Friday 26 May 2023 11:39 AM IST : By സ്വന്തം ലേഖകൻ

ഭക്ഷണശേഷമുള്ള ഛർദിയും വയറിളക്കവും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളാകാം; ഉടൻ ചെയ്യേണ്ട കാര്യങ്ങളും പ്രതിരോധവഴികളും അറിയാം

foodinf234

പുറത്തുനിന്നു ഭക്ഷണം കഴിച്ചു വീട്ടിലെത്തിയതേ ഉള്ളൂ, നിലയ്ക്കാത്ത ഛർദിയും വയറുവേദനയും തുടങ്ങി. ഡോക്ടറെ കണ്ടപ്പോഴാണ് ഭക്ഷ്യവിഷബാധയാണെന്നും പുറത്തുനിന്നു കഴിച്ച ഭക്ഷണമാണ് വില്ലനായതെന്നും മനസ്സിലായത്. നമ്മളിൽ പലർക്കും എപ്പോഴെങ്കിലും ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ടാകാം. എന്താണ് ഭക്ഷ്യവിഷബാധ അഥവാ ഫൂഡ് പോയിസൺ.

മലിനമായ ഭക്ഷണം കഴിക്കുന്നതാണു ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള കാരണം, പകര്‍ച്ചവ്യാധികള്‍ പരത്തുന്ന ബാക്ടീരിയകള്‍, െെവറസുകള്‍, പരാന്നഭോജികള്‍ (Parasites) അല്ലെങ്കില്‍ അവയിലെ വിഷവസ്തുക്കള്‍ ആണ് ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത്.

ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വയ്ക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമയമാക്കി അണുബാധയിലേക്ക് വഴിയൊരുക്കുന്നത്. മലിനമായ ഭക്ഷണം കഴിച്ചശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രോഗലക്ഷണം പ്രകടമാകുന്നു. രോഗലക്ഷണങ്ങള്‍ സാധാരണയായി മനംപുരട്ടല്‍, ഛര്‍ദി, വയറിളക്കം, പനി എന്നിവയാണ്. ഭൂരിപക്ഷം ആളുകളിലും ലക്ഷണങ്ങള്‍ കുറഞ്ഞ രീതിയില്‍ പ്രകടമാകുകയും പ്രത്യേകം മരുന്നില്ലാതെതന്നെ ഭേദമാകുകയും ചെയ്യുന്നതായി കാണുന്നു.

രോഗലക്ഷണങ്ങള്‍

രോഗകാരികള്‍ക്കനുസൃതമായി ലക്ഷണങ്ങള്‍ക്കു മാറ്റം വരും. സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍: മനംപുരട്ടല്‍, ഛര്‍ദി, രക്തത്തോടുകൂടിയതോ അല്ലാതെയോ ഉള്ള വയറിളക്കം, വയറുവേദന, പനി.

ഭക്ഷണം മലീസമാകുന്നതു പലതരത്തിലാകാം. ഉല്‍പാദനവേളയില്‍, തയാറാക്കുന്ന വേളയില്‍, സംഭരണവേളയില്‍ എല്ലാം ആഹാരം മലിനമാകാന്‍ സാധ്യതയുണ്ട്. ഭക്ഷണം പാകം ചെയ്യുന്ന സമയത്തും സാധ്യത ഉണ്ട്–പ്രത്യേകിച്ചു വേവിച്ചു ഭക്ഷിക്കേണ്ടതല്ലാത്ത സാലഡ് എന്നിവയില്‍ സാധ്യതയേറെയാണ്.

രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ എടുക്കുന്ന സമയം രോഗകാരികളെക്കുറിച്ചുള്ള സൂചന നല്‍കുന്നു.

സ്െറ്റ െെഫ ലോ കോക്കസ് ഒാറിയസ് (Staph aureus): ആറു മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. നന്നായി പാകം ചെയ്യാത്ത മാംസം, സാലഡ്സ്, സോസുകള്‍ എന്നിവയില്‍ നിന്നുമാണ് സാധാരണയായി പകരുന്നത്.

ക്ലോസ്ട്രിഡിയം ബോട്ടുലിനം (Clostridium botulinum) അണുബാധ: ഇത് 12 മുതല്‍ 72 മണിക്കൂറിനുള്ളില്‍ പ്രകടമാകുന്നു. ടിന്നിലടച്ച മാംസം‍, മത്സ്യം എന്നിവ കൂടുതല്‍ സമയം പുറത്തുവയ്ക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു.

ക്ലോസ്ട്രിഡിയം പെര്‍ഫ്രിന്‍ജസ് (Clostridium Perfringens) അണുബാധ: ലക്ഷണങ്ങള്‍ എട്ടു മുതല്‍ 16 മണിക്കൂറുകള്‍ക്കുള്ളില്‍ പ്രകടമാകുന്നു. ഉദാ: മത്സ്യം.

ഷിഗല്ല (Shigella) അണുബാധ: 24 നും 48 മണിക്കൂറിനും ഉള്ളില്‍ പ്രകടമാകുന്നു. സമുദ്രോത്പന്നങ്ങള്‍, നന്നായി പാകം ചെയ്യാത്ത മത്സ്യമാംസാദികള്‍ എന്നിവയില്‍ നിന്നും ഉണ്ടാകുന്നു.

സാല്‍മൊണല്ല (Salmonella) അണുബാ:. ഒന്നു മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ പ്രകടമാകുന്നു. നന്നായി പാകം ചെയ്യാത്ത ഇറച്ചി, മുട്ട, പാല്‍ എന്നിവയില്‍ നിന്നും ഉണ്ടാകുന്നു.

കാംെെപലോ ബാക്റ്റര്‍ (Campylobacter) അണുബാധ: രണ്ടു മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. ഇറച്ചി, മുട്ട, പാല്‍ എന്നിവയില്‍ നിന്നും ഉണ്ടാകുന്നു.

ഈ കോളി (E coli) അണുബാധ: ഒന്നു മുതല്‍ എട്ടു ദിവസത്തിനുള്ളില്‍ പ്രകടമാകുന്നു. നന്നായി പാകം ചെയ്യാത്ത ബീഫ്, മലിനജലം എന്നിവയില്‍ നിന്നും ഉണ്ടാകുന്നു.

പരിശോധനകള്‍

രോഗിയുടെ വിശദമായ രോഗവിവരം ആണ് ഏറ്റവും നിര്‍ണായകമായ ഘടകം. എത്ര ദിവസമായി ലക്ഷണങ്ങള്‍ ഉണ്ട്? മലത്തില്‍ രക്തവും കഫവും ഉണ്ടോ? അസഹ്യമായ വേദന, ഛര്‍ദി, തീവ്രമായ പനി എന്നിവയുണ്ടോ? ഒരേ ഭക്ഷണം കഴിച്ച ഒരു കൂട്ടം ആളുകള്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടോ? ഉദാ: വിവാഹസദ്യ.

ശാരീരിക പരിശോധനയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് എത്രമാത്രം നിര്‍ജലിനീകരണം ഉണ്ടായി എന്നുള്ളതാണ്. അതിനനുസരിച്ചാണ് പ്രധാനമായും കിടത്തി ചികിത്സ ആവശ്യമുള്ള ആളാണോ എന്നതു നിര്‍ണയിക്കുക. മറ്റു ഗൗരവപൂര്‍ണമായ ലക്ഷണങ്ങളാണ് ശക്തമായ വയറുവേദന, പനി, കഠിനമായ ഛര്‍ദി എന്നിവ.

അത്യാവശ്യം ചില രക്തപരിശോധനകള്‍ മാത്രമേ ചികിത്സ നിര്‍ണയിക്കാന്‍ ആവശ്യമായിട്ടുള്ളൂ. (ഉദാ: സിബിസി, ഇ.എസ്.ആര്‍., സോഡിയം, പൊട്ടാസ്യം, ആര്‍ബിഎസ്, ക്രിയാറ്റിന്‍, സ്റ്റൂള്‍ െെമക്രോസ്കോപ്പി).

ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

നിരന്തരമായ ഛര്‍ദി, ഒന്നും കഴിക്കാനാവാത്ത അവസ്ഥ, കറുത്ത കളറില്‍ രക്തം ഛര്‍ദിക്കുക (Haematemesis), അതികഠിനമായ വയറുവേദന, മൂന്നു ദിവസത്തില്‍ കൂടുതല്‍ വയറിളക്കം തുടരുകയാണെങ്കില്‍, 38 ഡിഗ്രിയില്‍ കൂടുതലായ പനി, നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍: അമിതമായ ദാഹം, വരണ്ട തൊണ്ടയും വായും, മൂത്രത്തിന്റെ അളവു കുറയുക, അമിത വിയര്‍പ്പ്, ബി.പി. കുറയുക, കാഴ്ചയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുക, പേശീവലിവ്/വേദന എന്നിവ.

അപകടസാധ്യത ഘടകങ്ങള്‍

ഭക്ഷ്യവിഷബാധ എല്ലാവരിലും വരാമെങ്കിലും വയോധികര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവരെ ബാധിക്കാന്‍ സാധ്യത കൂടുതലാണ്. രോഗകാരികള്‍ക്ക് അനുസൃതമായി ലക്ഷണങ്ങള്‍ മാറും.

മലത്തില്‍ രക്തവും അതികഠിനമായ വയറുവേദനയും ഉണ്ടാകുന്നത് ഇന്‍ഫ്ലമേറ്ററി ഡയറിയ ഗണത്തില്‍പ്പെടുന്നു. ഇതുണ്ടാക്കുന്ന രോഗകാരികള്‍ ഷിഗല്ല, സാല്‍മൊണല്ല, കാംെെപലോബാക്റ്റര്‍ എന്നിവയാണ്. എന്നാല്‍ അമിതമായി ജലം നഷ്ടപ്പെടുന്ന രീതിയിലുള്ള വയറിളക്കം കോളറ, റോട്ടാ െെവറസ്, ജിയാര്‍ഡിയ എന്നീ രോഗകാരികള്‍ മൂലം ഉണ്ടാകുന്നു.

ചികിത്സ

ബഹുഭൂരിപക്ഷം ആളുകളിലും വലിയ ചികിത്സയൊന്നും ഇല്ലാതെ തന്നെ രോഗം ശമിക്കുന്നതാണ്. ചുരുങ്ങിയ ആളുകളില്‍ മരുന്നുകളും ചിലര്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സയും ആവശ്യമായിവരും.

ശരീരത്തിലെ ജലാംശം അമിതമായി നഷ്ടപ്പെടുമ്പോള്‍

തുടര്‍ച്ചയായ വയറിളക്കവും ഛര്‍ദിയും ശരീരത്തിലെ ജലാംശവും, സോഡിയം, പൊട്ടാസ്യം മുതലായ ലവണങ്ങളും നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. ഇവ ശരീരത്തിലേക്ക് ആഗിരണം ചെയ്യേണ്ടത് അത്യാവശ്യമാണ്. ചെറിയ കുട്ടികളിലും വയോധികരിലുമാണ് ജലാംശം നഷ്ടപ്പെടുന്നതുകൊണ്ടുള്ള പ്രശ്നങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതിനു സാധ്യതയേറുന്നത്. ഒആര്‍എസ് (ORS) ലായനി കുട്ടികളില്‍ വളരെ ഫലപ്രദമാണ്. മുതിര്‍ന്നവരോട് നഷ്ടപ്പെടുന്ന ജലാംശത്തില്‍ കൂടുതല്‍ കഞ്ഞി, ബാര്‍ലി, ലമന്‍ടീ മുതലായവയിലൂടെ നികത്താന്‍ നിര്‍ദേശിക്കാവുന്നതാണ്. എന്നാല്‍ അമിത ഛര്‍ദിയുള്ള ആളുകളില്‍ ഇത് പ്രായോഗികമാവണമെന്നില്ല. അങ്ങനെയുള്ളവരെ ആശുപത്രികളില്‍ കിടത്തി ചികിത്സിക്കേണ്ടത് ആവശ്യമായി വരുന്നു.

ആന്റിബയോട്ടിക്കുകള്‍

ഭൂരിപക്ഷം രോഗികള്‍ക്കും ആന്റിബയോട്ടിക്സ് ആവശ്യമായി വരാറില്ല. ഉദാ: െെവറല്‍ ഡയറിയ/കോളറ. എന്നാല്‍ ചില ബാക്ടീരിയകള്‍ രോഗാണുക്കളായുള്ള വയറിളക്കരോഗങ്ങളില്‍ ഷോര്‍ട്ട് കോഴ്സ് ആന്റിബയോട്ടിക്സ് ഫലപ്രദമാണ്. ഉദാ: Ciprofloxacin/Metronidazole എന്നിവ. ബാക്ടീരിയല്‍ അണുബാധ ഇല്ലാത്ത ആളുകള്‍ക്ക് ആന്റിബയോട്ടിക്സ് ആവശ്യമില്ല. എന്നാല്‍ ക്രമാതീതമായ ജലാംശം നഷ്ടപ്പെടുന്ന ചില ആളുകളില്‍ ആന്റി മോട്ടിലിറ്റി ഏജന്റുകള്‍ (Anti Motility Agents) ഉപയോഗപ്രദമാണ്. ഉദാ: Loperamide.

രോഗപ്രതിരോധ മാര്‍ഗങ്ങള്‍

എന്തൊക്കെ മാര്‍ഗങ്ങള്‍ വീട്ടില്‍ സ്വീകരിക്കാനാവും?

∙ ഭക്ഷണം പാകം ചെയ്യുന്നതിനു മുമ്പ് െെകകള്‍ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകുക. പാത്രങ്ങള്‍ ചൂടുള്ള സോപ്പുലായനിയില്‍ കഴുകുക, ഭക്ഷണം വയ്ക്കുന്ന പ്രതലങ്ങള്‍, ബോര്‍ഡ് എന്നിവയും വൃത്തിയായി സൂക്ഷിക്കുക.

∙ പാകം ചെയ്തു കഴിഞ്ഞ ഭക്ഷണവും പാകം ചെയ്യാനുള്ള ഭക്ഷണവും വെവ്വേറെ വയ്ക്കുക. പ്രത്യേകിച്ചു മത്സ്യം, മുട്ട എന്നിവ.

∙ പാകം ചെയ്യുന്ന ഊഷ്മാവ്: ഭക്ഷണപദാര്‍ഥങ്ങള്‍ അണുമുക്തമാക്കാനുള്ള ഏറ്റവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ ഒന്നാണ് കൃത്യമായ ഊഷ്മാവില്‍ പാകം ചെയ്യുക എന്നുള്ളത്. ഉദാ: ബീഫ്, പോര്‍ക്ക്, ചിക്കന്‍, ആട്ടിറച്ചി എന്നിവ. (60 മുതല്‍ 75 ഡിഗ്രി ഊഷ്മാവില്‍ വരെ.)

∙ കഴിവതും ഭക്ഷണപദാര്‍ഥങ്ങള്‍ പാകം ചെയ്ത ഉടനെ തന്നെ ഉപയോഗിക്കുക. അഥവാ അതിനു കഴിയുന്നില്ലെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ റെഫ്രിജറേറ്റ് ചെയ്യുക.

∙ ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ എന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ അവ ഉപേക്ഷിക്കണം. ഒരുപാടു സമയം അന്തരീക്ഷ ഊഷ്മാവില്‍ വച്ച ഭക്ഷണം ആണെങ്കില്‍ അതില്‍ രോഗവാഹകരായ അണുക്കളും ടോക്സിനും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അവ പിന്നീട് ചൂടാക്കുമ്പോഴും നശിക്കണമെന്നില്ല. ഉദാ: ബോട്ടുലിനം ടോക്സിന്‍ (Botulinium Toxin).

ഭക്ഷ്യവിഷബാധ വളരെ ഗൗരവമാകാവുന്നത് ചെറിയ കുട്ടികളിലും ഗര്‍ഭിണികളിലും വയോധികരിലും ആണ്. ഇവര്‍

കൃത്യമായി പാകം ചെയ്യാത്ത ഇറച്ചി, മുട്ട, കൊഞ്ച്, കൂന്തല്‍, കടുക്ക എന്നിവ. െഎസ്ക്രീമുകള്‍, പച്ചയായി പാകപ്പെടുത്തിയ സാലഡുകള്‍, പാസ്ച െെറസ് ചെയ്യാത്ത പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ വളരെ സൂക്ഷിച്ചു മാത്രം കഴിക്കുക.

ഡോ. നന്ദകുമാര്‍ ആര്‍.

ഗ്യാസ്ട്രോഎന്ററോളജിസ്റ്റ്

ഇ.എം.എസ്. ഹോസ്പിറ്റല്‍

പെരിന്തല്‍മണ്ണ

Tags:
  • Manorama Arogyam
  • Health Tips