Tuesday 26 July 2022 12:58 PM IST

കോവിഡിനു ശേഷവും മാറാത്ത ക്ഷീണം: കാരണം മഗ്നീഷ്യം കുറവോ?; മഗ്നീഷ്യത്തിന്റെ ഗുണങ്ങൾ അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

magnesium43435

കോവിഡിനു ശേഷം കടുത്ത ക്ഷീണം അനുഭവപ്പെട്ട ചിലരിൽ പരിശോധിച്ചപ്പോൾ അപ്രതീക്ഷിതമായി മഗ്നീഷ്യം അഭാവം കണ്ടെത്തിയിരുന്നു. സാധാരണഗതിയിൽ അയണിന്റെയും വൈറ്റമിൻ ഡിയുടെയുമൊക്കെ കുറവാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നത്. മഗ്നീഷ്യത്തിന്റെ നമ്മുടെ ആരോഗ്യത്തിന്റെയും ശാരീരികപ്രവർത്തനങ്ങളുടെയും മേലുള്ള സ്വാധീനത്തെക്കുറിച്ച് നാം അത്ര കണ്ടു ശ്രദ്ധിച്ചിരുന്നില്ല.

എന്തിനാണ് മഗ്നീഷ്യം?

സോഡിയവും പൊട്ടാസ്യവും കാത്സ്യവും ഒക്കെ പോലെ തന്നെ ശരീരത്തിന്റെ പ്രവർത്തനങ്ങളെല്ലാം ഭംഗിയായി നടക്കാൻ അത്യാവശ്യമായ ഒരു മൂലകമാണ് മഗ്നീഷ്യം. നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യം വേണ്ടുന്ന ഉപാപചയപ്രക്രിയകൾക്കെല്ലാം മഗ്നീഷ്യം കൂടിയേ തീരൂ. ഉദാഹരണം പറഞ്ഞാൽ രക്തസമ്മർദ നിയന്ത്രണം, ഊർജോൽപാദനം, പേശികളുടെയും നാഡികളുടെയും പ്രവർത്തനം, അസ്ഥികളുടെ കരുത്ത് എന്നിവയ്ക്കെല്ലാം മഗ്നീഷ്യത്തിന്റെ കൂടിയേ തീരൂ ഏതാണ്ട് മുന്നൂറിലധികം എൻസൈമുകളുടെ പ്രവർത്തനത്തിന് മഗ്നീഷ്യത്തിന്റെ സഹായം കൂടി വേണം. . അതുകൊണ്ടുതന്നെ മഗ്നീഷ്യത്തിന്റെ അളവു കുറയുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, മൂഡ് വ്യതിയാനങ്ങൾ, മൈഗ്രെയ്‌ൻ എന്നിവയ്ക്കെല്ലാം കാരണമാകുന്നതായാണ് കാണുന്നത്.

∙ അസ്ഥികളുടെ കരുത്തിന്

ശരീരത്തിലെ മഗ്നീഷ്യത്തിന്റെ ഏതാണ്ട് 60 ശതമാനവും നമ്മുടെ അസ്ഥികളിലാണ് ശേഖരിച്ചുവച്ചിരിക്കുന്നത്. അസ്ഥി നിർമാണ കോശങ്ങളുടെ പ്രവർത്തനം, ശരീരത്തിലെ കാത്സ്യം നിരക്കു നിയന്ത്രിക്കുന്ന പാരാതൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനം എന്നിവയുമായെല്ലാം മഗ്നീഷ്യത്തിനു ബന്ധമുണ്ട്. പഠനങ്ങൾ കാണിക്കുന്നത് മഗ്നീഷ്യം കൂടുതലടങ്ങിയ ഭക്ഷണക്രമം പിൻതുടരുന്ന പുരുഷന്മാരിലും സ്ത്രീകളിലും അസ്ഥിസാന്ദ്രത മെച്ചമായിരിക്കുമെന്നാണ്. ഉയർന്ന അസ്ഥിസാന്ദ്രത അസ്ഥികളുടെ ഒടിവു തടയുന്നു. ആർത്തവവിരാമമെത്തിയ സ്ത്രീകളിൽ നടത്തിയ പഠനവും സമാനമായ അനുമാനത്തിലെത്തിയിട്ടുണ്ട്.

∙ വിഷാദരോഗത്തിൽ

നാഡികളുടെ പ്രവർത്തനത്തിന് ഏറെ അത്യാവശ്യമാണ് മഗ്നീഷ്യം എന്നു പറഞ്ഞല്ലൊ. അതുകൊണ്ടാകാം മഗ്നീഷ്യത്തിന്റെ കുറവ് വിഷാദം, ഉത്കണ്ഠാരോഗം പോലുള്ള മൂഡ് തകരാറുകളിലേക്ക് നയിക്കാമെന്ന് ഒട്ടേറെ പഠനങ്ങൾ നിരീക്ഷിക്കുന്നു.

∙ തലവേദന തടയും

അമേരിക്കയിലെ നാഷനൽ ഹെഡ് ഏക്ക് ഫൗണ്ടേഷൻ പറയുന്നത് ദിവസവും 400–600 മി.ഗ്രാം മൈഗ്രെയ്‌ൻ ശരീരത്തിനു ലഭിക്കുന്നത് മൈഗ്രെയ്ൻ തലവേദനകൾ ആവർത്തിച്ചുവരുന്നതു കുറയ്ക്കുമെന്നാണ്. പക്ഷേ, ഇത്രയധികം ഡോസ് ലഭിക്കണമെന്നു കരുതി സപ്ലിമെന്റ് കഴിച്ചുതുടങ്ങുന്നതിനു മുൻപ് ഡോക്ടറുമായി സംസാരിക്കുക. കാരണം. ഇത്ര ഉയർന്ന അളവിൽ മഗ്നീഷ്യം കഴിക്കുന്നത് ചില പ്രത്യേക രോഗാവസ്ഥകളിൽ സുരക്ഷിതമല്ല. മഗ്നീഷ്യം സിട്രേറ്റും മഗ്നീഷ്യം ഒാക്സൈഡും മൈഗ്രെയ്ൻ തടയുന്നതിനു ഗുണകരമാണെന്നു ചില ക്ലിനിക്കൽ ട്രയലുകളിൽ കണ്ടിട്ടുണ്ട്.

∙ ഹൃദയത്തിനു നല്ലത്

മഗ്നീഷ്യം രക്തസമ്മർദ നിയന്ത്രണത്തിനു ഗുണകരമായതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും ഫലപ്രദമാണ്. മഗ്നീഷ്യം ധാരാളമുള്ള ഭക്ഷണങ്ങളടങ്ങിയ ഡാഷ് ഡയറ്റ് രക്തസമ്മർദ നിയന്ത്രണത്തിനു ഗുണകരമാണെന്നു കണ്ടുകഴിഞ്ഞതാണ്. രക്തത്തിലെ ഷുഗറും ഇൻസുലിൻ പ്രവർത്തനവും നിയന്ത്രിക്കുന്ന ഘടകമായതിനാൽ ഉയർന്ന മഗ്നീഷ്യം നിരക്ക് പ്രമേഹനിയന്ത്രണത്തിനും സഹായകരമാണ്. പക്ഷേ, പ്രമേഹബാധിതരിൽ രക്തത്തിലെ ഷുഗർ നിരക്കു നിയന്ത്രിക്കുന്നതിന് മഗ്നീഷ്യം സപ്ലിമെന്റുകൾ ഗുണകരമാകുമോ എന്ന കാര്യത്തിൽ ഉറപ്പു പറയാനുള്ള തെളിവുകളില്ല താനും.

ഏതൊക്കെ ഭക്ഷണങ്ങളിൽ നിന്നു ലഭിക്കുന്നു?

പച്ച ചീര, സ്പിനച്ച്, മുരിങ്ങയില പോലുള്ള പച്ചിലക്കറികൾ, പയർ വർഗങ്ങൾ, ബദാം, നിലക്കടല, കശുവണ്ടി പോലുള്ള അണ്ടിപ്പരിപ്പുകൾ, വിത്തുകൾ, തവിടു നീക്കാത്ത ധാന്യങ്ങൾ, സോയ ബീൻസ്, സോയ പാൽ, ഒാട്സ്, ഏത്തയ്ക്ക, ഉണക്കമുന്തിരി, പാൽ, യോഗർട്ട്, ഡാർക് ചോക്‌ലറ്റ് എന്നിവയൊക്കെ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ്. മത്സ്യം, കോഴിയിറച്ചി, ബീഫ് എന്നീ ഭക്ഷണങ്ങളും മഗ്നീഷ്യത്താൽ സമ്പന്നമാണ്.

കുറവു തിരിച്ചറിയാൻ

ശരീരത്തിലെ മഗ്നീഷ്യം ശേഖരം കുറഞ്ഞുതുടങ്ങുമ്പോഴേ മൂത്രത്തിലൂടെ പുറത്തുപോകുന്ന മഗ്നീഷ്യം അളവു കുറച്ചും കുടലിലേക്ക് കൂടുതൽ മഗ്നീഷ്യം ആഗിരണം ചെയ്തും മഗ്നീഷ്യം സന്തുലനാവസ്ഥ കൈവിട്ടുപോകാതെ ശരീരം ശ്രദ്ധിക്കും. അതുകൊണ്ടു തന്നെ വളരെ നാളായി ഭക്ഷണത്തിൽ മഗ്നീഷ്യം അളവു കുറഞ്ഞിരുന്നാലോ മഗ്നീഷ്യം ആഗിരണത്തിനു തകരാറു വന്നാലോ മദ്യപാനം മൂലം മഗ്നീഷ്യം അളവിൽ വലിയ കുറവു വന്നാലോ ചിലതരം മരുന്നുകളുടെ ഉപയോഗം വഴി മഗ്നീഷ്യം നിരക്ക് കുത്തനെ കുറഞ്ഞാലോ മാത്രമേ അഭാവം ശരീരത്തിൽ പ്രകടമാകൂ.

കടുത്ത ക്ഷീണം തന്നെയാണ് പ്രധാനലക്ഷണം. വിശപ്പു കുറവ്, തലചുറ്റൽ, ഒാക്കാനം, പേശികൾ കോച്ചിപ്പിടിക്കുക, തരുപ്പും മരപ്പും തുടങ്ങി ഹൃദയമിടിപ്പിൽ അസാധാരണമായ മാറ്റങ്ങൾ വരെ വരാം.

ആർക്കൊക്കയാണ് കുറവു വരിക?

മഗ്നീഷ്യം ഉള്ള ഭക്ഷണം ആവശ്യത്തിനു കഴിച്ചാലും ശരീരം അത് ആഗിരണം ചെയ്യുന്നില്ലെങ്കിൽ തീർന്നില്ലേ? ക്രോൺസ് രോഗം, അൾസറേറ്റീവ് കൊളൈറ്റിസ് എന്നീ രോഗാവസ്ഥകളുടെ ഭാഗമായുള്ള പ്രശ്നങ്ങളാൽ കുടലിൽ നിന്നുള്ള ആഗിരണം തടസ്സപ്പെടാം. ചില രോഗാവസ്ഥകളുടെ മരുന്നുകൾ ശരീരത്തിലെ മഗ്നീഷ്യം ശേഖരം കുറയ്ക്കാം. വർഷങ്ങളായുള്ള അമിതമദ്യപാനം മൂലമുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ മഗ്നീഷ്യം ആഗിരണത്തിൽ തകരാറു വരുത്താം. അവരുടെ ഭക്ഷണക്രമം തന്നെ മഗ്നീഷ്യം നിരക്കു കുറഞ്ഞതാകാനാണു സാധ്യതയും.

മൂന്നു കാരണങ്ങളാൽ, വാർധക്യത്തിലെത്തിയവർക്ക് മഗ്നീഷ്യം കുറവു സംഭവിക്കാൻ സാധ്യതയേറെയാണ്. ഒന്ന് ഭക്ഷണത്തിൽ മഗ്നീഷ്യത്തിന്റെ അളവു കുറവായിരിക്കുക, രണ്ട്, പ്രായമാകുന്നതോടെ മഗ്നീഷ്യത്തിന്റെ ആഗിരണത്തിൽ കുറവു വരാം, മൂന്ന്, വയോജനങ്ങൾ കഴിക്കുന്ന ദീർഘകാലരോഗങ്ങളുടെ മരുന്നുകൾ പലതും മഗ്നീഷ്യം നിരക്കു കുറയ്ക്കുന്നതാണ്.

സപ്ലിമെന്റ് കഴിക്കാമോ?

മഗ്നീഷ്യത്തിന്റെ ഭക്ഷണത്തിലൂടെ ലഭിക്കേണ്ടുന്ന ദൈനംദിന അളവ് അഥവാ റെക്കമെൻഡഡ് ഡയറ്ററി അലവൻസ് എന്നത് പുരുഷന്മാർക്ക് 400–425 മി.ഗ്രാമും സ്ത്രീകൾക്ക് 310–320 മി.ഗ്രാമും ആണ്. ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും സ്ത്രീകൾക്ക് കുറച്ചു കൂടി മഗ്നീഷ്യം ആവശ്യമുണ്ട്. ആവശ്യമുള്ളതിലും അൽപം കൂടുതൽ അളവു മഗ്നീഷ്യം ഭക്ഷണത്തിലൂടെ ശരീരത്തിലെത്തിയാലും വൃക്കകൾ മൂത്രം വഴി അതു പുറത്തുകളഞ്ഞുകൊള്ളും. എന്നാൽ, സപ്ലിമെന്റായി കഴിക്കുമ്പോൾ അളവു കൂടിയാൽ വയറിളക്കം, തലചുറ്റൽ എന്നീ പാർശ്വഫലങ്ങൾക്കു സാധ്യതയുണ്ട്. അതുകൊണ്ട് സ്വയം സപ്ലിമെന്റ് എടുക്കുന്നതു സുരക്ഷിതമല്ല. കടുത്ത ക്ഷീണം പോലുള്ള അവസ്ഥകളിൽ ഡോക്ടറുമായി സംസാരിച്ച് മഗ്നീഷ്യം അളവു ലാബ് പരിശോധന വഴി നോക്കുകയും ആവശ്യമെങ്കിൽ മാത്രം ഡോക്ടർ നിർദേശിക്കുന്ന ഡോസിൽ സപ്ലിമെന്റ് കഴിക്കുകയും ചെയ്യുക.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനിതാ മോഹൻ

പോഷകാഹാരവിദഗ്ധ

തിരുവനന്തപുരം