Tuesday 29 March 2022 11:17 AM IST

ജന്മനാ ഇടംകൈ അനങ്ങില്ല, ബാലൻസ് തെറ്റി വീണു പോകും... മൂന്നാം വർഷം അവളുടെ അരങ്ങേറ്റം: നൃത്തം നൽകി സൗഖ്യം

Asha Thomas

Senior Sub Editor, Manorama Arogyam

eewr34443

ഇരുനദികൾ ഒരുമിച്ചുചേരുന്നതുപോലെ അപൂർവസുന്ദരമായ ഒരു ജുഗൽബന്ദിയാണ് നീലമന സഹോദരിമാരുടെ നൃത്താവതരണം. വേദിയിൽ ഡോ. പത്മിനിയുടെ കുച്ചിപ്പുടിയും ഡോ. ദ്രൗപദിയുടെ ഭരതനാട്യവും താളലയ ഭംഗികളോടെ ഒന്നുചേർന്ന് കാഴ്ചക്കാരന്റെ കണ്ണും മനസ്സും നിറയ്ക്കുന്നു. നൃത്താവതരണത്തിൽ മാത്രമല്ല ഇവരുടെ പഠനത്തിലും തൊഴിലിലുമെല്ലാം ദ്വന്ദ്വസ്പർശമുണ്ട്. ബാല്യം മുതലേ നൃത്തം പ്രാണനാണെങ്കിലും തൊഴിലെന്ന രീതിയിൽ പഠനത്തിനു തിരഞ്ഞെടുത്തത് വൈദ്യശാസ്ത്രം. മനുഷ്യശരീരത്തിന്റെ ആന്തരികരഹസ്യങ്ങൾക്കൊപ്പം നൃത്തത്തിന്റെ നിഗൂഢമായ ആത്മഭാവത്തേയും ചേർത്തുപിടിച്ച് അ‍ഞ്ചു വർഷങ്ങൾ. പഠനം കഴിഞ്ഞ് ഡോക്ടർമാരായി പ്രാക്ടീസ് തുടങ്ങിയെങ്കിലും ചിലങ്കയഴിച്ചുവയ്ക്കാൻ മനസ്സനുവദിച്ചില്ല.

തങ്ങളിതേവരെ കണ്ട താളലയഭംഗിക്കപ്പുറം ശാരീരിക സൗഖ്യത്തിന്റെ കൂടി തലമുണ്ട് നൃത്തത്തിനെന്ന് ഡോക്ടർ സഹോദരിമാർ തിരിച്ചറി‍ഞ്ഞത് നൃത്തപരിശീലനത്തിനെത്തിയ ചിലരിലുണ്ടായ മാറ്റങ്ങൾ കണ്ടാണ്. ചിലർക്ക് നൃത്തം വിഷാദങ്ങളിൽ നിന്നും ജീവിതാനന്ദത്തിലേക്കുള്ള ചുവടുവയ്പാകുന്നു, മനസ്സിന്റെ സ്വതസിദ്ധമായ താളംമുറിഞ്ഞ മനസ്സുകളെ കൂടുതൽ താളനിബദ്ധമാക്കുന്നു, തളർന്നുപോയ കൈകളിൽ പോലും മുദ്രവിരിയിക്കുന്നു... വെറും ഭാവപ്രകാശനമല്ല, മുറിവുകളിൽ പോലും തേൻ പുരട്ടുന്ന സാന്ത്വനാനുഭവമാണ് നൃത്തമെന്ന് അവർ തിരിച്ചറി‍ഞ്ഞു.

‘‘ ഞങ്ങളങ്ങനെ ഡാൻസ് തെറപ്പി എന്നു പേരിട്ടൊന്നും ചെയ്യുന്നില്ല. പക്ഷേ, കുറേ വർഷങ്ങളായി നൃത്തം പഠിക്കാനെത്തുന്നവർക്ക് അതൊരു തെറപ്പിയുടെ ഫലം ചെയ്യുന്നതു കണ്ടറിയുന്നുണ്ട്. പതുക്കെ അത്തരമൊരു ശ്രദ്ധ ആവശ്യമുള്ള കുട്ടികൾ ഞങ്ങളെ തേടി വന്നുതുടങ്ങി’’ സഹോദരിമാരിൽ മൂത്തയാളായ ദ്രൗപദി പറഞ്ഞുതുടങ്ങി. ‘‘കൊല്ലത്ത് എന്റെ നൃത്തവിദ്യാലയത്തിൽ വന്നൊരു കുട്ടിയുണ്ട്. അവൾക്ക് ജന്മനാ തന്നെ ഇടംകൈ അനക്കാൻ വയ്യായിരുന്നു. അതുകൊണ്ട് അവളുടെ സ്കൂളിലെ നൃത്തടീമിലൊന്നും ചേർക്കില്ല. അവൾക്കാണെങ്കിൽ നൃത്തം ചെയ്യാൻ ഭയങ്കര ആഗ്രഹവുമാണ്. രണ്ടു മൂന്നു ഡാൻസ് സ്കൂളുകാരൊക്കെ പഠിപ്പിക്കാനും വിസമ്മതിച്ചു. ദ്രൗപദിയാകുമ്പോൾ ഡോക്ടറും കൂടിയല്ലെ, അപ്പോൾ കുട്ടിയെ ചേർത്തേക്കും എന്നു തോന്നി എന്റെയടുത്തു കൊണ്ടുവന്നതാണ്. പഠനം തുടങ്ങിയ സമയത്ത് അരമണ്ഡലത്തിലൊന്നും നിൽക്കാൻ പറ്റില്ലായിരുന്നു, ബാലൻസ് ഇല്ലാതെ വീണുപോകും. അവൾക്കു വേണ്ടി ഞാൻ ചുവടുകളുടെ രീതി അൽപം മാറ്റി. ബുദ്ധിമുട്ടില്ലാതെ ചെയ്യാവുന്ന ചുവടുകൾ മാത്രം വയ്പിച്ചു, പതിയെ കളിക്കാൻ ആത്മവിശ്വാസം ഉണ്ടാക്കി. ഏഴാം ക്ലാസ്സിലാണ് അവളെന്റയടുത്തു വന്നത്, 10–ാം ക്ലാസ്സിലെത്തിയപ്പോൾ ആ സ്കൂൾ സ്റ്റേജിൽ വച്ചു തന്നെ അവളുടെ അരങ്ങേറ്റം നടത്തി.

മാനസികമായി വികാസം കുറവുള്ള ഒരു കുട്ടിയെ ഇതേപോലെ മാതാപിതാക്കൾ കൊണ്ടുവന്നാക്കിയിരുന്നു. നൃത്തം പഠിച്ചുതുടങ്ങിയതോടെ അവളുടെ മനസ്സിനും താളബോധം ലഭിച്ചുതുടങ്ങി, ശ്രദ്ധയും കാര്യങ്ങൾ നോക്കിക്കണ്ടു ചെയ്യാനുള്ള ശേഷിയും മെച്ചപ്പെട്ടു. അവളിപ്പോൾ സ്വന്തം കാര്യങ്ങളൊക്കെ സ്വയം ചെയ്യാൻ തുടങ്ങി.

പഠനത്തിലും ഗുണപരമായ മാറ്റങ്ങൾ

എന്നാൽ മാതാപിതാക്കൾക്കു പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ചു വേണ്ടത്ര അവബോധമില്ലെന്നു പറയുന്നു ഡോ. പത്മിനി. ‘‘പഠിത്തം ഉഴപ്പുമെന്നൊക്കെ പറഞ്ഞ് പലരും കുട്ടികളെ നൃത്തപരിശീലനത്തിനു വിടാൻ മടികാണിക്കാറുണ്ട്. എന്റെയടുത്ത് നൃത്തംപഠിക്കാൻ കൂടുതലും വരുന്നത് കൊച്ചുകുട്ടികളാണ്. അവരുടെ അച്ഛനമ്മമാരോട് ഞാൻ പറയാറുണ്ട് നൃത്തം ചവിട്ടുന്നത് പഠനത്തെ സഹായിക്കുകയേ ഉള്ളൂ എന്ന്. ഒരേസമയം എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്– പാട്ടു ശ്രദ്ധിക്കണം, താളവും ചുവടുകളും തെറ്റരുത്, മുദ്ര ശരിയാകണം. ഇതൊക്കെ ഏകാഗ്രയും ഒാർമശക്തിയും കൂട്ടുകയേ ഉള്ളൂ.

കുട്ടികളിലെ ചില വൈകല്യങ്ങളെയും നൃത്തം ചെയ്തു ശരിയാക്കാം. പാദം നിലത്തുറപ്പിച്ചു വയ്ക്കാൻ കഴിയാത്ത ചില കുട്ടികളുണ്ട്, ഫൂട്ട് ഡ്രോപ് ഉള്ളവർ. അവർക്കൊക്കെ നൃത്തം കൊണ്ട് നല്ല ഫലം ലഭിക്കുന്നതായി കാണുന്നുണ്ട്. ചില കുട്ടികൾക്ക് കണ്ണും കയ്യും ഏകോപിപ്പിക്കാനുള്ള ശേഷിയുണ്ടാകില്ല. ഉദാഹരണത്തിന് നൃത്തം വയ്ക്കുമ്പോൾ കണ്ണും കൈയും കാലുമൊക്കെ ഒരേസമയം ചലിക്കുന്നുണ്ട്. കണ്ണിനനുസരിച്ച് കൈ പോകേണ്ടതെങ്ങനെയെന്ന് നോക്കാതെ തന്നെ നമുക്കൊരു ധാരണയുണ്ട്. പക്ഷേ, ഇത്തരം കുട്ടികൾക്ക് രണ്ടും കൂടി ഒരുമിച്ചു ചെയ്യാൻ പറ്റില്ല. ഇവരെ ആദ്യം കണ്ണാടിയിൽ നോക്കി ചുവടു വച്ച് മനസ്സിലുറപ്പിക്കാൻ പഠിപ്പിക്കും. പതിയെ കണ്ണും കൈയും ഏകോപിപ്പിച്ചു ചെയ്യാൻ അവർക്കാകും. അതിനനുസരിച്ചുള്ള ഗുണം എഴുത്തിലും വായനയിലും ലഭിക്കുകയും ചെയ്യും.

ആരോഗ്യചുവടുവയ്പുകൾ

fert4546

നർത്തകർ ഡോക്ടർമാർ കൂടിയാകുന്നതിന്റെ ഏറ്റവും വലിയ മെച്ചം അവർക്ക് നാട്യശാസ്ത്രത്തോടൊപ്പം ശരീരശാസ്ത്രം കൂടി അറിയാമെന്നതാണ്. ഒാരോ മുദ്രയും നിലയും ശരീരത്തിലുണ്ടാക്കുന്ന ഗുണഫലം എന്തെന്ന് അറിഞ്ഞിരുന്നാൽ ഒാരോരുത്തരുടെയും ശാരീരിക–മാനസിക ആവശ്യമനുസരിച്ച് ചുവടുകൾ ചിട്ടപ്പെടുത്തിക്കൊടുക്കാനും പറ്റും. ഇതു തന്നെയാണ് ഡാൻസ് തെറപ്പി കൊണ്ടുദ്ദേശിക്കുന്നതും.

നൃത്തം ചെയ്യുമ്പോൾ നാമറിയാതെ തന്നെ ഒരു വ്യായാമപദ്ധതിയിലൂടെ കടന്നുപോവുന്നുണ്ട്. ആദ്യം ചെറിയ ചുവടുകളിലൂടെ വാം അപ്. പിന്നീട് സംഗീതത്തിനനുസരിച്ച് ചുവടുവയ്ക്കുന്നു–ചിലപ്പോൾ സൗമ്യതാളം, ചിലപ്പോൾ അതിദ്രുത ചലനങ്ങൾ. കഴുത്തു മുതൽ കാൽപാദം വരെ ശരീരപേശികളെല്ലാം വലിഞ്ഞ് മുറുകി പിന്നെ അയഞ്ഞു ശാന്തമാകുന്നു. ഒരുതരം സ്ട്രെച്ചിങ് തന്നെ.

ഒരു പാദത്തിനു പിന്നിലായി അടുത്ത പാദം വച്ച് മുന്നോട്ടും പിന്നോട്ടുമുള്ള അന്നനടകൾ നടപ്പുരീതി (Gait) കൃത്യമാക്കുന്നു. കഴുത്തടവുകൾ അവിടെയുള്ള പേശികളെ ശക്തിയുള്ളതാക്കുന്നു, സെർവിക്കൽ സ്പോണ്ടിലോസിസ് പോലുള്ള രോഗാവസ്ഥകളെ തടയുന്നു. അര മണഅഡലം, മുഴു മണ്ഡലം, നമസ്കാരം തുടങ്ങിയുള്ള മിക്ക നിലകളും ശരീരപേശികൾക്കും സന്ധികൾക്കും മികച്ച വ്യായാമമാണ്.

വിവിധ ശരീരനിലകളിൽ ബാലൻസ് തെറ്റാതെ നിൽക്കാൻ ശീലിക്കുന്ന നർത്തകി അറിയാതെ അവരുടെ ഏകോപനശേഷി വർധിക്കുന്നു. സംഗീതം ശ്രദ്ധിച്ച് താളം ഇടറാതെ മുദ്ര തെറ്റാതെ ഭാവഭംഗിയോടെ വേദിയിൽ നിറഞ്ഞാടുന്നത് ഒരു മൾട്ടിടാസ്കിങ് തന്നെയാണ്. അതിന്റെ ഫലമായി ഏകാഗ്രത പതിന്മടങ്ങാകും. മുഖത്ത് വിവിധ ഭാവങ്ങൾ വിരിയുന്നതനുസരിച്ച് മുഖപേശികൾക്ക് ചലനം സാധ്യമാകുന്നു. മുഖത്തെ രക്തയോട്ടം വർധിച്ച് കൂടുതൽ സൗകുമാര്യമാർന്നതാകുന്നു. തെല്ലും ആയാസമനുഭവപ്പെടാതെ, ബോറടിക്കാതെ ഇത്രയും സംഗതികൾ നാമറിയാതെ തന്നെ ചെയ്തുതീർക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. ’’

മനസ്സിനു സുഖം പകരാൻ

വിദേശങ്ങളിൽ ഡാൻസ് തെറപ്പി എന്ന മേഖലയിൽ ഒട്ടേറെ പഠനങ്ങൾ നടക്കുന്നതായി ഡോക്ടർ സഹോദരിമാർ പറയുന്നു. കൂടുതലും മാനസികാരോഗ്യവും നൃത്തവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളാണ്. നൃത്തമെന്നു പറയുന്നത് കാഴ്ചക്കാർക്കു വേണ്ടിയുള്ള ചുവടുവയ്ക്കലല്ല. പ്രണയവും സ്നേഹവും കോപവും താപവുമെല്ലാം ഉൾക്കൊണ്ടു പ്രകടിപ്പിക്കലാണ്. അതുകൊണ്ടാകാം നൃത്തം അഭ്യസിക്കുന്നത് അബോധമായ ആശങ്കകളെ പോലും അകറ്റി മാനസികോല്ലാസം വർധിപ്പിക്കുമെന്നു പറയുന്നത്. മാനസികമൗഢ്യങ്ങളെ നൃത്തം കൊണ്ട് അലിയിച്ചു കളയാമെന്നു പറയുന്നു ഡോ. ദ്രൗപദി. വെറുതെ പറയുന്നതല്ല, അനുഭവത്തിൽ നിന്നു മനസ്സിലാക്കിയതാണ്.

‘‘ അച്ഛനമ്മമാരെ നഷ്ടപ്പെട്ട് വിഷാദക്കയത്തിലായ കൗമാരക്കാരിയേയും കൊണ്ട് കുട്ടിയുടെ മുത്തശ്ശിയാണ് വന്നത്. അച്ഛൻ മരിച്ച് മൂന്നു വർഷം കഴിഞ്ഞ് അമ്മയും പോയി. ആ ഒാർമകളിൽ നിന്നും അവൾ മുക്തയായിട്ടില്ല. നൃത്തക്ലാസ്സിനിടയ്ക്കു പോലും അവളുടെ കണ്ണു നിറഞ്ഞ് ഒഴുകുന്നതു കാണാം. പതുക്കെ പതുക്കെ അവളെ നൃത്തത്തിന്റെ ലോകത്തേക്കു കൈപിടിച്ചു കൊണ്ടുപോകാനായി. ചില ക്ലാസ്സുകൾ എടുക്കാൻ അവളെ ഏൽപിച്ചു. നൃത്തത്തിൽ മുഴുകി ആറു മാസം കഴിഞ്ഞതോടെ അവൾ പാടേ മാറി. പഴയതിലും ഊർജസ്വലയും സന്തോഷവതിയുമായി. അവളുടെ മാറ്റം കണ്ട് ‘ഇതിൽക്കൂടുതലൊന്നും എനിക്ക് ആവശ്യപ്പെടാനില്ല’ എന്നാണ് ആ കുട്ടിയുടെ അമ്മമ്മ എന്നോടു പറഞ്ഞത്. ഡോ. ദ്രൗപദിയുടെ വാക്കുകളിൽ സന്തോഷം തുളുമ്പുന്നു.

fdfger345

നൃത്തം പാർക്കിൻസൺസ് രോഗത്തിന് അനുയോജ്യമായ വ്യായാമപദ്ധതിയാണെന്നും ഗവേഷണങ്ങൾ പറയുന്നു. ഈ രോഗമുള്ളവരിൽ ശരീരബാലൻസും നടപ്പിന്റെ രീതിയുമൊക്കെ മെച്ചപ്പെടുത്താൻ വ്യായാമത്തേക്കാളും ഫലപ്രദമാണ് നൃത്തമെന്നാണ് ഈ രംഗത്തു നടന്ന പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.

‘‘ നമ്മുടെ നാട്ടിൽ പ്രായമുള്ളവർ നൃത്തം പഠിക്കുന്നെന്നു പറഞ്ഞാൽ ‘ ഈ പ്രായത്തിൽ ഇനി നൃത്തം പഠിച്ചിട്ടെന്തിനാ’ എന്നാകും പ്രതികരണം. പഠിച്ചിട്ട് കാര്യമുണ്ടെന്ന് ഞങ്ങൾ പറയും. മുട്ടുവേദന, നടുവേദന എന്നൊക്കെ പറഞ്ഞു മാറിനിൽക്കേണ്ടതില്ല. വേദനയുള്ളവർക്ക് ചിലതരം നിലകളും ചുവടുകളും ഒഴിവാക്കി കളിക്കാം. നൃത്തം ചവിട്ടി കുറേദിവസം കഴിയുമ്പോൾ സന്ധികൾക്കും പേശികൾക്കും അയവും വഴക്കവും വരും. പിന്നെ വേദനയുണ്ടാവുകയുമില്ല. കൊല്ലത്ത് 50–60 വയസ്സിലുള്ളവരുടെ ഒരു ബാച്ച് ഉണ്ട്. ആദ്യം മുട്ടുമടക്കാൻ പോലും വയ്യായിരുന്നു അവരിൽ പലർക്കും. ഇപ്പോൾ സുഖമായി ഇരുന്നെഴുന്നേൽക്കും.

നൃത്തത്തിലെ പല നിലകളും സ്ത്രീകളിലെ പെൽവിക് ഫ്േളാറിനെ ബലപ്പെടുത്തുന്ന വ്യായാമങ്ങൾക്ക് തുല്യമാണ്. ഇത് യൂട്രസ് പ്രൊലാപ്സ് പോലെ സ്ത്രീസഹജമായ പല ആരോഗ്യപ്രശ്നങ്ങൾക്കും ആശ്വാസം പകരും, ചെറുപ്പത്തിലേ നൃത്തം പഠിക്കുന്നവരിൽ ഇത്തരം പ്രശ്നങ്ങൾ വരാതെ തടയുകയും ചെയ്യും. മൂന്നു വയസ്സു മുതലേ നൃത്തം അഭ്യസിച്ചുതുടങ്ങിയ ഞങ്ങൾ തന്നെയാണ് അതിന്റെ ഏറ്റവും വലിയ തെളിവ്. പകർച്ചവ്യാധികളുള്ള രോഗികളുമായി ഇടപഴകിയിരുന്നപ്പോൾ പോലും ഞങ്ങൾക്ക് അസുഖങ്ങളൊന്നും വന്നിട്ടില്ല. ’’ ഡോക്ടർ സഹോദരിമാർ ഒരുമിച്ചു സാക്ഷ്യപ്പെടുത്തുന്നു.

നൃത്തത്തെ ഇത്രമേൽ സ്നേഹിക്കുന്ന ഇവരെന്തുകൊണ്ട് വൈദ്യശാസ്ത്രം തിരഞ്ഞെടുത്തു എന്നു ന്യായമായും സംശയം തോന്നാം. അതിനു ഡോക്ടർ സഹോദരിമാരുടെ മറുപടി ഇങ്ങനെ. ‘‘ഞങ്ങളുടെ അച്ഛൻ എൻ. എം. മുരളി സർജനായിരുന്നു. അച്ഛന്റെ കസിൻസ് മിക്കവരും ഡോക്ടർമാർ. കുടുംബത്തിൽ ഡോക്ടർമാരെ കണ്ടു കണ്ട് മറ്റൊരു കരിയറിനെക്കുറിച്ചും ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല. ഞങ്ങളെ വിവാഹം കഴിച്ചിരിക്കുന്നതും ഡോക്ടർമാരാണ്. ’’

ദ്രൗപദിയുടെ ഭർത്താവ് ഡോ. പ്രവീൺ നമ്പൂതിരി വൃക്കരോഗവിദഗ്ധനാണ്. മകൻ സിദ്ധാർഥിനും മകൾ പ്രാർഥനയ്ക്കുമൊപ്പം കൊല്ലത്താണ് താമസം. ഡോ. പത്മിനിയുടെ ഭർത്താവ് ഡോ. കൃഷ്ണൻ നമ്പൂതിരി സർജനാണ്. മക്കൾ ഉണ്ണികൃഷ്ണൻ, മുരളീകൃഷ്ണൻ, നന്ദകൃഷ്ണ എന്നിവർക്കൊപ്പം കോട്ടയത്താണ് താമസം.

കൊല്ലത്ത് എല്ലാ വർഷവും ത്രിനേത്ര ഫെസ്റ്റിവൽ എന്ന പേരിൽ മൂന്നു ദിവസത്തെ നൃത്തോത്സവം സംഘടിപ്പിക്കുന്നുണ്ട് നീലമന സഹോദരിമാർ. ഫെസ്റ്റിവലിലൂടെ ലഭിക്കുന്ന പണം മുഴുവനും പാവപ്പെട്ട വൃക്കരോഗികൾക്കായുള്ള ‘സേവ് കിഡ്നി ഫൗണ്ടേഷ’നുള്ളതാണ്.

‘‘സുഹൃത്തുക്കളുൾപ്പെടെ പലരും ഞങ്ങളോടു ചോദിക്കുമായിരുന്നു, ഇത്രയും സേവനസാദ്ധ്യതയുള്ള പ്രഫഷൻ പഠിച്ചിട്ടും വെറുതെ നൃത്തംകളിച്ചു നടക്കുവാണല്ലേ എന്ന്. നൃത്തമെന്നത് ഈശ്വരപൂജയാണെന്നും അതുമൊരു മാനവസേവനമാണെന്നും അവരോടു പറഞ്ഞിട്ടു കാര്യമില്ല. അങ്ങനെയാണ് എങ്ങനെ നേരിട്ടുള്ള സേവനത്തിനായി നൃത്തം ഉപയോഗിക്കാമെന്നു ചിന്തിക്കുന്നത്.’’ ത്രിനേത്ര ഫെസ്റ്റിവലിനു പിന്നിലെ പ്രചോദനത്തെക്കുറിച്ച് ഡോ. പത്മിനി പറയുന്നു. വിജയകരമായ അഞ്ചാം വർഷത്തിലേക്കു കടക്കുകയാണ് ഫെസ്റ്റിവൽ.

നൃത്തം ആത്മാവിന്റെ രഹസ്യഭാഷയാണെന്നാണ്. ആത്മാവിന്റെ മാത്രമല്ല, സൗഖ്യത്തിന്റെ കൂടെ ഭാഷയാണ് നൃത്തമെന്നാണ് ഈ ഡോക്ടർ സഹോദരിമാരുടെ നൃത്തപരീക്ഷണങ്ങൾ പറയുന്നത്.

Tags:
  • Fitness Tips
  • Manorama Arogyam