Friday 27 August 2021 12:39 PM IST

പ്രമേഹം വെറും ഷുഗർ വർധനവായി കാണേണ്ട, പതിയിരിക്കുന്നത് ഹാർട്ട് അറ്റാക്ക്: ശ്രദ്ധിക്കണം ഈ സൂചനകളെ

Asha Thomas

Senior Sub Editor, Manorama Arogyam

diabetese

2030 ആകുമ്പോഴേക്കും ആഗോളതലത്തിൽ പ്രമേഹം മൂലമുള്ള സാമ്പത്തികബാധ്യത രണ്ടു ട്രില്യൺ ഡോളർ കവിയുമെന്നു കണക്കുകൾ പറയുന്നു. പൊതുജനാരോഗ്യസംവിധാനത്തിൽ പ്രമേഹം ബാധ്യതയാകുന്നതിന്റെ ഒരു കാരണം പ്രമേഹവും ഹൃദയധമനീരോഗങ്ങളും തമ്മിലുള്ള ഇഴയടുപ്പവും അതുവഴിയുണ്ടാകുന്ന മരണനിരക്കും സങ്കീർണതകളുമാണ്.

പ്രമേഹരോഗികളിലെ മരണത്തിന്റെ പ്രധാനകാരണം ഹൃദ്രോഗമാണല്ലൊ. പ്രമേഹമെന്നത് വെറും ഷുഗർ വർധനവ് ആയി അവഗണിക്കേണ്ട, അത് ഹൃദ്രോഗങ്ങൾക്കുള്ള അപകടസാധ്യത കൂടിയാണ്. പ്രത്യേകിച്ച് ഹൃദയധമനീരോഗങ്ങൾക്കുള്ള സാധ്യത. പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് പ്രമേഹം ഉള്ളവരിൽ ഹൃദയധമനീരോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. കൊറോണറി ഇസ്കീമിയ, മയോകാർഡിയൽ ഇൻഫാർക്‌ഷൻ, സൈലന്റ് മയോകാർഡിയൽ ഇസ്കീമിയ എന്നിവയ്ക്കുള്ള സാധ്യത പ്രമേഹരോഗികളിൽ കൂടുതലാണെന്നാണ് കാണുന്നത്.

ധമനികൾക്ക് നാശം

പ്രമേഹം, ഹൃദയധമനീരോഗസാധ്യത പുരുഷന്മാരിൽ ഇരട്ടിയാക്കുകയും സ്ത്രീകളിൽ മൂന്നിരട്ടി ആക്കുകയും ചെയ്യുന്നുവെന്ന് ഏറെ പ്രസിദ്ധമായ ഫ്രമിങ് ഹാം പഠനം തെളിയിച്ചിട്ടുള്ളതാണ്. പ്രമേഹത്തോടൊപ്പം അമിത ബിപി, പുകവലി, ഹൈപ്പർ കൊളസ്റ്റെറോലീമിയ, അലസമായ ജീവിതം എന്നിവയിൽ ഏതെങ്കിലുമൊക്കെയുണ്ടെങ്കിൽ സ്ഥിതി കൂടുതൽ അപകടകരമാകും.

പ്രമേഹം വലിയ ധമനീരോഗങ്ങൾക്കുള്ള (മാക്രോവാസ്കുലർ ) അപകടസാധ്യത വർധിപ്പിക്കുന്നു. അതായത് ഹൃദയം പോലെയുള്ള അവയവങ്ങളിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകൾക്ക് നാശം വരുത്തുന്നു. കൂടാതെ വൃക്ക, കണ്ണ് പോലുള്ളവയിലെ ചെറിയ രക്തക്കുഴലുകളെയും നശിപ്പിക്കുന്നു.

ടൈപ്പ് 2 പ്രമേഹത്തിൽ ഹൈപ്പർ ഇൻസുലിനീമിയയും ഹൃദയോപരിതലത്തിലുള്ള വലിയ രക്തക്കുഴലുകൾ ചുരുങ്ങുന്ന അവസ്ഥയും (Vascular Endothelial dysfunction) 4–6 വർഷം നേരത്തെ തന്നെ വരാം. മാത്രമല്ല, പ്രമേഹം തിരിച്ചറിയുമ്പോഴോ അതിനു മുൻപേ തന്നെയോ ഹൃദയധമനീരോഗം ഉൾപ്പെടെയുള്ള അവയവനാശം സംഭവിച്ചിരിക്കാനും ഇടയുണ്ട്.

സങ്കീർണതകൾ ഒഴിവാക്കാം

പ്രമേഹരോഗവും പ്രമേഹം മൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങളും, തീവ്രമാകാതെ, അനുയോജ്യമായ ചികിത്സ കൊണ്ടും ജീവിതരീതിയിലെ ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടും കൃത്യമായ പരിശോധന കൊണ്ടും വലിയൊരളവു വരെ തടയാനാകും എന്നത് ശുഭകരമായ കാര്യമാണ്. മറ്റ് ദോഷങ്ങളൊന്നുമില്ലെങ്കിൽ ഷുഗർ നിയന്ത്രിക്കാനുള്ള മരുന്നുകൾ (ഒാറൽ ഹൈപ്പോഗ്ലൈസീമിക് ഏജന്റ്സ്) ഹൃദ്രോഗമുള്ള പ്രമേഹരോഗികളിൽ ഭയലേശമില്ലാതെ നൽകാം.

ഹൃദയധമനികൾക്ക് ഗുണം ചെയ്യുന്ന വ്യായാമങ്ങളും ഭക്ഷണരീതിയിലെ ക്രമീകരണവും ഒപ്പം ചെയ്യണം. ഹൃദയത്തിന്റെ പ്രവർത്തനശേഷി കുറഞ്ഞവരിൽ പയോഗ്ലിറ്റസോൺ, റോസിഗ്ലിറ്റസോൺ പോലുള്ള മരുന്നുകൾ പൊതുവേ നിർദേശിക്കാറില്ല. വൃക്കകളുടെ പ്രവർത്തന തകരാർ പോലെ, അവയവനാശം വന്നവരിൽ ഇൻസുലിൻ കുത്തിവയ്പ് പരിഗണിക്കാവുന്നതാണ്. ദിവസം രണ്ടുനേരം ബൈ–ഫേസിക് ഇൻസുലിൻ മാത്രമായോ ഒാറൽ ഹൈപ്പോഗ്ലൈസീമിക് ഏജന്റുകളുടെ ഒപ്പമോ നൽകുകയാണ് സാധാരണ ചെയ്യാറ്.

രക്തത്തിലെ പഞ്ചസാരനിരക്ക് ഉയർന്നു നിൽക്കുന്നതും ഉയർന്ന ലിപിഡ് നിരക്കും രക്തക്കുഴലുകളുടെ ആന്തരിക ആവരണത്തിന് നാശം വരുത്തും. ഈ പ്രക്രിയയ്ക്ക് അതിരോസ്ക്ലീറോസിസ് എന്നു പറയുന്നു. രക്തക്കുഴലുകൾക്ക് കേടുവരുന്നത് മൂലം രക്തയോട്ടം തടസ്സപ്പെടുകയും അതുവഴി പ്രധാന അവയവങ്ങൾക്കെല്ലാം നാശം സംഭവിക്കുകയും ചെയ്യാം.

പ്രത്യേകിച്ച് ,പെട്ടെന്നു രക്തത്തിലെ ഷുഗർ നിരക്ക് കൂടുന്ന ഹൈപ്പർ ഗ്ലൈസീമിയ വഴിയുണ്ടാകുന്ന അതിരോസ്ക്ലീറോസിസ്, ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളെ ബാധിക്കും. കേടുവന്ന്, രക്തം കട്ടപിടിച്ച രക്തക്കുഴലുകളിലൂടെ രക്തയോട്ടം തടസ്സപ്പെടുന്നതോടെ ഹൃദയത്തിന് ലഭിക്കുന്ന പ്രാണവായു ഗണ്യമായി കുറയും. ഈ അവസ്ഥയിൽ ഹൃദയം പ്രവർത്തിക്കുമ്പോൾ അത് ആദ്യഘട്ടത്തിൽ നെഞ്ചുവേദനയായും സ്ഥിതി സങ്കീർണമാകുമ്പോൾ ഹൃദയാഘാതമായും മാറാം.

ബിപി ശ്രദ്ധിക്കാം

തികച്ചും ആരോഗ്യവാനായ ഒരാൾക്ക് ഉത്തമമായ ബിപി നിരക്ക് 120/80 ആണ്. ഈ നിരക്കിൽ നിന്നും ഗണ്യമായ മാറ്റം കണ്ടാൽ അത് ഹൃദ്രോഗത്തിന്റെയോ വൃക്ക പ്രശ്നങ്ങളുടെയോ ധമനീരോഗങ്ങളുടെയോ വിശ്വാസ്യകരമായ സൂചനയാകാം. മാത്രമല്ല, ബിപി വർധിക്കുന്നതോടെ, ഹൃദയത്തിന് ജോലിഭാരം വർധിക്കുന്നു. കൂടുതൽ ശക്തിയോടെ രക്തം പമ്പ് ചെയ്യേണ്ടിവരുന്നു. അതുകൊണ്ട്, പ്രമേഹരോഗികളിലെ ഹൃദ്രോഗം തടയുന്ന കാര്യത്തിൽ, രക്തത്തിലെ ഷുഗർ നിയന്ത്രിക്കുന്നതുപോലെ പ്രധാനമാണ് ബിപി ഇടയ്ക്കിടെ പരിശോധിക്കുന്നതും സാധാരണ നിരക്കിലേക്ക് നിയന്ത്രിച്ചു കൊണ്ടുവരുന്നതും.

സിസ്റ്റോളിക് പ്രഷർ 10 മി.മീ എച്ച്ജി കുറയ്ക്കുന്നതുപോലും ഹൃദ്രോഗം ഉൾപ്പെടെ പ്രമേഹവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീർണതകളെ 12 ശതമാനത്തോളം കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. സിസ്റ്റോളിക് ബിപി 120നു താഴെയായി നിർത്തിയാൽ അപകടസാധ്യത തീരെ കുറവാണ്.

ഹൃദ്രോഗമുള്ള പ്രമേഹരോഗികളിൽ ബിപി നിയന്ത്രണത്തിന്റെ ലക്ഷ്യം സിസ്റ്റോളിക് ബിപി 130നു താഴെയും ഡയസ്റ്റോളിക് ബിപി 80നു താഴെയും ആയി നിലനിർത്തുകയാകണം.

മറ്റു ഘടകങ്ങൾ പ്രമേഹം കൃത്യമായി നിയന്ത്രിച്ചു നിർത്തുന്നതോടൊപ്പം മറ്റു ചില ഘടകങ്ങളും ക്രമീകരിക്കേണ്ടതുണ്ട്.

∙ കൊളസ്ട്രോൾ

നോൺ എച്ച്ഡിഎൽ കൊളസ്ട്രോൾ (ആകെ കൊളസ്ട്രോളിൽ നിന്ന് നല്ല കൊളസ്ട്രോൾ കുറച്ചു ലഭിക്കുന്നത്) അതിരോസ്ക്ലീറോസിസിനു കാരണമാകാമെന്നു കരുതപ്പെടുന്നു. എൽഡിഎൽ, ലിപോപ്രോട്ടീൻ (എ), ഇന്റർമീഡിയറ്റ് ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നിവയുടെ നിരക്കുകൾ ഉയരുന്നത് പ്രമേഹരോഗികളിൽ ഹൃദയധമനീരോഗങ്ങൾക്കുള്ള ശക്തമായ സൂചനയായി കരുതാം.

∙ പുകവലി

പുകവലി, രക്തസമ്മർദം വർധിപ്പിക്കുന്നു, കൊളസ്ട്രോൾ നിരക്കും അതിരോസ്ക്ലീറോസിസും വഷളാക്കുന്നു. അങ്ങനെ ഹൃദയധമനീരോഗസാധ്യത വർധിപ്പിക്കുന്നു. പ്രമേഹരോഗികൾ പുകവലിക്കുന്നത് ആത്മഹത്യാപരമാണ്.

∙ അമിതവണ്ണം

ബിഎംഐ 25ൽ താഴെ നിലനിർത്താൻ ശ്രമിക്കുക. ഉദരത്തിൽ കൊഴുപ്പടിയുന്നതും നിയന്ത്രിക്കുക. ഇതുരണ്ടും ഇൻസുലിനോടുള്ള സംവേദനത്വം മെച്ചപ്പെടുത്തും. പ്രമേഹരോഗികളിൽ ഇതു വളരെ ഗുണം ചെയ്യും. ബിഎംഐ 20–25 നുള്ളിൽ നിലനിർത്തുന്നത് പ്രമേഹരോഗികളിലെ ഹൃദയധമനീരോഗസാധ്യത കുറയ്ക്കുന്നതായി പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.

ബിഎംഐ 35–40നും കൂടുതലുള്ളവരിൽ വണ്ണം കുറയ്ക്കാൻ ബാരിയാട്രിക് ശസ്തക്രിയ തന്നെ വേണ്ടിവന്നേക്കാം. ഇതു പ്രമേഹം നിയന്ത്രിക്കാൻ സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഭക്ഷണവും വ്യായാമവും

ഇന്ത്യൻ ഡയറ്റിൽ 70 ശതമാനവും കാർബോഹൈഡ്രേറ്റാണ്. അവയിൽ ചിലത് പതിയെ മാത്രം ദഹിക്കുകയും ആഗിരണം ചെയ്യുകയും ചെയ്യുന്ന കോംപ്ലക്സ് കാർബോഹൈഡ്രേറ്റാണ്. ഈ കാർബോഹൈഡ്രേറ്റ് ഗുണകരമാണ്. പച്ചിലക്കറികളും പയർവർഗങ്ങളും കൂടുതൽ കഴിക്കുകയും കിഴങ്ങുവർഗങ്ങളും ഭൂമിക്കടിയിൽ വളരുന്നവയും പരിമിതപ്പെടുത്തുകയും വേണം.

കൊഴുപ്പുനീക്കിയ മാംസം, മത്സ്യം, മുട്ട, ബീൻസ്, നട്സ്, വിത്തുകൾ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം. എത്ര കൊഴുപ്പ് കഴിക്കുന്നു എന്നതിലും പ്രധാനം ഏതുതരം കഴിക്കുന്നു എന്നതാണ്. പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റും ഹൃദ്രോഗസാധ്യത വർധിപ്പിക്കും. അതുകൊണ്ട് സംസ്കരിച്ച ഭക്ഷണങ്ങളും മാംസം, ബട്ടർ, ചീസ്, ഐസ്ക്രീം പോലുള്ള പൂരിത കൊഴുപ്പുകളും ഒഴിവാക്കുക. മീൻ, അവക്കാഡോ, ഒലിവെണ്ണ, നട്സ് പോലുള്ളവ നല്ല കൊഴുപ്പിന്റെ ഉറവിടങ്ങളാണ്.

നാരുകൾ ഏറെയുള്ള ഭക്ഷണം കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിനു സഹായകമാണ്. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കാലറിയിൽ എപ്പോഴും ശ്രദ്ധ വേണം. ഭക്ഷണം ആവശ്യാനുസരണം മാത്രം, നീണ്ട ഇടവേളകളിട്ട് കഴിക്കുക.

വ്യായാമം പ്രത്യേകിച്ച് ഹൃദയധമനീകൾക്ക് കരുത്തേകുന്ന വ്യായാമം ഹൃദയനിരക്ക് ആരോഗ്യകരമായ തോതിലേക്ക് എത്തിക്കാൻ സഹായിക്കും. ഇത് ഗ്ലൈസീമിക് കൺട്രോൾ മെച്ചപ്പെടുത്തുകയും ഇൻസുലിൻ സംവേദനത്വവും ഉപാപചയപ്രവർത്തനങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ജോഗിങ്, സ്കിപ്പിങ്, നീന്തൽ, സൈക്ലിങ് എന്നിവയെല്ലാം നല്ല കാർഡിയോവാസ്കുലർ വ്യായാമങ്ങളാണ്.

പരിശോധനയും മരുന്നുകളും

∙ ഹൃദ്രോഗമുള്ള പ്രമേഹരോഗികൾ ആറ് ആഴ്ച കൂടുമ്പോൾ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തണം.

∙ മൂന്നുമാസം കൂടുമ്പോൾ എച്ച്ബിഎ1സി പരിശോധനയും ലിപിഡ് പ്രൊഫൈലും പരിശോധിക്കണം. തൈറോക്സിൻ കഴിക്കുന്നവരാണെങ്കിൽ ടിഎസ്എച്ച് പരിശോധന 3 മാസം കൂടുമ്പോൾ നടത്തുക.

∙ പ്രമേഹരോഗികൾ വർഷംതോറും ഇസിജി നോക്കണം. കൊറോണറി ഹൃദ്രോഗമുള്ളവരാണെങ്കിൽ മൂന്നുമാസം കൂടുമ്പോഴോ രോഗലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാലോ ഇസിജി പരിശോധിക്കുക.

∙ പ്രമേഹം ഉണ്ടാക്കുവാൻ ഇടയാക്കുന്ന മരുന്നുകൾ കഴിയുന്നത്ര ഉപയോഗിക്കാതിരിക്കുക. ഉദാ. സ്റ്റീറോയ്ഡുകൾ

∙ പയോഗ്ലിറ്റസോൺ പോലുള്ള മരുന്നുകൾ ദോഷകരമായേക്കാമെന്നതിനാൽ ഒഴിവാക്കുന്നതാകും നല്ലത്. ഡോക്ടറുടെ നിർദേശം തേടുക.

∙ ഹൃദ്രോഗം ഉള്ള പ്രമേഹരോഗികളും പ്രമേഹം അല്ലാതെ ഹൃദ്രോഗത്തിന് കാരണമായേക്കാവുന്ന മറ്റ് അപകടഘടകങ്ങൾ ഉള്ളവരും ദിവസവും 150 മി.ഗ്രാം ആസ്പിരിൻ കഴിക്കുന്നത് ഉത്തമമാണ്.

∙ ലിപിഡ് പ്രൊഫൈൽ ആരോഗ്യകരമായ നിരക്കിൽ എത്തിയാലും സ്റ്റാറ്റിൻ തുടരേണ്ടതാണ്.

∙ പ്രമേഹരോഗികളിൽ വൈറ്റമിൻ ഡി നിരക്ക് ആരോഗ്യകരമായ നിരക്കിൽ നിലനിർത്തുക. അതിന് സപ്ലിമെന്റേഷനും സൂര്യപ്രകാശം ഏൽക്കലും നിർബന്ധമാക്കുക.

ഹൃദ്രോഗികളിൽ പ്രമേഹം തടയാൻ

∙ നിങ്ങൾക്ക് ഹൃദ്രോഗമുണ്ട്, പക്ഷേ, പ്രമേഹരോഗിയല്ല എങ്കിലും മൂന്നുമാസം കൂടുമ്പോൾ എച്ച്ബിഎ1സി പരിശോധിക്കുക. ഇത് 5.6 ശതമാനത്തിലും താഴെയാണോ എന്നു നോക്കുക. കൂടുതലാണെങ്കിൽ നിങ്ങളുടെ ഡോക്ടറുമായി ഇക്കാര്യം സംസാരിക്കുക. റാൻഡം ബ്ലഡ് ഷുഗർ പരിശോധനയിൽ 199നു താഴെയാകണം ഷുഗർ നിരക്ക്. അതിൽ കൂടുതലുണ്ടെങ്കിൽ മറ്റ് ബ്ലഡ് ഷുഗർ പരിശോധനകൾ ചെയ്തുനോക്കേണ്ടിവരും.

∙ ആരോഗ്യകരമായ ഭക്ഷണക്രമവും പതിവായ വ്യായാമവും വഴി ബിഎംഐ 25ൽ താഴെ നിർത്തണം.

∙ കൊളസ്ട്രോൾ കഴിയുന്നത്ര നിയന്ത്രിച്ച് സാധാരണ നിരക്കിൽ നിലനിർത്തുക.

പ്രമേഹം ജീനിൽ എഴുതപ്പെട്ടതോ

സാധാരണ കരുതുന്നതുപോലെ ടൈപ്പ് 2 പ്രമേഹം ഇൻസുലിൻ പ്രതിരോധം കൊണ്ടല്ല വരുന്നത്. പാൻക്രിയാസിലെ ബീറ്റാകോശങ്ങളുടെ തുടർച്ചയായ, വർധിച്ച തോതിലുള്ള നാശം കൊണ്ടാണ് വരുന്നത്. ഇതു പ്രധാനമായും ജനിതകമായി നിർണയിക്കപ്പെടുന്നതും ജീവിത ചുറ്റുപാടുകളാൽ വഷളാക്കപ്പെടുന്നതുമാണ്. ഇമ്യൂണോ സപ്രസന്റുകളും മനോരോഗ മരുന്നുകളും പോലെ ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം കൊ ണ്ടല്ലാതെ പ്രമേഹം വന്നവർ അതു സ്വന്തം ജീവിതശൈലിയുടെ മാത്രം പ്രശ്നമായി കരുതേണ്ടതില്ല. പ്രമേഹം ഒാരോരുത്തരുടെയും ജീനിൽ രേഖപ്പെടുത്തപ്പെട്ടതാണ്, അനുകൂലമായ സാഹചര്യത്തിനായി അതു വർഷങ്ങളായി പതിയിരിക്കുകയാകാം. ജനിതകഘടകങ്ങളും പ്രായവും ഒന്നും നമുക്ക് തിരുത്താൻ സാധിക്കുന്നവയല്ല. പക്ഷേ, നൂതന മരുന്നുകളും ചില ജീവിതശൈലി തിരുത്തലുകളും വഴി ഈ രോഗത്തെ തടയാനോ നിയന്ത്രിക്കാനോ സാധിക്കും.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. പ്രേമാനന്ദ്

ഡയറക്ടർ
ഡോ. പ്രേംസ് സെന്റർ ഫോർ ഡയബറ്റിസ്
& മെഡിക്കൽ
സ്പെഷാലിറ്റീസ്, തലശ്ശേരി

drprems@yahoo.com