Wednesday 22 December 2021 03:24 PM IST

കോവിഡ് കാലത്ത് പനി വന്നാൽ: ശ്രദ്ധിക്കാം ഈ കാര്യങ്ങൾ, വീട്ടിൽ ചെയ്യേണ്ടത്

Santhosh Sisupal

Senior Sub Editor

fevewerew

ആരോഗ്യമേഖലയുടെ ശ്രദ്ധമുഴുവൻ ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് കോവിഡ് ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലുമാണ്. മെഡിക്കൽ കോളജ് ആശുപത്രികളുെട പ്രവർത്തനത്തിന്റെ 75 ശതമാനം പ്രവർത്തവും കോവിഡിനു വേണ്ടി മാത്രമാണ്. അപ്പോൾ പൊതുവേ കോവിഡിന്റേതല്ലാത്ത രോഗങ്ങളുടെ ചികിത്സ സ്തംഭനാവസ്ഥയിലാണ് എന്നു പറയാം. അതിൽ പകർച്ചവ്യാധികളും ജീവിതശൈലീരോഗങ്ങളും ഉൾപ്പെടുന്നു. പകർച്ചവ്യാധികളിൽ നമ്മെ എക്കാലവും അലട്ടുന്ന പ്രധാന പ്രശ്നമാണ് വിവിധതരം പനികൾ.
ചിലതരം പനികൾ ഋതുക്കൾ മാറുന്നതിനനുസരിച്ചു വന്നു പോകും. മറ്റു ചിലത് എപ്പോഴും നമ്മുെട കൂടെത്തന്നെ ഏറിയും കുറഞ്ഞും ഉണ്ടാവും.

പനിച്ചൂടിന്റെ തണുപ്പുകാലം

കോവിഡ് വന്നവർക്ക് കോവിഡിനോടു പോലും അഞ്ചുമുതൽ ഏഴുമാസം വരെയേ പ്രതിരോധം കിട്ടൂ. അതു കഴിഞ്ഞു സാഹചര്യമുണ്ടായാൽ വീണ്ടും കോവിഡ് വരാമെന്നാണ് നിലവിലുള്ള വിലയിരുത്തൽ. അവർക്ക് മറ്റ് പനികളോട് പ്രതിരോധം കിട്ടുമെന്ന ചിന്തയും വേണ്ട. അതിനാൽ കോവിഡ് വന്നതിനു തൊട്ടു പിന്നാലെ വേണമെങ്കിലും മറ്റു പനികൾ വരാം.

പലതരം പനികൾ വ്യാപകമാകുന്ന കാലമാണ് നവംബർ, ഡിസംബർ, ജനുവരി മാസങ്ങളുൾപ്പെട്ട തണുപ്പുകാലം. സാധാരണ ജല ദോഷപ്പനി, ഇൻഫ്ലുവൻസ പോലുള്ള പനികൾ, വൈറൽപനികൾ, എച്ച്1എൻ1 പോലെയുള്ള പ്രത്യേകതരം ഇൻഫ്ലുവൻസ പനികൾ ഇവയെല്ലാം ഈ തണുപ്പു കാലത്ത് വ്യാപകമാകാൻ സാധ്യതയുള്ളവയാണ്. ഇവയ്ക്കു പുറമേ കേരളത്തിൽ എപ്പോഴും കണ്ടു വരുന്നതാണ് ഡെങ്കിപ്പനിയും എലിപ്പനിയും. ഡെങ്കിപ്പനി ഈ സമയത്ത് കൂടാൻ സാധ്യതയുണ്ട്. മാത്രമല്ല എലിപ്പനി കേരളത്തിന്റെ പല ഭാഗത്തും ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഡെങ്കിപ്പനി വരുമ്പോൾ

ആരോഗ്യപ്രവർത്തകരുടെയെല്ലാം ശ്രദ്ധ കോവിഡ് നിയന്ത്രണത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഡെങ്കി പോലെയുള്ള കൊതുകുജന്യ പനികൾ വ്യാപകമാകാനിടയുണ്ട്. കോവിഡും ഡെങ്കിയും ഒരുമിച്ചു വരാവുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നു മനസ്സിലാക്കണമെന്ന് ആലപ്പുഴ മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ബി. പത്മകുമാർ പറയുന്നു. ഡെങ്കിയിൽ പെട്ടെന്നുണ്ടാകുന്ന പനിയും തുടർന്ന് തീവ്രമായ ശരീരവേദനയുമാണ് ലക്ഷണം. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കാര്യമായി കുറയുന്നു എന്നതാണ് പ്രധാന പ്രത്യേകത.

പകൽസമയം കൂടുതലായി കടിക്കുന്ന ഈഡിസ് ഈജിപ്തി കൊതുകാണ് രോഗം പരത്തുന്നത്. കടുത്ത പനി, തലവേദന, സന്ധിവേദന, ക്ഷീണം, മനംപുരട്ടൽ, ഓക്കാനം, ഛർദി, വിശപ്പില്ലായ്മ, ശക്തമായ നടുവേദന, കണ്ണിനു പുറകിലുള്ള വേദന, ചർമത്തിലെ ചുവന്ന പാടുകൾ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ, 5-7 ദിവസം വരെ ഈ പനി നീണ്ടുനിൽക്കാം.

പല്ലിനിടയിൽ നിന്നും മൂക്കിൽ നിന്നുമൊക്കെ രക്തസ്രാവം ഉണ്ടാവുക, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയൽ, ജന്നി തുടങ്ങിയ ലക്ഷണങ്ങൾ പനി തീവമാകുന്നതിന്റെ സൂചനയാണ്. തീവ്രമല്ലാത്ത സാധാരണ ഡെങ്കിപ്പനി പാരസെറ്റമോൾ കഴിക്കുകയും ധാരാളം പാനീയങ്ങൾ കുടിക്കുകയും പൂർണവിശ്രമം എടുക്കുകയും ചെയ്താൽ ഭേദമാകും. രോഗം തീവ്രമാകുന്നതായി തോന്നിയാൽ ആശുപത്രിയിൽ കിടന്നുള്ള ചികിത്സയും നിരീക്ഷണവും വേണ്ടിവരും.

എലിപ്പനി വരാതിരിക്കാൻ

എലിപ്പനിയും വളരെ ഗൗരവമായി മാറുന്നതിന്റെ സൂചനകളാണു കാണുന്നത്. എല്ലാ കാലത്തും കേരളത്തിൽ ഉള്ളതാണ് എലിപ്പനി. പക്ഷേ മുൻപു നൽകിയിരുന്ന ശ്രദ്ധയും കരുതലും പ്രതിരോധ പ്രവർത്തനവും ഇപ്പോൾ നൽകാനാവുന്നില്ല. മണ്ണിൽ പണിയെടുക്കുന്നവർക്കും തൊഴിലുറപ്പുകാർക്കുമൊക്കെ പ്രതിരോധമരുന്നു നൽകിയിരുന്നു. ഡോക്സിസൈക്ലിൻ എന്ന ഗുളിക ഒറ്റ ഡോസ് കഴിച്ചാൽ രോഗം പ്രതിരോധിക്കാം. ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധ മുഴുവൻ കോവിഡിലേക്കായതുകൊണ്ട് കൊതുക് ഉൾപ്പെടെയുള്ളവയു
െടയും പനികളുടേയും പ്രതിരോധപ്രവർത്തനം പൊതുജനങ്ങളുടെ ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്ന് എന്ന് ഡോ. ബി. പത്മകുമാർ പറയുന്നു.

‘ലെപ്റ്റോസ്പൈറ’ എന്ന ബാക്ടീരിയയാണ് എലിപ്പനിക്കു (ലെപ്റ്റോസ്പൈറോസിസ് ) കാരണം. എലിയുെട മൂത്രത്തിലൂെടയാണ് ഈ രോഗാണു കൂടുതലായും പകരുന്നത് എന്നതാണ് ഈ പേരു വരാൻ കാരണം. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ ഈ അണുക്കൾ ഏറെ ദിവസം ജീവിക്കും. എന്നാൽ ഉപ്പുവെള്ളത്തിൽ ഇവ നിലനിൽക്കില്ല. മലിനജലത്തിൽ ചവിട്ടുമ്പോൾ കാലിലുള്ള ചെറിയ പോറലുകൾ വഴി പോലും ബാക്ടീരിയ ശരീരത്തിൽ കയറിപ്പറ്റാം.

കടുത്ത പനി, പേശീവേദന, ശരീരവേദന, തലവേദന, കണ്ണിലും ശരീരത്തിലും മഞ്ഞനിറം, മൂത്രത്തിന് ഓറഞ്ചിന്റെയോ കടുംകാപ്പിയുടേയോ നിറം എന്നിവയാണ് ലക്ഷണങ്ങൾ. പേശീവേദന അതിതീവ്രമായിരിക്കും. ശരീരം അനങ്ങുമ്പോൾ പോലും വേദനയുണ്ടാകും. രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും ചികിത്സ കിട്ടാതിരുന്നാൽ വൃക്ക, കരൾ എന്നിങ്ങനെ പ്രധാന ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലാകും. എന്നാൽ വളരെ ഫലപ്രദമായ ചികിത്സ ലഭ്യവുമാണ്.

ജലദോഷപ്പനി

വളരെ സാധാരണമായ കോമൺ കോൾഡ് ആണ് ജലദോഷപ്പനി. പക്ഷേ കോവിഡു കാലമായതിനാൽ ജലദോഷപ്പനി വന്നാലും മിക്കവർക്കും ആശങ്കയാണ്. കൊറൈസ(Coryza) എന്ന വൈറസാണ് ഈ പനിയുണ്ടാക്കുന്നത്. തുമ്മൽ, മൂക്കടപ്പ്. മൂക്കൊലിപ്പ്, തലവേദന, ശരീരവേദന, നേരിയ പനി, തൊണ്ടയ്ക്ക് അസ്വാസ്ഥ്യം, ചിലപ്പോൾ കഫമില്ലാത്ത ചുമയും ഉണ്ടാകും. സാധാരണ അഞ്ച് ആറ് ദിവസത്തിൽ കൂടുതൽ ഈ ജലദോഷപ്പനി തുടരാറില്ല.

ജലദോഷം വന്നാലുടനെ മരുന്നു കഴിക്കേണ്ടതില്ല. ആവി പിടിക്കുക, മൂക്കടപ്പു മാറും. പനിയും ശരീരവേദനയും കൂടുതലുണ്ടെങ്കിൽ പാരസെറ്റമോൾ ഗുളിക കഴിക്കാം. അസഹ്യമായ തുമ്മലും മൂക്കടപ്പും മാത്രമേയുള്ളുവെങ്കിൽ ആവശ്യമെങ്കിൽ ആന്റിഹിസ്റ്റമിൻ മരുന്നുകൾ കഴിക്കാം. 5-6 ദിവസമായിട്ടും പനി മാറുന്നില്ലെങ്കിൽ ഡോക്ടറെ കാണണം.

വൈറൽ പനി

വിവിധ വൈറസുകൾ വരുത്തുന്ന പനിയാണ് വൈറൽ പനികൾ. ഇവ ശ്വാസകോശത്തെ ബാധിച്ച് രോഗാ വസ്ഥ വഷളാക്കാം. സാധാരണ നിലയിലുള്ള വൈറൽ പനിയിൽ ആദ്യ രണ്ടു ദിവസം നല്ല ശരീരവേദനയും പനിയും ചെറിയൊരു തലചുറ്റലും തൊണ്ടവേദനയുമേ കാണൂ. മൂന്നു ദിവസം കഴിയുന്നതോടെ കഫത്തോടു കൂടിയ ചെറിയ ചുമ പ്രത്യക്ഷപ്പെടാം. തുമ്മലും മൂക്കൊലിപ്പും ഇല്ലാതിരിക്കുകയോ ചിലപ്പോൾ നേരിയ തോതിൽ മാത്രമോ കാണാം.

വൈറൽ പനിക്ക് പ്രത്യേകമായി മരുന്നില്ല. ലക്ഷണങ്ങളെ ശമിപ്പിക്കാനുള്ള മരുന്നു നൽകുകയാണ് ചെയ്യുക, പാരസെറ്റമോൾ, ആന്റിഹിസ്റ്റമിൻ, വേദനസംഹാരികൾ എന്നിവയൊക്കെ ലക്ഷണങ്ങളനുസരിച്ച് നൽകും. ടോൺസിൽ വീങ്ങി നിൽക്കുകയാണെങ്കിലോ കഫത്തിന് മഞ്ഞനിറം കണ്ടോലാ ബാക്ടീരിയ അണുബാധ സംശയിക്കണം. ഈ അവസരത്തിൽ ആന്റിബയോട്ടിക്കുകൾ നിർദേശിക്കാറുണ്ട് . മൂന്നു ദിവസമായിട്ടും പനി മാറുന്നി ല്ലെങ്കിലോ ശരീരക്ഷീണവും ശാസ കോശസംബന്ധമായ വിഷമതകളും അനുഭവപ്പെട്ടാലോ ഉടൻ വൈദ്യസഹായം തേടണം.

ഇത്തരം പനികൾക്കു പുറമേ പന്നിപ്പനി(എച്ച1എൻ1) പോലുള്ള ഇൻഫ്ലുവൻസ പനികളും കടന്നു വരാം. കോവിഡ് പ്രതിരോധത്തിനായി നമ്മൾ ചെയ്യുന്ന സാമൂഹിക അകലം, മാസ്ക് ധരിക്കൽ, കൈകഴുകൽ എന്നിവ ഇത്തരം വൈറൽ പനികളെ വരാതിരിക്കാൻ സഹായിക്കും.

പനി: വീട്ടിൽ ശ്രദ്ധിക്കാൻ

പനി വന്നാലുടനേ കോവിഡാണെന്നു കരുതി ഭയക്കുകയോ ആശുപത്രിയിലേക്കു പായുകയോ ചെയ്യേണ്ടതില്ല. കാരണം വരുന്നത് വിവിധ പനികളുെട കൂടെ കാലമാണ്. പനി ഏതാണ് എന്നു മനസ്സിലായില്ലെങ്കിൽ ഏറ്റവും നല്ലത് ഒരു കുടുംബഡോക്ടറെ ഫോണിലോ നേരിട്ടോ ബന്ധപ്പെട്ട് അഭിപ്രായം തേടുക എന്നതാണ്. കൂടാതെ മറ്റുള്ളവരുമായുള്ള സമ്പർക്കം കുറച്ച് ഏതു പനിയാണെങ്കിലും പകരാനുള്ള സാഹചര്യം പരമാവധി കുറയ്ക്കുക.

പനി വന്നാൽ 24 മണിക്കൂറുവരെ വീട്ടിൽ തന്നെ നോക്കാം. സാധാരണ പനിയോടൊപ്പം തൊണ്ടവേദന, ജലദോഷം, തുമ്മൽ തുങ്ങിയവയൊക്കെ വരുകയാണെങ്കിൽ അത് സാധാരണ വൈറൽ‍ പനി തന്നെയാകും. ഒന്നോ രണ്ടോ ദിവസം വരെ വീട്ടിൽ വിശ്രമിച്ച് മരുന്നുകൾ കഴിക്കാം. സാധാരണ ജലദോഷപ്പനി ലക്ഷണമുള്ളവർക്ക് വീട്ടിലിരുന്നു മരുന്നു കഴിച്ചു മാറ്റിയെടുക്കാവുന്നതേയുള്ളൂ.

എന്നാൽ ചില സാഹചര്യങ്ങൾ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. വെള്ളത്തിലും പാടത്തും മണ്ണിലുമൊക്കെ പണിയെടുക്കുന്നവർ, കാലിൽ മുറിവ് ഉണ്ടായിരുന്നവർ, വെള്ളത്തിലിറങ്ങുകയോ ചെളിയിൽ ചവിട്ടുകയോ ചെയ്തു-എന്നതുപോലുള്ള സാഹചര്യത്തിനു പിന്നാലെ പനി വന്നാൽ എലിപ്പനിയാവും സംശയിക്കുക. എലിപ്പനി ആദ്യ ദിവസം തന്നെ ഗൗരവമാകാം. ആ സാഹചര്യത്തിൽ എത്രയും വേഗം ചികിത്സ തേടണം. ആദ്യദിവസം തന്നെ െപൻസിലിൻ കുത്തിവയ്പോ ഡോക്സിസൈക്ലിൻ ഗുളികയോ ഉപയോഗിച്ചാൽ എലിപ്പനി നിയന്ത്രിക്കാം.

കോവി‍ഡ് സാധ്യതാലക്ഷണം, സമ്പർക്കം തുടങ്ങിയവയുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശം സ്വീകരിച്ചു ടെസ്റ്റ് ചെയ്യാം

ഏതുതരം പനിയായാലും പൊതുവേ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

1. വേണ്ടരീതിയില്‍ സ്വസ്ഥമായ വിശ്രമമാണ് ഏതു പനിയിലും ഒന്നാമതായി വേണ്ടത്.

2. വെള്ളം 8Ð10 ഗ്ലാസ് കുടിക്കുക. പനി ഹൈപ്പർമെറ്റബോളിക് സ്‌റ്റേറ്റാണ്. ശരീരപ്രവർത്തനം ധൃതഗതിയിലാവും, പൾസ് റേറ്റ് കൂടും, ശ്വസന നിരക്കും കൂടും. ഈ അവസ്ഥയില്‍ ശരീരത്തെ സഹായിക്കാനായാണ് പാനീയങ്ങൾ കൂടുതൽ വേണ്ടത്.

3. ഉപ്പും പഞ്ചസാരയുമിട്ട പാനീയം കുടിക്കുന്നത് ക്ഷീണമകറ്റും.

4. രാവിലത്തെ ഇളംവെയിൽ കൊള്ളുന്നത് വൈറ്റമിൻ ഡി കൂട്ടാൻ നല്ലത്. ഇത് രോഗത്തിൽ നിന്നു വേഗം പുറത്തുകടക്കാൻ സഹായിക്കും.

5. പഴവർഗങ്ങൾ കഴിക്കാം

6. ദേഹം ശുചിയാക്കിവയ്ക്കാം. ശരീരം കഴുകുന്നതിലും കുളിക്കുന്നതിലും തെറ്റില്ല.

പാരസെറ്റമോൾ കഴിക്കാം

പനി കുറയ്ക്കാൻ പാരസെറ്റമോൾ ഉപയോഗിക്കാം. ആന്റി പൈറൈറ്റിക് അഥവാ ശരീര താപനില കുറയ്ക്കുന്ന ഏറ്റവും സുരക്ഷിതമായ മരുന്നാണ് പാരസെറ്റമോൾ. ആരോഗ്യമുള്ള ഒരാൾക്ക് സാധാരണനിലയിൽ 500 മി.ഗ്രാമിന്റെ നാലു ഗുളിക വരെ ഒരു ദിവസം കഴിക്കാം. എന്നാൽ കരളിനു രോഗാവസ്ഥയുള്ളവർ പാരസെറ്റമോൾ കഴിക്കുന്നത് ഉചിതമായിരിക്കില്ല.

ഏതു ഘട്ടത്തിലായാലും പനി കുറയാതെ രണ്ടു മൂന്നു ദിവസത്തിലധികം നീണ്ടു നിൽക്കുക, പനിയും ക്ഷീണവും കൂടിവരുക തുടങ്ങിയ ലക്ഷണങ്ങളിൽ വിദഗ്ധ ചികിത്സ തേടുക.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ബി. പത്മകുമാർ

പ്രഫസർ, മെഡിസിൻ വിഭാഗം,

മെഡിക്കൽ കോളജ്, ആലപ്പുഴ.

ഡോ. ഏ.വി. രവീന്ദ്രൻ

സ്പെഷലിസ്റ്റ്, മെഡിസിൻ

വിഭാഗം, ബദർ അൽ സമ, ബർക്ക, ഒമാൻ

Tags:
  • Daily Life
  • Manorama Arogyam