Monday 21 March 2022 05:14 PM IST

മിന്നൽ മുരളിയിലെ ബ്രൂസ്‌ലി ബിജി മോളാകാൻ കുറച്ചത് ആറു കിലോ; അതും സ്വന്തമായി രൂപപ്പെടുത്തിയ ഡയറ്റിൽ: ഒപ്പം കിക്ക് ബോക്സിങ്ങിൽ പരിശീലനവും...

Asha Thomas

Senior Sub Editor, Manorama Arogyam

feme3232

സൂപ്പർ ഹീറോകൾ നായികമാരെ രക്ഷിക്കുന്നതു കണ്ടു ശീലിച്ച സിനിമാപ്രേക്ഷകർക്ക് ഒരു അതിശയമായിരുന്നു മിന്നൽ മുരളിയിലെ ബ്രൂസ്‌ലി ബിജി മോൾ. പ്രത്യകിച്ചൊരു സൂപ്പർ പവറും ഇല്ലാതിരുന്നിട്ടും, അമാനുഷികസിദ്ധിയുള്ള നായകനെ കാത്തുനിൽക്കാതെ ബുദ്ധിപൂർവമായ നീക്കത്തിലൂടെ ഒരു നാടിനെ മുഴുവൻ രക്ഷിച്ചവൾ.... ക്ലൈമാക്സിലെ ആ കിടിലൻ  കിക്ക് പോലെ  ബ്രൂസ്‌ലി ബിജി മോളെ അവതരിപ്പിച്ച പുതുമുഖമായ ഫെമിന ജോർജും സിനിമാപ്രേമികളുടെ മനസ്സിലേക്ക് ഇടിച്ചു കയറി...

കൊച്ചി സ്വദേശിയായ ഫെമിനയുടെ മനസ്സിൽ സിനിമയോടുള്ള ഇഷ്ടം നിറച്ചത് അമ്മയാണ്. വലിയ സിനിമാപ്രേമിയായിരുന്ന അമ്മ ഫെമിനയേയും അനിയൻ ഫെബിയേയും കുട്ടിക്കാലത്ത് സ്ഥിരമായി സിനിമാകാണാൻ കൊണ്ടുപോയിരുന്നു. അങ്ങനെ സിനിമ കണ്ട് കണ്ട് സിനിമയോടുള്ള ഇഷ്ടം കൂടിവന്നു. മിന്നൽ മുരളി ഒാഡിഷനെത്തുമ്പോൾ ഈ ഇഷ്ടമായിരുന്നു ഫെമിനയുടെ സിനിമയുമായി ആകെയുള്ള ബന്ധം. മനോരമ ആരോഗ്യത്തിനു വേണ്ടിയുള്ള എക്സ്ക്ലുസീവ് കവർ ഷൂട്ടിനിടയിൽ ഫെമിന ‘മിന്നൽ മുരളി’ ഷൂട്ടിങ്ങിനെക്കുറിച്ചും സ്വന്തം ആരോഗ്യ–സൗന്ദര്യ ചിട്ടകളെക്കുറിച്ചും തുറന്നു സംസാരിച്ചപ്പോൾ...

മിന്നൽ മുരളിക്കുവേണ്ടി കുറച്ചത് 6 കിലോ

‘‘ 2019–ലാണ്...മിന്നൽ മുരളിയിലേക്ക് മാർഷ്യൽ ആർട്സ് അറിയാവുന്ന ഒരു പെൺകുട്ടിയെ തിരയുന്നു എന്നു കണ്ടാണ് ഞാൻ ഒാഡിഷന് പോയത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് രണ്ടാഴ്ച കരാട്ടെ പഠിക്കാൻ പോയിരുന്നു. അതായിരുന്നു മാർഷ്യൽ ആർട്സിലുള്ള എന്റെ പരിചയം. ഒാഡിഷനുശേഷം അവരെന്നെ തിരഞ്ഞെടുത്തു. പക്ഷേ, ഒരു കണ്ടീഷൻ... അന്ന് എനിക്ക് 65 കിലോയോളം ഭാരമുണ്ട്. ഒരു മാസം കൊണ്ട് അഞ്ചു കിലോയെങ്കിലും ഭാരം കുറയ്ക്കണം. അതു സമ്മതിച്ചു തിരിച്ചു വന്നെങ്കിലും ഒരു മാസം കൊണ്ട് ഭാരം കുറയ്ക്കുക അത്ര എളുപ്പമല്ല എന്നറിയാമായിരുന്നു. ന്യൂട്രീഷൻ വിദഗ്ധരെ കണ്ടാലും ഒരു മാസം കൊണ്ട് ഇത്രയും ഭാരം കുറയ്ക്കുന്നത് ശാസ്ത്രീയമല്ലാത്തതിനാൽ അവർ സമ്മതിക്കുകയുമില്ല. അതുകൊണ്ട് ഞാൻ തന്നെ ഒരു ഡയറ്റ് രീതി രൂപപ്പെടുത്തി. അതുവരെ ജിമ്മിൽ പോയിട്ടില്ലാത്ത ഞാൻ ജിമ്മിലും ജോയിൻ ചെയ്തു. ദിവസം രണ്ടു മണിക്കൂർ വ്യായാമം... ഒാരോ ശരീരഭാഗത്തിനും ഫോക്കസ് ചെയ്തുള്ള വ്യായാമമായിരുന്നു. കാർഡിയോ എക്സർസൈസും ഫ്ളോറും ഒക്കെ ചെയ്തു.

ഭക്ഷണകാര്യത്തിൽ സ്വന്തമായി ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നു. (ആദ്യം തന്നെ പറയട്ടെ. ഇത് ശാസ്ത്രീയമായ രീതിയല്ല, അതുകൊണ്ട് ആരും പരീക്ഷിക്കാതിരിക്കുക). മധുരം ഒഴിവാക്കുകയാണ് ആദ്യം ചെയ്തത്. ചായ കുടിക്കുന്നതും നിർത്തി. ജങ്ക് ഫൂഡുകളൊക്കെ പൂർണമായും ഒഴിവാക്കി. കാർബോഹൈഡ്രേറ്റ് നന്നേ കുറച്ചു. കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിച്ചു. ധാരാളം വെള്ളം കുടിച്ചു. ആദ്യത്തെ ആഴ്ച ശരിക്കും കഷ്ടപ്പെട്ടു. വിശന്നപ്പോഴൊക്കെ പഴങ്ങളോ പച്ചക്കറികളോ കഴിച്ച് പിടിച്ചുനിന്നു. ഒാഗസ്റ്റിലാണ് ഭാരം കുറയ്ക്കാൻ എന്നോട് ആവശ്യപ്പെട്ടത്. എന്തായാലും സെപ്റ്റംബർ ആയപ്പോഴേക്കും ആറു കിലോ കുറഞ്ഞു.

ഡിസംബറിലാണ് ഷൂട്ടിങ് ആരംഭിച്ചത്. അപ്പോൾ ഭക്ഷണക്രമം സാധാരണ രീതിയിലാക്കി. കുറഞ്ഞഭാരം നിലനിർത്തിപ്പോയാൽ മതിയല്ലൊ. അപ്പോഴും ഭക്ഷണത്തിന്റെ അളവിന്റെ കാര്യത്തിലും മധുരഭക്ഷണത്തിന്റെ കാര്യത്തിലും നിയന്ത്രണം തുടർന്നു. വ്യായാമവും ഉണ്ടായിരുന്നു.

dwdwre3435

ക്ലൈമാക്സിലെ കിക്ക്

മിന്നൽ മുരളിക്കു വേണ്ടി രണ്ടു മാസം കിക്ക് ബോക്സിങ് പരിശീലനം ലഭിച്ചിരുന്നു. ബ്രൂസ്‌ലി ബിജി മോളെ കാണിക്കുന്ന ആദ്യത്തെ കിക്കിനെ കുറിച്ച് എല്ലാവരും ചോദിക്കാറുണ്ട്. അതിൽ ഞാൻ ശരിക്കും കിക്ക് ചെയ്തിട്ടില്ല. യഥാർഥത്തിൽ ക്ലൈമാക്സിലെ കിക്കാണ് ശരിക്കും വെള്ളം കുടിപ്പിച്ചത്. 2019 ലായിരുന്നു അതിനു വേണ്ടുന്ന പരിശീലനം ലഭിച്ചത്. 2020 മാർച്ച് ആയപ്പോഴേക്കും കോവിഡ് നിയന്ത്രണങ്ങൾ വന്നു ഷൂട്ടിങ് തൽക്കാലത്തേക്കു നിർത്തി. പിന്നെ 2021 ലാണ് ക്ലൈമാക്സ് ഷൂട്ട് ചെയ്തത്. ഒട്ടേറെ ഷോട്ടുകൾക്കു ശേഷമാണ് ആ കിക്ക് ശരിയായി കിട്ടിയത്. മിന്നൽ മുരളി ഇറങ്ങിയശേഷം ഒത്തിരിപേർ നല്ലതു പറഞ്ഞു, പ്രത്യേകിച്ച് സ്ത്രീകൾ...

ചർമത്തിന് ഈ കരുതൽ

മിന്നൽ മുരളിയിൽ മേക്ക് അപ് കാര്യമായി ഇല്ലെങ്കിലും മേക്ക് അപ്പിനോട് ഇഷ്ടമുള്ള ആളാണ് ഞാൻ. എന്നുവച്ചാൽ അതിനു വേണ്ട സാധനങ്ങളെല്ലാം വാങ്ങിവയ്ക്കും. പക്ഷേ, ഫോട്ടോഷൂട്ടിനൊക്കെയേ ഉപയോഗിക്കാറുള്ളൂ. അല്ലാത്തപ്പോൾ ഐ ലൈനറും ലിപ്സ്റ്റിക്കും മാത്രമേ ഉപയോഗിക്കാറുള്ളൂ.

സ്കിൻ കെയറിന്റെ കാര്യത്തിൽ ശ്രദ്ധ വയ്ക്കാറുണ്ട്. എന്റേത് വരണ്ട ചർമമാണ്. ഒരൽപം തണുപ്പു കൂടിയാൽ മുഖത്തെ സ്കിൻ വലിഞ്ഞുമുറുകി വല്ലാതാകും. അതുകൊണ്ട് എവിടെ പോയാലും മോയിസ്ചറൈസർ കൂടെ കരുതും. ദിവസവും നിഷ്ഠയോടെ മുഖം ക്ലെൻസ് ചെയ്ത് ടോൺ ചെയ്ത് മോയിസ്ചറൈസ് ചെയ്തു വയ്ക്കും. ലോക്കേഷനിലാണെങ്കിലും ഇക്കാര്യത്തിൽ മടി വിചാരിക്കില്ല. ക്ലെൻസറും ടോണറുമൊക്കെ ഡേർമറ്റോളജിക്കലി ടെസ്റ്റഡ് ആയിട്ടുള്ളവയേ ഉപയോഗിക്കാറുള്ളൂ. അതുപോലെ രൂക്ഷമായ ഗന്ധമുള്ള ഉൽപന്നങ്ങളും വാങ്ങാറില്ല. സൺസ്ക്രീനും മോയിസ്ചറൈസറുമൊക്കെ ഏതു വേണമെന്നു ഡോക്ടറോടു ചോദിച്ച് മാത്രം വാങ്ങും.

ബ്യൂട്ടി പാർലറർ പരീക്ഷണങ്ങളും കുറവാണ്... വല്ലപ്പോഴും പോയി ക്ലീൻ അപ് ചെയ്യാറുണ്ട്. ഫേസ് മാസ്ക് ഇട്ടുനടക്കുക, മുഖത്ത് മഞ്ഞളുപോലെ എന്തെങ്കിലുമൊക്കെ അരച്ചുപുരട്ടുക...ഇതുപോലുള്ള വീട്ടുപൊടിക്കൈകൾക്കൊന്നും മിനക്കെടാറില്ല...മടിയാണ് പ്രധാന കാരണം. .

ഒരൽപം ചുരുണ്ട മുടിയാണ് എന്റേത്. മുടി സ്വാഭാവികത നഷ്ടമാകാതെ സംരക്ഷിക്കുക എന്നതാണ് രീതി. കെമിക്കൽ പരീക്ഷണങ്ങൾ കാര്യമായി നടത്താറില്ല. വല്ലപ്പോഴും ഫോട്ടോഷൂട്ടിന്റെ ഭാഗമായി നീട്ടുകയും ചുരുട്ടുകയും കളർ ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ, അതൊന്നും സ്ഥിരമാക്കാറില്ല. ഇടയ്ക്ക് ഷാംപൂവും കണ്ടീഷനറും ഉപയോഗിക്കും. കഴിവതും സൾഫേറ്റ്, പാരാബെൻ ഫ്രീ ആയ ഷാംപൂവൊക്കെ ഉപയോഗിക്കാൻ ശ്രദ്ധിക്കും. ഇടയ്ക്കൊക്കെ മുടിയിൽ എണ്ണയിടും. എന്നും മുടി കഴുകും. ഇതല്ലാതെ പ്രത്യേകിച്ച് കെയറൊന്നുമില്ല.

സിനിമ എന്ന ഇഷ്ടം

രാജഗിരി കോളജിൽ ബി കോം പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് സിനിമാ മോഹത്തെക്കുറിച്ച് വീട്ടിൽ സംസാരിക്കുന്നത്. ഡാഡി കേട്ടപ്പോഴേ എതിർത്തു. എന്നും കലപില വർത്തമാനം പറയുന്ന ഞാൻ ഒരാഴ്ച വീട്ടിലാരോടും മിണ്ടിയില്ല. ഒടുവിൽ, പഠനം പൂർത്തിയാക്കിയിട്ട് പോയ്ക്കോളൂ എന്ന് ഡാഡി പറഞ്ഞു. ബി കോം പൂർത്തിയാക്കി എറണാകുളം സെന്റ് തെരേസാസിൽ എംകോമിനു ചേർന്ന സമയത്താണ് മിന്നൽ മുരളി ഒാഡിഷൻ...അപ്പോഴേക്കും ഡാഡിയുടെ എതിർപ്പിന്റെ ശക്തി കുറഞ്ഞു. മികച്ച ടീം, ടൊവിനോ പോലൊരു നായകൻ... സിനിമ റിലീസായി കണ്ടുകഴിഞ്ഞപ്പോൾ ഡാഡിയും മമ്മിയും ഹാപ്പി ആയി. ഇപ്പോൾ പുതിയ പ്രോജക്ടുകളെക്കുറിച്ച് എന്നേക്കാൾ എക്സൈറ്റഡ് ആകുന്നത് അവരാണ്.

സിനിമ ചെയ്യുന്നതിനിടയിൽ ജീവിതത്തിലും ചില കാര്യങ്ങൾ ചെയ്യണമെന്നുണ്ട്. അങ്ങനെയൊരു ബക്കറ്റ് ലിസ്റ്റ് തന്നെയുണ്ട്. ആ ലിസ്റ്റിൽ ഒന്നാമത്തേത് യാത്രയാണ്. ഞാൻ ജനിച്ചതും രണ്ടര വയസ്സു വരെ വളർന്നതും സൗദിയിലാണ്. അമ്മ അവിടെ നഴ്സായിരുന്നു. പക്ഷേ, എന്റെ കുട്ടിക്കാല ഒാർമകളിലൊന്നും സൗദി എന്ന സ്ഥലമില്ല. കേരളം മാത്രമേയുള്ളു. ഇനി വേണം പല നാടുകളിൽ പോകാനും അവിടുത്തെ കാഴ്ചകൾ കാണാനും.

എന്താണ് സിനിമയോട് ഇത്ര ഇഷ്ടം എന്നു ഞാൻ സ്വയം ചോദിക്കാറുണ്ട്. ഒറ്റ മറുപടിയേ ഉള്ളൂ... ഇതാണെന്റെ പാഷൻ...പണ്ടുമുതലേ ഒരു മടിയുമില്ലാത്ത കാര്യമാണ് സിനിമ കാണുക എന്നത്. അന്നൊന്നും ഒരു ഷോട്ടിനു വേണ്ടി ഒരുപാട് അധ്വാനം വേണമെന്നൊന്നും അറിയില്ല. ഒരു സെക്കൻഡ് നേരത്തേക്ക് മിന്നിമായുന്ന ഷോട്ടിനു പോലും എത്ര അധ്വാനം വേണമെന്ന് ഇപ്പോഴറിയാം. പക്ഷേ, അങ്ങനെ അധ്വാനിക്കാൻ ഒരു മടിയും തോന്നുന്നില്ല എന്നതാണ് സന്തോഷം ...അത്രമാത്രം സിനിമ എന്നെ വലിച്ചടുപ്പിച്ചിരിക്കുകയാണ്.

Tags:
  • Fitness Tips
  • Manorama Arogyam
  • Celebrity Fitness