Monday 16 January 2023 11:41 AM IST : By സ്വന്തം ലേഖകൻ

ചിലർക്ക് മയോണൈസ് ലഹരിപോലെ, മടുക്കില്ല... വിളമ്പുന്നത് ഫ്രിജിൽ പോലും വയ്ക്കാതെ: ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

mayo677878

ഭക്ഷ്യവിഷബാധയെ തുടർന്നുള്ള ചർച്ചകളിൽ ഏറെ പ്രധാനപ്പെട്ടതാണ് മയോണൈസിന്റെ ഉപയോഗം സംബന്ധിച്ചുള്ള പുതിയ നിർദേശങ്ങൾ. ഫ്രാൻസിൽ നിന്നാണ് മയോണൈസിന്റെ വരവ്. മയോണൈസ് എന്ന ഡിപ്പ് ഇഷ്ടമില്ലാത്തവരില്ല, പ്രത്യേകിച്ച് കുട്ടികൾ. വറുത്ത വിഭവങ്ങൾക്കൊപ്പവും ബാർബിക്യൂവിനൊപ്പവും ഇതു മിക്കവർക്കും പ്രിയങ്കരമാണ്.

മുട്ടവെള്ളയിൽ വെജിറ്റബിൾ ഓയിൽ ചേർത്താണ് ഇതു സാധാരണ തയാറാക്കുന്നത്. ഉപ്പ് / പഞ്ചസാര കൂടി ചേർക്കാറുണ്ട്. ഇതു ചീത്തയാകാതിരിക്കുന്നതിന് അൽപം വിനാഗിരിയോ നാരങ്ങാനീരോ കൂടി ചേർക്കുന്നു. ഇത് വേവിക്കാത്ത ഒരു വിഭവമാണ്. മുട്ട വേവിക്കുന്നില്ല. മുട്ട പാകപ്പെടുത്താതെ കഴിക്കുന്നത് സാൽമൊണെല്ലാ ബാക്ടീരിയാ അണുബാധയിലേക്കു നയിക്കാം.

ഹോട്ടലുകളിലും മറ്റും മയോണൈസ് ഒരു ദിവസത്തേക്കായാണു തയാറാക്കുന്നത്. രാവിലെ തയാറാക്കുന്ന മയോണൈസ് ഫ്രിജിൽ വയ്ക്കാതെ വൈകുന്നേരം വരെ വിളമ്പാറുണ്ട്. അതിൽ ബാക്ടീരിയ രൂപപ്പെട്ട് ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും. എന്നാൽ ടിന്നുകളിൽ വാങ്ങുന്ന മയോണൈസിൽ ആസിഡ് മീഡിയം കൂടുതലുള്ളതിനാൽ പെട്ടെന്നു ചീത്തയാകില്ല. എങ്കിലും ഉപയോഗിക്കാവുന്ന തീയതിയും തയാറാക്കിയ ദിവസവും ശ്രദ്ധിക്കണം. ബോട്ടിൽ തുറന്നിട്ടുണ്ടെങ്കിൽ അതിൽ ബാക്ടീരിയ വളരാനുള്ള സാധ്യതയുണ്ട്. മയണീസ് വീട്ടിൽ തയാറാക്കിയതായാലും ഉടൻ ഫ്രിജിൽ സൂക്ഷിക്കണം.

ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ നിർദേശമനുസരിച്ച് പച്ചമുട്ട കൊണ്ടുള്ള മയോണൈസ് ഇനി ഉപയോഗിക്കരുത് എന്നാണ്. പാസ്ചറൈസ് ചെയ്ത മുട്ട കൊണ്ടുള്ള മയണീസോ  വെജ് മയോണൈസോ ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം .

വിവരങ്ങൾക്കു കടപ്പാട്

ഡോ. മുംതാസ് ഖാലിദ് ഇസ്‌മയിൽ

കൺസൽറ്റന്റ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ്

റെയിൻബോ പോളി ക്ലിനിക് , പടമുഗൾ, കൊച്ചി

Tags:
  • Manorama Arogyam