ADVERTISEMENT

കണ്ണുകളെ കണ്ണടയിൽ നിന്നു മോചിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹമാണ് ലേസർ ശസ്ത്രക്രിയകൾ. ലാസിക്, സ്മൈൽ എന്നിവയാണ് കാഴ്ച തകരാർ പരിഹരിക്കാൻ ഇപ്പോൾ പ്രചാരത്തിലുള്ള ലേസർ ശസ്ത്രക്രിയകൾ.

ലാസിക്

ADVERTISEMENT

ലാസിക് അഥവാ ലേസർ അസിസ്റ്റഡ് സ്ട്രോമൽ ഇൻസിറ്റു കെരാറ്റോമൈലസിസ് എന്ന വളരെ പ്രചാരമുള്ള ശസ്ത്രക്രിയ വഴി ദീർഘദൃഷ്ടി, ഹ്രസ്വദൃഷ്ടി, വക്രദൃഷ്ടി എന്നിവയെല്ലാം ചികിത്സിക്കാനാകും. ഈ രീതിയിൽ ഒരു ലേസർ ഉപയോഗിച്ച് കണ്ണിലെ കോർണിയയിൽ ഒരു ചെറിയ ഭാഗം (ഏതാണ്ട് 20 മി.മീ) കട്ട് ചെയ്ത് (ഫ്ളാപ് ) പിന്നിലേക്ക് മടക്കിവയ്ക്കുന്നു. എന്നിട്ട് മറ്റൊരു ലേസർ ഉപയോഗിച്ച് ഫ്ലാപ് എടുത്ത ഭാഗത്തുള്ള കോർണിയ കോശങ്ങളുടെ ആകൃതി പുനക്രമീകരിച്ച് കാഴ്ചശക്തി ശരിയാക്കുന്നു.

ലാസിക് ചെയ്യണമെങ്കിൽ കോർണിയയ്ക്ക് ഒരു നിശ്ചിത കട്ടി വേണ്ടതുണ്ട്. എങ്കിലേ ഫ്ളാപ് രൂപപ്പെടുത്താനാകൂ. കനം കുറഞ്ഞതോ ക്രമരഹിത രൂപത്തിലുള്ളതോ ആയ കോർണിയ ഉള്ളവർക്ക് ലാസിക് ചെയ്യാനാവില്ല. രണ്ടുതരം ലേസർ ഉപയോഗിക്കുന്നതു കൊണ്ടും കോർണിയയിൽ ഫ്ലാപ് രൂപപ്പെടുത്തുന്നതുകൊണ്ടും തന്നെ സങ്കീർണമായ ശസ്ത്രക്രിയയാണ് ലാസിക്. ഫ്ലാപ് രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

ADVERTISEMENT

സ്മൈൽ

സ്മൈൽ അഥവാ സ്മോൾ ഇൻസിഷൻ ലെന്റിക്യൂൾ എക്സ്ട്രാക്‌ഷൻ നിലവിലുള്ളതിൽ വച്ച് ഏറ്റവും പുതിയ നേത്രശസ്ത്രക്രിയയാണ്. ലാസിക്കിൽ നിന്നു വ്യത്യസ്തമായി ഒരു ലേസർ മാത്രമേ ഇതിൽ ഉപയോഗിക്കുന്നുള്ളൂ. ലേസർ ഉപയോഗിച്ച് കോർണിയയിൽ വളരെ ചെറിയ–ഏതാണ്ട് 3 മി.മീ മാത്രമുള്ള– ഒരു മുറിവ് രൂപപ്പെടുത്തുകയും അതുവഴി ചെറിയൊരുഭാഗം കോർണിയ കോശങ്ങൾ നീക്കുകയും ചെയ്യുന്നു. ഇതിനെ ലെന്റിക്യൂൾ എന്നുപറയുന്നു. ഇങ്ങനെ ചെയ്യുന്നതുവഴി കോർണിയയുടെ ആകൃതി പുനക്രമീകരിക്കപ്പെടുകയും കാഴ്ചശക്തി കൃത്യമാവുകയും ചെയ്യും.

ADVERTISEMENT

മുറിവ് ചെറുതായതിനാൽ ശസ്ത്രക്രിയയ്ക്കു ശേഷം എളുപ്പം ദൈനംദിന പ്രവൃത്തികളിലേക്കു കടക്കാം, ശസ്ത്രക്രിയ സമയത്ത് കോർണിയയിലേക്കുള്ള നാഡികൾക്ക് പ്രശ്നമൊന്നുമുണ്ടാക്കുന്നില്ല.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ദേവിൻ പ്രഭാകർ

ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ

തിരുവനന്തപുരം

ADVERTISEMENT