Tuesday 14 November 2023 05:30 PM IST : By ഡോ. സോമസുന്ദരന്‍

പഴുത്ത ചക്ക, പഴുത്ത മാങ്ങ, കൈതച്ചക്ക, തണ്ണീർ മത്തൻ, മുന്തിരി, സപ്പോട്ട ഒഴിവാക്കാം- പ്രമേഹം തടയാന്‍ ഉറപ്പായ വഴികള്‍

glucose324 ഡോ. സോമസുന്ദരൻ, ഫിസിഷന്‍, നിലേശ്വരം താലൂക്ക് ആശുപത്രി, സംസ്ഥാന ആരോഗ്യവകുപ്പ്.

‘ആഗോള ആരോഗ്യം ശക്തീകരണം’’ എന്നതാണ്–2023 ലെ ലോക പ്രമേഹ ദിനത്തിന്റെ സന്ദേശം. പ്രതീക്ഷയുടെ സന്ദേശമായ ഈ വാചകത്തിൽ ഒത്തുചേരലും മനസ്സിലാക്കലും പ്രവർത്തനവും പ്രമേഹ കാര്യത്തിൽ പ്രധാനമാണ്. ഫ്രെഡ്രിക്ക് ബാൻഡിംഗിന്റെ ജന്മദിനമാണ് പ്രമേഹ ദിനമായി ആചരിക്കുന്നത്. ഇദ്ദേഹമാണ് ചാൾസ് ബെസ്റ്റ് എന്നിവർക്കൊപ്പം 1922–ൽ ഇൻസുലിൻ കണ്ടുപിടിച്ചത്. പ്രമേഹത്തിന്റെ പ്രതിജ്ഞയെന്നത് പ്രമേഹത്തെ അതിജീവിക്കുക, ഒരുമിച്ച് പൊരുതാം എന്നതാണ്. (വർദ്ധിച്ച ബോധവൽക്കരണത്തിലൂടെയും ചികിത്സയിലൂടെയും ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഈ ലക്ഷ്യം നേടാൻ കഴിയും)

ഇന്ത്യൻ കൗൺസിൽ മെഡിക്കൽ റിസർച്ച് (ICMR) നടത്തി പ്രസിദ്ധീകരിച്ച പഠനത്തിൽ (2023) ഇന്ത്യയിൽ 10.1 കോടി പേർക്ക് പ്രമേഹം ഉണ്ട്. (ഇത് ഇന്ത്യൻ നജസംഖ്യയുടെ 11.4 ശതമാനം വരും) പക്ഷേ 15.3 ശതമാനം പേർ പ്രീഡയബറ്റിക്ക് ഘട്ടത്തിലാണ്. പ്രീഡയബറ്റിക്ക് ഘട്ടത്തിലുള്ള പകുതിയോളം പേരെങ്കിലും 5 വർഷത്തിനകം പ്രമേഹ രോഗികളായി തീരും. 2025 ഓടെ പ്രമേഹത്തിന്റെ നിരക്ക് ആഗോള തലത്തിൽ ഉയരുന്നതും അമിത വണ്ണം ഉയരുന്നതു കുറയ്ക്കാൻ പദ്ധതികൾ ഉണ്ട്.

2030 ഓടെ ഇന്ത്യയിൽ 79.4 മില്ല്യൺ ആളുകൾക്ക് പ്രമേഹം ഉണ്ടാകും എന്ന് കരുതപ്പെടുന്നു. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള രാജ്യമാണ് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പ്രമേഹം ഉള്ളവർ ഭൂരിപക്ഷവും 20 വയസിനും 70 വയസിനും ഇടയിലുള്ളവരാണ്. വർദ്ധിച്ച നാഗരിക വൽക്കരണം ആരോഗ്യകരമല്ലാത്ത ഭക്ഷണം വ്യായാമ കുറവ്, വർദ്ധിക്കുന്ന ജീവിത പ്രതീക്ഷകൾ (മാനസിക സമ്മർദ്ദം) അമിത വണ്ണം, അമിത തൂക്കം എന്നിവയെല്ലാം ഇതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. കാർബോഹൈ‍ഡ്രേറ്റ് കൂടുതലായിട്ടുള്ള ഭക്ഷണ ക്രമവും ഇതിന് കാരണമായിട്ടുണ്ട്. എം വിശ്വനാഥൻ എന്നയാളാണ് ഇന്ത്യയിൽ പ്രമേഹ രോഗ ക്ലിനിക്ക് ആദ്യമായി തുടങ്ങിയത്.

ഗ്ലൈക്കേറ്റഡ് (ഹീമോഗ്ലോബിൻ ശതമാനം 6.5 ൽ അധികം ആണെങ്കിൽ പ്രമേഹം ആണെന്ന് ഉറപ്പിക്കാം). കഴിഞ്ഞ 3 മാസത്തെ ശരാശരി പ്രമേഹ നിയന്ത്രണം ഈ ടെസ്റ്റിലൂടെ അറിയാൻ സാധിക്കുമെന്നത് പ്രധാനമാണ്. പ്രമേഹ രോഗികളിൽ രക്ത പഞ്ചസാര നിയന്ത്രണത്തോടൊപ്പം കൊളസ്ട്രോൾ നിയന്ത്രണവും അതീവ പ്രധാനമാണ്. പ്രമേഹ രോഗികൾ നിത്യേനയുള്ള വ്യായാമം (വിയർപ്പുണ്ടാകുന്നതു വരെ) അര മണിക്കൂർ എങ്കിലും തുടരുന്നതിനും നന്നായി ഉറങ്ങുന്നതിനും (6 മുതൽ 8 മണിക്കൂർ വരെ), വെള്ളം ധാരാളം കുടിക്കുന്നതിനും (2 മുതൽ 3 ലിറ്റർ വരെ) പ്രാധാന്യം നൽകേണ്ടതാണ്.

പ്രമേഹ രോഗികളുടെ ഭക്ഷണ ക്രമത്തിൽ വീട്ടിലെ കുടുംബാംഗങ്ങളും, പ്രമേഹമുള്ള വ്യക്തികളും ജാഗ്രത പുലർത്തേണ്ടതുണ്ട്. കാലറി കുറഞ്ഞ ഭക്ഷണവും കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണവും നാരുവർഗ്ഗങ്ങൾ കൂടുതലായുള്ള ഭക്ഷണവും പ്രധാനമാണ്. പ്രമേഹ രോഗികൾക്ക് ആപ്പിൾ, ഓറഞ്ച്, കക്കിരി, വെള്ളരി, കിവി എന്നീ പഴവർഗ്ഗങ്ങൾ കഴിക്കാവുന്നതാണ്. (എങ്കിലും പഴുത്ത ചക്ക, പഴുത്ത മാങ്ങ, കൈത ചക്ക, തണ്ണീർ മത്തൻ, മുന്തിരി, സപ്പോട്ട എന്നിവ തീർച്ചയായും ഒഴിവാക്കണം). പ്രമേഹ രോഗികൾക്ക് റോൾഡ് ഓട്സ് കഴിക്കുന്നത് ഗുണകരമാണ്. ഗ്രീൻ ടീയും കഴിക്കാം. പ്രമേഹ രോഗത്തിന്റെ സങ്കീർണ്ണതകൾ 5 വർഷത്തിനകമോ അതിലും നേരത്തെയോ രോഗികളിൽ പ്രത്യക്ഷപ്പെടാം.

കണ്ണുകളെ ബാധിക്കുന്ന റെറ്റിനോപ്പതി, വൃക്കകളെ ബാധിക്കുന്ന നെഫ്രോപ്പതി, ഞരമ്പുകളെ ബാധിക്കുന്ന ന്യൂറോപ്പതി എന്നിവയ്ക്ക് പുറമേ നേരത്തെയുള്ള ഹൃദ്രോഗബാധയും പക്ഷാഘാതവും ഹൃദയാഘാതവും പ്രമേഹ രോഗികൾക്ക് ഉണ്ടാകാറുണ്ട് എന്നതും എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. പ്രമേഹം കണ്ണുകളെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന റെറ്റിനോപ്പതി എന്ന രോഗത്തിന് ലേസർ ചികിത്സ, കണ്ണിനകത്തുള്ള ഇഞ്ചക്ഷൻ എന്നിവ ആവശ്യമായി വന്നേക്കാം. നോൺ പ്രോലിഫറേറ്റീവ് റെറ്റിനോപ്പതിക്ക് കൃത്യമായ പ്രമേഹ നിയന്ത്രണത്തിലൂടെ കാഴ്ച വീണ്ടെടുക്കാൻ കഴിയും.

കൈകാലുകൾക്ക് (കൈമുട്ടിനും, കാൽമുട്ടിനും താഴെ) തരിപ്പ് അനുഭവപ്പെടുകയും, സ്പർശനശേഷി ഇല്ലാതാവുകയും ചെയ്യുമ്പോൾ പ്രത്യേക ചികിത്സ ആവശ്യമാണ്. പ്രമേഹ രോഗികളിൽ ഹൃദ്രോഗബാധയുണ്ടായി, കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റ് (CABG) ചികിത്സ ആവശ്യമായി വരുന്നവർ ഏറെയാണ്. പ്രമേഹം ഉള്ളവർ ന്യൂമോക്ലോക്കൽ വാക്സിനേഷൻ, ഇൻഫ്ലുവൻസാ വാക്സിനേഷൻ (ഇൻഫ്ലുവാക്ക്) ഹെപ്പറ്റൈറ്റിസ് വാക്സിനേഷൻ എന്നിവ എടുക്കുന്നതിനൊപ്പം പാദ പരിചരണത്തിനും പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

പ്രമേഹ രോഗമുള്ളവരിൽ എൽ ഡി എൽ കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നത് കഴിഞ്ഞാൽ (ഭക്ഷണത്തിലൂടെയും സ്റ്റാറ്റിൻ മരുന്നുകളിലൂടെയും) ഹൃദ്രോഗം തടയാൻ ഒരു പരിധി വരെ കഴിയും. ഇതോടൊപ്പം ശരീരത്തിലെ നല്ല കൊളസ്ട്രോൾ ആയ എച്ച് ഡി എൽ (ഹൈ ഡൻസിറ്റി ലിപ്പോ പ്രോട്ടീൻ) വർദ്ധിക്കുന്നതിന് വ്യായാമം അതീവ പ്രധാനമാണ്. നടത്തത്തിന് പുറമെ, സൈക്കളിംഗ്, ഡാൻസിംഗ് എന്നിവയും ഏറെ ഗുണപ്രദമാണ്. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സന്ധികളിലെ ചലനവും ഭാരം ഉയർത്തലും ഗുണപ്രദമാണ്. ഇതിനായി ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം ഉപയോഗപ്പെടുത്താം.

പ്രമേഹ രോഗികളിൽ വൃക്കയെ ബാധിക്കുമ്പോൾ യൂറിയ, ക്രിയാറ്റിൻ എന്നിവ ഉയരും എന്നുള്ളത് ശരിയാണ്. (പക്ഷേ അതിന് മുമ്പേ മൂത്രത്തിലെ ആൽബമിൻ ക്രിയാറ്റിൻ അനുപാതം പരിശോധിച്ച് വ‍ൃക്കയുടെ തകരാറുകൾ പരിഹരിക്കാവുന്നതാണ്). കേരളത്തിൽ ഡയാലിസിസ് സെന്ററുകൾ വർദ്ധിച്ചു വരുന്നതിൽ പ്രധാന കാരണം രക്ത സമ്മർദ്ദം, പ്രമേഹം എന്നിവ വൃക്കകളെ ബാധിക്കുന്നതാണ്. പ്രമേഹ രോഗത്തിന് മരുന്നു കഴിക്കുന്നത് വൃക്കയെ തകരാറിൽ ആക്കില്ല. കൃത്യമായ പ്രമേഹ നിയന്ത്രണം സാധ്യമാക്കുന്നതിൽ വ്യായാമം ഭക്ഷണ നിയന്ത്രണം എന്നിവയ്ക്ക് പുറമെ മരുന്നുകളും ഫിസിഷ്യന്റെ നിർദ്ദേശത്തിൽ കൃത്യമായി കഴിക്കേണ്ടതാണ്.

പ്രമേഹ ചികിത്സ ഫലപ്രദമാണെന്ന് ഉറപ്പ് വരുത്താൻ ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിൻ 7 ശതമാനത്തിന് താഴെയും രക്ത സമ്മർദ്ദം 130/80 മില്ലിമീറ്റർ താഴെയും എൽ ഡി എൽ കൊളസ്ട്രോൾ 100–ന് താഴെയും എച്ച് ഡി എൽ കൊളസ്ട്രോൾ 40 ന് മുകളിലും ട്രൈഗ്ലിസറൈഡ് 15 ന് താഴെയും ആണെന്ന് ഉറപ്പ് വരുത്തണം. പ്രീഡയബറ്റിക്ക് ആയവർക്ക് പ്രമേഹ ഘട്ടത്തിലേക്ക് ആവാതിരിക്കാൻ ശക്തമായ ഭക്ഷണ നിയന്ത്രണവും തുടർച്ചയായ വ്യായാമവും അതീവ പ്രധാനമാണ്.

ഡോ. സോമസുന്ദരൻ,

ഫിസിഷന്‍

നിലേശ്വരം താലൂക്ക് ആശുപത്രി

സംസ്ഥാന ആരോഗ്യവകുപ്പ്.

Tags:
  • Manorama Arogyam