Tuesday 11 January 2022 04:29 PM IST

സ്ത്രീയിൽ നിന്നു പുരുഷനിലേക്ക്; സങ്കീർണം ശസ്ത്രക്രിയകൾ

Asha Thomas

Senior Sub Editor, Manorama Arogyam

gender-affirmation-female-to-male-cover

നാണി രാധ എന്ന സ്കൂൾ അതിലറ്റ് പെൺകുട്ടി രാധാകൃഷ്ണൻ ആയ വാർത്തയാണ് കേരളം ആദ്യം കേട്ട പെണ്ണ് ആണായ വാർത്ത. അന്ന് അത് ഒരു കൗതുകമായിരുന്നു. എന്നാൽ, ആണിനും പെണ്ണിനുമപ്പുറം ലിംഗസ്വത്വം തേടുന്ന ഒരു കൂട്ടം മനുഷ്യരുണ്ട് എന്ന് സമൂഹം തിരിച്ചറിഞ്ഞംഗീകരിക്കുന്ന നാളുകളാണിത്. സ്ലാപ് സ്റ്റിക് കോമഡിക്കും പരിഹാസത്തിനും പാത്രമാവേണ്ടവരല്ല ട്രാൻസ്ജെൻഡറുകൾ എന്ന ബോധ്യം മാനവികമായി ചിന്തിക്കുന്നവര്‍ പുലർത്തുന്നുണ്ട്. ലിംഗസ്വത്വ നിർണയ ശസ്ത്രക്രിയ നടത്തുന്നവരിൽ സ്ത്രീയിൽ നിന്ന് പുരുഷനായി മാറുന്നവരും കുറവല്ല, പലരും സ്വന്തം വ്യക്തിവിവരങ്ങൾ പുറത്തു വിടാൻ താൽപര്യമില്ലാത്തവരാണ്.

പുരുഷനിൽ നിന്നു സ്ത്രീയാകുന്നതു പോലെ സങ്കീർണമാണ് പുരുഷനാകുന്ന ശസ്ത്രക്രിയയും. മാറിടങ്ങൾ നീക്കം ചെയ്യുന്ന മാസ്റ്റക്ടമി, ഗർഭാശയം, ഗർഭാശയമുഖം, അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ എന്നിവ നീക്കം ചെയ്യുക, പുരുഷ ലൈംഗികാവയവം രൂപപ്പെടുത്തുക തുടങ്ങി ഒട്ടേറെ സീക്ഷ്മവും സങ്കീർണവുമായ ശസ്ത്രക്രിയകളിലൂടെയാണ് സ്ത്രീരുപത്തിൽ കുടുങ്ങിപ്പോയ പുരുഷസ്വത്വത്തെ വീണ്ടെടുക്കുന്നത്. ശരിയായ കൗൺസിലിങ്ങും ഹോർമോൺ തെറപ്പിയും ഒരുക്കങ്ങളും ഈ ശസ്ത്രക്രിയകൾക്കു മുമ്പും ആവശ്യമാണ്. കാരണം, തിരിച്ചുവരവില്ലാത്ത ഒരു യാത്രയാണ് ലിംഗസ്വത്വ നിർണയ ശസ്ത്രക്രിയകൾ...

സ്തനങ്ങൾ നീക്കുന്നു

ട്രാൻസ് പുരുഷന്മാരിൽ മാറിടം നീക്കുന്ന ശസ്ത്രക്രിയ അഥവാ മാസ്റ്റക്ടമി (Mastectomy)യാണ് ആദ്യം ചെയ്യുന്നത്. മുലക്കണ്ണുകളും അതിനു ചുറ്റുമുള്ള ഭാഗവും നിലനിർത്തി, ബാക്കി നീക്കം ചെയ്യുന്നു. സ്ത്രീയുടെയും പുരുഷന്റെയും മാറിടങ്ങളുടെ ക്രമീകരണം തന്നെ വ്യത്യസ്തമാണ്. അതു കൃത്യമായി മനസ്സിലാക്കി ചെയ്യണം. ഈ ശസ്ത്രക്രിയ പൂർത്തിയാക്കി മൂന്നു മാസങ്ങൾക്കു ശേഷം ബാക്കി ശസ്ത്രക്രിയകൾ ചെയ്യാം. സ്ത്രീയിൽ നിന്നു പുരുഷനാകാനായി ആദ്യഘട്ടത്തിൽ ശസ്ത്രക്രിയ ചെയ്ത് സ്തനം നീക്കുന്നതോടൊപ്പം ഗർഭാശയം, ഗർഭാശയമുഖം, അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ എന്നിവയും എടുത്തുകളയും (hysterectomy and oophorectomy). വയറു തുറന്നും യോനി വഴിയും താക്കോൽദ്വാരരീതിയിലും ഇതു ചെയ്യാം.

gender-affirmation-female-to-male4

അതിനോടൊപ്പം യോനീഭാഗം നീക്കുന്ന വജൈനെക്ടമി (Vaginectomy) യും ചെയ്യുന്നു. രതിമൂർച്ഛാ അനുഭവം സാധ്യമാക്കുന്ന ക്ലിറ്റോറിസ് നീക്കം ചെയ്യാറില്ല. ലിംഗം രൂപപ്പെടുത്തൽ ഫാലോപ്ലാസ്റ്റി (Phalloplasty) മെറ്റോയ്ഡോപ്ലാസ്റ്റി (Met oidioplasty) എന്നീ രീതികളിലേതെങ്കിലും ഉപയോഗിച്ചാണ് പുരുഷലിംഗം സൃഷ്ടിക്കുന്നത്. യോനീദളം (ലേബിയ മജോറ) ഉപയോഗിച്ചു വൃഷണസഞ്ചി നിർമിക്കുന്ന സ്ക്രോട്ടോപ്ലാസ്റ്റി (Scrotoplasty), മൂത്രത്തിന്റെ ട്യൂബിനു നീളം കൂട്ടി കൊണ്ടുവരുന്ന യുറീത്രോപ്ലാസ്റ്റി (Urethroplasty), എന്നിങ്ങനെ വിവിധ ശസ്ത്രക്രിയകളും ചെയ്യുന്നു.

ജനനേന്ദ്രിയ നിർമാണം

ലിംഗസ്ഥിരീകരണ ശസ്ത്രക്രിയകളിൽ ഏറ്റവും പ്രയാസമേറിയ ശസ്ത്രക്രിയയാണ് പുരുഷലിംഗം രൂപപ്പെടുത്തി യഥാസ്ഥാനത്തു ഘടിപ്പിക്കുന്നത്. ഹോർമോൺ ചികിത്സ വഴി വലുപ്പം കൂടിയ ക്ലിറ്റോറിസിൽ നിന്നുള്ള കലകൾ ഉപയോഗിച്ചു ലിംഗം രൂപപ്പെടുത്തുന്നതാണ് മെറ്റോയ്ഡോപ്ലാസ്റ്റി. സിംപിൾ മെറ്റോയ്ഡിയോപ്ലാസ്റ്റിയിൽ നിന്നു കൊണ്ട് മൂത്രമൊഴിക്കാൻ പറ്റില്ല. മറ്റു രണ്ടു തരത്തിലുള്ള മെറ്റോയ്ഡിയോപ്ലാസ്റ്റിയിലും നിന്നുകൊണ്ടു മൂത്രമൊഴിക്കാൻ സാധിക്കും. 25 ശതമാനം പേരിൽ ലിംഗപ്രവേശം നടത്താനും ഉപയോഗിക്കാനാകും.

കാഴ്ചയിൽ ഭംഗിയുള്ളതും സംവേദനക്ഷമവും പുരുഷന്റേതുപോലെ മൂത്രമൊഴിക്കൽ സാധ്യമാക്കുന്നതുമായ ലിംഗം സൃഷ്ടിക്കാൻ മറ്റൊരു വഴി ഫാലോപ്ലാസ്റ്റിയാണ്. കയ്യിലെ (ഫോർ ആം) രക്തക്കുഴലുകളും ചർമവും സ്പർശന നാഡികളും അതേപടി ഉപയോഗിച്ചുള്ള റേഡിയൽ ഫോർആം ഫ്രീ ഫ്ളാപ് ഫാലോപ്ലാസ്റ്റിയാണ് ഫാലോപ്ലാസ്റ്റി ശസ്ത്രക്രിയകളിലെ ഗോൾഡ് സ്റ്റാൻഡേഡ് രീതി. ഇതുകൂടാതെ, തുടയിൽ നിന്നോ പുറംഭാഗത്തു നിന്നോ മാംസം എടുത്ത് ലിംഗം രൂപപ്പെടുത്തുന്ന രീതിയുമുണ്ട്. ഫോർആം ഫ്രീ ഫ്ളാപ് ഫാലോപ്ലാസ്റ്റിയിൽ കയ്യിൽ നിന്നെടുക്കുന്ന മാംസം ഉപയോഗിച്ച് മൂത്രനാളിയും ലിംഗത്തിന്റെ ഷാഫ്റ്റും രൂപപ്പെടുത്തുന്നു. ഒരു ട്യൂബിനകത്ത് മറ്റൊരു ട്യൂബ് എന്ന രീതിയിലാണ് ലിംഗം നിർമിക്കുന്നത്. പുരുഷന്റെ മൂത്രനാളിക്ക് സ്ത്രീകളുടേതിലും നീളം കൂടുതലാണ്. അതുകൊണ്ട് മൂത്രനാളിക്ക് നീളം കൂട്ടി ജന്മനാലുള്ള മൂത്രനാളിയുമായി ഘടിപ്പിക്കുന്നു.

gender-affirmation-female-to-male3

ലിംഗത്തിന് സ്പർശന സംവേദനത്വം വന്നു കഴിഞ്ഞാൽ അകത്ത് ഒരു സിലിക്കൺ ദണ്ഡ് ഘടിപ്പിക്കും. ഇതു വച്ചുക ഴിഞ്ഞാൽ ഉദ്ധാരണം സാധിക്കും. സാധാരണ പോലെയുള്ള ലൈംഗികബന്ധം നടത്താനാകും. സിലിക്കൺ ദണ്ഡിനു പകരം തരുണാസ്ഥി പരീക്ഷിച്ചിട്ട് വളരെ ശുഭകരമായ ഫലങ്ങളാണു ലഭിച്ചിട്ടുള്ളത്. നേരത്തെ നീക്കം ചെയ്ത യോനീദളത്തിന്റെ (ലേബിയ) ഭാഗങ്ങളും നേർത്ത പേശീഭാഗങ്ങളോ, ടെസ്റ്റിക്യുലർ ഇംപ്ലാന്റുകളോ, പ്രത്യേകതരം ബോളുകളോ ഒക്കെ ഉപയോഗിച്ച് കൃത്രിമ വൃഷണങ്ങളും നിർമിക്കാം.

സങ്കീർണതകൾ

gender-affirmation-female-to-male2

ഫാലോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്ന രണ്ടു ശതമാനം ആളുകൾക്ക് ടോട്ടൽ ഫ്ളാപ് ലോസ്സ് (കയ്യിൽനിന്നെടുത്ത കലകൾ നശിച്ചുപോവുക) സംഭവിക്കാം. ചില ആളുകൾക്ക് ഭാഗികമായി ഫ്ളാപ് ലോസ്സ് വരാം. അങ്ങനെയുള്ളപ്പോൾ വയറിൽ നിന്നോ മറ്റെവിടെങ്കിലും നിന്നോ മാംസം എടുത്ത് നശിച്ചുപോയ ഭാഗം പുനർനിർമിക്കണം. രക്തക്കട്ടകൾ രൂപപ്പെടുക, ലിംഗത്തിന് സ്പർശനസംവേദനത്വം ലഭിക്കാതിരിക്കുക, കയ്യിലെ ചർമം നശിച്ചുപോകുകയോ അവിടെ അണുബാധ വരുകയോ ചെയ്യുക, മൂത്രം ലീക്ക് ആവുക, മൂത്രത്തിന്റെ ട്യൂബിലൂടെ ആവശ്യത്തിന് മൂത്രം പോകാതെ വരിക എന്നിങ്ങനെയുള്ള സങ്കീർണതകൾക്ക് സാധ്യതയുണ്ട്. ഏകദേശം 70 ശതമാനം പേരിലും ഈ സർജറിയെ തുടർന്ന് എന്തെങ്കിലുമൊക്കെ സങ്കീർണതകൾ വരാം. ജനനേന്ദ്രിയ നിർമാണത്തിന് ഉപയോഗിച്ച കോശങ്ങൾക്കും പേശികൾക്കും ചുരുക്കം വരാം. അതുകൊണ്ട് സർജറിക്കുശേഷം നിർദേശിക്കുന്ന ഇടവേളകളിൽ ഫോളോ അപ് നടത്തി പ്രശ്നമില്ല എന്നുറപ്പാക്കണം. മലദ്വാരവും മൂത്രനാളിയും അടുത്തായതിനാൽ അണുബാധയ്ക്കു സാധ്യതയുണ്ട്. ശുചിത്വകാര്യങ്ങളിൽ ശ്രദ്ധിക്കണം.

‘സ്വത്വം തേടുന്ന ജീവിതങ്ങൾ’ എന്ന പരമ്പരയിലെ വൈദ്യശാസ്ത്ര വിവരങ്ങൾക്ക് കടപ്പാട്:

  ഡോ. സന്ദീപ് വിജയരാഘവൻ, ഡോ. നിഷ ഭവാനി, ഡോ. ഗീതാഞ്ജലി നടരാജൻ

ഡോ. സന്ദീപ് വിജയരാഘവൻ

പ്രഫസർ, സെന്റർ ഫോർ പ്ലാസ്റ്റിക് & റീകൺസ്ട്രക്ടീവ് സർജറി, അമൃത ഹോസ്പിറ്റൽ, കൊച്ചി

ഡോ. നിഷ ഭവാനി

പ്രഫസർ, സെന്റർ ഫോർ എൻഡോ ക്രൈനോളജി, അമൃത ഹോസ്പിറ്റൽ, കൊച്ചി

ഡോ. ഗീതാഞ്ജലി നടരാജൻ

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, അമൃത ഹോസ്പിറ്റൽ, കൊച്ചി