Tuesday 17 May 2022 12:51 PM IST

ഗർഭകാലത്തെ പച്ചമാങ്ങാ കൊതിക്കു പിന്നിൽ? ഗർഭിണികളിലെ വ്യാക്കൂൺ നിറവേറ്റിയില്ലെങ്കിൽ കുഞ്ഞിനു ദോഷമോ? ഗൈനക്കോളജിസ്റ്റ് പറയുന്നതു കേൾക്കൂ...

Asha Thomas

Senior Sub Editor, Manorama Arogyam

pregvyakk

ഗർഭിണിയാണെന്നു കേൾക്കുമ്പോഴേ ‘നിനക്കു പച്ചമാങ്ങാ തിന്നാൻ കൊതിയുണ്ടോ?’ എന്നാവും ആളുകളുടെ ചോദ്യം. പച്ചമാങ്ങ, മസാലദോശ എന്നിവയൊക്കെ ഗർഭിണികളുടെ പ്രിയപ്പെട്ട ആഹാരങ്ങളാണെന്നാണ് പൊതുവേയുള്ള ഒരു വിശ്വാസം. സാഹിത്യവും സിനിമയുമൊക്കെ ഇത്തരം ഗർഭകാല കൊതികളെ മനോഹരമായി ആവിഷ്കരിച്ചിട്ടുമുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവമ്പഴം എന്ന കഥ തന്നെ പൂവമ്പഴത്തിനോടു വ്യാക്കൂണ് തോന്നുന്ന ഗർഭിണിയെക്കുറിച്ചാണ്. പണ്ടത്തെ സിനിമകളിൽ നായിക ഗർഭിണിയാണെന്നു ധ്വനിപ്പിച്ചിരുന്നതു തന്നെ പച്ചമാങ്ങ കടിച്ചു തിന്നു ഛർദിക്കുന്നു കാണിച്ചായിരുന്നു.

ഗർഭിണിക്ക് കഴിക്കാൻ ഇഷ്ടം തോന്നുന്ന ഭക്ഷണങ്ങൾ തേടിപ്പിടിച്ച് കൊടുത്തില്ലെങ്കിൽ ഗർഭസ്ഥശിശുവിന് എന്തെങ്കിലും ദോഷം വരുമെന്നാണ് പരക്കെയുള്ള വിശ്വാസം. വ്യാക്കൂണ് അഥവാ ഗർഭകാലത്ത് ഏതെങ്കിലും പ്രത്യേക ഭക്ഷണപദാർഥത്തോടുള്ള കൊതി നിവർത്തിച്ചുകൊടുത്തില്ലെങ്കിൽ കുട്ടിക്കു കേൾവിശക്തി നഷ്ടമാകുമെന്നും വൈകല്യങ്ങളോടെ പിറക്കുമെന്നുമൊക്കെ ഇപ്പോഴും ധരിച്ചുവച്ചിരിക്കുന്നവരുമുണ്ട്. എന്നാൽ ഇതിന്റെ പിന്നിലെന്തെങ്കിലും വാസ്തവമുണ്ടോ? എന്തുകൊണ്ടാണ് ഗർഭകാലത്ത് ചില പ്രത്യേക ആഹാരപദാർഥങ്ങളോടു കൊതി തോന്നുന്നത്. തിരുവനന്തപുരം എസ് യുറ്റി ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റും സ്ത്രീരോഗ ചികിത്സയിൽ വർഷങ്ങളുടെ അനുഭവപരിചയവുമുള്ള ഡോ. ലക്ഷ്മി അമ്മാൾ പറയുന്നതിങ്ങനെ.

മാനസികമാകാം വ്യാക്കൂൺ

‘‘ ഗർഭകാല വ്യാക്കൂണിന് വൈദ്യഭാഷയിൽ പൈക ഒാഫ് പ്രഗ്നൻസി എന്നാണ് പറയുക. ഇതുവരെ കഴിച്ചിരുന്ന ആഹാരങ്ങളോടൊക്കെ വിരക്തി തോന്നുകയും ചില പ്രത്യേക ഭക്ഷണങ്ങളോട്, ചിലപ്പോൾ അപൂർവരുചികളോട് ഒക്കെ കൊതി തോന്നുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഗർഭകാലത്ത് ചില പ്രത്യേക ഭക്ഷണങ്ങളോട് കൊതി തോന്നുക എന്നു ചോദിച്ചാൽ കൃത്യമായ കാരണം പറയാനാവില്ല. ഗർഭത്തിന്റെ ആദ്യമാസങ്ങളിലാണ് ഇത്തരം വ്യാക്കൂണൊക്കെ തോന്നുക. ആ സമയത്ത് ശരീരത്തിൽ ചില ഹോർമോണുകളുടെ അളവ് വർധിച്ചിട്ടുണ്ടാകാം. അത് ഒരു കാരണമാകാം. പിന്നെ, വ്യാക്കൂൺ ഒരു ശാരീരിക പ്രക്രിയയെക്കാളുപരി മാനസികപ്രക്രിയയാണ്. ഗർഭകാലത്തു വേണ്ടത്ര പിന്തുണയോ പരിചരണമോ ലഭിക്കാത്തവരിലും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരിലും വ്യാക്കൂണ് കൂടുതലായി കാണുന്നു. അങ്ങനെയുള്ളവരിൽ വേണ്ട പരിചരണമോ പിന്തുണയോ നൽകിക്കഴിയുമ്പോൾ വ്യാക്കൂണ് മാറാം.

പുളിമാങ്ങയ്ക്കു പിന്നിൽ

ഗർഭത്തിന്റെ ആദ്യനാളുകളിലൊക്കെ വായിൽ കയ്പും മനംപിരട്ടലുമൊക്കെ സാധാരണമാണ്. പുളിപ്പുള്ള ഭക്ഷണം കഴിക്കുമ്പോൾ പൊതുവേ വായുടെ അരുചി മാറാറുണ്ട്. അതാകാം പുളിമാങ്ങയും ഗർഭവവുമായി ബന്ധിപ്പിച്ച് പറയാനുള്ള കാരണം.

ഇനി വ്യാക്കൂണ് അല്ലേയെന്നു കരുതി എന്തു ഭക്ഷണവും കഴിക്കുന്നതു നല്ലതല്ല. ഗർഭത്തിന്റെ ആദ്യകാലങ്ങളിൽ ഭ്രൂണം വലുതാകുന്ന, അവയവങ്ങൾ രൂപപ്പെട്ടു തുടങ്ങുന്ന സമയമാണ്. അപ്പോൾ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യകരമായ എന്തു ഭക്ഷണവും ഗർഭകാലത്ത് മിതമായി കഴിക്കുന്നതിൽ പ്രശ്നമില്ല. പൈനാപ്പിളായ്ക്കോട്ടേ, ഈന്തപ്പഴമായിക്കോട്ടേ, പപ്പായ ആകട്ടെ എന്തും വീട്ടിൽ പാചകം ചെയ്ത് മിതമായ അളവിൽ കഴിച്ചെന്നുവച്ച് ഒന്നും സംഭവിക്കില്ല. കൂടുതൽ അളവിലും അശാസ്ത്രീയവുമായി ഉപയോഗിക്കു മ്പോഴാണ് പ്രശ്നം.

എന്തൊക്കെ ഒഴിവാക്കണം?

വ്യാക്കൂണ് നിവർത്തിച്ചില്ലെങ്കിൽ ഗർഭസ്ഥശിശുവിനു ദോഷമാണെന്നു പറയുന്നതിൽ കഴമ്പൊന്നുമില്ല. മാത്രമല്ല, വ്യാക്കൂണിന്റെ പേരിലായാലും സംസ്കരിച്ച ഭക്ഷ്യപദാർഥങ്ങൾ, പായ്ക്കറ്റ് ജ്യൂസ്, ശീതളപാനീയങ്ങൾ, കോള, ന്യൂഡിൽസ്, പാസ്ത പോലെ പ്രിസർവേറ്റീവ് കലർന്ന ഭക്ഷണം, അമിത എണ്ണ കലർന്ന ഭക്ഷണം, മറ്റു ജങ്ക് ഫൂഡ് എന്നിവ പതിവായി കഴിക്കരുത്. രുചിക്കും നിറത്തിനും മണത്തിനും വേണ്ടി ചേർക്കുന്ന രാസവസ്തുക്കളും ഭക്ഷണം കേടാകാതിരിക്കാൻ ചേർക്കുന്നവയും ഗർഭസ്ഥശിശുവിനു ഗുണകരമാകണമെന്നില്ല. പുറത്തുനിന്നു കഴിക്കുമ്പോൾ ഭക്ഷ്യവിഷബാധകൾക്കും സാധ്യതയുണ്ട്. ആദ്യ മൂന്നുമാസങ്ങളിൽ വൈറ്റമിനല്ലാതെ മരുന്നുകളൊന്നും കഴിക്കാതിരിക്കേണ്ടതുണ്ട്. അതുകൊണ്ട് സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് രോഗം വരുത്തിവയ്ക്കരുത്.

കഴിവതും വീട്ടിൽ തയാറാക്കുന്ന ഭക്ഷണം തന്നെ കഴിക്കാൻ ശ്രമിക്കണം. അതാവുമ്പോൾ സുരക്ഷിതമാണെന്ന് ഉറപ്പാണല്ലൊ. പാചകം ചെയ്യുമ്പോൾ മണമടിച്ച് ഛർദി വരുന്നവരാണെങ്കിൽ വീട്ടിൽ മറ്റാരെക്കൊണ്ടെങ്കിലും പാചകം ചെയ്യിക്കുക. പുറത്തുനിന്നും വല്ലപ്പോഴും മാത്രം ഭക്ഷണം കഴിക്കുക.

ഗർഭകാലത്ത് ആഗ്രഹിക്കുന്ന കരുതലും സ്നേഹവുമൊക്കെയാകാം വ്യാക്കൂണായും മറ്റും പുറത്തേക്കു വരുന്നത്. അതുകൊണ്ട് മാനസികമായ പിന്തുണയും ശ്രദ്ധയും ഗർഭിണിക്കു നൽകാൻ കുടുംബാംഗങ്ങൾ ശ്രദ്ധിക്കണം.

Tags:
  • Manorama Arogyam
  • Pregnancy Tips
  • Health Tips