Friday 20 October 2023 05:22 PM IST : By ജീന വർഗീസ്

40 വയസ്സിനു ശേഷം എല്ലുകളുടെ ബലം കുറഞ്ഞാൽ: കഴിക്കേണ്ട ഭക്ഷണങ്ങൾ അറിയാം

osteo43443

ഒക്ടോബർ 20 ലോക ഓസ്റ്റിയോപൊറോസിസ് ദിനമായി നാം ആചരിച്ചു വരികയാണ്. എല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധയോടെ ചുവടു വയ്ക്കണം എന്നത് ഒരിക്കൽ കൂടി ഒാർമിപ്പിക്കുകയാണ്.

എല്ലുകൾക്കു ബലം കുറയുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. 40 വയസ്സിനുശേഷം അസ്ഥികളുടെ സാന്ദ്രത (ബോൺ ഡെൻസിറ്റി) കുറഞ്ഞു തുടങ്ങും. 50 വയസ്സിനുശേഷം പലരിലും ഓസ്റ്റിയോപൊറോസിസ് കണ്ടുവരുന്നു. സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്.

പ്രായമാകുന്നതും ഹോർമോൺ വ്യതിയാനങ്ങളും – ഭക്ഷണത്തിൽ കാത്സ്യം, വൈറ്റമിൻ ഡി, വൈറ്റമിൻ കെ എന്നിവയുടെ കുറവും വ്യായാമമില്ലായ്മയും ആർത്തവവിരാമവും ചില മരുന്നുകളുടെ ഉപയോഗവുമെല്ലാം ഓസ്റ്റിയോപൊറോസിസിനു കാരണമാകാം.

എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ ചെറുപ്പകാലം മുതൽ ശ്രദ്ധിച്ചു തുടങ്ങണം.

എല്ലിന്റെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമായി വേണ്ട പോഷകങ്ങളാണ് കാത്സ്യം, വൈറ്റമിൻ ഡി, പ്രോട്ടീൻ, വൈറ്റമിൻ കെ എന്നിവ. ഇവ ധാരാളമടങ്ങിയ പാൽ, മോര്, തൈര്, പനീർ, മുട്ട, ചെറുമത്സ്യങ്ങൾ, നട്സ്, ഇലക്കറികൾ എന്നിവ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

സൂര്യപ്രകാശം മിതമായി കൊള്ളുന്നതും ആവശ്യമാണ്. കാത്സ്യം ഏറ്റവും കൂടുതൽ ആവശ്യമായ കാലഘട്ടം കൗമാരപ്രായവും ഗർഭാവസ്ഥയും മുലയൂട്ടുന്ന സമയവുമാണ്. ഈ സമയങ്ങളിലെ കാത്സ്യത്തിന്റെ കുറവ് അമ്മയാകുമ്പോൾ എല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഈ കാലഘട്ടത്തിൽ കാത്സ്യം ധാരാളമടങ്ങിയ ഇലക്കറികൾ, പഞ്ഞപ്പുല്ല്, എള്ള്, നട്സ്, പാൽ, തൈര്, ചെറുമീനുകൾ എന്നിവ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

നിയന്ത്രിക്കേണ്ടത്

കോഫി, കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ, മദ്യം, പുകവലി ഇവയെല്ലാം എല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. സോഫ്റ്റ് ഡ്രിങ്ക്സിലെ ഫോസ്ഫോറിക് ആസിഡ് മൂത്രത്തിലൂടെ കാത്സ്യം പുറന്തള്ളാൻ കാരണമാകും. മദ്യപാനം, പുകവലി എന്നിവയും എല്ലുകളുടെ ആരോഗ്യം നശിപ്പിക്കും.

ഉപ്പ്: അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് എല്ലുകളിൽനിന്നും കാത്സ്യം നഷ്ടപ്പെടുന്നതിനു കാരണമാകും. അച്ചാർ, ഉപ്പിലിട്ടവ, പ്രിസർവു ചെയ്ത ആഹാരം ഇവയെല്ലാം മിതമായി മാത്രമേ ഉപയോഗിക്കാവൂ.

അമിതഭാരം നിയന്ത്രിക്കുന്നതും വ്യായാമം ചെയ്യുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമാണ്.

മാനസിക സമ്മർദം ഒഴിവാക്കുകയും വേണം. പോഷകങ്ങൾ അടങ്ങിയ ഭക്ഷണവും വ്യായാമവും എല്ലുകളുടെ ആരോഗ്യം നില നിർത്തുന്നതിന് ആവശ്യമാണ്.

തയാറാക്കിയത്

ജീനാ വർഗീസ്

ന്യൂട്രിഷനിസ്‌റ്റ്,

ആലപ്പുഴ

Tags:
  • Daily Life
  • Manorama Arogyam