആപ്രിക്കോട്ട്, പ്ലം, കോവിഫ്ളവർ, ച്യൂയിങ് ഗം, കാൻഡി

ഫോഡ്മാപ് ഘടകങ്ങളുള്ള ഭക്ഷണം പ്രശ്നമുള്ളവരിൽ ചെറുകുടൽ ഈ ഭക്ഷണങ്ങളിലെ കാർബോഹൈഡ്രേറ്റ് പൂർണമായും ആഗിരണം ചെയ്യാതെ വൻകുടലിലേക്ക് വിടും. അവിടെവച്ച് ബാക്ടീരിയ ഭക്ഷണത്തെ പുളിപ്പിച്ച് ഗ്യാസുണ്ടാക്കും.

ഇതിലെ എല്ലാ ഘടകങ്ങളും എല്ലാവർക്കും പ്രശ്നമുണ്ടാക്കില്ല. അതുകൊണ്ട് ഒാരോ ഭക്ഷണമായി ഒഴിവാക്കി നോക്കി പ്രശ്നം പരിഹരിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുക.

ഗൈനക്കോളജിക്കൽ പ്രശ്നങ്ങളാണോ എന്നറിയാൻ വർഷം തോറും പെൽവിക് പരിശോധന നടത്തുക. മലബന്ധമാണ് പ്രശ്നമെങ്കിൽ നാരുള്ള ഭക്ഷണവും പഴവർഗങ്ങളും കൂടുതൽ കഴിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും വിസർജനം കാലതാമസമില്ലാതെയും പ്രയാസമില്ലാതെയും നടക്കാൻ സഹായിക്കും. ഇത്തരം പ്രാഥമികമായ നടപടികൾ കൊണ്ടും വയർ വീർപ്പ് മാറുന്നില്ലെങ്കിൽ ഡോക്ടറെ കണ്ട് വിശദമായ പരിശോധന നടത്താൻ മടിക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്

ജോൺസ് ഹോപ്കിൻസ് മെഡിസിൻ 

മയോക്ലിനിക്

Tags:
  • Manorama Arogyam