Thursday 23 May 2024 04:52 PM IST : By സ്വന്തം ലേഖകൻ

ചെവിവേദനയ്ക്ക് പരിഹാരമായി കോവലും വഴുതനങ്ങയും മണിത്തക്കാളിയും: വീട്ടുപരിഹാരങ്ങള്‍ അറിയാം

earp4343

പലരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ചെവിവേദന. പെട്ടെന്നുള്ള ചെവിവേദനയുടെ പ്രധാന കാരണങ്ങൾ മഞ്ഞു കൊള്ളുക, കൂടുതൽ സമയം വെള്ളത്തിൽ കളിക്കുക, ഇർക്കിൽ തുടങ്ങിയ വസ്തുക്കൾ ചെവിയിലിട്ടു തിരിക്കുക തുടങ്ങിയവയാണ്. ത്രിദോഷങ്ങളുടെ കോപം (വാത, പിത്ത, കഫങ്ങൾ), തീക്ഷ്ണം, ഉഷ്ണം, കഷായം തുടങ്ങിയ രസങ്ങളുടെ അമിതമായ ഉപയോഗം കൊണ്ടും ചെവിവേദന ഉണ്ടാകാം. ചെവിവേദന വന്നാൽ തണുത്ത ജലവുമായിട്ടുള്ള സമ്പർക്കം, മഞ്ഞും തണുപ്പും ഏൽക്കുക തുടങ്ങിയ കാര്യങ്ങൾ ഉപേക്ഷിക്കുക. വിശ്രമം അത്യന്താപേക്ഷിതമാണ്. ഇനി ചെവിവേദന വന്നാൽ െചയ്യാൻ പറ്റുന്ന നാടൻ പ്രയോഗങ്ങൾ അറിയാം...

വെളുത്തുള്ളി നീരും ഇഞ്ചിനീരും

ചെവിവേദന മാറാനുള്ള ചില പ്രായോഗിക മാർഗങ്ങളിതാ: ∙വെളുത്തുള്ളി നീര്, ചുവന്നുള്ളി നീര്, ഇഞ്ചിനീര്, മുരിങ്ങത്തൊലി നീര് ഇവ ഓരോന്നും ചെറുചൂടാക്കി (സുഖോഷ്ണമാക്കി) നാലു തുള്ളി മുതൽ 8 തുള്ളിവരെ ചെവിയിൽ ഇറ്റിക്കുക. ∙വെളുത്തുള്ളി എരിക്കിന്റെ ഇലയിൽ പൊതിഞ്ഞു ചൂടു ചാരത്തിലിട്ടോ തീയിൽ കാട്ടിയോ വാട്ടിപ്പിഴിഞ്ഞ് എടുത്ത നീര് അതികഠിനമായ ചെവിവേദന മാറുന്നതിനു ചെവിയിൽ ഇറ്റിക്കുക. ∙ചുവന്നുള്ളിയും കായവും സമം അരച്ച് എരുക്കിന്റെ ഇലയിൽ തേച്ചു ചുരുട്ടി കെട്ടി വാട്ടി പിഴിഞ്ഞെടുത്ത നീര് ഏഴു തുള്ളി ചെവിയിൽ ഒഴിക്കുക. ∙ഗുൽഗുലു, കുന്തിരിക്കം, കൃഷ്ണതുളസിയില ഇവ സമം അരച്ചു പേസ്റ്റാക്കി ശുദ്ധമായ തുണിയിൽ തേച്ചു തിരിയാക്കി ഉണക്കി നെയ്യിൽ മുക്കി കത്തിച്ച് അതിൽ നിന്നുയരുന്ന പുക ചെവിയിൽ ഏൽപ്പിച്ചാൽ ചെവിവേദന ശമിക്കും. ∙ഉണക്കമഞ്ഞൾ നല്ലെണ്ണയിൽ മുക്കി കത്തിച്ചു കെടുത്തി അതിൽ നിന്നു വരുന്ന പുക ചെവിയിൽ കൊള്ളിക്കുക. ∙15 തുളസി ഇലയും പൂവാങ്കുറുന്നലിന്റെ 7 ഇലയും ഒരു ചുള വെളുത്തുള്ളിയും ചതച്ച് ആറ് അടുക്കു വാഴയിലയിൽ പൊതിഞ്ഞു നല്ല തീക്കനലിൽ ഇട്ടു വാട്ടിയശേഷം പൊതി തുറന്ന് എടുത്തു പിഴിഞ്ഞ് നീരെടുത്തു ചെവിയിൽ ഇറ്റിച്ചാൽ വേദന ശമിക്കും.

വീട്ടുചികിത്സ

∙പ്ലാവിൽ വളരുന്ന മലവാഴയുടെ ഇല വാട്ടിപ്പിഴിഞ്ഞു നീരെടുത്തു ചെവിയിൽ ഒഴിക്കുക. ∙മണിത്തക്കാളിയുടെ ഇല തേച്ചു കിഴികെട്ടി ഞെരടി പിഴിഞ്ഞു നീരു ചെവിയിൽ വീഴ്ത്തുക. ∙കോവലിന്റെ ഇല ഇടിച്ചുപിഴിഞ്ഞു നീരെടുത്തു വീഴ്ത്തുക. ∙വഴുതനയുടെ ഇല പിഴിഞ്ഞ നീരു ചെവിയിൽ വീഴ്ത്തുക.

ചെവിയിൽ ചെറു കീടങ്ങൾ പോയാലും ചേവിവേദന ഉണ്ടാകാം. അപ്രകാരം സംഭവിച്ചാൽ ∙ഉപ്പുവെള്ളം ചൂടാക്കി സുഖോഷ്ണമായി (ചെറുചൂടിൽ) ചെവിയിൽ 7 തുള്ളി ഒഴിക്കുക. ∙വെറ്റിലനീരു ചേർത്ത എണ്ണ ചൂടാക്കി ചെവിയിൽ ഇറ്റിക്കുക. ∙ചെറുനാരകത്തിന്റെ ഇല കൈകൊണ്ടു ഞെരടി ഒരു സ്പൂൺ നല്ലെണ്ണയിൽ ഇട്ടു ചൂടാക്കി ആറിയശേഷം ചെവിയിൽ ഇറ്റിക്കുക.

ഡോ. എം. എൻ. ശശിധരൻ ചീഫ് ഫിസിഷ്യൻ,

അപ്പാവുവൈദ്യൻ ആയുർവേദിക് മെഡിക്കൽസ് ആൻഡ് നഴ്സിംഗ് ഹോം,

കോട്ടയം.

Tags:
  • Daily Life
  • Manorama Arogyam