Saturday 25 June 2022 03:50 PM IST

മുലപ്പാലും പൊക്കിൾകൊടിയും പാൽപല്ലുമെല്ലാം ആഭരണങ്ങളാക്കും: സ്വന്തമായി ഫോർമുല വികസിപ്പിച്ച് നീനു....

Sruthy Sreekumar

Sub Editor, Manorama Arogyam

erfr34

കുഞ്ഞിന്റെ പൊക്കിൾകൊടി, അമ്മയുെട മുലപ്പാൽ, പൊഴിഞ്ഞു പോയ കുഞ്ഞിന്റെ ആദ്യത്തെ പാൽപല്ല്, മുറിച്ച മുടി... മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വൈകാരികമായ ഒാർമകളും നിമിഷങ്ങളും നിറഞ്ഞുനിൽക്കുന്ന വസ്തുക്കൾ.. ഇവ എക്കാലവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒട്ടേറെ പേർ നമുക്കിടയിൽ ഉണ്ട്. പക്ഷേ എങ്ങനെ? അതിനുള്ള ഉത്തരം തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി നീനു എലിസബത്ത് ഏബ്രഹാം പറയും. മുലപ്പാലും പൊക്കിൾകൊടിയും പാ ൽപല്ലുമെല്ലാം ലോക്കറ്റ് ആയും മോതിരമായും കമ്മലായും ഷോപീസ് ആയും നീനു മാറ്റും. ഇന്നു വടക്കേ ഇന്ത്യയിൽ നിന്നു വരെ ധാരാളം പേർ നീനുവിനെ തേടിയെത്തുന്നു.

സ്വന്തമായി തുടങ്ങി

‘‘2019 മേയിലാണ് മകൾ നിവേയ ജനിക്കുന്നത്. വാട്സാപ്പിൽ മാതാപിതാക്കൾക്ക് ഉള്ള കൂട്ടായ്മയിൽ നിന്നാണു മുലപ്പാൽ കൊണ്ടുള്ള ആഭരണം എന്ന ആശയം എനിക്കു ലഭിക്കുന്നത്. കേരളത്തിൽ ഇത്തരം ആഭരണങ്ങൾ നിർമിക്കുന്നവരെ തേടിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ സ്വന്തമായി നിർമിച്ചാലോ എന്ന് ആ ലോചിച്ചു. ചെറുപ്പം മുതലേ ക്രാഫ്റ്റ് െചയ്യുമായിരുന്നു. മുലപ്പാൽ കൊണ്ട് ആഭരണങ്ങൾ നിർമിക്കണമെങ്കിൽ മുലപ്പാൽ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഫോർമുല വേണം. അറിയാവുന്നവർ അതു പറഞ്ഞു തന്നില്ല. ഒടുവിൽ സ്വന്തമായി ഫോർമുല വികസിപ്പിക്കാൻ തീരുമാനിച്ചു. അതിനായി ഒരു കെമിസ്റ്റിന്റെ സഹായം തേടി. ഒടുവിൽ ഫോർമുല തയാറായി. എന്റെ മുലപ്പാൽ കൊണ്ടു തന്നെ ആഭരണം നിർമിച്ചു പരീക്ഷണങ്ങൾ നടത്തി. കുഞ്ഞിന്റെ പൊക്കിൾകൊടി സൂക്ഷിച്ചുവച്ചിരുന്നു. അതും ആഭരണം നിർമിക്കാൻ ഉപയോഗിച്ചു.

ഫോർമുല ഉപയോഗിച്ച് മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ എല്ലാം വേർതിരിച്ച് പൗഡർ രൂപത്തിലാക്കിയാണ് ആഭരണം നിർമിക്കാൻ ഉപയോഗിക്കുന്നത്, അല്ലാതെ ദ്രാവകരൂപത്തിൽ അല്ല. ഈ പൗഡർ ഉപയോഗിച്ച് ആഭരണം നിർമിക്കുമ്പോൾ ഒരു വെള്ള ഷേയ്ഡ് ആയിട്ടേ കാണാൻ സാധിക്കൂ.

ആദ്യമാദ്യം സുഹൃത്തുക്കളായിരുന്നു ആവശ്യക്കാർ. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അക്കൗണ്ട് തുടങ്ങിയതോടെ ആവശ്യക്കാരേറി. മുലപ്പാൽ, മുടി, പല്ല്, പൊക്കിൾകൊടി എന്നിവ കൊണ്ട് പെൻഡന്റ്, മോതിരം, കമ്മൽ എന്നിവയാണു നി ർമിക്കാറ്. പൊക്കിൾകൊടി കൊണ്ട് പിരമിഡ് രൂപത്തിൽ ഷോപീസും ചുമരിൽ തൂക്കിയിടാവുന്ന ഹാങ്ങിങ്ങുകളും ഉണ്ടാക്കാറുണ്ട്.

സ്വർണത്തിലും വെള്ളിയിലും ആഭരണം നിർമിച്ചു നൽകാറുണ്ട്. ഒരു ആഭരണം നിർമിക്കാൻ പരമാവധി ഒന്നര മാസം എടുക്കും. തിരുവനന്തപുരത്തിനു പുറത്തു നിന്നുള്ളവർ മുലപ്പാലും പൊക്കിൾകൊടിയും മറ്റും കൊറിയർ ആയി അയയ്ക്കും. മുലപ്പാൽ കേടു വരാതിരിക്കാൻ പ്രത്യേക പ്ലാസ്റ്റിക് ബാഗിലാക്കിയാണ് അയയ്ക്കാറുള്ളത്.

മുലപ്പാൽ ആഭരണം നിർമിച്ചതിനു ശേഷം കുറച്ചു നെഗറ്റീവ് അഭിപ്രായം കേട്ടിരുന്നു, പ്രത്യേകിച്ച് പ്രായം െചന്നവരിൽ നിന്ന്. എന്നാൽ അതേ പ്രായത്തിൽ നിന്നുള്ളവർ തന്നെ അവരുെട കാലത്ത് ഈ സൗകര്യം ഉണ്ടായില്ലല്ലോ, ഉണ്ടായിരുന്നെങ്കിൽ അവരും ആഭരണം പണിയിക്കുമായിരുന്നു എന്നു പറഞ്ഞിട്ടുണ്ട്. ഭർത്താവ് രോഹിത്തും വീട്ടുകാരും പൂർണ പിന്തുണയുമായി എന്നോടൊപ്പം ഉണ്ട്.’’- നീനു പറയുന്നു.

Tags:
  • Manorama Arogyam