Monday 31 January 2022 03:49 PM IST

ഓ... ഗ്യാസിന്റെ പ്രശ്നമാന്നേ..., സ്ത്രീകൾക്ക് ഹാർട്ട് അറ്റാക്ക് വരില്ല..., അറ്റാക്കിനു ശേഷം സെക്സ് പാടില്ല... ഹൃദയാഘാതത്തെക്കുറിച്ചുള്ള 8 തെറ്റിധാരണകൾ...

Santhosh Sisupal

Senior Sub Editor

heartattack-misconceptions-facts-cover

ഹൃദയാഘാതത്തെക്കുറിച്ച് ഒരുപാടു തെറ്റിധാരണകൾ നമുക്കിടയിലുണ്ട്. ‘പുകവലി മൂലം ഹൃദയാഘാതം വരില്ല’, ‘സ്ത്രീകൾക്കു വരുന്ന നെഞ്ചുവേദന ഹൃദയാഘാതത്തിന്റേതല്ല’, ‘അറ്റാക്കിനു ശേഷം സെക്സ് പാടില്ല’... ഇങ്ങനെ ഒട്ടേെറ അപകടകരമായ തെറ്റിധാരണകൾ ഇന്നും നിലനിൽക്കുന്നുണ്ട്. അവ തിരുത്താനും ശരിയായ കാര്യമെന്ത് എന്നു മനസ്സിലാക്കാനും ശ്രമിക്കുന്നത് ഹൃദയാഘാതം തടയാനും ചികിത്സ ഫലപ്രദമാക്കാനുമുള്ള ആദ്യ ചുവടുവയ്പാണ്.

തെറ്റിധാരണ ∙ സ്ത്രീകൾക്ക് ഹൃദയാഘാത സാധ്യത കുറവാണ്, നെഞ്ചുവേദന വന്നാലും ഹൃദയാഘാതത്തിന്റേതാകില്ല...

ആർത്തവ വിരാമം വരെ സ്ത്രീകൾക്ക് ഈസ്ട്രജൻ എന്ന ഹോർമോൺ മൂലം ഒരു പരിധിവരെ ഹൃദയാഘാതത്തിൽ നിന്നും സംരക്ഷണമുണ്ട്. എന്നാല്‍ ആർത്തവ വിരാമത്തിനുശേഷം ഒരു പത്ത് വർഷത്തിനിടയിൽ അവരുടെ ഹൃദയാഘാത സാധ്യത പുരുഷന്മാർക്ക് തുല്യമായി മാറുന്നു. 65 വയസ്സിന്

മുകളിലുള്ള സ്ത്രീകൾക്ക് പുരുഷന്മാരേക്കാളും ഹൃദ്രോഗ സാധ്യത കൂടുകയും ചെയ്യുന്നു. പ്രമേഹരോഗികൾ, പുകയില ശീലമുള്ളവർ, ഗർഭ നിരോധനഗുളികകൾ ഉപയോഗിക്കുന്നവർ എന്നീ സ്ത്രീകൾക്ക് ഹൃദ്രോഗസാധ്യത കൂടുതലാണ്.

സ്ത്രീകൾക്കു പലപ്പോഴും പുരുഷന്മാരെ പോലെ നെഞ്ചിന്റെ നടുവിൽ അമിതമായ വേദന, ഭാരം, കയ്യിലേക്ക് വേദന വരിക, വിയർപ്പ് എന്നിങ്ങനെയുള്ള ഹൃദയാഘാത ലക്ഷണങ്ങൾ പലപ്പോഴും കാണാറില്ല. ഒരു തളർച്ച, ശ്വാസംമുട്ടൽ, ബോധം കെടുക, വയറിന് അസ്വസ്ഥത ഉണ്ടാകുക എന്നിങ്ങനെ മറ്റു പല ലക്ഷണങ്ങളായിരിക്കാം സ്ത്രീകളിൽ കൂടുതൽ കാണുക. അതുകൊണ്ട് തന്നെ ഹൃദയാഘാതമാണെന്നു മനസ്സിലാക്കാൻ വൈകി ചികിത്സ ലഭിക്കാതിരിക്കാനുമുള്ള സാധ്യത കൂടും.

തെറ്റിധാരണ ∙ ചെറുപ്പത്തിൽ ഹൃദയാഘാത സാധ്യത വളരെ കുറവാണ്...

ഹാർട്ട് അറ്റാക്ക് പ്രായമാവരിൽ മാത്രം കണ്ടു വരുന്ന ഒരു അസുഖമാണ് എന്നതും ചെറുപ്പക്കാരിൽ വളരെ കുറവായേ സംഭവിക്കൂ എന്നത് ഒരു തെറ്റിധാരണയാണ്. ഹൃദയാഘാതം വരാനുള്ള പല കാരണങ്ങളിൽ ഒന്നു മാത്രമാണ് പ്രായാധിക്യം. പുകവലിക്കുന്നവർ, ചെറിയ പ്രായത്തിൽ തന്നെ പ്രമേഹം ബാധിച്ചവർ, പാരമ്പര്യമായി ഹൃദയാഘാതം വരാനുള്ള സാധ്യതയുള്ളവർ, അമിതവണ്ണമുള്ളവർ എന്നിവരിൽ ചെറുപ്പത്തിൽ തന്നെ ഹൃദയാഘാതം വരാനുള്ള സാധ്യതയുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ മാനസിക സമ്മർദം ചെറുപ്പക്കാരിൽ ഹൃദയാഘാതം വരാനുള്ള ഒരു പ്രധാന കാരണമാണ്. മാത്രമല്ല ചെറുപ്പക്കാരിൽ ഉണ്ടാകുന്ന ഹൃദയാഘാത ലക്ഷണങ്ങൾ, ഹൃദയാഘാതമായി സംശയിക്കാത്തതിനാൽ സമയത്തു ചികിത്സ തേടാൻ മടിക്കും.ഫലമായി രോഗാവസ്ഥ ഗുരുതരമാകാനും സാധ്യതയുണ്ട്. ഹൃദയാഘാത പാരമ്പര്യമുള്ളവരിൽ ചെറുപ്പത്തിലേതന്നെ പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ നില തുടങ്ങിയവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും ആവശ്യമെങ്കിൽ തുടക്കത്തിലേ ചികിത്സ ആരംഭിക്കുകയും വേണം.

തെറ്റിധാരണ ∙ ആൻജിയോ പ്ലാസ്റ്റി ചെയ്തു ബ്ലോക്കു നീക്കി, ഇനി മരുന്നുകൾ നിർത്താം...

ആൻജിയോപ്ലാസ്റ്റി, ബൈപാസ് അങ്ങനെയുള്ള ചികിത്സകൾ ഏതെങ്കിലും ബ്ലോക്കിനായി ചെയ്തു കഴിഞ്ഞാൽ പിന്നെ മരുന്ന് കഴിക്കേണ്ടി വരില്ല എന്നതു അപകടകരമായ തെറ്റിധാരണയാണ്. ആൻജിയോപ്ലാസ്റ്റിയും ബൈപാസും ചികിത്സയുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. മരുന്ന് കൊണ്ടുള്ള ചികിത്സ–രക്തം കട്ടയാകാതിരിക്കാനുള്ള മരുന്നുകൾ, കൊളസ്ട്രോളിന്റെ മരുന്നുകൾ, എന്നിങ്ങനെ ചില മരുന്നുകൾ ഹൃദ്രോഗികൾ ഏതൊക്കെ ചികിത്സ കഴിഞ്ഞാലും (ആൻജിയോപ്ലാസ്റ്റി, ബൈപാസ് ശസ്ത്രക്രിയ) ജീവിതകാലം മുഴുവനും കഴിക്കേണ്ടതാണ്.

തെറ്റിധാരണ ∙ ഹാർട്ട് അറ്റാക്ക് വന്നവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണം...

സാധാരണഗതിയിൽ ഹൃദയാഘാതം വന്നവർക്ക് ആൻജിയോപ്ലാസ്റ്റി ചികിത്സ കഴിഞ്ഞ് 3-4 ആഴ്ചകൾക്ക് ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടാം. നടക്കുമ്പോൾ െനഞ്ചുവേദന, അമിതമായ ശ്വാസം മുട്ടൽ എന്നീ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് സുരക്ഷിതമായിത്തന്നെ ശാരീരിക ബന്ധത്തിൽ ഏർപ്പെടാം. ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ കൊണ്ടോ, മനസ്സിലെ ഭയം കൊണ്ടോ ചില രോഗികൾക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അതിനു ഡോക്ടറുമായി സംസാരിച്ച് പ്രതിവിധി കാണാം. രോഗിയുടെ ആത്മവിശ്വാസം വർധിക്കാനും മാനസിക ആരോഗ്യം വീണ്ടെടുക്കാനും നല്ല ദാമ്പത്യ ജീവിതത്തിനും സെക്സ് അനിവാര്യമാണ്. ഹൃദ്രോഗം അതിന് ഒരു തടസ്സമല്ല.

തെറ്റിധാരണ ∙ നെഞ്ചെരിച്ചിലും അസ്വസ്ഥതകളും ഗ്യാസിന്റേതാകും. ഡോക്ടറെ പിന്നെ കാണാം...

വളരെ അപകടകരമായ തെറ്റിധാരണയാണിത്. നെഞ്ചുവേദന, നെഞ്ചെരിച്ചിൽ, നെഞ്ചിനുള്ളിൽ മുറുക്കം പോലുള്ള ലക്ഷണങ്ങൾ ഏറിയോ കുറഞ്ഞോ കാണുമ്പോൾ അത് ഹൃദയാഘാതത്തിന്റേതാവില്ല എന്നാണ് പലരും ആദ്യം ചിന്തിക്കുക. മാത്രമല്ല ആ ലക്ഷണങ്ങൾ ഗ്യാസിന്റേതാവും എന്ന ചിന്തയാണ് ഏറ്റവുമധികം രോഗികളെ ഗുരുതരാവസ്ഥയിലേക്കോ, ചിലപ്പോൾ മരണത്തിലേക്കോ കൊണ്ടെത്തിക്കുന്നത്. നെഞ്ചിനുള്ളിൽ ഉണ്ടാകുന്ന ഏതൊരു അസ്വാസ്ഥ്യവും നിസ്സാരമായി കാണരുത്. പ്രത്യേകിച്ചും ഹൃദയാഘാതപാരമ്പര്യം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം, രക്താതിസമ്മർദം, ഉയർന്ന പ്രായം തുടങ്ങിയ അപായഘടകങ്ങളിലൊന്നെങ്കിലും ഉണ്ടെങ്കിൽ നിർബന്ധമായും ഉടൻ ചികിത്സ തേടണം. ചുരുങ്ങിയപക്ഷം ആ ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റേതല്ല, എന്ന് ഉറപ്പിക്കുകയെങ്കിലും ചെയ്യാമല്ലോ. ഹൃദയാഘാത പരിശോധനാ, ചികിത്സാസൗകര്യങ്ങളുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കാണ് രോഗി എത്തേണ്ടത്. അല്ലാതെ ഡോക്ടറെ ഒപിയിൽ കാണാനായി കാത്തിരിക്കരുത്.

തെറ്റിധാരണ ∙ എല്ലാ ഹാർട്ട് അറ്റാക്കും ഒരുപോലെയാണ്, ഒരേ ചികിത്സയുമാണ്...

ഇതും ഒരു മിഥ്യാധാരണയാണ്. ഹൃദയാഘാതം പല വിധത്തിലുണ്ട്. രോഗിയുടെ ഹൃദയത്തിലെ പ്രധാനപ്പെട്ട രക്തക്കുഴൽ കൊഴുപ്പും രക്ത കട്ടകളും കൊണ്ടു പൂർണമായും അടഞ്ഞു പോകുന്ന അവസ്ഥയുണ്ടാവും. അപ്പോൾ രോഗി പെട്ടെന്നുതന്നെ നെഞ്ചുവേദന, ശ്വാസംമുട്ടൽ, ബോധക്കേട് തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങളുമായിട്ടാവും (STEMI) ചികിത്സ തേടുന്നത്. ഇങ്ങനെയുള്ള രോഗികളെ എത്രയും പെട്ടെന്ന് പ്രൈമറി ആൻജിയോപ്ലാസ്റ്റി ചികിത്സയ്ക്ക് വിധേയമാക്കണം. എന്നാൽ ഹൃദയധമനി പൂർണമായും അടഞ്ഞിട്ടില്ലാത്ത അവസ്ഥയിൽ അടവിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ചികിത്സയിലും മാറ്റം വരും. ആൻജിയോഗ്രാം പരിശോധനയിലൂെട അടവിന്റെ അവസ്ഥ കൃത്യമായി നിർണയിക്കാം. ചില രോഗികൾക്കു മരുന്നു മാത്രം മതിയാകും. മറ്റു ചിലർക്കാകട്ടെ ചിലപ്പോൾ സാവകാശം ആൻജിയോ പ്ലാസ്റ്റിയോ ബൈപാസ് സർജറിയോ വേണ്ടിവന്നെന്നും വരാം.

തെറ്റിധാരണ ∙ ഹൃദയാഘാതം വന്നാൽ മരണം ഉറപ്പാണ്...

എല്ലാ മനുഷ്യർക്കും മരണം ഉറപ്പാണ്. എന്നാല്‍ ഹൃദയാഘാതം വന്നാലുടൻ മരണം ഉറപ്പാണ് എന്നുള്ളത് ഒരു തെറ്റിധാരണയാണ്. ലോകത്തിൽ കൂടുതൽ മരണങ്ങൾ ഉണ്ടാകുന്നതിന് ഹൃദയാഘാതം കാരണക്കാരനാണെങ്കിലും ഹൃദയാഘാതം വരുന്ന ആൾക്കാർ എല്ലാവരും ഉടനെ മരിക്കുകയല്ല സംഭവിക്കുന്നത്. എത്രയോ രോഗികൾ ഹൃദയാഘാതം സംഭവിച്ചതിനുശേഷം ശരിയായ ചികിത്സയിലൂടെയും വ്യായാമത്തിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും വർഷങ്ങൾ അല്ലെങ്കിൽ പതിറ്റാണ്ടുകൾ സന്തോഷമായും സുഖമായും ജീവിക്കുന്നു. ഹൃദയാഘാതം സംഭവിച്ചു എന്നതു കൊണ്ട് ദുഃഖിതരായി ഇനി ജീവിതം മുന്നോട്ടില്ല, മരണം മാത്രമേ മുന്നിലുള്ളൂ എന്ന് വിചാരിക്കാതിരിക്കുക. എന്ത് തെറ്റാണ് എനിക്ക് സംഭവിച്ചത്, ജീവിതശൈലിയിൽ ഞാൻ വരുത്തേണ്ട മാറ്റങ്ങൾ എന്താണ് എന്ന് മനസ്സിലാക്കി അത് ചിട്ടയായി പ്രാവർത്തികമാക്കുക. ഡോക്ടർ നിർദ്ദേശിക്കുന്ന എല്ലാ മരുന്നുകളും ചികിത്സാരീതികളും അതേപടി തുടർന്ന് സന്തോഷത്തോടും ദീർഘായുസ്സോടും കൂടി പൊസിറ്റീവായി ജീവിക്കാം.

heartattack-misconceptions-facts-doctor ഡോ. ഹരിഹര എസ്. ശർമ (ഇൻസെറ്റ്)

തെറ്റിധാരണ ∙ ഭക്ഷണ നിയന്ത്രണവും വ്യായാമവും കൊണ്ട് ഹൃദയാഘാതം തടയാനാവില്ല...

നല്ല ആരോഗ്യമുള്ളവർ പോലും കളിക്കളത്തിലും മറ്റും പെട്ടെന്നു കുഴഞ്ഞ് വീണു മരിക്കുന്നു. അതുകൊണ്ട് ഭക്ഷണനിയന്ത്രണം വഴിയും വ്യായാമം വഴിയും ഹൃദയാഘാതം അല്ലെങ്കിൽ ഹൃദ്രോഗം നിയന്ത്രിക്കാനാവില്ല എന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ ഈ ധാരണ ശരിയല്ല. കാരണം, ആരോഗ്യകരമായ ഭക്ഷണവും ചിട്ടയായ വ്യായാമവുമാണ് ഹൃദ്രോഗം തടയാനുള്ള ഏറ്റവും ഫലപ്രദമായ ഇടപെടൽ. ‘അമിതമായാൽ അമൃതും വിഷം’ എന്ന ചൊല്ല് നാം ഓർക്കേണ്ടതുണ്ട്. പുതുതായി വ്യായാമം ചെയ്യാൻ ആരംഭിക്കുന്നവർ, പ്രമേഹരോഗികൾ, ഹൃദ്രോഗികൾ എന്നിവർ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം വ്യായാമം തുടങ്ങുക. ചിട്ടയായ രീതിയിൽ വ്യായാമം ക്രമീകരിക്കണം. വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന അമിത ഹൃദയമിടിപ്പ് ഹൃദയാഘാതം കൂട്ടാനുള്ള ഒരു പ്രധാന ഘടകമാണ്. പ്രായം അനുസരിച്ച് ഓരോ വ്യക്തിയ്ക്കും സുരക്ഷിതമായ ഹാർട്ട് റേറ്റ് അഥവാ ഹൃദയമിടിപ്പിന്റെ നിരക്ക് നിഷ്കർഷിച്ചിട്ടുണ്ട്. ഒരു പരിധിക്കപ്പുറം ഹൃദയമിടിപ്പ് കൂടുന്നത് ചില രോഗികളെ അപകടത്തിൽ കൊണ്ടെത്തിക്കാം. ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി പോലെ ചില പ്രത്യേക രോഗാവസ്ഥയുള്ളവർ വ്യായാമം ചെയ്യുന്ന സമയത്ത് ഹൃദയമിടിപ്പിന്റെ താളം തെറ്റുകയും ഹൃദയാഘാതം ഉണ്ടാകാനും സാധ്യതയുണ്ട്. അങ്ങനെ സംശയമുള്ള രോഗികൾ ഒരു ഡോക്ടറുടെ പരിശോധനയ്ക്കു ശേഷം മാത്രം വ്യായാമം ചെയ്യുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ഹരിഹര എസ്. ശർമ

സീനിയർ കൺസൽറ്റന്റ് & ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ്,

നെയ്യാർ മെഡിസിറ്റി, കാട്ടാക്കട,

തിരുവനന്തപുരം