Wednesday 11 August 2021 11:53 AM IST

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുന്ന രോഗം: കോവിഡ് കാലത്തെ ശ്വാസകോശം എന്ന വിഐപി

Sruthy Sreekumar

Sub Editor, Manorama Arogyam

lungs

ജീവശ്വാസം– നമ്മുെട ജീവൻ നിലനിർ ത്തുന്ന ശ്വാസം. ഈ ശ്വാസം നിയന്ത്രിക്കുന്നതാകട്ടെ ശ്വാസകോശം എന്ന അവയവവും. ഒരു നിമിഷം പോലും വിശ്രമമില്ലാതെ, അക്ഷീണം പ്രവർത്തിക്കുന്ന രണ്ട് ശ്വാസകോശങ്ങളുെട പിൻബലത്തിലാണ് നമ്മുെട ജീവൻ നിലനിൽക്കുന്നത്. പ്രാണൻ, ഉയിര് തുടങ്ങിയ ജീവനുമായി ബന്ധപ്പെട്ടവയെല്ലാം ശ്വാസകോശവുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണല്ലോ.

എന്നാൽ‍ ഈ കോവിഡ് കാലത്ത് ശ്വാസകോശത്തിനു ഒരു വിവിഐപി പരിവേഷമാണ് ലഭിച്ചിരിക്കുന്നത്. കൊറോണ വൈറസ് ഏറ്റവുമധികം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. അതിനാൽ തന്നെ മാസ്ക് ധരിച്ച്, ശ്വാസകോശത്തെ സംരക്ഷിക്കുന്ന മാർഗങ്ങൾ സ്വീകരിച്ച് സദാ ജാഗരൂഗരായി മാറി മനുഷ്യർ. ടിബി (ക്ഷയം) വിഭാഗം എന്നു മാത്രമായി അറിയപ്പെട്ട് പാർശ്വവൽകരിക്കപ്പെട്ടിരുന്ന ശ്വാസകോശ രോഗ ചികിത്സാ വിഭാഗമാകട്ടെ ഇന്ന് ഏറ്റവും തിരക്കാർന്ന സ്പെഷാലിറ്റി ആയി മാറിയിരിക്കുന്നു. കോവിഡ് കാലത്തിനു മുൻപ് തന്നെ ശ്വാസകോശത്തിനും അതുവഴി ശ്വാസകോശ രോഗങ്ങൾക്കും അവ ചികിത്സിക്കുന്ന പൾമണറി അഥവാ റെസ്പിറേറ്ററി ചികിത്സാ വിഭാഗത്തിനും പ്രാധാന്യം ഏറിവരുന്നുണ്ടായിരുന്നു. അതിന്റെ ഫലമായി ഒട്ടേറെ പുതിയ മരുന്നുകൾ, രോഗങ്ങളെ കുറിച്ചുള്ള പഠനങ്ങൾ, ചികിത്സാ, പരിശോധനാ ഉപകരണങ്ങൾ, ഉപ ചികിത്സാ വിഭാഗങ്ങളുെട ഉൽഭവം എന്നിവ ഈ മേഖലയെ സജീവമാക്കി.

എന്തുകൊണ്ട് ശ്വാസകോശം?

ശ്വാസകോശം എന്നത് ശ്വസനവ്യവസ്ഥയിലെ പ്രധാന അവയവമാണ്. അന്തരീക്ഷവുമായി ഏറ്റവും അധികം നേരിട്ട് ബന്ധമുള്ള അവയവമാണ് ശ്വാസകോശം. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മറ്റു മാലിന്യങ്ങളും രോഗാണുക്കളും എല്ലാം നമ്മുെട ശ്വാസകോശത്തിലേക്കു എത്തുന്നുണ്ട്. അതിനാൽ തന്നെ പെട്ടെന്ന് രോഗഗ്രസ്ഥമാകാൻ സാധ്യതയുള്ള അവയവമാണ് ശ്വാസകോശം.

പൊതുവെ ശ്വാസകോശ രോഗങ്ങൾ, ക്ഷയവുമായി ബന്ധപ്പെടുത്തി, ചുമ, ആസ്മ മുതലായവ, സാധാരണക്കാരുെടയും പാവപ്പെട്ടവരുെടയും അസുഖമെന്നാണ് കരുതപ്പെട്ടിരുന്നത്. ഏറ്റവും അധികം കണ്ടുവരുന്നത് ശ്വാസകോശരോഗങ്ങളായ സിഒപിഡി ആണ്. ഇത് പൊതുവെ പ്രായമേറിയ പുകവലിക്കാരിൽ കണ്ടുവരുന്നു. ചികിത്സയും ചികിത്സിക്കാനുള്ള താൽപര്യക്കുറവുമൊക്കെയായിരിക്കാം ശ്വാസകോശരോഗങ്ങൾക്ക് ‘വില’ അഥവാ പ്രാധാന്യം കുറഞ്ഞിരുന്നതിന്റെ കാരണം. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ (ആസ്മ, സിഒപിഡി, ലങ് കാൻസർ, തൊഴിൽജന്യ ശ്വാസകോശരോഗങ്ങൾ കൂടുന്നതായുമാണ് കാണുന്നത്. ഇതെല്ലാം ശ്വാസകോശത്തിന്റെ പ്രാധാന്യം വർധിപ്പിച്ചു. പണ്ടു സിഒപിഡി ഇന്ത്യ പോലുള്ള രാജ്യത്ത് സ്ത്രീകളിലും സിഒപിഡി കൂടുതലായി വരുന്നുണ്ട്. അടുക്കളിലെ പുക മാലിന്യവും അന്തരീക്ഷ മലിനീകരണവുമാണ് ഇതിന്റെ കാരണങ്ങൾ.

ശ്വാസകോശം – ചുമതലകൾ

ശരീരത്തിലേക്കുള്ള ഒാക്സിജൻ നൽകുക, കാർബൺഡൈ ഒാക്സൈഡ് പുറംതള്ളുക എന്നതു മാത്രമാണ് ശ്വാസകോശത്തിന്റെ ചുമതല എന്നായിരുന്നു മുൻപ് എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ കാലംചെല്ലുംതോറും ശ്വാസകോശത്തിന് ഒട്ടേറെ ചുമതലകൾ കൂടി വൈദ്യശാസ്ത്രം കണ്ടെത്തി. നമ്മുെട ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്വാസകോശം പങ്കാളിയാണ്. ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കുന്നതിലും ശ്വാസകോശത്തിനും പങ്കുണ്ട്. കൂടാതെ ശരീരത്തിന്റെ ആസിഡ്–ആൽക്കലി അളവ് നിയന്ത്രിക്കുന്നതിലും. ഹോർമോൺ വ്യതിയാനം വരെ നിയന്ത്രിക്കാനുള്ള കഴിവ് ശ്വാസകോശത്തിനുണ്ട്. സെറാടോണിൻ മുതലായ ഹോർമോണുകളും ആൻജിയോടെൻസിൻ എന്ന എൻസൈമും ശ്വാസകോശം ഉൽപാദിപ്പിക്കുന്നുണ്ട്. കൂടാതെ മരുന്നുകളുെടയും പല ഹോർമോണുകളുെടയും ഉപാപചയം ശ്വാസകോശത്തിലാണ് നടക്കുന്നത്.

ചികിത്സാ വിഭാഗത്തിന്റെ വളർച്ച

1950–60 കളിൽ പൾമണോളജി എന്നത് ടിബി ചികിത്സാ വിഭാഗം എന്നായിരുന്നു. കാരണം അന്നത്തെ കാലത്ത് ശ്വാസകോശരോഗമെന്നാൽ ടിബി മാത്രമായിരുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾ എല്ലാം കൈകാര്യം െചയ്തിരുന്നത് ജനറൽ മെഡിസിൻ ഡോക്ടർമാരായിരുന്നു. ശ്വാസകോശ രോഗങ്ങൾ സ്പെഷലൈസ് െചയ്ത ഡോക്ടർമാരെ ടിബി ഡോക്ടർമാർ എന്നായിരുന്നു വിളിച്ചിരുന്നത്. 1980കളിൽ കേരളത്തിലെ മെഡിക്കൽ കോളജുകളിൽ ടിബി ആന്റ് െചസ്റ്റ് ഡിസീസസ് എന്നായിരുന്നു ചികിത്സാ വിഭാഗത്തിന്റെ പേര്. പിന്നീടാണ് റെസ്പിറേറ്ററി മെഡിസിൻ എന്നും പൾമണറി മെഡിസിൻ എന്നും ശ്വാസകോശരോഗ വിഭാഗത്തിന്റെ പേര് നിലവിൽ വരുന്നത്.

1980ഒാടെ ഇന്റർവെൻഷനൽ (ഉപകരണം ഉപയോഗിച്ച് ശരീരത്തിനുളളിൽ പരിശോധനയും ചികിത്സയും െചയ്യുന്ന രീതി) ആയിട്ടുള്ള ചികിത്സ ശ്വസകോശരോഗ വിഭാഗത്തിലും കൈകാര്യം െചയ്യാൻ തുടങ്ങി. ഇങ്ങനെ മാറാനുള്ള കാരണം ശ്വാസകോശരോഗങ്ങൾ എന്നാൽ അണുബാധ മാത്രമല്ല എന്ന തിരിച്ചറിവാണ്. അർബുദം, ഇന്റസ്റ്റീഷനൽ ലങ് ഡിസീസ്, ഉറക്കപ്രശ്നങ്ങൾ എന്നിവയെല്ലാം ഈ വിഭാഗത്തിന്റെ ഭാഗമായി വന്നു. കൂടാതെ. ഈ രോഗങ്ങളുെട നിർണയത്തിനായി നൂതന പരിശോധനകളും ഉപകരണങ്ങളും വന്നു. പണ്ട് ലങ് ടെസ്റ്റ് എന്നാൽ ശ്വാസകോശത്തിന്റെ കപ്പാസിറ്റിയും എത്ര ശക്തിയിൽ ശ്വാസം വിടാം എന്നും മാത്രമെ പരിശോധിച്ചിരുന്നുള്ളൂ. എന്നാൽ ഇന്ന് ഉള്ളിലേക്കു കയറുന്ന ഒാക്സിജന്റെ അളവ് എത്ര, ഏതെല്ലാം ഭാഗത്തേക്കു പോകുന്നുണ്ട് തുടങ്ങിയ വിശദാംശങ്ങൾ കൂടി പഠിക്കുന്നുണ്ട്.

ഉപവിഭാഗങ്ങൾ

പൾമണറി മെഡിസിൻ വിഭാഗത്തിൽ തന്നെ ഉപവിഭാഗങ്ങൾ ഇന്നുണ്ട്. ഇന്റർവെൻഷനൽ പൾമണോളജി, സ്ലീപ് മെഡിസിൻ, ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക് പൾമണോളജി, പൾമണറി റീഹാബിലിറ്റേഷൻ എന്നിവ പൾമണറി വിഭാഗത്തിനു കീഴിൽ വരുന്നവയാണ്. ഇന്റർവെൻഷനൽ പൾമണോളജിസ്റ്റുകൾ ബ്രോങ്കോസ്കോപി വഴി കാൻസർ നിർണയിക്കുകയും ബയോപ്സി എടുക്കുകയും െചയ്യും. തൊറക്കോസ്കോപ്പി എന്ന നൂതനമായ ഉപകരണത്തിലൂെട ബയോപ്സിക്കുള്ള സാമ്പിളും ശേഖരിക്കും.

ഉറക്കത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ കൈകാര്യം െചയ്യുന്ന വിഭാഗമാണ് സ്ലീപ് മെഡിസിൻ. ന്യൂറോളജിസ്റ്റുകളെ കൂടാതെ പൾമണോളജിസ്റ്റുകളും ഈ വിഭാഗം കൈകാര്യം െചയ്യുന്നുണ്ട്. അത്യാഹിതങ്ങളെ കൈകാര്യം െചയ്യുന്ന ക്രിട്ടിക്കൽ െകയർ വിഭാഗത്തിന്റെ സേവനം ഇന്ന് എല്ലാ ആശുപത്രികളിലും ലഭ്യമാണ്. കുട്ടികളുെട ശ്വാസകോശപ്രശ്നങ്ങളെ പ്രത്യേകമായി കൈകാര്യം െചയ്യുന്ന വിഭാഗമാണ് പീഡിയാട്രിക് പൾമണോളജി. ക്രോണിക് അസുഖങ്ങൾ ഉള്ള ശ്വാസകോശരോഗികളെ സാധാരണ പോലെ ജീവിക്കാൻ പ്രാപ്തമാക്കുന്ന വിഭാഗമാണ് പൾമണറി റീഹാബിലിറ്റേഷൻ. ശ്വസനവ്യായാമങ്ങൾ, മരുന്നുകൾ ഉപയോഗിക്കേണ്ട വിധം, ഭക്ഷണം എന്നിവയെല്ലാം മേൽനോട്ടം വഹിക്കും.

പൾസ് ഓക്സിമീറ്റർ

രക്തത്തിലെ ഓക്സിജന്റെ അളവ് അളക്കുന്ന വേദനയില്ലാത്ത പരിശോധനയാണ് പൾസ് ഓക്സിമെട്രി. ഇതു അളക്കുന്ന ഉപകരണത്തെ പൾസ് ഒാക്സിമീറ്റർ എന്നു പറയും. ഈ കോവിഡ് കാലത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ഈ ഉപകരണം. കാരണം കൊറോണ വൈറസ് ശ്വാസകോശത്തെ നേരിട്ട് ബാധിച്ച് ശരീരത്തിലെ ഒാക്സിജന്റെ അളവ് കുറയുന്ന അവസ്ഥ ഉണ്ടാക്കുന്നു. ആശുപത്രികളിൽ മാത്രമല്ല വീടുകളിലും ഇന്ന് പൾസ് ഒാക്സിമീറ്റർ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ചൂണ്ടുവിരലിലാണ് ഉപകരണം ഘടിപ്പിക്കേണ്ടത്. വിരൽനഖങ്ങളിൽ നെയിൽ പോളിഷ് പോലുള്ളവ ഉണ്ടാകാൻ പാടില്ല. മാത്രല്ല വിരലുകൾ തണുത്ത വെള്ളത്തിലും മറ്റും കഴുകിയശേഷം തണുത്തിരിക്കുമ്പോൾ ഒാക്സിമീറ്റർ വയ്ക്കരുത്. ശരിയായ അളവ് കാണിക്കില്ല.

കൃത്രിമശ്വാസം നൽകും ഉപകരണങ്ങൾ

ക്രിട്ടിക്കൽ കെയറിന്റെ പ്രധാന ഘടകമാണ് വെന്റിലേറ്ററുക ൾ. കൃത്രിമമായി ശ്വാസം നൽകുന്ന ഉപകരണമാണ് വെന്റിലേറ്ററുകൾ. ഇന്ന് പല തരത്തിലുള്ള വെന്റിലേറ്ററുകൾ നിലവിലുണ്ട്. ഇതിൽ ഏറ്റവും നൂതനമായ ഒന്നാണ് ECMO (Extracorporeal membrane oxygenation). കൃത്രിമ ഹൃദയം–ശ്വാസകോശമായി പ്രവർത്തിക്കുന്ന ഉപകരണമാണിത്. വളരെ ചെലവേറിയ ഒന്നാണിത്. സാധാരണ വെന്റിലേറ്ററുകൾ രണ്ടു തരത്തിലുണ്ട്. ഇൻവേസീവും നോൺ ഇൻവേസീവും. ഇൻവേസീവ് തന്നെ രണ്ട് രീതിയിലുണ്ട്. ശ്വസന ട്യൂബ് മൂക്കിലൂടെയോ വായിലൂെടയോ ഉള്ളിലേക്കു കടത്തുന്നതും ട്യൂബ് ഒരു ദ്വാരത്തിലൂെട ശ്വാസനാളിയിലേക്കു നേരിട്ടു ബന്ധിപ്പിക്കുന്നതും.

രോഗങ്ങളുടെ ‘വളർച്ച’

നിർത്താത്ത ചുമ, ടിബി, ആസ്മ, എന്നിവ ഇന്ന് ഏറെക്കുറെ ഭേദമാക്കാനാകുന്ന രോഗങ്ങളാണ്. എന്നാൽ ഇന്ന് ലോകത്തിൽ തന്നെ ഏറ്റവുമധികം ആളുകളെ ബാധിക്കുന്ന അർബുദമാണ് ശ്വാസകോശ അർബുദം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിനു കാരണമാകുന്ന അർബുദങ്ങളിൽ മൂന്നാം സ്ഥാനത്താണിത്. അതുപോെല ഒരിക്കൽ കുറഞ്ഞുവന്ന ക്ഷയരോഗം വീണ്ടും തലപൊക്കിയിരിക്കുകയാണ്. എംഡിആർ ക്ഷയരോഗത്തിനായി പുതിയ ഗവേഷണങ്ങളും മരുന്നുകളും രംഗത്തുണ്ട്. പുതിയതായി രംഗത്തുവന്ന മഹാമാരികളായ കോവിഡ്, സാർസ്, എബോള, മെർസ്, എച്ച്1എൻ1– എല്ലാം ശ്വാസകോശത്തെ ബാധിക്കുന്നു. അതുപോലെ മരണകാരണമാകുന്ന മറ്റൊരു രോഗമാണ് എആർഡിഎസ് അഥവാ അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം.

അന്തരീക്ഷ മലിനീകരണം പല സ്ഥലങ്ങളിലും ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതു ആസ്മ, അലർജി, ബ്രോങ്കൈറ്റിസ് പോലുള്ള രോഗങ്ങളുെട വർധനയ്ക്കു കാരണമാണ്. ഇത്തരം മലിനീകരണങ്ങളിൽ നിന്ന് ശ്വാസകോശത്തെ രക്ഷിക്കാനുള്ള പലതരത്തിലുള്ള ക്യാംപൈനുകളും ഇന്ന് ഉണ്ട്. ഇവയെല്ലാം തന്നെ ശ്വാസകോശത്തിന്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. ശ്വാസകോശം ചുരുങ്ങിപ്പോകുന്ന അസുഖങ്ങളും കൂടിവരുന്നു. പ്രധാനമായും IPF (Ideopathic Pulmonary Fibrosis), വാത സംബന്ധമായ രോഗങ്ങൾ കാരണവും ശ്വാസകോശ ചുരുക്കം സംഭവിക്കുന്നു. ( Rheumatoid lung Disease).

lungs-3

പരിശോധനകളും ഉപകരണങ്ങളും

ശ്വാസകോശത്തിന്റെ പ്രാധാന്യം വർധിച്ചതോടൊപ്പം ശ്വാസകോശത്തിന്റെ ക്ഷമത പരീക്ഷിക്കാനുള്ള നിരവധി പരിശോധനകളും ചികിത്സയ്ക്കും രോഗനിർണയത്തിനും ഉപയോഗിക്കുന്ന ഒട്ടേറെ ഉപകരണങ്ങളും രംഗത്തുവന്നു. അവയിൽ ചിലത് പരിചയപ്പെടാം.

∙ സ്പൈറോമെട്രി: ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത അളക്കുന്ന പരിശോധന. സ്പൈറോമീറ്റർ എന്ന ഉപകരണത്തിലൂെടയാണ് പരിശോധന നടത്തുക.

∙ ഡിഫ്യൂഷൻ കപ്പാസിറ്റി ടെസ്റ്റ്: ശ്വാസകോശം എത്ര നന്നായി ഒാക്സിജനും കാർബൺഡൈഒാക്സൈഡും കൈമാറ്റം െചയ്യുന്നു എന്നറിയാനുള്ള പരിശോധനയാണിത്. ഇന്റസ്റ്റീഷനൽ ലങ് ഡിസീസ്, എംഫിസീമ, പൾമണറി ഹൈപ്പർടെൻഷൻ തുടങ്ങിയ രോഗാവസ്ഥകൾ നിർണയിക്കാൻ ഈ പരിശോധന ഉപയോഗിക്കാറുണ്ട്.

∙ പ്ലെത്തിസ്മോഗ്രാഫി– ശ്വാസകോശത്തിന് എത്രത്തോളം വായു പിടിക്കാനാകുമെന്നതിന്റെ കൃത്യമായ അളവ് അറിയാൻ സാധിക്കുന്ന പരിശോധന. വായുമാർഗങ്ങൾ ഇടുങ്ങിയതാണോ അതോ ആസ്മ അല്ലെങ്കിൽ സി‌പി‌ഡി പോലുള്ള രോഗങ്ങൾ എത്ര തീവ്രമാണ് ഇതുവഴി അറിയാം.

∙ കാർഡിയോ പൾമണറി എക്സർസൈസ് ടെസ്റ്റ് : ശരീരത്തിലെ മറ്റുള്ള അവയവങ്ങളുമായിട്ടുള്ള, പ്രത്യേകിച്ച് ഹൃദയവുമായി, ശ്വാസകോശത്തിന്റെ ബന്ധം അറിയാൻ ഉപയോഗിക്കുന്ന പരിശോധനയാണിത്.

∙ പൾമണറി ആൻജിയോഗ്രാം: ശ്വാസകോശത്തിനുള്ളിലെ രക്തക്കുഴലുകളിൽ െചയ്യുന്ന ആൻജിയോഗ്രാം പരിശോധന. രക്തം കട്ട പിടിച്ചിട്ടുണ്ടോ എന്നും മറ്റും അറിയാൻ ഇതു സഹായിക്കും.

∙ ക്രയോബയോപ്സി : തണുപ്പിച്ച സൂചി ശ്വാസകോശത്തിലേക്കു കയറ്റും. അപ്പോൾ ആ ഭാഗത്തുള്ള കോശങ്ങൾ ഈ സൂചിയിൽ ഒട്ടപ്പിടിക്കും. ബയോപ്സി എടുക്കാനായി രീതി ഉപയോഗിക്കുന്നുണ്ട്. വേദന കുറഞ്ഞ രീതിയാണിത്.

∙ മെഡിയസ്റ്റിനോസ്കോപ്പി: ബ്രെസ്റ്റ്ബോണിന് പുറകിലേക്ക് നോക്കാൻ ഈ ഉപകരണം ഉപയോഗിക്കുന്നു.അനസ്തീസിയ നൽകിയാണ് പരിശോധന നടത്തുന്നത്. സാധാരണയായി ലിംഫ് നോഡുകൾ പുറത്തെടുക്കാനും ശ്വാസകോശത്തിൽ നിന്ന് പടർന്നുപിടിച്ച കാൻസറിന്റെ ലക്ഷണങ്ങൾ കണ്ടെത്താനും സഹായിക്കുന്നു.

∙പ്ലൂറൽ ബയോപ്സി: ശ്വാസകോശത്തിന് ചുറ്റും പ്ലൂറ എന്ന ടിഷ്യു പാളിയുണ്ട്, ചില ആരോഗ്യ പ്രശ്നങ്ങളിൽ പ്ലൂറയ്ക്കും ശ്വാസകോശത്തിനും ഇടയിലുള്ള സ്ഥലത്ത് ദ്രാവകം രൂപപ്പെടാൻ ഇടയാക്കും. ഇതിന്റെ കാരണം കണ്ടെത്താൻ ഈ പരിശോധന സഹായിക്കും.

∙ തൊറാക്കോസ്കോപ്പി: ചെറിയ മുറിവുകളിലൂടെ വീഡിയോ ക്യാമറയോടുകൂടിയ നേർത്തതും പ്രകാശമുള്ളതുമായ സ്കോപ്പ് നെഞ്ചിലേക്ക് കയറ്റി െചയ്യുന്ന ശസ്ത്രക്രിയയാണ് തൊറാക്കോസ്കോപ്പി. കാൻസർ നിർണയത്തിനായി കോശങ്ങൾ ശേഖരിക്കാൻ കഴിയുന്നു. അടുത്തുള്ള ലിംഫ് നോഡുകളിൽ നിന്നും ശ്വാസകോശത്തിന് ചുറ്റുമുള്ള ദ്രാവകങ്ങളിൽ നിന്നും ബയോപ്സി സാമ്പിൾ എടുത്ത് കാൻസർ പടരുന്നുണ്ടോ എന്ന് നിർണ്ണയിക്കാനും കഴിയും. തൊറാക്കോസ്കോപ്പിയെ തൊറാക്കോസ്കോപ്പിക് സർജറി, പ്ലൂറോസ്കോപ്പി, അല്ലെങ്കിൽ വീഡിയോ അസിസ്റ്റഡ് തൊറാസിക് സർജറി (VATS) എന്നും വിളിക്കുന്നു.

∙ എൻ‌ഡോബ്രോങ്കിയൽ‌ അൾ‌ട്രാസൗണ്ട് ബ്രോങ്കോസ്കോപ്പി (EBUS) : ശ്വാസകോശ അർബുദം, അണുബാധകൾ, മറ്റ് രോഗങ്ങൾ എന്നിവ നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ഫലപ്രദമായ പ്രക്രിയയാണ് എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS). ശ്വാസനാളിക്കു പുറത്തുള്ള ഭാഗത്ത്് നിന്ന് ബയോപ്സി പരിശോധന നടത്താം.

∙ സിടി – സിടി സ്കാൻ രംഗത്തു വളരെ നൂതനമായ മാറ്റങ്ങൾ വന്നിട്ടുണ്ട് (HRCT- High resolution Computed Tomography, CTPA -CT pulmonary angiogram). ശ്വാസകോശത്തിലേക്കു പോകുന്ന രക്തക്കുഴൽ അടഞ്ഞുപോകുന്ന അവസ്ഥയായ പൾമണറി എംബോളിസം കണ്ടെത്താൻ സിടിപിഎ സഹായിക്കും.

lungs-4

ഇൻഹേലറുകൾ രംഗത്ത്

പണ്ടു മരുന്നുകൾ മാത്രമായിരുന്നു ആസ്മ, സിഒപിഡി രോഗികൾക്കു നൽകിയിരുന്നത്. ഈ മരുന്നുകൾക്ക് പാർശ്വഫലങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഈ ചികിത്സാ വിഭാഗത്തിന്റെ വികസനത്തിന്റെ ഭാഗമായി ഇൻഹേലറുകൾ രംഗത്തുവന്നതോടെ ലക്ഷക്കണക്കിനു രോഗികൾക്കാണ് ആശ്വാസം ലഭിച്ചത്. കുറഞ്ഞ അളവിൽ മരുന്ന്, നേരിട്ടു ശ്വാസകോശത്തിലേക്കു എത്താൻ സഹായിക്കുന്ന ഇൻഹേലറുകൾ പ്രായഭേദ്യമെന്യേ എല്ലാവർക്കും ഉപകാരപ്രദമാണ്. ആദ്യ കാലങ്ങളിൽ സാധാരണക്കാർക്ക് ഇൻഹേലറുകൾ ഉപയോഗിക്കാൻ പരിഭ്രമവും വിമുഖതയും ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇൻഹേലർ മതി എന്നു ആവശ്യപ്പെടുന്നവരാണ് ബഹുഭൂരിപക്ഷവും.

∙ ഇന്ന് പല ശ്വാസകോശരോഗത്തിനുള്ള ഉപകരണങ്ങളും ജനകീയമായി കഴിഞ്ഞു. വീട്ടിൽ ഉപയോഗിക്കാനാകുന്ന വെന്റിലേറ്റുകൾ ഇന്നുണ്ട്. ശരീരത്തിൽ ഒാക്സിജൻ അളവ് കുറയുന്ന ഘട്ടത്തിൽ ഒാക്സിജൻ നൽകാൻ ഉപയോഗിക്കുന്ന ഒാക്സിജൻ കോൺസൻട്രേറ്റർ, ഉറക്കത്തിൽ കൂർക്കംവലിക്കുന്നവർക്കുള്ള സി–പാപ്പ് എന്നിവ വ്യാപകമായി ഉപയോഗിക്കുന്നു.

∙ ഹൃദയത്തിൽ സ്റ്റെന്റ് ഇടുന്നതുപോലെ ട്രക്കിയയിലും ബ്രോങ്കസിലും സ്റ്റെന്റ് ഇടുന്ന രീതിയും ഇപ്പോഴുണ്ട്. എന്തെങ്കിലും കാരണങ്ങളാൽ (മുഴ, ആസിഡ് ഉള്ളിലെത്തിയതു കാരണം) ആ ഭാഗങ്ങൾ ഇടുങ്ങിപ്പോയാലാണ് സ്റ്റെന്റുകൾ ഇടാറുള്ളത്.

∙ ശസ്ത്രക്രിയകൾ

ഹൃദയം മാറ്റിവയ്ക്കുന്നതുപോലെ ഇന്ന് ശ്വാസകോശവും മാറ്റിവയ്ക്കാം. ചിലപ്പോൾ ശ്വാസകോശത്തിന്റെ ഒരു ഭാഗം മാത്രം മാറ്റിവയ്ക്കാം. ലങ്സ് ചുരുങ്ങുന്ന രോഗം, സിഒപിഡി എന്നിവ വന്നു ശ്വാസകോശം പ്രവർത്തനരഹിതമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ശ്വാസകോശം മാറ്റിവയ്ക്കുന്നത്. നമ്മുെട നാട്ടിൽ ഇതു അത്ര പ്രചാരം നേടിയിട്ടില്ല. ∙ എംഫിസീമ രോഗികളിൽ ചെയ്യുന്ന ലങ് വോള്യം റിഡക്ഷൻ സർജറിയും (LVRS) നൂതന ചികിത്സയാണ്.

മനുഷ്യശരീരത്തിൽ എല്ലാ അവയവങ്ങൾക്കും അവയുടെതായ സ്ഥാനമുണ്ടെന്നതിനു തർക്കമില്ല. എന്നിരുന്നാലും ശ്വാസകോശം അൽപ്പം സ്പെഷലാണ്.. കാരണം If you can’t breathe, nothing else matters എന്നല്ലേ...