Saturday 09 September 2023 03:11 PM IST

‘സന്ധികളുടെ തേയ്മാനം മുതൽ നട്ടെല്ലിലെ ഡിസ്ക് തകരാറുകൾ വരെ’: അമിതഭാരം തലച്ചുമടായി എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Santhosh Sisupal

Senior Sub Editor

load566767889

തൊഴിലിന്റെ ഭാഗമായി ഭാരമുള്ള സാധനങ്ങൾ കയറ്റിറക്കു നടത്താനും മറ്റൊരിടത്തേയ്ക്കു കൊണ്ടു പോകുന്നതിനും സാധാരണമായി പ്രചാരത്തിലുള്ള മാർഗമാണു തലച്ചുമട്. ഒരു വ്യക്തിയ്ക്കു തന്റെ ശരീരഭാരത്തിന്റെ 20% വരെ വലിയ ആയാസമില്ലാതെ ചുമക്കാൻ സാധിക്കും എന്നാണു പഠനങ്ങൾ പറയുന്നത്. അതായത് 70 കിലോ ശരീരഭാരമുള്ള ഒരാൾക്ക് 14 കിലോ ഭാരം വരെ സുരക്ഷിതമായി ചുമക്കാം. എന്നാൽ ഒരു ചുമട്ടു തൊഴിലാളി ശരാശരി 50 കിലോ ഭാരമോ അതിലധികമോ തലച്ചുമടായോ മുതുകത്തോ വഹിച്ചു പോകുന്നത് സാധാരണമാണ്. ഇതു സന്ധികളുടെ തേയ്മാനം മുതൽ നട്ടെല്ലിലെ ഡിസ്ക് തകരാറുകൾ വരെ വരുത്താം. ഫലമോ, കഴുത്തുവേദനയും നടുവേദനയും സന്ധിവേദനയും ഇക്കൂട്ടരിൽ സാധാരണമായി മാറാം.

തലച്ചുമട് എടുത്തു ജീവിക്കുന്നവർ നല്ല രീതിയിൽ വ്യായാമം ചെയ്യുന്നു എന്ന കാരണത്താൽ തന്നെ ശരീരത്തിന് ഫിറ്റ്നസ് ഉള്ളവരായിരിക്കും. നിത്യമായി ചെയ്യുന്ന ആ ജോലി, അതിനാവശ്യമായ കരുത്തു പേശികൾക്കും സന്ധികൾക്കും ഒരു പരിധി വരെ തരും. എന്നാലും പ്രായമേറിവരുന്തോറും സന്ധികളെയും പേശികളേയും ദോഷകരമായി ബാധിക്കാം. വേദനകൾ, തേയ്മാനം, പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങളിലൂടെ ഒടിവ്, ചതവ് എന്നിങ്ങനെ സംഭവിക്കുന്നു. 

ഭാരമുള്ള ഒരു സാധനം സ്വയം ഉയർത്തി തലയിൽ വയ്ക്കുമ്പോൾ മുട്ടിനും നടുവിനും പുറത്തിനും ചുമലുകൾക്കും കഴുത്തിനും വളരെയധികം പ്രയത്നിക്കേണ്ടി വരും. അതു വേഗത്തിലും അശാസ്ത്രീയമായും ചെയ്താൽ  സന്ധികൾക്കു പലതരം പരുക്കുകൾക്കും കാരണമായിത്തീരും. 

ചെറുപ്പം മുതല്‍ അധികഭാരം എടുക്കുന്ന സ്ത്രീകൾക്ക് ഗർഭധാരണപ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യത ഉള്ളതായി പഠനങ്ങൾ കാണിക്കുന്നു. ഗർഭിണിയായ ഒരു സ്ത്രീ ഭാരം തലയിൽ ചുമക്കുന്നതു ഗർഭസ്ഥ ശിശുവിന്റെ വളർച്ചയേയും ബാധിക്കാം.

പുറത്ത് ഭാരം അധികമായാൽ

തലച്ചുമട്, മറ്റൊരു രൂപത്തിൽ ചെയ്യുന്നവരുണ്ട്. ഭാരം തലയിൽ നിന്നിറക്കി ചുമലിലോ മുതുകത്തോ ആയി വഹിക്കുന്നതാണ് ആ രീതി. ഈ സമയം ശരീരം തെറ്റായ നിലയിലായതിനാൽ നട്ടെല്ലിനു വളവുകൾ വരാനും നടുവേദന പോലുള്ള പ്രശ്നങ്ങൾക്കും സാധ്യത കൂടുതലാണ്.

ഒരാളുടെ ശരീരഭാരത്തിന്റെ 20–30% ഭാരം വരെ മാത്രമേ സുരക്ഷിതമായി കൊണ്ടുനടക്കാവൂ. എന്നാൽ അതിനു തന്നെ പരിമിതികളും പാർശ്വഫലങ്ങളും ഉണ്ട്. ഭാരം കൂടുന്നത് നട്ടെല്ലിന്റെ പ്രശ്നങ്ങൾ കൂടാതെ തോളിനും കഴുത്തിനും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ദീർഘകാലമായുള്ള ഇത്തരം  ഭാരം വഹിക്കലോ തലച്ചുമടോ കൈയിലെ നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. അതിലൂടെ കൈകളിൽ തരിപ്പ്,  മരവിപ്പ്, വേദന തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കാം.

കഴുത്തിന്റെ പ്രശ്നങ്ങൾ

അമിതമാകുന്ന തലച്ചുമടു കാരണം ഏറ്റവും സമ്മർദത്തിലാകുന്നത് കഴുത്താണ്. കഴുത്തിന്റെ പേശികളും കശേരുകളും, ഡിസകും ആ ഭാഗത്തെ ചെറു സന്ധികളുമാണ്. ദീർഘകാലം തലച്ചുമട് എടുക്കുന്നതു മേൽപറഞ്ഞവയിൽ അതീവ സമ്മർദം വരുത്തുകയും സന്ധിതേയ്മാനത്തിനും സ്പോണ്ടിലോസിസ് പോലെയുള്ള വേദനാജനകമായ പ്രശ്നങ്ങൾക്കും വഴി തെളിക്കും.

എന്താണു പരിഹാരം?

തൊഴിലെന്ന നിലയിൽ തലച്ചുമടെടുക്കുന്നവരോട് അതു ചെയ്യരുത് എന്നു പറയാനാകില്ല. എന്നാൽ അത് എങ്ങനെ കൂടുതൽ സുരക്ഷിതവും ആരോഗ്യകരവുമാക്കിമാറ്റാം എന്നു നോക്കാം.

∙ നല്ല പരിശീലനം ഉള്ളവർ പോലും അത്യധിക ഭാരം പെട്ടെന്ന് ഉയർത്താതിരിക്കാൻ ശ്രമിക്കണം.

∙ ലോഡ് കയറ്റുമ്പോഴും ഇറക്കുമ്പോഴും  കഴിവും കരുത്തും കാട്ടി ഒറ്റയ്ക്ക് ചെയ്യാതെ വേണ്ടത്ര സഹായം തേടുക.

∙ ഭാരം വഹിച്ചു നടക്കുമ്പോൾ പെട്ടെന്ന് ഉള്ള തല തിരിച്ചിൽ, അധിക വേഗം എന്നിവ ഒഴിവാക്കുക. 

∙ തലയിലാണ് ചുമട് ഇരിക്കുന്നതെങ്കിലും ഷോൾഡർ, ഇടുപ്പ്, നടുവ് എന്നിവയ്ക്കും സമ്മർദം ഉണ്ടെന്നു മനസ്സിലാക്കി വഹിക്കുന്ന ഭാരം  പരിമിതപ്പെടുത്തുന്നതിലും ശ്രദ്ധിക്കണം. 

∙ പെട്ടെന്നുള്ള ക്ഷതങ്ങൾക്കും വേദനകൾക്കും വൈദ്യ ഉപദേശം തേടണം. 

∙ തലയിൽ വയ്ക്കുന്ന ഭാരം അത് ഉറച്ചിരിക്കുന്നു എന്ന് ഉറപ്പാക്കണം.

∙ തലയിൽ ഭാരം വഹിക്കുന്ന സമയവും പരിമിതപ്പെടുത്തണം.

തലച്ചുമട് എടുക്കുന്നവർ ദിവസേന കഴുത്തിന്റെയും തോളിന്റെയും നട്ടെല്ലിന്റെയും ആരോഗ്യത്തിനായി അൽപ സമയം ചെലവഴിക്കാൻ ശ്രദ്ധിക്കണം.

∙ രാവിലെയും വൈകിട്ടും ചൂടോ ഐ സ് പാക്കോ ഉപയോഗിച്ചു  കഴുത്തിലേയും നടുവിലേയും പേശികൾക്ക് റിലാക്സേഷൻ നൽകുന്നതു നല്ലതാണ്.  

പതിവായി സ്ട്രെച്ചിങ് ശീലിക്കുന്നത്, പ്രത്യേകിച്ചും കഴുത്തിനുള്ളവ ചെയ്യുന്നത് ദീർഘകാല പ്രശ്നങ്ങളെ കുറയ്ക്കും കഴുത്തിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും. വേദനയുണ്ടായാൽ വേദനസംഹാരി കഴിച്ചു സമയം കളയാതെ ചികിത്സ തേടണം.

ഡോ. രാജേഷ് വി., സീനിയർ കൺസൽറ്റന്റ്, ഓർത്തോപീഡിക് സർജൻ, മാതാ ഹോസ്പിറ്റൽ, കോട്ടയം

Tags:
  • Mens Health
  • Manorama Arogyam
  • Health Tips