കോവിഡിന്റെ ഒന്നാം തരംഗം വീശി അടിച്ചുകൊണ്ടിരുന്ന സമയത്താണ് ഒരു 85 വയസുകാരൻ ഒ.പി യിൽ പരിശോധനയ്ക്കായി എത്തിയത് ! കൂടെ രണ്ട് ആണ്മക്കളും ഉണ്ടായിരുന്നു ! വീൽ ചെയറിലാണ് രോഗിയുടെ ഇരുപ്പ്. മക്കൾ രണ്ടു വശത്തും താങ്ങായി നിൽക്കുന്നു.. എന്ത് പറ്റി ? ഞാൻ ചോദിച്ചു ! ‘ഉപ്പ കുറച്ചു ദിവസമായി ഒന്നും മിണ്ടുന്നില്ല. എന്ത് ചോദിച്ചാലും മറുപടി ആംഗ്യം മാത്രം. ഭക്ഷണം കഴിക്കാം എന്ന് പറയുമ്പോൾ ചിലപ്പോൾ കണ്ണടച്ച് കാണിക്കും. പക്ഷെ ഒന്നും പറയില്ല. തൊണ്ടയിലെ പ്രശ്നമാണോ എന്നറിയാൻ കൊച്ചുമകൻ പറഞ്ഞിട്ട് കഴുത്തിന്റെ ഡോക്ടറെ ആദ്യം കാണിച്ചു നോക്കി. കൊച്ചുമകൻ ഇപ്പോൾ മെഡിസിനു പഠിക്കുന്നുണ്ട് മെഡിക്കൽ കോളേജിൽ. കഴുത്തിലും വായിലും കുഴപ്പമില്ലാത്തതു കൊണ്ട് അവൻ പറഞ്ഞിട്ട് തലയുടെ സ്കാൻ ഒന്ന് നോക്കിയിരുന്നു.. അപ്പോഴാണ് ഈ മുഴ കണ്ടത്...‘ ഞാൻ സ്കാൻ റിപ്പോർട്ടിലൂടെ ഒന്ന് കണ്ണോടിച്ചു : ശരിയാണ് തലച്ചോറിനുള്ളിൽ ഒരു മുഴ വളർന്നു വന്നിരിക്കുന്നു. ഇടതു ഭാഗത്തെ തലച്ചോറിനെ മുക്കാൽ ഭാഗത്തോളം ഞെരുക്കുന്ന ഒരു വലിയ മുഴ! കൂടെയുള്ളവർ തുടർന്നു . “ഹൃദയത്തിൽ ഉണ്ടായിരുന്ന ബ്ലോക്കുകൾ മാറ്റാൻ ബൈപാസ് സർജറി കഴിഞ്ഞിട്ട് 6 വർഷമായി. ഒരു കുഴപ്പവും കൂടാതെ സ്വന്തം കാര്യങ്ങൾ നോക്കി നടക്കുന്ന ആളായിരുന്നു. ഇപ്പോൾ ഇങ്ങനെ ആയപ്പോൾ എല്ലാവർക്കും ഒരു വിഷമം. എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഡോക്ടറേ ? “ മകൻ വിഷമത്തോടെ ചോദിച്ചു!!
‘’നോക്കട്ടെ!” ഞാൻ പറഞ്ഞു..വിശദമായ പരിശോധനക്കായി എംആർഐ സ്കാനിനു നിർദ്ദേശിച്ചു. കുറച്ചു സമയത്തിന് ശേഷം എംആർഐ റിപ്പോർട്ടിൽ തലച്ചോറിന്റെ സ്തരമായ ഡ്യൂറയെ ബാധിക്കുന്ന മെനിൻജിയോമ എന്ന തരം മുഴയാണ് എന്ന് മനസിലായി. പ്രായം 85 ആയിരിക്കുന്നു .കോവിഡ് അതിന്റെ എല്ലാ ശക്തിയിലും ആളുകളെ കീഴടക്കുന്ന സമയവും ആണ്. അത്യാവശ്യ ഓപ്പറേഷനുകൾ മതി എന്ന നിർദ്ദേശവും മുന്നിലുണ്ട് . എന്തു ചെയ്യും ? ആ മുഴക്കുള്ളിലേക്കു എപ്പോളെങ്കിലും കുറച്ചു രക്തസ്രാവം വന്നാൽ നിമിഷങ്ങൾക്കുള്ളിൽ അബോധാവസ്ഥയും മരണവും ഉണ്ടാകും എന്നുറപ്പായിരുന്നു...എന്തായാലും ശസ്ത്രക്രിയ ചെയ്ത് ആ മുഴ നീക്കം ചെയ്യാൻ തന്നെ ഞാൻ തീരുമാനിച്ചു!
4 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വേണ്ടി വന്നു ആ മുഴ നീക്കം ചെയ്യാൻ!. പതിയെ അദ്ദേഹം തന്റെ പഴയ ജീവിതചര്യകളിലേക്ക് തിരിച്ചെത്തി. ആഴ്ചകൾക്കു ശേഷം വീണ്ടും അദ്ദേഹം തിരിച്ചു ഒ.പിയിൽ വന്നു. മറന്നുപോയ തന്റെ സംസാരം തിരിച്ചു കിട്ടിയ സന്തോഷത്തിൽ കഥകൾ പറഞ്ഞു ചിരിച്ചു ! ശരിയായ സമയത്തെ ശരിയായ ചികിത്സയിലൂടെ ബ്രെയിൻ ട്യൂമറുകളെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും എന്നുള്ളതിന്റെ തെളിവായി ആ മനുഷ്യൻ പതുക്കെ നടന്നു പോയി!!
തലച്ചോറിനെ ബാധിക്കുന്ന ഗുരുതര രോഗങ്ങളിൽ ഒന്നാണ് ബ്രെയിൻ ട്യൂമറുകൾ .ഒട്ടേറെ തെറ്റിദ്ധാരണകൾ അതിനെ കുറിച്ച് സമൂഹത്തിൽ നിലവിലുണ്ട് . എന്താണ് സത്യം എന്നത് നമുക്ക് നോക്കാം.
1. നമ്മൾ കേട്ടിട്ടുള്ള കഥകളിലും സിനിമകളിലും നായകനോ നായികയോ മരിക്കാറുള്ളത് ബ്രെയിൻ ട്യൂമർ വന്നിട്ടായിരിക്കും. ബ്രെയിൻ ട്യൂമർ വന്നാൽ മരിച്ചു പോകുമെന്ന ധാരണ ഉണ്ടാക്കിയത് സത്യത്തിൽ ഈ സിനിമകളാണ് . 30 ശതമാനം ബ്രെയിൻ ട്യൂമറുകളെ ക്യാൻസർ ആയി മാറുകയുള്ളൂ. ഭൂരിപക്ഷം മുഴകളെയും നമുക്ക് കൃത്യമായി ചികിത്സിച്ചു മാറ്റാൻ സാധിക്കും . അതിൽ തന്നെ മെനിൻജിയോമ എന്ന് വിളിക്കുന്ന തലച്ചോറിന്റെ സ്തരമായ ഡ്യൂറയിൽ നിന്നും വളരുന്ന മുഴകളും പിട്യൂട്ടറി ഗ്രന്ഥിയിൽ നിന്ന് വളരുന്ന മുഴകളുമൊന്നും സാധാരണ ക്യാൻസർ ആയി കാണാറില്ല.
2.മൊബൈൽ ഫോൺ ഉപയോഗിച്ചാലും സിടി /എംആർഐ സ്കാൻ എടുത്താലും ബ്രെയിൻ ട്യൂമർ ഉണ്ടാകും എന്നൊരു ധാരണ സമൂഹത്തിലുണ്ട്. എന്താണ് അതിലെ സത്യം ? തുടർച്ചയായ മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ ട്യൂമർ ഉണ്ടാകാൻ കാരണം ആകുമെന്ന് ഒരു പഠനങ്ങളും ഇത് വരെയും തെളിയിച്ചിട്ടില്ല.
പക്ഷേ തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിച്ചാൽ എന്തൊക്കെ സംഭവിക്കാം എന്നറിയാമോ ? തലവേദന , ടെൻഷൻ , ഉറക്കക്കുറവ് , കാഴ്ചക്കുറവ് എന്നിവ തുടർച്ചയായി മൊബൈൽ ഉപയോഗിക്കുന്നവരിൽ കൂടുതലാണ് . കുട്ടികളിലാണെങ്കിൽ സ്വഭാവ വൈകല്യങ്ങളും പ്രത്യക്ഷപ്പെടാം. ഒരു ദിവസം രണ്ടു മണിക്കൂറിൽ കൂടുതൽ സ്ക്രീൻ ടൈം എടുക്കരുത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.അതുപോലെ തന്നെ ന്യൂറോസർജറിയിൽ നമുക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ് സിടി സ്കാനുകൾ. സിടി സ്കാനും എംആർഐയും എടുത്താൽ ബ്രെയിൻ ട്യൂമർ വരുമോ എന്നും ആളുകൾക്ക് സംശയമുണ്ട്. സത്യത്തിൽ ഒരു പഠനങ്ങളും അത് തെളിയിച്ചിട്ടില്ല. പക്ഷെ തുടർച്ചയായ റേഡിയേഷനുകൾ അത് സിടി സ്കാനിന്റെ ആണെങ്കിൽ പോലും നല്ലതല്ല എന്നാണ് സത്യം. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളിൽ സ്കാനുകൾ എടുക്കുക തന്നെ വേണം.അനാവശ്യമായ സിടി സ്കാനുകൾ ഒഴിവാക്കുകയും വേണം .റേഡിയേഷൻ നോക്കുകയാണെങ്കിൽ എംആർഐ ആണ് കുറച്ചു കൂടി സുരക്ഷിതം. പക്ഷേ തലച്ചോറിലെ രക്തസ്രാവം പോലുള്ള കാര്യങ്ങൾ സിടി സ്കാനിങ്ങിലാണ് കുറച്ചു കൂടി വ്യക്തമാകുന്നത്.
3. ഇപ്പോ എല്ലാവരും ഡയറ്റ് നോക്കുന്നവരാണല്ലോ . ലോ കാർബ് ഹൈ പ്രോട്ടീൻ ഡയറ്റ് ബ്രെയിൻ ട്യൂമർ ഉണ്ടാക്കില്ല എന്ന് ആളുകൾ ഇപ്പോൾ പറയുന്നുണ്ട് .സത്യത്തിൽ മണ്ടത്തരമാണീ കാര്യം. ഭക്ഷണത്തിനു ബ്രെയിൻ ട്യൂമർ ഉണ്ടാകുന്നതിൽ ഒരു റോളും ഇല്ല എന്നതാണ് സത്യം .
4. ബ്രെയിൻ ട്യൂമറുകൾക്കെല്ലാം ഒരേ ലക്ഷണങ്ങൾ ആയിരിക്കുമല്ലോ ? അത് പോലെ ചികിത്സയും ഒരുപോലെ അല്ലേ ?എന്ന് പലരും വിചാരിക്കാറുണ്ട് .വലുപ്പം ,സ്ഥാനം , ഗ്രേഡ് എന്നിവ അനുസരിച്ചു ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും .ചികിത്സയും അത് പോലെ വ്യത്യസ്ത മായിരിക്കും എന്നതാണ് സത്യം . ചിലർക്ക് തലവേദന ആണെങ്കിൽ മറ്റു ചിലർക്ക് അപസ്മാരമായിരിക്കും ഉണ്ടാവുക.. ചിലപ്പോൾ തുടർച്ചയായ ഛർദ്ദിൽ ഉണ്ടാവും അല്ലെങ്കിൽ ഒരു വശത്തിനു തളർച്ചയോ , കേൾവിക്കുറവോ , കാഴ്ചക്കുറവോ പ്രത്യക്ഷപ്പെടാം..
5. എപ്പോഴുമുള്ള തലവേദനയും കാഴ്ചക്കുറവും ബ്രെയിൻ ട്യൂമർ തന്നെ ആയിരിക്കുമല്ലോ ? അല്ലേ അല്ല . തലവേദനക്ക് നൂറു കാരണങ്ങൾ കാണും . മൈഗ്രൈൻ അഥവാ വാസ്ക്കുലാർ ഹെഡ്ഏക്കാണ് സാധാരണ തലവേദനയുടെ കാരണം. പക്ഷെ എല്ലാ തലവേദനയും മൈഗ്രൈൻ ആണെന്ന് കരുതി ഇരിക്കാൻ പാടില്ല. കൃത്യമായ പരിശോധനയിലൂടെ മാത്രമേ എന്താണെന്നു തിരിച്ചറിയാനാകു.
6. ബ്രെയിൻ ട്യൂമറുകളെല്ലാം തലച്ചോറിൽ തന്നെ ഉണ്ടാകുന്നതാണ് എന്നൊരു ധാരണയുണ്ട് .ഇത് തെറ്റാണ് . മറ്റു ശരീര ഭാഗങ്ങളിൽ ഉണ്ടാകുന്ന മുഴകളും തലച്ചോറിലേക്ക് വ്യാപിക്കാറുണ്ട്. അതിനു മെറ്റസ്റ്റേസിസ് എന്നാണ് പറയുന്നത് .പലമുഴകൾ തലച്ചോറിൽ പ്രത്യക്ഷപ്പെട്ടാൽ അത് മെറ്റസ്റ്റേസിസ് ആകാൻ സാധ്യത ഉണ്ട്. അങ്ങനെ ഉള്ളവർക്ക് മറ്റു ശരീര ഭാഗങ്ങളും പരിശോധിച്ച് നോക്കേണ്ടി വരും.
7. പാരമ്പര്യമായിട്ടാണ് ബ്രെയിൻട്യൂമർ എല്ലാം ഉണ്ടാകുന്നത് എന്നും പറയുന്നവരുണ്ട് .അപൂർവ്വമായി മാത്രമെ പാരമ്പര്യമായി ബ്രെയിൻ ട്യൂമറുകൾ ഉണ്ടാകാറുള്ളു .വീട്ടിൽ ആർക്കെങ്കിലും ബ്രെയിൻ ട്യൂമർ ഉണ്ടങ്കിൽ മറ്റുള്ളവരെ ബാധിക്കണമെന്നില്ല. ബ്രെയിൻ ട്യൂമറുകൾ മറ്റുള്ളവരിലേക്ക് പകരുന്ന ഒരു പകർച്ച വ്യാധിയുമല്ല എന്നും മനസിലാക്കണം.തെറ്റിദ്ധാരണകളിൽ വീണുപോകാതെ കൃത്യമായ രോഗനിർണയവും ചികിത്സയും നടത്തിയാൽ ബ്രെയിൻ ട്യൂമറുകളിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു നടക്കാൻ നമുക്ക് സാധിക്കും.
ഡോ.സരീഷ് കുമാർ എം.കെ. ( സീനിയർ കൺസൽട്ടന്റ്, ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി, മാർ സ്ലീവാ മെഡിസിറ്റി, പാലാ )