Wednesday 19 January 2022 03:02 PM IST

സോഡിയം കുറവായതിനാൽ ബിപി രോഗികൾക്ക് നല്ലത്; വീട്ടുമുറ്റത്തെ മത്സ്യക്കൃഷിയുടെ ആരോഗ്യമേന്മകൾ അറിയാം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

fsfes43243

മുറ്റത്തു വളർത്തിയ ഇത്തിരി പച്ചക്കറികൾ ആത്മസംതൃപ്തിയോടെ പാകപ്പെടുത്തി, മനസ്സു നിറ‍ഞ്ഞു കഴിച്ചപ്പോൾ സംശുദ്ധമായ ആഹാരസംസ്കാരത്തിന്റെ ആദ്യപടി നാം കടന്നു. മീൻ വളർത്തുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. അമോണിയയും ഫോർമാലിനും തൊട്ടശുദ്ധമാക്കാത്ത നല്ല മീൻ കഴിക്കണം എന്ന സ്വപ്നം എത്രയോ കാലമായി നമ്മുടെ മനസ്സിലുണ്ട്. അങ്ങനെ കോവിഡ് നൽകിയ ആകുലതകൾക്കിടയിലും പടുതാക്കുളങ്ങളൊരുക്കി, വീട്ടുകുളങ്ങളും പാറക്കുളങ്ങളും ശുദ്ധജലസമൃദ്ധമാക്കി, അവയിൽ ശുഭ പ്രതീക്ഷയോടെ നാം കുഞ്ഞു മത്സ്യങ്ങളെ നിറച്ചു. മത്സ്യകൃഷിയിലേക്ക് മലയാളി കടന്നുവരുകയാണ്. തങ്ങളുടെ പുരയിടങ്ങളിലെ മീൻ വിളവെടുപ്പിന് നാട്ടുകാരെ ക്ഷണിക്കുന്ന മത്സ്യകർഷകരെയും ഇന്നു കാണാം.

വേണം പോഷകമൂല്യമുള്ള തനതു മത്സ്യങ്ങൾ

‘‘ കട്‌ല, രോഹു, മൃഗാൾ എന്നിവ വ്യാപകമായി ഉൾനാടുകളിൽ കൃഷി ചെയ്യുന്ന മത്സ്യങ്ങളാണ്. ഫിഷറീസ് വിഭാഗത്തിൽ നിന്നും കൂടുതലായി ലഭ്യമാകുന്നതും ഇവയുടെ കുഞ്ഞുങ്ങളാണ്. കരിമീൻ, വരാൽ, അനാബാസ് തുടങ്ങിയവയുടെ കുഞ്ഞുങ്ങളുടെ ലഭ്യത താരതമ്യേന കുറവായതിനാലും വളർച്ചയുടെ കാര്യത്തിൽ ചില പരിമിതികൾ ഉള്ളതിനാലും മത്സ്യകൃഷിയിൽ പൊതുവെ കൂടുതൽ ഊന്നൽ നൽകുന്നത് കട്‌ല, മൃഗാൾ, രോഹു, തിലാപ്പിയ എന്നിവയ്ക്കാണ്. എന്നാൽ നാം പ്രാധാന്യം നൽകേണ്ടത് തനതു മത്സ്യങ്ങൾക്കാണ്. കട്‌ല, രോഹു , മൃഗാൾ എന്നിവ കൃഷി ചെയ്യുമ്പോഴും കൂടുതൽ പോ ഷകമൂല്യമുള്ള കരിമീൻ, വരാൽ, അനാബാസ് എന്നിവയെ കൂടി കൃ ഷിക്ക് അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്തണം’’ Ð ഫിഷറീസ് സർവകലാശാലയിലെ മുൻ ഡീനും റിട്ട. റിസർച് ഡയറക്ടറുമായ പ്രഫ. ഡോ. കെ.വി. ജയചന്ദ്രൻ പറയുന്നു. ഇപ്പോൾ കേരള സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ ബയോഡൈവേഴ്സിറ്റി സ്ട്രാറ്റജി ആ ക്ഷൻ പ്ലാനിന്റെ കോസ്‌റ്റൽ എക്കോ സിസ്‌റ്റത്തിന്റെ സബ് കമ്മിറ്റി ചെയർമാനാണ് അദ്ദേഹം.

മീനും സമ്പൂർണ പോഷണവും

‘‘ആഹാരത്തിൽ കാർബോഹൈഡ്രേറ്റ്, ഫാ‌റ്റ്, പ്രോട്ടീൻ ഇവ കൂടാതെ ധാതുക്കളും ഏറെ ആവശ്യമാണ്. അന്നജവും മാംസ്യവും ഉൗർജവും കൊഴുപ്പും ധാതുക്കളും ചേർന്ന ഒരു ആഹാരം ഏതെന്നു ചോദിച്ചാൽ അത് മത്സ്യം ആണ്. പഠനങ്ങളിൽ അറിയാനാകുന്നത് മത്സ്യം വളരുന്ന കാലാവസ്ഥ, ജലാശയത്തിന്റെ മേൻമ , അവ കഴിക്കുന്ന ആഹാരം ഇവയ്ക്കനുസരിച്ച് അവയിലെ പോഷക ഘടകങ്ങൾക്കു വ്യതിയാനങ്ങൾ വരാം എന്നാണ്. വളർത്തുന്ന മത്സ്യങ്ങളിൽ 15Ð17.5 വരെ പ്രോട്ടീൻ ഗ്രാമിനനുസരിച്ചു കാണാനാകും. 2.4Ð 10 ശതമാനം കൊഴുപ്പ് (ഒമേഗാ 3 ഉൾപ്പെടുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ) ഉണ്ട്. ധാതുക്കളുടെ കാര്യമെടുത്താൽ 0.6 Ð 3.3 ഗ്രാം ഉണ്ട്. 84Ð187 കിലോ കാലറി ഉൗർജവും ഉണ്ട്. കൾച്ചർ ഫിഷ് അഥവാ വളർത്തു മീനുകളിൽ പ്രോട്ടീനും കൊഴുപ്പും കൂടുതലാണ് ’’ Ð പ്രഫ. ഡോ. കെ.വി.ജയചന്ദ്രൻ പറയുന്നു.

വളർത്തുമീനുകൾ നല്ലതോ?

‘‘ ശുദ്ധജലാശയത്തിൽ നിന്നു ലഭിക്കുന്ന മുള്ള് ഉൾപ്പെടെ കഴിക്കാവുന്ന ചെറു മത്സ്യങ്ങളും കടലിൽ നിന്നുള്ള ചെറു മത്സ്യങ്ങളും ഏറെ പോഷക ഗുണമുള്ളവയാണ്. കൾച്ചർ ഫിഷിൽ പൊതുവേ തിലാപ്പിയ എല്ലാവർക്കും ഇഷ്ടമല്ല. എന്നാൽ കൃഷി ചെയ്യുന്ന കരിമീൻ പൊതുവേ എല്ലാവർക്കും ഇഷ്ടമാണ്. ആസ്സാം വാള എന്നൊരു പുതിയ വിഭാഗം മീനുണ്ട്. അവയുടെ മാംസത്തിൽ ധാരാളം പ്രോട്ടീനുകളും കൊഴുപ്പുകളുമുണ്ട്. എല്ലാവർക്കും ഇഷ്ടമാകുന്ന തരം രുചിയാണിതിന്.

വളർത്തു മത്സ്യങ്ങളായ കരിമീൻ, വരാൽ, അനാബാസ് ഇവ പോഷക മൂല്യം കൂടുതലുള്ളവയാണ്. ഇവയെ ആളുകൾ ഇഷ്ടപ്പെടുകയും ആഹാരത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. കരിമീനും അനാബാസും വരാലും ഇപ്പോൾ കൂടുതലായി കൃഷി ചെയ്യുന്നുണ്ട്. ആസ്സാം വാളയും കൃഷി ചെയ്യുന്നു. വരാൽ മുതലായ മീനുകളിൽ ഔഷധ ഗുണം കൂടുതലുള്ളതായി റിപ്പോർട്ടുകളുണ്ട് Ð പ്രഫ.ഡോ. ജയചന്ദ്രൻ കൂട്ടിച്ചേർക്കുന്നു.

മലയാളിക്കിണങ്ങും മത്സ്യം

മലയാളിക്ക് ചെറിയ ചുറ്റുപാടിൽ വളർത്താൻ ഏറ്റവും അനുയോജ്യമായ മത്സ്യങ്ങൾ ഏതെന്നു ചോദിച്ചാൽ ആലപ്പുഴ തോട്ടപ്പള്ളിയിലെ അന്തർദേശീയ കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടറായ ഡോ. കെ.ജി. പത്‌മകുമാർ നിർദേശിക്കുന്നത് ബാസ എന്ന മലേഷ്യൻ കൂരിയേയും നൈൽ തിലാപ്പിയയേയുമാണ്. രോഹു, കട്‌ല എന്നിവ പൊതുവെ മലയാളിയുടെ മീൻരുചി സങ്കൽപങ്ങളോട് അത്ര ഇണങ്ങുന്നവയല്ല. സ്ഥലവും സൗകര്യങ്ങളുമുള്ളവർക്ക് അവയെ വളർത്താം. ഇപ്പോൾ എല്ലാവരും കുറ‍ഞ്ഞ സ്ഥലത്ത് കൂടുതൽ മീൻ വളർത്തുന്നതിനെക്കുറിച്ചാണല്ലോ ആലോചിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ ചെറിയ ചാലുകളിലും കൃഷിക്കാർ മത്സ്യകൃഷി ആരംഭിച്ചു. തിലാപ്പിയ പടുതാക്കുളങ്ങളിൽ പോലും തിങ്ങിവളരുന്നവയാണ്. അടുത്തയിടെയായി വരാൽ കൃഷിയും ആരംഭിച്ചിട്ടുണ്ട്. അനാബാസും കരിമീനും ഇത്തരം കൃഷിക്ക് അനുയോജ്യമാണ്. ’’ Ð ഡോ. കെ. ജി. പത്‌മകുമാർ പറയുന്നു.

തിലാപ്പിയയിൽ നൈൽ തിലാപ്പിയ, ഗിഫ്‌റ്റ് തിലാപ്പിയ എന്നിങ്ങനെ വിഭാഗങ്ങളുണ്ട്. കേരളീയരുടെ രുചി ശീലങ്ങൾക്കിണങ്ങുന്ന മീനായി തിലാപ്പിയ മാറിക്കഴിഞ്ഞു എന്നു പറയാം. തിലാപ്പിയ തിങ്ങിവളരും. ഇവയ്ക്ക് റെഡിമെയ്ഡ് ഫീഡ് വിപണിയിലുണ്ട്. ചെറിയ ഇടങ്ങൾക്ക് ഇവ അനുയോജ്യമാണ്. പ്രതിരോധ ശ ക്തിയും കൂടുതലുണ്ട്’’ Ð ഡോ. പത്‌മകുമാർ വിശദീകരിക്കുന്നു.

വളർത്തു മൽസ്യവും കടൽ മത്സ്യവും

ശുദ്ധജലമത്സ്യങ്ങൾക്കും വളർത്തു മത്സ്യങ്ങൾക്കും കടൽമത്സ്യങ്ങളി ൽ നിന്നു കുറച്ചു വ്യത്യാസങ്ങളുണ്ട്. ‘‘സോഡിയത്തിന്റെ അളവിലാ ണ് പ്രധാന വ്യത്യാസം. കടൽമത്സ്യ ങ്ങളെ അപേക്ഷിച്ച് സോഡിയം ഇവയിൽ കുറവായിരിക്കും. അതുകൊണ്ട് ഹൈപ്പർടെൻഷൻ അഥവാ രക്താതിസമ്മർദമുള്ളവരോട് കടൽ മത്സ്യങ്ങൾ ഉപയോഗിക്കരുത് എന്നു പറയാറുണ്ട്. അവർക്ക് ശുദ്ധജല മത്സ്യങ്ങളാണ് നിർദേശിക്കുന്നത് ’’ Ð കൊച്ചിയിലെ ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ് ഡോ. മുംതാസ് ഖാലിദ് ഇസ്മയിൽ പറയുന്നു.

വൈറ്റമിൻ എയും സെലിനിയവുമൊക്കെ വളർത്തുന്ന മത്സ്യങ്ങളിലായിരിക്കും കൂടുതൽ. കാൽസ്യം, അയഡിൻ, പ്രോട്ടീൻ ഇവ കൂടുതലുള്ളത് കടൽമത്സ്യങ്ങളിലാണ്. കടൽമത്സ്യങ്ങളിൽ കൊളസ്ട്രോളും കാലറിയും പൂരിതകൊഴുപ്പുകളും കുറവായിരിക്കും. മറ്റു ധാതുക്കൾ കടൽ മത്സ്യങ്ങളിലും വളർത്തുമത്സ്യങ്ങളിലും ഒരുപോലെ ആയിരിക്കും. മത്തിയും അയലയും അയഡിനാൽ സമ്പന്നമാണ്. വളർത്തുന്ന മീനിൽ ഒമേഗ 3യും നല്ല കൊഴുപ്പുകളും കൂടുതലായുണ്ട് . കടൽമത്സ്യങ്ങളിൽ ഏതെങ്കിലും ഘട്ടത്തിൽ അമോണിയ പോലുള്ള രാസപദാർഥങ്ങൾ ചേർക്കപ്പെടുന്നുണ്ട്. വളർത്തു മത്സ്യങ്ങളാകട്ടെ നമ്മുടെ കൺമുൻപിൽ കൈകളിലേക്ക് എത്തുകയാണ്.

ആഹാരത്തിലും അന്തരീക്ഷത്തിലുമൊക്കെ നിയന്ത്രിത സാഹചര്യങ്ങളിലൂടെ വളരുന്നതിന്റെ മെച്ചങ്ങൾ വളർത്തുമത്സ്യങ്ങൾക്കുണ്ട്. അന്തരീക്ഷത്തിലെ മെർക്കുറി ജലത്തിൽ കലരുമ്പോൾ മൽസ്യം അതിനെ ആഗിരണം ചെയ്യുന്നുണ്ട്. മറ്റൊന്ന് കാർബണിന്റെ സാന്നിധ്യമാണ്. ശുദ്ധജലമത്സ്യങ്ങളിൽ പൊതുവെ ഇവ കുറയാനാണ് സാധ്യത Ð കോട്ടയം ഗവ. മെഡിക്കൽ കോളജ് റിട്ട. ഡയറ്റീഷൻ സുജേതാ ഏബ്രഹാം പറയുന്നു.

മീനിന്റെ ആഹാരവും പ്രധാനം

വളർത്തു മത്സ്യങ്ങളുടെ കാര്യത്തിൽ ജലത്തിന്റെ ശുദ്ധിയും മീനിനു നൽകുന്ന തീറ്റയുടെ ഗുണമേൻമയും നമുക്കറിയാം. കടൽ മത്സ്യങ്ങളുടെ കാര്യത്തിൽ അതറിയില്ല. മീൻ കഴിക്കുന്ന ആഹാരം അതിന്റെ പോഷകമികവിനെ സ്വാധീനിക്കുന്നുണ്ട് എന്നാണ് വിദഗ്ധാഭിപ്രായം.

‘‘വളർത്തുമത്സ്യമാണെങ്കിലും വിളവെടുത്ത ഉടൻ ആളുകളിലേക്ക് എ ത്തിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. മത്സ്യം പെട്ടെന്നു ചീത്തയാകുന്ന ആഹാരമാണ്. എത്രയും പെട്ടെന്ന് പാകപ്പെടുത്തി കഴിക്കുകയാണു പ്രധാനം. വളർത്തുമത്സ്യങ്ങളുടെ കാര്യത്തിൽ അധികനേരം െഎസിലോ അമോണിയയിലോ വയ്ക്കുന്നതിനുള്ള സാധ്യത പൊതുവേ കുറവാണ്. രാസവസ്തുക്കളുടെ സാന്നിധ്യം ഈ മീനുകളിൽ കുറവാണെന്നത് ശ്രദ്ധേയമായ കാര്യമാണ് ’’Ð സുജേതാ എബ്രഹാം പറയുന്നു.

കഴിക്കുക എന്നത് ഒരു ആവശ്യമാണ് . എന്നാൽ ബുദ്ധിപൂർവം കഴിക്കുക എന്നത് ഒരു കലയാണ്. കോവിഡ് കാലത്ത് കരുതലോടെ മീൻ കഴിക്കാനും കൃഷി ചെയ്യാനും ഒരുങ്ങുന്ന മലയാളിയോടും അതാണു പറയാനുള്ളത്. പോഷക മൂല്യമുള്ള തനതു മത്സ്യവിഭാഗങ്ങളെ കൂടി കൃഷി ചെയ്യുക. അത് ആരോഗ്യത്തിനു മുതൽക്കൂട്ടാകട്ടെ.

Tags:
  • Daily Life
  • Manorama Arogyam