Tuesday 03 August 2021 04:27 PM IST

പല ബ്രാൻഡ് വാക്സീനുകൾ ഉപയോഗിച്ചുള്ള വാക്സീൻ മിക്സിങ് ഫലപ്രദമോ? വിദഗ്ധ അഭിപ്രായം അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

vaccinemixing

വാക്സീൻ മിക്സിങ്ങിനെക്കുറിച്ച് വാർത്തകൾക്ക് വ്യാപക പ്രചാരമാണിപ്പോൾ. ആദ്യത്തെ ഡോസ് ഒരു വാക്സീൻ, രണ്ടാമത്തെ ഡോസ് വേറൊരു ബ്രാൻഡ് വാക്സീൻ എന്ന രീതിയിൽ നൽകുന്നതിനാണ് വാക്സീൻ മിക്സിങ് എന്നു പറയുന്നത്. വാക്സീൻ നൽകുന്നതിനു മുൻപ് നടത്തിയ റാൻഡമൈസ്ഡ് കൺട്രോൾ ട്രയലുകളിലെല്ലാം എല്ലാ വാക്സീൻ നിർമാതാക്കളും ആദ്യ ഡോസും രണ്ടാം ഡോസും ഒരേ തരം വാക്സീനുകൾ ആണ് നൽകിയിരുന്നത്. അതുകൊണ്ടു തന്നെ നമുക്ക് ആദ്യം ലഭ്യമായിരിക്കുന്ന ഫലപ്രാപ്തി പഠനങ്ങൾ (വാക്സീൻ എഫിക്കസി ട്രയൽ) എല്ലാം തന്നെ ഒരേ വാക്സീന്റെ ഫലപ്രാപ്തിയാണ് പരിശോധിച്ചിരിക്കുന്നത്. ഇനി കോവിഡ് അല്ലാത്ത രോഗങ്ങളുടെ കാര്യമെടുത്താൽ, അവയിലും പലതരത്തിലുള്ള വാക്സീനുകൾ ഒരേ വ്യക്തിക്ക് കൊടുക്കുന്ന തരത്തിൽ സാഹചര്യങ്ങൾ വന്നിട്ടുണ്ട്. കോവിഡിലും അതുപോലെ മിക്സ് ചെയ്ത് കൊടുക്കുവാൻ പറ്റുമോ (വാക്സീൻ മിക്സ് ആൻഡ് മാച്ചിങ്) എന്നാണ് പുതിയ പരീക്ഷണങ്ങൾ നോക്കുന്നത്.

പലകാരണങ്ങൾ കൊണ്ട് അല്ലെങ്കിൽ പല സാഹചര്യങ്ങളിൽ വാക്സീൻ മിക്സിങ് പരീക്ഷിക്കാം. ഒരു കാരണം, വാക്സീന്റെ പ്രതിരോധപ്രതികരണം (ഇമ്യൂണോജെനസിറ്റി) കൂടാൻ സാധ്യതയുള്ളതിനാലാണ്. വാക്സീൻ ആദ്യ ഡോസ് ഒന്നും രണ്ടാം ഡോസ് മറ്റൊരു ബ്രാൻഡും നൽകിയാൽ ആന്റിബോഡികളുടെ അളവ് കൂടുമോ എന്നു പഠനവിധേയമാക്കി പ്രതിരോധപ്രതികരണം കൂടുതൽ മെച്ചമാണോ എന്നു നോക്കുന്നു.

രണ്ടാമതായി, വാക്സീനുകളുടെ പാർശ്വഫലം കുറയ്ക്കാൻ വ്യത്യസ്ത ബ്രാൻഡ് മിക്സ് ചെയ്യുന്നതു സഹായിച്ചേക്കാം എന്ന പരിഗണനയിൽ . ഉദാഹരണത്തിന് ആസ്ട്രാസെനക്ക വളരെ അപൂർവമായി രക്തം കട്ടപിടിക്കാൻ ഇടയാക്കുമെന്നതു പരിഗണിച്ച് ചില യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യ ഡോസ് ആസ്ട്രാസെനക്കയ്ക്കു ശേഷം ഫൈസറോ മൊഡേണയോ നൽകിയിട്ടുണ്ട്. പ്രായോഗിക തലത്തിൽ നോക്കിയാൽ, രണ്ടു ഡോസും ഒരേ ബ്രാൻഡ് ലഭിക്കാനായി കാത്തിരിക്കാതെ ഏതു വാക്സീനാണോ ലഭ്യമായുള്ളത് അതു കൊടുക്കാം എന്നതു സൗകര്യപ്രദമാണ്.

വാക്സീനുകൾ മിക്സ് ചെയ്ത് കൊടുക്കുമ്പോൾ പ്രതിരോധപ്രതികരണം മെച്ചപ്പെടുന്നു എന്ന് പഠനങ്ങളിൽ നിന്നും പ്രാഥമിക നീരീക്ഷണങ്ങൾ വന്നിട്ടുണ്ട്. അതിൽ പ്രധാനമായുള്ളത് സ്പെയിൻ പഠനവും യുകെ പഠനവുമാണ്. സ്പെയിനിൽ നടക്കുന്ന കോംബിവാക്സ് ആദ്യഘട്ട ട്രയലുകളിൽ ആദ്യ ഡോസ് ആസ്ട്രാസെനക്ക വാക്സീനും ( കൊവിഷീൽഡ്) രണ്ടാമത്ത ഡോസ് ഫൈസർ വാക്സീനും നൽകുന്നത് സുരക്ഷിതവും ഫലപ്രദവുമാണെന്നു കണ്ടു.

യുകെ യിൽ നടത്തുന്ന കോം–കോവ് ആദ്യഘട്ട ട്രയലുകളിൽ വാക്സീൻ മിക്സ് ആൻഡ് മാച്ച് ചെയ്യുന്ന രീതി കൂടുതൽ ഫലപ്രദമാണെന്നു കാണുന്നു. ഈ പഠനത്തിലും ആസ്ട്രാസെനക്കയുടെ വാക്സീനും ഫൈസർ വാക്സീനുമാണ് മിക്സ് ചെയ്ത് ഉപയോഗിച്ചത്. മൊസൈക് എന്ന കനേഡിയൻ പഠനത്തിലും ആസ്ട്രാ–ഫൈസർ കോമ്പിനേഷൻ ഫലപ്രദമെന്നു കണ്ടു. അമേരിക്കയിൽ എംആർഎൻഎ വാക്സീനും (ഫൈസർ/ മൊഡേണ) ജോൺസൺ ആൻഡ് ജോൺസന്റെ ജാൻസൻ എന്ന വാക്സീനും മിക്സ് ചെയ്ത് നൽകിക്കൊണ്ടുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുന്നുണ്ട്. ചൈനയിലും ഫ്രാൻസിലുമൊക്കെ വാക്സീൻ മിക്സിങ് ട്രയലുകൾ നടന്നുകൊണ്ടിരിക്കുന്നു.

ഇന്ത്യയിൽ രണ്ടുതരം വാക്സീൻ മിക്സ് ചെയ്ത് നൽകുന്നതു സംബന്ധിച്ചുള്ള മാർഗനിർദേശങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. പക്ഷേ, കോവാക്സീനും കോവിഷീൽഡും മിക്സ് ചെയ്ത് നൽകുന്നതു സംബന്ധിച്ച ക്ലിനിക്കൽ ട്രയലുകൾ ആരംഭിക്കാൻ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിന് ഇന്ത്യയിലെ കേന്ദ്ര ഡ്രഗ് അതോറിറ്റി അനുവാദം നൽകിയിട്ടുണ്ട്.

ഒരേ ബ്രാൻഡ് വാക്സീൻ തന്നെ രണ്ടു ഡോസ് ആയി നൽകുന്ന നിലവിലെ രീതി മോശമാണ് എന്നല്ല ഇതിനർഥം. ഒരേ ബ്രാൻഡ് വാക്സീൻ തന്നെ രണ്ടു ഡോസ് എടുത്തവർക്ക് ഡെൽറ്റ വകഭേദം ഉൾപ്പെടെയുള്ള കോവിഡ് വൈറസുകളെ ഫലപ്രദമായി പ്രതിരോധിക്കാനും കോവിഡ് സംബന്ധിയായ സങ്കീർണതകൾ വരുന്നതു കുറയ്ക്കാനും കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല. രണ്ടുഡോസ് വാക്സീൻ എടുക്കുന്നവരിൽ ഐസിയു അഡ്മിഷൻ ഒഴിവാക്കാനാകും എന്നത് തെളിഞ്ഞിട്ടുള്ള കാര്യമാണ്. പുതിയ പഠനങ്ങൾ പറയുന്നത് രണ്ടു ഡോസ് ആയി രണ്ടു ബ്രാൻഡ് വാക്സീനുകൾ നൽകുന്നതും ഫലപ്രദമാണെന്നാണ്. മാത്രമല്ല, ലഭ്യമായിട്ടുള്ള വാക്സീനുകൾ രണ്ടു ഡോസ് ആയി എടുക്കാം എന്നുവരുന്നത് കൂടുതൽ ആളുകൾക്ക് വാക്സീൻ ലഭ്യമാകാൻ ഇടയാക്കും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ഇന്ദു പി. എസ്.

കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസർ ആൻഡ് ഹെഡ്

മെഡി. കോളജ്, തൃശൂർ

Tags:
  • Manorama Arogyam
  • Health Tips