Thursday 18 July 2024 02:46 PM IST : By സ്വന്തം ലേഖകൻ

ഷിഗല്ല, കോളറ എന്നിവ കാരണമുള്ള വയറിളക്കമാണോ നിങ്ങൾക്ക്? എങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

cholera

മഴക്കാലത്ത് വയറിളക്ക രോഗങ്ങൾക്കെതിരെ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതുണ്ട്. പ്രത്യേകിച്ചു സംസ്ഥാനത്തു കോളറ പോലെയുള്ള മാരകമായ വയറിളക്കരോഗങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുന്ന സ്ഥിതിക്കു പ്രത്യേകിച്ചും.

ബാക്ടീരിയയാണോ വൈറസാണോ പാരസൈറ്റാണോ, ഏതുതരം അണുബാധ കൊണ്ടാണ് വയറിളക്കം ഉണ്ടായിട്ടുള്ളത് എന്നതനുസരിച്ചിരിക്കും വയറിളക്കത്തിന്റെ ഗൗരവസ്വഭാവം. സാധാരണഗതിയിൽ വയറിളക്കം മാരകമായ ഒരു രോഗമല്ല. വൈറസ് മൂലമുള്ള വയറിളക്കമാണു സാധാരണ കണ്ടുവരുന്നത്. പനി, ഛർദി, വയറിളക്കം എന്നീ ലക്ഷണങ്ങൾ ഉണ്ടാകും. എളുപ്പം ദഹിക്കുന്ന ഭക്ഷണവും പാനീയ ചികിത്സയും വിശ്രമവും മതി. മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ അസുഖം തനിയെ ഭേദമാകും.

ബാക്ടീരിയ കാരണമുള്ള വയറിളക്കം– കോളറ

പക്ഷേ, ബാക്ടീരിയ കാരണം ഉണ്ടാകുന്ന വയറിളക്കം, ഉദാഹരണത്തിന് ഷിഗല്ല, കോളറ പോലുള്ളവ ഗുരുതരമാകാൻ സാധ്യതയുണ്ട്.

കോളറ

വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് കോളറ രോഗത്തിനു പിന്നിൽ. കഞ്ഞിവെള്ളം എടുത്തൊഴിച്ചതുപോലെ വെളുത്തു വിളറിയാകും വയറ്റിൽ നിന്നും പോവുക. ഛർദിയും തലചുറ്റലും നിർജലീകരണവും വരാം.

ഷിഗല്ലോസിസ്

ഷിഗല്ല എന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന വയറിളക്കമാണ് ഷിഗല്ലോസിസ്. മലത്തിൽ രക്തത്തിന്റെ അംശമുണ്ടെങ്കിൽ അതു ഷിഗല്ലയാണെന്ന് ഏകദേശം ഉറപ്പിക്കാം. ഇതോടൊപ്പം പനിയും വയറുവേദനയും ഉണ്ടാകും.

നിർജലീകരണം തടയാം

വയറിളക്കം കാരണം നിർജലീകരണം ഉണ്ടോ ഇല്ലയോ എന്നുറപ്പുവരുത്തുകയാണ് ചികിത്സയിലെ ആദ്യപടി. നിർജലീകരണം ഇല്ലെങ്കിൽ വീട്ടിൽവച്ചുള്ള പാനീയചികിത്സ മതിയാകും. ചെറിയ തോതിലോ ഗുരുതരമായ രീതിയിലോ നിർജലീകരണമുണ്ടെങ്കിൽ അത് ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കേണ്ടിവരും. പാനീയ ചികിത്സയോടൊപ്പം ആശുപത്രിയിൽ കിടത്തി ഐവി ഫ്ളൂയിഡുകളും ബാക്ടീരിയൽ വയറിളക്കമാണെങ്കിൽ ആന്റിബയോട്ടിക് മരുന്നുകളും നൽകേണ്ടതുണ്ട്. ആന്റിബയോട്ടിക് ചികിത്സ രോഗദൈർഘ്യവും മറ്റുള്ളവരിലേക്കു പകരാനുള്ള സാധ്യതയും കുറയ്ക്കാൻ സഹായിക്കുന്നു.

വീട്ടുചികിത്സ മതിയോ?

നിർജലീകരണം ഇല്ലാത്തിടത്തോളം വയറിളക്കത്തിന് വീട്ടുചികിത്സ മതിയാകും. പക്ഷേ, ഷിഗല്ല, കോളറ എന്നിവ കാരണമുള്ള വയറിളക്കം വീട്ടിൽ ചികിത്സിക്കാൻ സാധിക്കില്ല. ഇതിന് ആശുപത്രിയിൽ കിടത്തിയുള്ള ആന്റിബയോട്ടിക് ചികിത്സ തന്നെ വേണ്ടിവരും. സാധാരണമായുള്ള വൈറൽ ഡയേറിയ, നിർജലീകരണമില്ലെങ്കിൽ വീട്ടിൽ തന്നെ പാനീയ ചികിത്സ നൽകി കൈകാര്യം ചെയ്യാവുന്നതേയുള്ളൂ.

താഴെ പറയുന്ന സാഹചര്യങ്ങളിൽ നിർബന്ധമായും ആശുപത്രിയിൽ പോകണം

∙ ബാക്ടീരിയൽ ഡയേറിയ ഉള്ളപ്പോൾ

∙ നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ– നാവും ചുണ്ടും വരണ്ടുപോവുക, കൂടുതൽ ദാഹം, മൂത്രം കുറയുക, മൂത്രത്തിന്റെ നിറം മഞ്ഞയാവുക, ചർമം വരളുക തുടങ്ങിയവയാണ് നിർജലീകരണത്തിന്റെ പൊതുവായ ലക്ഷണങ്ങൾ. കുഞ്ഞുങ്ങളാണെങ്കിൽ, മുലപ്പാൽ കുടിക്കാതിരിക്കുക, കരയുമ്പോൾ കണ്ണീരു വരാതിരിക്കുക, വായ വരണ്ടിരിക്കുക, മൂത്രം ശരിക്കു പോവാതിരിക്കുക, ഫിറ്റ്സ് എന്നിവയാണ് നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ.

ഒ ആർ എസ് എന്തിന്?

ഒാറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ ആണ് ഒആർഎസ്. ശരീരത്തിൽ നിന്നു വയറിളക്കത്തിലൂടെ നഷ്ടമാകുന്ന ലവണങ്ങളെ തിരിച്ചു നൽകുകയാണ് ഒആർഎസ് ചെയ്യുന്നത്. സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, സിട്രേറ്റ്, ഗ്ലൂക്കോസ് എന്നിവയാണ് ഇതിലുള്ളത്. ഗ്ലൂക്കോസ് ലവണങ്ങളുടെ വാഹകനായി പ്രവർത്തിക്കുന്നു. പ്രായവും വയറിളക്കത്തിന്റെ തോതും അനുസരിച്ചാണ് ഒ ആർഎസ് നൽകുക. സങ്കീർണമല്ലാത്ത വയറിളക്കവും ചെറിയ തോതിലുള്ള നിർജലീകരണവുമേ ഉള്ളൂവെങ്കിൽ ഒആർഎസ് കുറെശ്ശെ ആയി കാൽ ഗ്ലാസ്സ് മുതൽ ഒരു ഗ്ലാസ്സ് വരെ കുടിക്കാവുന്നതാണ്.

ഒരു ഗ്ലാസ്സ് തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു നുള്ള് ഉപ്പും ഒരു പിടി പഞ്ചസാരയും ചേർത്തു കലക്കിയാൽ ഒരു ഗ്ലാസ്സ് ഒആർഎസ് പാനീയം വീട്ടിൽ തയാറാക്കാം.

കഞ്ഞി മാത്രമല്ല കഴിക്കാവുന്നത്

കഞ്ഞിവെള്ളം ഒആർഎസിന്റെ പോലെയുള്ള പാനീയചികിത്സയിലെ പ്രധാനഘടകമാണ്. അതുകൊണ്ട് കഞ്ഞി കഴിക്കുന്നത് നിർജലീകരണം തടയും. എന്നുകരുതി വയറിളക്കമുള്ളവർ കഞ്ഞിമാത്രമേ കഴിക്കാവൂ എന്നില്ല. വിശപ്പും ദാഹവും ഉണ്ടെങ്കിൽ ദഹിക്കാൻ എളുപ്പമുള്ള എല്ലാത്തരം ഭക്ഷണങ്ങളും കഴിക്കാം. ചോറ്, മോര്, കഞ്ഞി, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം എന്നിങ്ങനെ വീട്ടിൽ തയാറാക്കുന്ന ഭക്ഷണമെല്ലാം കഴിക്കാം.

ടോയ്‌ലറ്റ് ഉപയോഗത്തിൽ ജാഗ്രത

വയറിളക്കം ഒരേ ടോയ്‌ലറ്റ് ഉപയോഗത്തിലൂടെ പകരാം. അതുകൊണ്ട് വയറിളക്കമുള്ള രോഗിക്ക് പ്രത്യേകം ടോയ്‌ലറ്റ് കൊടുക്കുന്നതു നന്നായിരിക്കും. അതിനു സൗകര്യമില്ലെങ്കിൽ പ്രത്യേകം ബക്കറ്റും മഗ്ഗും ഉപയോഗിക്കാൻ നൽകുക. ടോയ്‌ലറ്റ് ഉപയോഗത്തിനു ശേഷം കൈകൾ നന്നായി സോപ്പിട്ടു കഴുകാൻ മറക്കരുത്. മറ്റുള്ളവർ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനു മുൻപ് പൈപ്പും മറ്റും അണുനാശിനി ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്.

കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യണം– ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

മഴക്കാലത്ത് വയറിളക്കരോഗങ്ങൾ കണ്ടുവരുന്നതിനു ശുചിത്വക്കുറവു തന്നെയാണ് പ്രധാന കാരണം. വീടുകളെ സംബന്ധിച്ചു പറയുകയാണെങ്കിൽ പലവിധത്തിൽ ജലസ്രോതസ്സുകൾ മലിനപ്പെടാം, സമയായമയങ്ങളിൽ ക്ലോറിനേറ്റ് ചെയ്യാത്തതുമൂലം ജലത്തിന്റെ ഗുണനിലവാരം കുറയാം, സെപ്റ്റിക് ടാങ്കും ജല സ്രോതസ്സും തമ്മിൽ കാര്യമായ അകലമില്ലാത്തത് ജലം മലിനമാക്കാം, മഴക്കാലത്ത് സെപ്റ്റിക് ടാങ്ക് നിറഞ്ഞുകവിഞ്ഞ് ജലസ്രോതസ്സുകൾ മലിനപ്പെടാം. കടകളിലും മറ്റും ഗുണനിവാരമില്ലാത്ത ഐസും മലിനമായ ജലവും ഉപയോഗിക്കുന്നതു പ്രശ്നമാകാം. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ശുചിത്വമാണ് വയറിളക്കരോഗങ്ങൾ തടയുന്നതിന്റെ അടിത്തറ.

വയറിളക്കം തടയാൻ

∙ കുടിക്കുന്ന വെള്ളം തിളപ്പിച്ചുപയോഗിക്കുക

∙ പുറത്തുനിന്നും ഐസിട്ട വെള്ളവും ജ്യൂസും ഒഴിവാക്കുക.

∙ ഐസ് ഫാക്ടറികളിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്.

∙ ബീച്ചുകളിൽ തുറന്ന കടകളിലും തട്ടുകടകളിൽ വിൽക്കുന്ന ഉപ്പിലിട്ടത്, സാലഡുകൾ, ഷവർമ എന്നിവയൊക്കെ കഴിവതും ഒഴിവാക്കുക. ഇവയ്ക്ക് ഉപയോഗിക്കുന്ന സവാള, പച്ചക്കറികൾ, പഴങ്ങൾ എന്നിവ വൃത്തിയാക്കിയതാണോ എന്നുറപ്പാക്കാനാവില്ല.

∙ കല്യാണവീടുകളിലും പാർട്ടികളിലുമൊക്കെ നൽകുന്ന വെൽകം ഡ്രിങ്ക് വയറിളക്കം പോലുള്ള പ്രശ്നങ്ങൾ വരാവുന്ന പ്രധാനമാർഗ്ഗമാണ്. ഷവർമ, പഫ് പോലെ മാംസം ചേർന്നതും രാവിലെ ഉണ്ടാക്കി വൈകുന്നേരം വരെ വച്ചു വിൽക്കുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം. ഐസ്ക്രീമിൽ വയറിളക്കമുണ്ടാക്കുന്ന അണുക്കൾക്ക് വളരെ കാലം ജീവിക്കാൻ സാധിക്കും. ഇത്തരം ഭക്ഷണങ്ങൾ കരുതലോടെ തിരഞ്ഞെടുക്കുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അസ്മ റഹിം

ഹെഡ്, കമ്യൂണിറ്റി മെഡിസിൻ വിഭാഗം

ഗവ. മെഡി. കോളജ്, മഞ്ചേരി

കുട്ടികളിലെ വയറിളക്കം

കുട്ടികളുടെ കാര്യത്തിൽ നിർജലീകരണം ഉണ്ടാകുന്നുണ്ടോ എന്നുറപ്പുവരുത്തണം. ഇങ്ങനെ ഗുരുതരാവസ്ഥയിലേക്കു പോകുന്നത് തിരിച്ചറിയുന്നതിനുള്ള ലക്ഷണങ്ങൾ അമ്മയെ പഠിപ്പിച്ചുകൊടുക്കമം.

കുട്ടിയുടെ കണ്ണ് കുഴിഞ്ഞിരിക്കുക, വായ വരളുക, വെള്ളത്തിനായി കരയുക, ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നു പറയുക എന്നതൊക്കെ നിർജലീകരണത്തിന്റെ ലക്ഷണമാകാം. കുട്ടിയുടെ മൂത്രം ശരിക്കു പോകുന്നുണ്ടോ എന്നതും ശ്രദ്ധിക്കണം. നിർജലീകരണം കൂടുതലായാൽ മൂത്രത്തിന്റെ അളവു കുറയും. വല്ലാതെ മയങ്ങിക്കിടക്കുക, മുലപ്പാൽ കുടിക്കാതിരിക്കുക എന്നീ സാഹചര്യങ്ങളും കടുത്ത നിർജലീകരണത്തിലേക്കു കുട്ടി പോവുന്നുണ്ടെന്നുള്ളതിന്റെ സൂചനകളാണ്. ഷിഗല്ല മൂലമുള്ള വയറിളക്കമുള്ള കുട്ടികളിൽ ഫിറ്റ്സ് അഥവാ അപസ്മാരമുണ്ടാകാനുമിടയുണ്ട്.

കുഞ്ഞുങ്ങളിൽ ലക്ഷണങ്ങളെല്ലാം മുതിർന്നവരുടേതിനു സമാനമായിരിക്കും. പക്ഷേ, നിർജലീകരണത്തിലേക്കു പെട്ടെന്നു പോവാനിടയുണ്ട്. മുതിർന്നവർക്കു ലക്ഷണങ്ങൾ പറയാനാവും. കുട്ടികൾക്ക് കരയാനോ അനക്കമില്ലാതെ കിടക്കാനോ മാത്രമേ കഴിയൂ. അതുകൊണ്ട് കണ്ടെത്താൻ അമ്മമാർക്കാണു സാധിക്കുക. കുഞ്ഞുങ്ങളിൽ പാനീയ ചികിത്സയൊന്നും ശരിയായി നടന്നില്ലെങ്കിൽ പെട്ടെന്നു നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്കു പോവുകയും ചെയ്യാം.

സിങ്ക് നൽകാം

വയറിളക്കമുള്ള കുഞ്ഞുങ്ങളിൽ സിങ്ക് നൽകാറുണ്ട്. വയറിളക്കത്തിന്റെ തോതും ദൈർഘ്യവും കുറയ്ക്കുകയും സങ്കീർണത ഉണ്ടാവുന്നതു തടയുകയും ചെയ്യും. അതുകൊണ്ട് വയറിളക്കത്തിന്റെ ചികിത്സയിൽ സിങ്കിന് ഒരു പ്രധാന പങ്കുണ്ട്. അതുകൊണ്ട് രണ്ടാഴ്ചയോളം സിങ്ക് നൽകാം.

കുട്ടികളിൽ ഒആർഎസ് നൽകുമ്പോൾ

ഒാരോ തവണ വയറിളകിയതിനു ശേഷവും ആറു മാസത്തിൽ താഴെയുള്ള കുട്ടികളാണെങ്കിൽ കാൽ ഗ്ലാസ്സ് പാനീയം കുറേശ്ശെ കൊടുക്കമം. ഏഴു മാസം മുതൽ രണ്ടു വയസ്സു വരെയുള്ള കുട്ടികളാണെങ്കിൽ കാൽ ഗ്ലാസ്സു മുതൽ അര ഗ്ലാസ്സ് വരെ പാനീയം കൊടുക്കാം. രണ്ടു മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികൾക്ക് ഒാരോ തവണ വയറിളകി കഴിയുമ്പോഴും 100 മുതൽ 200 മി.ലീ പാനീയം കുറച്ചു കുറച്ചായി കൊടുക്കാം. മുതിർന്നവർക്ക് ദാഹത്തിന് അനുസരിച്ച് സിപ്പായോ അല്ലാതെയോ കുടിക്കാം.

പ്രതിരോധ കുത്തിവയ്പുകൾ

വയറിളക്കത്തിന്റെ പ്രതിരോധത്തിൽ പ്രധാനമാണ് കുത്തിവയ്പുകൾ. മീസിൽസ്, റോട്ടാവൈറസ് തുടങ്ങിയ രോഗങ്ങൾ വയറിളക്കരോഗങ്ങളുണ്ടാക്കാം. മീസിൽസ് വന്ന കുട്ടികളിൽ തൊട്ടുപിന്നാലേ വയറിളക്കമുണ്ടാകാം. കൃത്യമായ മീസിൽസ് കുത്തിവയ്പ് എടുത്താൽ അതു തടയാം. അതുപോലെ റോട്ടാവൈറസ് വാക്സീൻ എടുക്കുന്നതു ആറു മാസത്തിൽ താഴെയുള്ള കുട്ടികളിൽ റോട്ടാവൈറസ് ഡയേറിയ പ്രതിരോധിക്കാൻ സഹായിക്കും.

ഡോ. അസ്മ റഹിം

ഹെഡ്, കമ്യൂണിറ്റി മെഡിസിൻ വിഭാഗം

ഗവ. മെഡി. കോളജ്, മഞ്ചേരി