ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്
ഒരു ജലദോഷപ്പനി പോലെ ആരുമറിയാതെ വന്നുപോയിക്കൊണ്ടിരുന്ന ഒരു പനി ഇപ്പോൾ ലോകശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.പറഞ്ഞുവരുന്നത് ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്(എച്ച്എംപിവി) കാരണമുണ്ടാകുന്ന പനിയെക്കുറിച്ചാണ്.എച്ച്എംപിവി വൈറസ് പുതിയൊരു വൈറസല്ല. 2001 ലാണ് ഈ വൈറസ് തിരിച്ചറിയപ്പെടുന്നത്.ഇൻഫ്ളുവൻസ വൈറസിന്റെ ഒരു വകഭേദമാണിത്. യഥാർഥ എച്ച്എംപിവി വൈറസ് കൊണ്ടുള്ള പനിക്ക് ഒരു ജലദോഷപ്പനിക്കു സമാനമായ ലക്ഷണങ്ങളേയുള്ളൂ. അത്രമേൽ സാധാരണമായി വന്നുപോകുന്ന പനിയാണിത്.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചേർന്നുനിന്നു സംസാരിക്കുമ്പോഴും രോഗിയിൽ നിന്നും പുറത്തേക്കു തെറിക്കുന്ന സ്രവകണങ്ങളിൽ വൈറസ് ഉണ്ടാകാം. ഇതാണു രോഗപ്പകർച്ചയ്ക്കു കാരണം.
കൂടുതലും ഉപരി ശ്വാസകോശത്തെയാണു വൈറസ് ബാധിക്കുന്നത്.മൂക്കൊലിപ്പ്,ചുമ, ചെറിയ ശ്വാസതടസ്സം, തൊണ്ടവേദന,പനി, ചുവന്ന തിണർപ്പ് എന്നീ ലക്ഷണങ്ങളാണു പ്രകടമാവുക. എന്നാൽ ഒരു ചെറിയ ശതമാനം കുട്ടികളിൽ ന്യൂമോണിയ പോലെയുള്ള കൂടുതൽ ഗൗരവകരമായ ശ്വാസകോശപ്രശ്നങ്ങൾ വരാം. അതാണു രോഗത്തെ മാരകമാക്കുന്നത്. പിസിആർ പരിശോധന വഴിയാണു രോഗം നിർണയിക്കുന്നത്.
പ്രതിരോധശേഷി കുറഞ്ഞവർ ശ്രദ്ധിക്കുക
ആരോഗ്യമുള്ളവരിൽ ഈ വൈറസ് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാറില്ലെങ്കിലും പ്രതിരോധശേഷി കുറഞ്ഞവർ ശ്രദ്ധിക്കണം. 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഒരു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ, ഗർഭിണികൾ എന്നിവരുടെ കാര്യത്തിലും കരുതൽ വേണം. ഇവരിൽ പനി വന്നു ന്യൂമോണിയ ആകാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ കൂടുതലാണ്. ആസ്മ,സിഒപിഡി, എംഫസീമിയ പോലെയുള്ള ശ്വാസകോശപ്രശ്നങ്ങൾ നിലവിൽ ഉള്ളവരിലും ചില സങ്കീർണതകൾ വന്നേക്കാം.
കോവിഡ് പുതിയൊരു വൈറസ് ആയിരുന്നു. അതുകൊണ്ട് മനുഷ്യശരീരത്തെ അത് എങ്ങനെ ബാധിക്കുമെന്ന കാര്യവും അജ്ഞാതമായിരുന്നു. പക്ഷേ,ഈ വൈറസ് അങ്ങനെയൊന്നല്ല.പക്ഷേ, ചൈനയിൽ പടർന്നുകൊണ്ടിരിക്കുന്ന എച്ച്എംപി വൈറസ് യഥാർഥ വൈറസിനു ജനിതകപരിവർത്തനം വന്ന് തീവ്രത കൂടിയതാണോ എന്നുള്ളതാണു ആശങ്കാജനകമായ കാര്യം. ഈ വൈറസിനു കൃത്യമായ ചികിത്സകൾ ഇല്ലാത്തതും വാക്സീൻ രൂപപ്പെടുത്തിയിട്ടില്ല എന്നതും ഭീഷണികളാണ്.
അതുകൊണ്ട് ജാഗ്രതയോടെ മുന്നോട്ടുപോകാം.കോവിഡിനെതിരെ പ്രതിരോധ കോട്ട തീർക്കാൻ നമ്മെ സഹായിച്ച ആയുധങ്ങളാണ് ഇവിടെയും തുണ. മാസ്ക് ധരിക്കുക, കൈ കഴുകുക. ആൾക്കൂട്ടങ്ങളിലും പൊതുസ്ഥലങ്ങളിലും പോകുമ്പോൾ മാസ്ക് ധരിക്കാൻ മറക്കരുത്.സ്രവകണങ്ങളിൽ നിന്നും രോഗപ്പകർച്ച തടയാൻ കൈ കഴുകാം.
വിവരങ്ങൾക്കു കടപ്പാട്
ഡോ.ടി. എസ്.ഫ്രാൻസിസ്,ഫിസിഷൻ,എംഒഎസ്‌സി മെഡി.കോളജ്,കോലഞ്ചേരി,ആലപ്പുഴ