Saturday 02 November 2024 05:19 PM IST

പക്ഷിക്കാഷ്ഠവും മൃഗരോമങ്ങളും ശ്വാസകോശപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമോ?

Asha Thomas

Senior Sub Editor, Manorama Arogyam

bird43243

കോവിഡ് കാലത്തും അതിനു ശേഷവും ജീവിതമാർഗമായും വെറുതെയൊരു മാനസികോല്ലാസത്തിനു വേണ്ടിയും വളർത്തുന്ന ശീലം പുതിയതായി പലരും തുടങ്ങിയിട്ടുണ്ട്. പൂച്ച, പട്ടി പോലെ സാധാരണ വളർത്തുന്ന മൃഗങ്ങളെ കൂടാതെ പ്രാവുകൾ, ലൗ ബേഡ്സ്, വിവിധതരം അലങ്കാര പക്ഷികൾ എന്നിവയേയും ഇങ്ങനെ വളർത്തുന്നുണ്ട്. ഇതുകൊണ്ടാകാം കോവിഡിനു ശേഷം പക്ഷികളുമായും മറ്റും ബന്ധപ്പെട്ടു ശ്വാസകോശപ്രശ്നങ്ങളെ കുറിച്ചു നാം കൂടുതലായി കേൾക്കുന്നത്.

മൃഗരോമം ചിലർക്ക് അലർജിപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നതുപോലെ പക്ഷികളുടെ കാഷ്ഠവും അലർജി പ്രവണത ഉള്ളവരിൽ വലിയ തോതിൽ പ്രശ്നങ്ങൾക്കു കാരണമാകാം. മുൻപു സൂചിപ്പിച്ചതുപോലെ കൊറോണ വൈറസിന്റെ ആക്രമണത്തിനു വിധേയമായ ശ്വാസകോശം ഇത്തരം അലർജനുകളോടു അതീതീവ്രമായ പ്രതികരണം കാണിക്കുന്നതുമാകാം.

പെറ്റ് ഡാൻഡർ ആണു പ്രധാനമായും അലർജിയുണ്ടാക്കുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയും രോമത്തിൽ നിന്നോ തൂവലിൽ നിന്നോ പൊഴിയുന്ന ചർമകോശങ്ങളിൽ നിന്നാണ് പെറ്റ് ഡാൻഡർ വരുന്നത്. ഇതു കൂടാതെ മൃഗങ്ങളുടെ ഉമിനീർ, മൂത്രം, വിസർജ്യങ്ങൾ എന്നിവയിൽ കാണുന്ന പ്രോട്ടീനിനോടും അലർജി വരാം. പക്ഷികളുടെ തൂവലിൽ കാണുന്ന ഒരുതരം പ്രോട്ടീനുകളും അലർജിക്കു കാരണമാകാം.

ഇത്തരം അലർജനുകൾ അതിസൂക്ഷ്മവും ആയതിനാൽ അന്തരീക്ഷത്തിൽ ഏറെ നേരം തങ്ങിനിൽക്കാം. ഇവ വായുവിലൂടെ തുണികളിലും ബെഡിലും ഫർണിച്ചറിലുമെല്ലാം എത്തി അവിടെ തങ്ങിനിന്നു പ്രശ്നമുണ്ടാക്കാം.

പെറ്റ് അലർജി ഉള്ളവരിൽ മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മൽ, കണ്ണു ചൊറിച്ചിൽ , കണ്ണിൽ വെള്ളം നിറയുക, ശ്വാസതടസ്സം എന്നീ പ്രശ്നങ്ങൾ വരാം. ആസ്മ പ്രശ്നമുള്ളവരിൽ ഡാൻഡർ അസുഖം തീവ്രമാകാൻ ഇടയാക്കാം.

ഇത്തരം അലർജിക്കു ജനിതകമായി സാധ്യതയുള്ള അപൂർവം ചിലരിൽ ഇത് ശ്വാസകോശത്തിനു പരിഹരിക്കാനാകാത്ത നാശം വരുത്താം.

അരുമകളുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണു പെറ്റ് അലർജിയും തന്മൂലമുള്ള ശ്വാസകോശ പ്രശ്നങ്ങളും ഒഴിവാക്കാനുള്ള പ്രധാനമാർഗം. അതു സാധ്യമല്ലെങ്കിൽ കിടപ്പുമുറിയിലും ഫർണിച്ചറുകളിലുമൊക്കെ ഇവയെ കയറ്റുന്നത് ഒഴിവാക്കുക. അരുമകളെ വീട്ടിൽ വളർത്തുന്നവർ ഇടയ്ക്കിടെ മുറിയും ഫർണിച്ചറുകളും കാർപെറ്റുമെല്ലാം വൃത്തിയാക്കുക. പൂച്ചയേയും പക്ഷികളയുമൊക്കെ അലർജി പ്രകൃതമുള്ള കുട്ടികൾ താലോലിക്കാൻ ഇടയായാൽ ഉടൻ തന്നെ കൈ കഴുകിക്കുകയോ കുളിപ്പിക്കുകയോ ചെയ്യുക.

പക്ഷിക്കാഷ്ടം പ്രശ്നം, വടുക്കളും ശ്വാസകോശ നാശവും വരാം

∙ അരുമപക്ഷികളിൽ നിന്നുള്ള ഒരു അപകടമാണ് സിറ്റക്കോസിസ് എന്ന രോഗാവസ്ഥ. പ്രാവുകൾ, തത്തകൾ, ടർക്കി എന്നിവയിൽ നിന്നൊക്കെ മനുഷ്യരിലേക്കു പകരുന്ന രോഗമാണിത്. ക്ലമീഡിയ സിറ്റാക്കി (Chlamidiya Psittaci) എന്ന ബാക്ടീരിയയാണു രോഗകാരണം. പക്ഷികളുടെ ഉണങ്ങിയ കാഷ്ഠത്തിൽ നിന്നുമുള്ള പൊടി വായുവിൽ കലർന്നതു ശ്വസിക്കുന്നതാണു കാരണം.

∙ പക്ഷിക്കാഷ്ഠത്തിലുള്ള വൈറസുകളും ബാക്ടീരിയയും ഫംഗസുമൊക്കെ ശ്വാസകോശത്തിനു പരിഹരിക്കാനാകാത്ത നാശം വരാം. ശ്വാസകോശത്തിൽ വടുക്കളുണ്ടാകുന്ന ലങ് ഫൈബ്രോസിസ്, ഇന്റർസ്റ്റീഷൽ ലങ് ഡിസീസ് എന്നിവയ്ക്കും ഇതിടയാക്കാം.

∙ പക്ഷിക്കാഷ്ഠം, തൂവലുകൾ എന്നിവയിലുള്ള ചിലതരം പ്രോട്ടീനുകളോടുള്ള അലർജി കാരണം ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണൈറ്റിസ് വരാം. ബേഡ് ഫാൻസിയേഴ്സ് ഡിസീസ് എന്നും ഇതിനു പറയുന്നു. കടുത്ത ശ്വാസതടസ്സം, വരണ്ട ചുമ, ക്ഷീണം എന്നിവയാണു ലക്ഷണങ്ങൾ. ഇതിപ്പോൾ വളരെ കൂടുതലായി കാണുന്നുണ്ട്.

∙ പക്ഷികാഷ്ഠത്തിൽ നിന്നുള്ള ഫംഗസ് കാരണം ശ്വാസകോശത്തിൽ സ്ഥിരമായ വടുക്കളും ശ്വസനപരാജയവും മരണവും വരെ സംഭവിക്കാം. ഈ രോഗാവസ്ഥയ്ക്കു ഹിസ്േറ്റാപ്ലാസ്മോസിസ് എന്നു പറയുന്നു.

അരുമപക്ഷികളിൽ നിന്നുള്ള രോഗപ്പകർച്ച ഒഴിവാക്കാൻ പക്ഷിക്കൂടിനു ചുറ്റുപാടുമായി കാഷ്ഠം കെട്ടിക്കിടന്ന് ഉണങ്ങുന്നത് ഒഴിവാക്കുക. സമയാസമയങ്ങളിൽ വിസർജ്യം നീക്കിക്കളഞ്ഞ് കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കാഷ്ഠം നീക്കുമ്പോൾ കയ്യുറകളും മാസ്കും ധരിക്കുക.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. എ. ഫത്താഹുദ്ദീൻ, തലവൻ, ശ്വാസകോശരോഗവിഭാഗം, മെഡി. കോളജ്, തിരുവനന്തപുരം

Tags:
  • Manorama Arogyam