Friday 12 May 2023 11:57 AM IST : By സ്വന്തം ലേഖകൻ

ആർത്തവം നീട്ടിവയ്ക്കുന്നത് നല്ലതോ?; ഗുളികയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ

periods

കുടുംബത്തിലെ അടുത്ത ബന്ധുവിന്റെ വിവാഹം. കഷ്ടകാലത്തിന് അന്നു തന്നെയാണ് ആർത്തവ തീയതിയും. ആകെ പ്രശ്നമായല്ലോ? ഇനി ശരീരവേദനയും നടുവേദനയുമൊക്കെയായി വിവാഹത്തിൽ ആസ്വദിച്ചു പങ്കുചേരാൻ സാധിക്കാതെ വരുമല്ലോ.. ഇത്തരം അവസരങ്ങളിലാണ് ആർത്തവം നീട്ടിവയ്ക്കുന്നതിനെക്കുറിച്ച് സ്ത്രീകൾ ചിന്തിച്ചു പോവുക. ദീർഘയാത്ര െചയ്യേണ്ടതായി വരുമ്പോഴും ആർത്തവം നീട്ടിവയ്ക്കാൻ സഹായിക്കുന്ന േഹാർമോൺ ഗുളികകൾ കഴിക്കാറുണ്ട് നമ്മളിൽ പലരും.

േഹാർമോൺ ഗുളികകൾ

ആർത്തവചക്രം നിയന്ത്രിക്കുന്ന ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ ഹോർമോണുകൾ േചർന്ന ഗുളികകളാണ് ആർത്തവം നീട്ടിവയ്ക്കാനായി സാധാരണയായി ഉപയോഗിക്കുന്നത്. എന്നാൽ തീരെ ഒഴിച്ചു കൂടാൻ സാധിക്കാത്ത അവസരങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് ഇത്തരം ഗുളികകൾ. ഉദാഹരണത്തിന് സ്വന്തം വിവാഹം.

പഠനങ്ങൾ പറയുന്നത്

പുതിയ പഠനങ്ങൾ പറയുന്നത് ആർത്തവം നീട്ടി വയ്ക്കുന്ന ഗുളികകളുെട ഉപയോഗം സ്തനാർബുദത്തിനു കാരണമാകുമെന്നാണ്. ഗർഭാശയ കാൻസറിനും ഇത് കാരണമാകുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. േഹാർമോൺ ചികിത്സയാണ് വില്ലൻ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആർത്തവം നീട്ടിവയ്ക്കുന്ന ഗുളികകളും േഹാർമോൺ ഗുളികകളാണല്ലോ.

ആർക്കാണ് ഫലപ്രദമാവുക?

സാധാരണ ഇത്തരം മരുന്നുകൾ ഫലപ്രദമാവുക കൃത്യമായ തീയതിയിൽ ആർത്തവം വരുന്നവർക്ക് മാത്രമാണ്. ആർത്തവ തീയതിയ്ക്ക് ഒരാഴ്ച മുൻപ് കഴിച്ചു തുടങ്ങി ആർത്തവം എന്നുവരെയാണോ നീട്ടിവയ്ക്കേണ്ടത് ആ തീയതി വരെ കഴിച്ചിരിക്കണം. ഇടയ്ക്ക് ഒരു ദിവസം മുടങ്ങിയാൽ ആർത്തവം വരാൻ സാധ്യതയുണ്ട്. ഗർഭപാത്രത്തിലെ എൻഡോമെട്രിയത്തിന് കട്ടി കൂട്ടിയാണ് മരുന്ന് പ്രവർത്തിക്കുന്നത്.

periods-2

ആർത്തവം വീണ്ടും വന്നില്ലെങ്കിൽ

സാധാരണഗതിയിൽ മരുന്നു നിർത്തി രണ്ടു ദിവസം കഴിയുമ്പോൾ തന്നെ ആർത്തവം തുടങ്ങാറുണ്ട്. എന്നാൽ ചിലർക്കു അങ്ങനെ വരാറില്ല. ചിലർക്കാകട്ടെ ആർത്തവം വീണ്ടും വരുമ്പോൾ രക്തസ്രാവം അമിതമായിരിക്കും. ഒരാഴ്ച കഴിഞ്ഞിട്ടും ആർത്തവമായില്ലെങ്കിലോ അമിത രക്തസ്രാവം ഉണ്ടെങ്കിലോ ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടണം. ഒരു കാരണവശാലും ഇത്തരം മരുന്നുകൾ േഡാക്ടറുെട നിർദേശമില്ലാതെ മരുന്നു കടകളിൽ നിന്ന് വാങ്ങി കഴിക്കരുത്. േഹാർമോൺ അടങ്ങിയ മരുന്നായതിനാൽ വലിയ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.

കുട്ടികൾക്ക് നൽകരുത്

ആർത്താവാരംഭദശയിലുള്ള കുട്ടികൾ ഇത്തരം മരുന്നുകൾ തീർത്തും ഒഴിവാക്കണം. സ്വാഭാവിക ആർത്തവചക്രത്തെ തടസ്സപ്പെടുത്താൻ നോക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇതു കൂടാതെ കൗമാരക്കാരികളും ഇത്തരം ഗുളികകൾ ഉപയോഗിക്കരുത്.പകരം ആർത്തവം ഉള്ളപ്പോഴും കൂളായി യാത്ര െചയ്യാനും ആഘോഷങ്ങളിൽ പങ്കെടുക്കാനുമുള്ള മനഃസ്ഥിതിയിലേക്ക് വളരണം. ഇതിനു അമ്മമാർ കുട്ടികൾക്കു വേണ്ട പിന്തുണയും സഹായവും നൽകുക.  

പ്രകൃതിദത്ത മാർഗങ്ങളിലൂെട ആർത്തവത്തെ നീട്ടിവയ്ക്കാം എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഇത്തരം പ്രചരണങ്ങൾക്കു ശാസ്ത്രീയമായ അടിത്തറയില്ല. ചിലർ പുസ്തകങ്ങൾ നോക്കിയും ഇന്റർനെറ്റ് പരിശോധിച്ചും മരുന്നുകൾ വാങ്ങിക്കഴിക്കാറുണ്ട്. ഇതും അപകടമാണ്. മെട്രോസിറ്റികളിലാണ് സ്തനാർബുദം കൂടുതലായി കാണുന്നത് എന്നു പഠനങ്ങൾ പറയുന്നുണ്ട്. ചിലപ്പോൾ ഇത്തരം ഗുളികകളുെട ഉപയോഗമാകാം ഇതിനു കാരണം. ആർത്തവം മാറ്റിവയ്ക്കുന്ന മരുന്ന് കഴിക്കുന്ന സമയത്താണ് ഗർഭം ധരിക്കുന്നതെങ്കിൽ അതു ജനിക്കുന്ന കുട്ടിയെത്തന്നെ ദോഷകരമായി ബാധിക്കാം.

േഹാർമോൺ കുറഞ്ഞത്

പഴയ മരുന്നുകളിൽ നിന്ന് വ്യത്യസ്തമായി േഹാർമോൺ കുറഞ്ഞ അളവിലുള്ള മരുന്നുകൾ ഇന്നു ലഭ്യമാണ്. അതും േഡാക്ടറുെട നിർദേശപ്രകാരം ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക. എന്തെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ കണ്ടാൽ േ‍ഡാക്ടറെ കാണുക.

periods-1

ഗുളിക കഴിക്കുന്നവർ ശ്രദ്ധിക്കാൻ

∙ ഒരിക്കൽ േഡാക്ടർ കുറിച്ചു തന്ന കുറിപ്പടി വച്ച് സ്വയം മരുന്ന് വാങ്ങിക്കഴിക്കരുത്. ഗുരുതരമായ പാർശ്വഫലമുണ്ടാക്കും. േഡാക്ടറെ നേരിൽ കണ്ട് മാത്രം ഗുളിക എടുക്കാൻ തുടങ്ങുക. കഴിക്കുന്നതിൽ കൃത്യത പാലിക്കുക. ആവർത്തിച്ച് ഇത്തരം ഗുളിക ഉപയോഗിക്കുന്നത് നല്ലതല്ല.

∙ മറ്റു മരുന്നുകൾ കഴിക്കുന്നവർ ആ വിവരം േഡാക്ടറെ അറിയിക്കണം. ചില മരുന്നുകൾ ആർത്തവം നീട്ടുന്ന ഗുളികകളുെട ഫലത്തെ ബാധിച്ചേക്കാം.

∙ ഇടയ്ക്കു ഗുളിക കഴിക്കാൻ മറന്നുപോയാൽ രണ്ടു േഡാസ് ഒരുമിച്ച് കഴിക്കരുത്. ആർത്തവം വരാൻ സാധ്യതയുണ്ടെങ്കിൽ ബാക്കി േഡാസുകൾ കഴിക്കുക.

∙ ഇത്തരം ഗുളികകൾ ഗർഭനിരോധനത്തിനു സഹായിക്കില്ല. അതിനു പ്രത്യേകം ഗുളിക വേറെ കഴിക്കേണ്ടി വരും.

വിവരങ്ങൾക്ക് കടപ്പാട്
േഡാ. പി. എ. ലളിത, സ്ത്രീേരാഗ
ചികിത്സാ വിദഗ്ധ