Tuesday 19 March 2024 03:25 PM IST

ഹൃദ്രോഗവും സ്ട്രോക്കുമൊക്കെ വ്യാപകമായ സാഹചര്യത്തിൽ പാലും പാലുൽപന്നങ്ങളും ഗുണകരമോ?

Asha Thomas

Senior Sub Editor, Manorama Arogyam

milk43435

രാവിലെ സ്കൂളിൽ പോകാൻ ധൃതിവച്ചൊരുക്കുന്നതിനിടയിൽ കഴിക്കാനൊന്നും വേണ്ട എന്നു വാശി പിടിക്കുമ്പോൾ ഒരു വലിയ ഗ്ലാസ്സ് പാലുമായി വന്ന് അമ്മ പറയുംБഅമ്മയുടെ പുന്നാരക്കുട്ടിയല്ലേ, ഈ പാലെങ്കിലും കുടിക്കൂ...’ മിക്കവരുടെയും ബാല്യകാല ഒാർമകളിലെ മറക്കാത്തൊരു ചിത്രമാകുമിത്. രാവിലെ വേറെ ഒന്നും കഴിച്ചില്ലെങ്കിലും ഒരു ഗ്ലാസ്സ് പാലെങ്കിലും കുടിച്ചാൽ കുട്ടിക്ക് അത്യാവശ്യമുള്ള പോഷകമായി എന്നൊരു സമാധാനമാണ് ഈ പാലുകുടിപ്പിക്കലിന്റെ പിന്നിലെ ഗുട്ടൻസ്.

കുട്ടിക്കാലത്തെ ഈ പാലുകുടി മുതിർന്നാലും തുടർന്നുപോകുന്നു, ചായയായും കാപ്പിയായും ചീസും യോഗർട്ടും പനീറും പോലുള്ള പാലുൽപന്നങ്ങളായും പാൽ ഭക്ഷണക്രമത്തിന്റെ ഭാഗമാകുന്നു. കുട്ടിപ്രായം കഴിഞ്ഞിട്ടും പാൽ കുടിക്കൽ തുടരുന്ന ഒ രേ ഒരു സസ്തനിയാണു മനുഷ്യനെന്നാണു പറയാറ്.

പാലിന്റെ മികച്ച പോഷകഗുണങ്ങളാണ് അതിനെ ഏതു പ്രായത്തിലുള്ളവർക്കും വേണ്ടതാക്കുന്നത്. പ്രകൃതിയുടെ സമ്പൂർണഭക്ഷണമായാണ് (Whole Food) പാലിനെ പണ്ടുമുതലേ കരുതിപ്പോരുന്നത്. ശരീരത്തിന് ആവശ്യമായ ഏതാണ്ടെല്ലാ ഘടകങ്ങളും പാലിൽ അടങ്ങിയിട്ടുണ്ട്. കൊ ഴുപ്പ്, പ്രോട്ടീൻ, ഒട്ടേറെ വൈറ്റമിനുകൾ എന്നിവ കൂടാതെ കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം പോലെയുള്ള ധാതുക്കളുമുണ്ട്.

പാലിലെ കൊഴുപ്പും ഹൃദ്രോഗവും

ഇങ്ങനെയാണെങ്കിലും ഈയിടെയായി പാലിനെ അൽപം പേടിയോടെയാണ് ആളുകൾ കാണുന്നത്, പ്രത്യേകിച്ചു മുതിർന്നവർ. പാൽ കുടിച്ചാൽ ഹൃദ്രോഗം വരുമോ, തടി കൂടുമോ എന്നിങ്ങനെയുള്ള ആശങ്കകളാണ് ഈ പേടിക്കു പിന്നിൽ. പാലിലെ കൊഴുപ്പിനെക്കുറിച്ചുള്ള പൊതുജന വീക്ഷണം മാറിയതിന്റെ പ്രതിഫലനമാണ് ഫാറ്റ് ഫ്രീ മിൽക്, ടോൺഡ് മിൽക്, സ്കിമ്മ്ഡ് മിൽക് എന്നിങ്ങനെ വിപണിയിലെ പാൽ വകഭേദങ്ങൾ. മാത്രമല്ല അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, ലോകാരോഗ്യസംഘടന പോലെയുള്ള ആഗോളതലത്തിലുള്ള വിദഗ്ധ സമിതികളൊക്കെ കൊഴുപ്പു നീക്കിയതോ കുറഞ്ഞതോ ആയ പാലും പാലുൽപന്നങ്ങളുമാണു വർഷങ്ങളായി നിർദേശിക്കുന്നത്.

കൊഴുപ്പു കുറഞ്ഞ പാലിൽ (ലോ ഫാറ്റ് മിൽക്) ഒരു ശതമാനമേ കൊഴുപ്പു കാ ണൂ. സ്കിംഡ് മിൽക്കിൽ 0.5 ശതമാനവും.പക്ഷേ, കൊഴുപ്പു നീക്കുന്നതോടൊപ്പം ചില അവശ്യ പോഷകങ്ങളും നഷ്ടമാകാം. ഉദാഹരണത്തിന്, ഹൃദയത്തിന്റെയും തലച്ചോറിന്റെയും മികച്ച പ്രവർത്തനത്തിനും നീർവീക്കം കുറയ്ക്കാനും സഹായിക്കുന്ന ഒമേഗ 3 കൊഴുപ്പും കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിൻ എ, കെ പോലുള്ളവയും നഷ്ടമാകാം.

പൂരിത കൊഴുപ്പ് കൂടുതൽ

പലതരം കൊഴുപ്പുകളുടെ മിശ്രിതമാണ് പാൽ. കൂടുതലുള്ളതു പൂരിത കൊഴുപ്പാണ്Ð 70 ശതമാനം. അമിതമായ പൂരിത കൊഴുപ്പ്, രക്തത്തിലെ ചീത്ത കൊളസ്ട്രോൾ നിരക്ക് ഉയർത്തി ഹൃദ്രോഗം, സ്ട്രോക്ക് പോലുള്ള രോഗാവസ്ഥകൾക്കു കാരണമാകുമെന്നു തെളിഞ്ഞിട്ടുള്ളതാണ്. പൊതുവേ ദോഷം കുറഞ്ഞതായി കരുതപ്പെടുന്ന അപൂരിത കൊഴുപ്പ് പാലിൽ 30 ശതമാനമാണുള്ളത്. ഇതാകട്ടെ ഗുണകരമായ പലതരം കൊഴുപ്പുകളുടെ മിശ്രിതമാണ്.

ഒരു വലിയ കപ്പ് (237 മി.ലീ) കൊഴുപ്പു നീ ക്കാത്ത പാലിൽ 4.5 ഗ്രാം പൂരിത കൊഴുപ്പുണ്ട്. ദിവസം ഒരു കപ്പു പാൽ കുടിക്കുന്നതോടെ അന്നത്തേക്കു വേണ്ട പൂരിത കൊഴുപ്പിന്റെ കാൽഭാഗം ആകും. ഇതുകൊണ്ടാണു പ്രമേഹമുള്ളവരോടും ഹൃദ്രോഗമുള്ളവരോടും കൊഴുപ്പു കുറഞ്ഞ പാൽ (low fat/ Skimmed milk) കുടിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നതും.

എന്നാൽ, പൂരിത കൊഴുപ്പിന്റെ അ ളവും ഹൃദ്രോഗസാധ്യതയുമായി നേരിട്ടു ബന്ധമില്ല എന്ന് ഒന്നിലധികം പഠനങ്ങൾ വന്നതോടെ പാലിലെ കൊഴുപ്പിനെയും എഴുതിത്തള്ളാമെന്ന് ഒരു വാദമുണ്ട്.

മാത്രമല്ല, രക്തത്തിലെ ലിപിഡുകളുടെ നിരക്കു വർധിപ്പിച്ചാണല്ലോ പൂരിത കൊഴുപ്പ് ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നത്. എന്നാൽ, പാലിലെ പൂരിത കൊഴുപ്പിനു രക്തത്തിലെ ലിപിഡുകളുടെ മേൽ വ്യത്യസ്തമായ സ്വാധീനമാണുള്ളതെന്ന് ഒരു വാദമുണ്ട്.

‘‘ പാലിലെ കൊഴുപ്പ് അനാരോഗ്യകരമാണെന്നു പറയാനാകില്ല. കൊഴുപ്പും കാത്സ്യവും പെപ്റ്റൈഡും ഫോസ്ഫറസും എല്ലാമൊരു മിശ്രിതമായാണു (കോംപസിറ്റ്) നമുക്കു ലഭിക്കുന്നത്.’’ മണ്ണുത്തി വർഗീസ് കുര്യൻ ഇ ൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡെയറി ആൻഡ് ഫൂഡ് ടെക്നോളജിയിലെ (കേരള വെ റ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി) അസി. പ്രഫസർ ഡോ. ഇന്ദു ബി. പറയുന്നു.

‘‘ മാത്രമല്ല, രക്തത്തിലെ കൊഴുപ്പു സംയുക്തങ്ങളുടെ (ലിപിഡ്സ്) പ്രതികരണം പരിഷ്കരിച്ചു ശരീരത്തിനു ഹാനികരമല്ലാത്ത രീതിയിൽ കൊഴുപ്പിനെ ഉപയോഗപ്രദമാക്കുന്നു എന്നു പഠനങ്ങൾ പറയുന്നു. എന്നാൽ, അമിതവണ്ണം, ഹൃദ്രോഗം പോലെയുള്ളവരിൽ ഡോക്ടർ നിർദേശിക്കുന്നപക്ഷം കൊഴുപ്പു കുറഞ്ഞ പാൽ ഉപയോഗിക്കുന്നതാണു നല്ലത്. ’’

പാലും ബിപിയും

ഹൃദ്രോഗത്തിനു കാരണമാകാവുന്ന ഘടകമാണല്ലോ അമിത രക്തസമ്മർദം. പാലിൽ പൊട്ടാസ്യം ഉള്ളതുകൊണ്ടു പാൽ കുടിച്ചാൽ നാഡികൾക്കും ഹൃദയപേശികൾക്കും നല്ലതാണ്, ബി പി കുറയ്ക്കും എന്നു ചില പഠനങ്ങൾ പറയുന്നു. അമിത രക്തസമ്മർദമുള്ളവരിൽ നിർദേശിക്കുന്ന ഡാഷ് ഡയറ്റി ലും കൊഴുപ്പു കുറഞ്ഞ പാലും പാലു ൽപന്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയം.

‘‘പാൽ ബിപി കുറച്ചേക്കുമെന്നും പാലും ഹൃദ്രോഗവും ബിപിയുമായി നേരിട്ടു ബന്ധമില്ല എന്നും ചെറിയ ചില പഠനങ്ങളുണ്ട്. ഇത്തരം വാദപ്രതിവാദങ്ങൾ ഉള്ള സാഹചര്യത്തിൽ രണ്ടു കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടത്. ശരീരത്തിലെത്തുന്ന പാൽ, പാലു ൽപന്നങ്ങളുടെ അളവ് മിതമാകണം. ഏതു രൂപത്തിലാണു കഴിക്കുന്നത് എ ന്നും ശ്രദ്ധിക്കണം. അതായത് അമിതമായി പാൽ കുടിക്കുന്നതും കൊഴുപ്പു കൂടുതലുള്ള വെണ്ണ പോലുള്ള പാലുൽപന്നങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതും ഹൃദ്രോഗം വർധിക്കാൻ കാരണമാകാം. ’’ തിരുവനന്തപുരം , വെള്ളായണി, കേരള അഗ്രികൾച്ചറ ൽ യൂണിവേഴ്സിറ്റിയിലെ കമ്യൂണിറ്റി സയൻസ് വിഭാഗം അസി. പ്രഫസർ ഡോ. കൃഷ്ണജ യു. പറയുന്നു.

കുട്ടികൾക്കു മതി

‘‘പാൽ ഹൃദയാരോഗ്യത്തിനു ദോഷ കരമല്ല, ഗുണകരവുമല്ല. ’’ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധൻ പത്മശ്രീ ഡോ. വിജയരാഘവൻ പറയുന്നു. ‘‘ചെറുപ്രായത്തിൽ കുട്ടികളുടെ വളർച്ചാവശ്യത്തിനാണു പാൽ നൽകുന്നത്. കാത്സ്യം ലഭിക്കാൻ പാൽ കുടിച്ചേ തീരൂ എന്നൊരു ചിന്ത നമ്മുടെയെല്ലാം തലയിൽ കയറിയിട്ടുണ്ട്. പ്രത്യേകിച്ച് പ്രായമുള്ള സ്ത്രീകളിലും മധ്യവയസ്സെത്തിയവരിലും. എന്നാൽ, മറ്റു ഭക്ഷണങ്ങളിലൂടെ ദിവസവും വേണ്ടുന്ന കാത്സ്യം ലഭിച്ചുകൊള്ളും. കാത്സ്യം അമിതമായാലും പ്രശ്നമാണ്. ഹൃദ്രോഗവും സ്ട്രോക്കുമൊക്കെ വ്യാപകമായ സാഹചര്യത്തിൽ കൊഴുപ്പുകൂടിയ പാലും പാലുൽപന്നങ്ങളും കുറയ്ക്കുന്നതു തന്നെയാണു സുരക്ഷിതം എന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.

Tags:
  • Daily Life
  • Manorama Arogyam