Saturday 28 October 2023 03:45 PM IST : By ഡോ. അരുൺ ബി. നായർ

മെനുസ്ട്രുവൽ കപ്പ് ഉപയോഗിച്ചാൽ കന്യാചർമം പൊട്ടിപ്പോകുമോ? സ്വയംഭോഗം തെറ്റാണോ? സെക്സ്, കൗമാരം ചോദിക്കുന്നത്...

sex-teennn87g

കൗമാരക്കാരിൽ ശാരീരികമായ വളർച്ചയെകുറിച്ചും ലൈംഗികതയെകുറിച്ചുമൊക്കെ ധാരാളം സംശയങ്ങളും ആശങ്കകളുമുണ്ട്. പലപ്പോഴും തെറ്റായ വിവരങ്ങൾ വഴി അബദ്ധത്തിലും ചെന്നു ചാടാറുണ്ട്. ആ പ്രായക്കാർ പൊതുവായി ചോദിക്കുന്ന ചില സംശയങ്ങളും അവയ്ക്കുള്ള വിദഗ്ധ മറുപടികളും അറിയാം.

1. സ്വയംഭോഗം തെറ്റാണോ? ഭാവി ജീവിതത്തെ ബാധിക്കുമോ?

കൗമാര പ്രായത്തിൽ സ്വയം ഉത്തേജിപ്പിക്കാൻ വേണ്ടി വ്യക്തികൾക്കു തിരഞ്ഞെടുക്കാവുന്ന ഏറ്റവും അപകടരഹിതമായ മാർഗം എന്നാണു ലോകാരോഗ്യ സംഘടന സ്വയംഭോഗത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇതിനെക്കുറിച്ച് ഒരുതരത്തിലുള്ള പാപബോധവും ആവശ്യമില്ല. എന്നാൽ ‘അധികമായാൽ അമൃതും വിഷം’, എന്നു പറഞ്ഞതുപോലെ ദിവസേന ഒട്ടേറെ തവണ  ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട ചിന്തകളിൽ മുഴുകി പഠനത്തിന് ആവശ്യമായ സമയം നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നത് ആരോഗ്യകരമല്ല. ഇതു ചെയ്തശേഷം കുറ്റബോധം തോന്നി മാനസികനില മോശമാകുന്നതും ആരോഗ്യകരമായ അവസ്ഥയല്ല. സാധാരണഗതിയിൽ വല്ലപ്പോഴും സ്വയംഭോഗം ചെയ്യുന്നതു ഭാവിയിൽ ദാമ്പത്യ ജീവിതത്തെ ഒരുതരത്തിലും ദോഷകരമായി ബാധിക്കില്ല. എന്നാൽ ഇതൊരു അടിമത്തമായി മാറിയാൽ നിയന്ത്രിക്കേണ്ടതുണ്ട്.

2. സോഷ്യൽ മീഡിയയിലും മറ്റുമായി ധാരാളം അശ്ലീല വിഡിയോകൾ ലഭിക്കുന്നു. ഇതു കാണുന്നതു തെറ്റാണോ?

സാമൂഹിക മാധ്യമങ്ങളിൽ ലൈംഗിക സ്വഭാവമുള്ള ധാരാളം വിഡിയോകൾ പങ്കുവയ്ക്കപ്പെടാറുണ്ട്. കൗമാരത്തിൽ ഇത്തരം വിഡിയോകൾ കാണാൻ കൗതുകം തോന്നുക സ്വാഭാവികമാണ്. എന്നാൽ ദിവസവും മണിക്കൂറുകളോളം ഇതിനുവേണ്ടി ചെലവിടുന്ന സാഹചര്യം ആരോഗ്യകരമല്ല. ഇത്തരം ദൃശ്യങ്ങൾ കാണാതെ ഇരുന്നാൽ തീവ്രമായ അസ്വസ്ഥത അനുഭവപ്പെടുന്ന അവസ്ഥയെ ‘സ്വഭാവ സംബന്ധമായ അടിമത്തം’ (Be havioural addiction)  എന്നാണു വിശേഷിപ്പിക്കുന്നത്. ഇത്തരം അടിമത്തത്തിലേക്ക് എത്തിയാൽ മാനസികാരോഗ്യ  വിദഗ്ധന്റെ സ ഹായത്തോടെ അതിൽ നിന്നു പുറത്തുവരാൻ ശ്രമിക്കണം. ഇടയ്ക്കൊക്കെ ഇ ത്തരം രംഗങ്ങൾ കാണാൻ താൽപര്യം തോന്നുന്നതു തീർത്തും സ്വാഭാവികം ആണെങ്കിലും ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കുന്നത് അല്ലെങ്കിൽ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഇൻഫർമേഷൻ ടെക്നോളജി നിയമം 67(A)  വകുപ്പ് പ്രകാരം കുറ്റകരമാണ് എന്ന യാഥാർഥ്യവും കൗമാരപ്രായക്കാർ അറിഞ്ഞിരിക്കണം.

3. ക്ലാസ്സിൽ എല്ലാവർക്കും ലൈനുണ്ട്. എനിക്കും ഒരാളെ പ്രണയിച്ചാൽ കൊള്ളാമെന്നുണ്ട്. ഇതു തെറ്റാണോ?

കൗമാരപ്രായത്തിൽ പ്രണയം തോന്നുന്നതു തീർത്തും സ്വാഭാവികമാണ്. പ്രത്യേകിച്ചും സഹപാഠികൾക്ക് പ്രണയമുള്ളപ്പോൾ നമുക്കും ആ വഴി നീങ്ങാനുള്ള പ്രചോദനം സ്വാഭാവികമായും ഉ ണ്ടാകും. എന്നാൽ കൗമാരത്തിൽ തോന്നുന്ന പ്രണയങ്ങൾ പലതും ആഴത്തിലുള്ളവ ആകണമെന്നില്ല. ഒരു വ്യക്തിയുടെ ബാഹ്യമായ സൗന്ദര്യം അല്ലെങ്കിൽ പെരുമാറ്റത്തിലെ ഉപരിപ്ലവമായ ചില സവിശേഷതകൾ കണ്ടിട്ട് അതിനോടു തോന്നുന്ന കേവലമായ ആകർഷണം മാത്രമാണ്. താൻ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ സ്വഭാവത്തിന്റെ എല്ലാ സവിശേഷതകളും മനസ്സിലാക്കി, പ്രത്യേകിച്ച് അയാളുടെ സ്വഭാവത്തിലെ പരിമിതികളും വൈകല്യങ്ങളും അയാളുടെ രോഗാവസ്ഥകളും ഒക്കെ തിരിച്ചറിഞ്ഞ് അയാളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കാനുള്ള കഴിവാണു യഥാർത്ഥ പ്രണയം.

പലപ്പോഴും കൗമാരത്തിൽ പുറമേ കാണുന്ന വർണപ്പകിട്ടുകൾക്കപ്പുറം ജീവിതത്തിലെ ഗൗരവമുള്ള പ്രതിസന്ധികളെ കുറിച്ചു ചിന്തിക്കാൻ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ പ്രണയം  തോന്നുന്നതിൽ തെറ്റില്ലെങ്കിലും, ഒരു വ്യക്തിയോടു പൂർണമായി വൈകാരികമായി അടിമപ്പെട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കണം. മറ്റുള്ളവർ ചെയ്യുന്നതു ക ണ്ട് അവരെ അനുകരിക്കുന്ന രീതിയിലേക്കു  പോകുന്നത് ആരോഗ്യകരമല്ല. മറിച്ച്, നമുക്കു  സന്തോഷം ലഭിക്കുന്ന  കാര്യങ്ങളിലേക്കു ശ്രദ്ധ തിരിക്കാം. വ്യായാമം, കലാകായിക പ്രവർത്തനങ്ങൾ, സൗഹൃദ കൂട്ടായ്മകൾ എന്നിവയിൽ   ശ്രദ്ധ പതിപ്പിച്ച് അനാവശ്യ പ്രലോഭനങ്ങളെ  മറികടക്കാം.

4. ഈ പ്രായത്തിൽ തോന്നുന്ന പ്രണയം മെല്ലെ ലൈംഗികതയിലേക്കു നീങ്ങുന്നതിൽ തെറ്റുണ്ടോ?

കൗമാര പ്രായത്തിൽ തോന്നുന്ന പ്രണയം ക്രമേണ ലൈംഗികചിന്തയിലേക്കു മാറാം. എന്നാൽ പ്രായപൂർത്തിയാകുന്നതിനു മുൻപുള്ള ലൈംഗികബന്ധം നിയമപരമായ പ്രശ്നങ്ങളോടൊപ്പം ത ന്നെ സാമൂഹികമായ വിഷയങ്ങളും സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇന്ത്യൻ നിയമം പ്രകാരം 18 വയസ്സ് തികയാത്ത ആ ളുകൾക്കു ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള സമ്മതം നൽകാൻ സാധ്യമല്ല.

ചെറുപ്രായത്തിൽ ഉണ്ടാകുന്ന ലൈംഗിക ബന്ധം പലപ്പോഴും സുരക്ഷിതമാകാൻ സാധ്യത കുറവാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന എച്ച്ഐവി പോലെയുള്ള രോഗങ്ങളും അനാവശ്യഗർഭധാരണവും ഒക്കെ കൗമാരപ്രായത്തിലെ ലൈംഗികബന്ധങ്ങളുടെ ഫലമായി ഉണ്ടാകാറുണ്ട്. ഈ കാരണം കൊണ്ടുതന്നെ പ്രായപൂർത്തിയാകുന്നതിനു മുൻപുള്ള ലൈംഗികബന്ധങ്ങളിൽ നിന്നു പൂർണമായി അകന്നു നിൽക്കുന്നതാണ് അഭികാമ്യം. പലപ്പോഴും ചൂഷണങ്ങൾക്കു വിധേയമാകുന്ന ഘട്ടമാണിത്.

5. പരിചയമുള്ള സ്ത്രീകളെയും സ്ത്രീ ദൈവങ്ങളെയുമൊക്കെ ചേർത്തു മോശം കാര്യങ്ങൾ വിചാരിച്ചുപോകുന്നു. ഇതു രോഗമാണോ?

ലൈംഗിക ചിന്തകൾ മനസ്സിൽ തോന്നുന്നതും അവ ആസ്വദിക്കുന്നതും സ്വാഭാവികമാണ്. എന്നാൽ രക്തബന്ധത്തിലുള്ള ആളുകളെ കുറിച്ച് അല്ലെങ്കിൽ ദൈവങ്ങളെക്കുറിച്ചു ലൈംഗികസ്വഭാവമുള്ള ദൃശ്യങ്ങൾ മനസ്സിൽ ആവർത്തിച്ചു കടന്നു വരുന്നതും അതേത്തുടർന്നു കടുത്ത കുറ്റബോധം തോന്നുന്നതും ഒരുപക്ഷേ ‘  ഒബ്സസീവ്  കംപൽസീവ്  ഡിസോഡർ’  അഥവാ  ഒ സി ഡിയുടെ ലക്ഷണം ആകാം. യഥാർത്ഥത്തിൽ നടന്നിട്ടില്ലാത്ത തരത്തിലുള്ള ചില ദൃശ്യങ്ങൾ അഥവാ ചിന്തകൾ ആവർത്തന സ്വഭാവത്തോടെ മനസ്സിലേക്കു കടന്നു വരികയും അവ കഠിനമായ ഉത്കണ്ഠ ജനിപ്പിക്കുകയും ആ ഉത്കണ്ഠ മറികടക്കാൻ ആവർത്തന സ്വഭാവമുള്ള ചില പ്രവൃത്തികളോ ചിന്തകളോ മനസ്സിൽ കൊണ്ടുവരികയും ചെയ്യുന്ന അവസ്ഥയാണ് ഒ സി ഡി. ഇതു തീർച്ചയായും ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്നമാണ്.

ഈ ബുദ്ധിമുട്ട് ഉള്ളവർക്കു തലച്ചോറിലെ  സിറട്ടോണിൻ എന്ന രാസവസ്തുവിന്റെ അളവിൽ വ്യതിയാനങ്ങൾ ഉള്ളതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചെറുപ്രായത്തിൽ ലൈംഗിക അനുഭവങ്ങൾ ഉണ്ടായിട്ടുള്ള വ്യക്തികൾക്കും ഇത്തരം പ്രശ്നങ്ങൾ വ രാനുള്ള സാധ്യത കൂടുതലാണ്. ഒരു മനോരോഗ വിദഗ്ധന്റെ സഹായത്തോടെ തലച്ചോറിലെ രാസവസ്തുക്കളുടെ അളവുകൾ ക്രമീകരിക്കാനുള്ള മരുന്നുകളും, ചിന്താവൈകല്യങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന മനശ്ശാസ്ത്ര ചികിത്സകളും സംയോജിപ്പിച്ച് ഉപയോഗിച്ചാൽ ഈ രോഗാവസ്ഥ നിയന്ത്രിക്കാം.

6. സുഹൃത്ത് ഒരു വൈബ്രേറ്റർ ഒാൺലൈനിൽ വാങ്ങി ഉപയോഗിക്കുന്നുണ്ട്. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതു കൊണ്ട് അപകടമുണ്ടോ?

കൗമാരപ്രായക്കാരും യുവാക്കളും സ്വയം ലൈംഗികമായി ഉത്തേജിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഉപാധികളി ൽ ഒന്നാണ് വൈബ്രേറ്റർ. ലൈംഗികാസ്വാദനത്തോടൊപ്പം ഇടുപ്പു ഭാഗത്തെ പേശികളുടെ ക്ഷമത വർധിപ്പിക്കാനും ഇതു സഹായിക്കും എന്നു ചില പഠനങ്ങൾ പറയുന്നുണ്ട്. എന്നാൽ ശുചി അല്ലാത്ത വൈബ്രേറ്റർ ഉപയോഗിക്കുന്നതു പലപ്പോഴും ഗുഹ്യരോഗങ്ങൾക്കും മൂത്രാശയ അണുബാധയ്ക്കും കാരണമായേക്കാം. ഈ യന്ത്രത്തിന്റെ ഉപയോഗത്തെക്കുറിച്ചു ശാസ്ത്രീയമായ ധാരണ ഇല്ലാത്ത പക്ഷം  ഗുഹ്യമേഖലയിൽ പരുക്കുകൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ദിവസേന ദീർഘനേരം ഇത് ഉപയോഗിക്കുന്നത് ഒരു സ്വഭാവസംബന്ധമായ അടിമത്തം ആയി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

7. കാമുകൻ നഗ്നചിത്രങ്ങൾ അയച്ചുകൊടുക്കാനും നഗ്ന വിഡിയോ കോൾ ചെയ്യാനുമൊക്കെ നിർബന്ധിക്കുന്നു. ഇല്ലെങ്കിൽ അവനെ എനിക്കു നഷ്ടപ്പെടുമെന്നു പറയുന്നു?

ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചു സ്വന്തം നഗ്നചിത്രങ്ങൾ പകർത്തി മറ്റൊരാൾക്ക് അയച്ചുകൊടുക്കുന്നത് ആരോഗ്യകരമായ രീതിയല്ല. പല കാരണങ്ങൾ കൊണ്ട് ഈ ചിത്രങ്ങൾ ചോർന്നു മറ്റുള്ളവരുടെ കയ്യിലെത്താൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, കാമു കന്റെ മൊബൈൽഫോൺ കേടു വന്ന് അതു നന്നാക്കാൻ കൊടുക്കുന്ന സാഹ ചര്യത്തിൽ മൊബൈലിൽ നിന്ന് ഇത്തരം ചിത്രങ്ങൾ എടുക്കാൻ സാധിച്ചേക്കും. മാത്രമല്ല നഗ്നചിത്രങ്ങൾ കൈവശം വച്ചുകൊണ്ടു നിങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യാൻ കാമുകന് എളുപ്പമായിരിക്കും. പലപ്പോഴും ഈ ചിത്രങ്ങൾ മറ്റുള്ളവർ കാണാതിരിക്കാൻ വേണ്ടി അയാൾ പറയുന്ന പല കാര്യങ്ങൾക്കും വഴങ്ങേണ്ടിവന്നേക്കാം.

ഇതിനൊക്കെ ഉപരിയായി ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ  സെക്ഷൻ 67(A)  പ്രകാരം നഗ്നചിത്രങ്ങൾ എടുക്കുന്നതോ മറ്റൊരാൾക്ക് ഡിജിറ്റൽ രൂപത്തിൽ  അയച്ചുകൊടുക്കുന്നതോ നിയമപരമായി കുറ്റകൃത്യമാണ്. നഗ്നചിത്രങ്ങൾ അയച്ചു കൊടുത്തില്ലെങ്കിൽ ഉപേക്ഷിച്ചു പോകുമെന്നു ഭീഷണിപ്പെടുത്തുന്ന കാമുകൻ നല്ലൊരു വ്യക്തിയാണെന്നു ചിന്തിക്കാൻ പ്രയാസമാണ്. ഇയാൾ നാളെ മറ്റു കാര്യങ്ങൾ പറഞ്ഞു നിങ്ങളെ ഭീഷണിപ്പെടുത്തുകയില്ല എന്ന് യാതൊരു ഉറപ്പുമില്ല. ഇത്തരം സന്ദർഭങ്ങളിൽ ‘സ്വഭാവ ദൃഢത’ പ്രദർശിപ്പിച്ചുകൊണ്ട്,  നഗ്നചിത്രങ്ങ ൾ അയച്ചു തരാൻ സാധ്യമല്ല എന്ന് ഉറപ്പിച്ചു പറയുക.

8. മെനുസ്ട്രുവൽ കപ്പ് ഉപയോഗിച്ചാൽ കന്യാചർമം പൊട്ടിപ്പോകുമോ?

ആർത്തവകാലത്ത് കൗമാരപ്രായക്കാർക്ക് ഉപയോഗിക്കാവുന്ന ഏറെ സുരക്ഷിതവും ഉപയോഗപ്രദവുമായ സംഗതിയാണ് മെനുസ്ട്രുവൽ കപ്പ്. സാധാരണഗതിയിൽ ശരിയായി മെനുസ്ട്രുവൽ  കപ്പ് ഉപയോഗിക്കുന്നത് കന്യാചർമം പൊട്ടാൻ കാരണമാകാറില്ല. എന്നാൽ കൗമാരപ്രായക്കാർ അവർക്ക് അനുയോജ്യമായ ആകൃതിയിലും വലുപ്പത്തിലുമുള്ള കപ്പ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

9. ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും പല കാര്യങ്ങളും സംസാരിക്കാറുണ്ട്. ചില ആൺകുട്ടികൾ സെക്സ് ജോക്സ് പറയുന്നു. എങ്ങനെയാണു പ്രതികരിക്കേണ്ടത്?

ആധുനികകാലത്ത് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നു കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതു സാധാരണമാണ്. നിങ്ങൾക്കു വിശ്വാസമുള്ള കൂട്ടുകാരോടൊപ്പം ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നതിനും ഇത്തരം തമാശകൾ കേൾക്കുമ്പോൾ  ചിരിക്കുന്നതിനും ബുദ്ധിമുട്ടുതോന്നേണ്ടതില്ല. എന്നാൽ സമൂഹത്തിൽ സ്ത്രീകളെക്കുറിച്ചു നിലനിൽക്കുന്ന ചില മുൻവിധികളിൽ പ്രധാനപ്പെട്ട ഒന്നാണ് ലൈംഗിക തമാശകൾ കേൾക്കുമ്പോൾ ചിരിക്കുന്ന പെൺകുട്ടി മോശം സ്വഭാവക്കാരിയാണ് എന്നത്. എന്നാൽ ഇത്തരം മുൻവിധികളെ തിരസ്കരിക്കാൻ വേണ്ട അറിവും അവബോധവും ഉള്ള യുവതലമുറയ്ക്ക് ഇതൊരു പ്രശ്നമാകാൻ സാധ്യതയില്ല. എന്നാലും വ്യക്തിപരമായ സുരക്ഷിതത്വത്തെ കരുതി നമുക്കു പൂർണമായും വിശ്വാസം ഉള്ള ആളുകളോടൊപ്പം സംസാരിക്കുമ്പോൾ മാത്രം ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ ശ്രദ്ധിക്കുക.

10. ചുംബിക്കുകയും ശരീരത്തിൽ സ്പർശിക്കുകയുമൊക്കെ ചെയ്യുന്നതുവഴി ലൈംഗികരോഗങ്ങൾ പകരുമോ?

നിങ്ങളുടെ അനുമതിയില്ലാതെ കാമുകൻ സ്പർശിക്കുന്നത് അനുവദിക്കേണ്ട കാര്യമല്ല. കാരണം ശാരീരിക ബന്ധത്തിൽ ‘ഉഭയ കക്ഷി സമ്മതം’ എന്ന സംഗ തിക്കു വലിയ പ്രസക്തിയുണ്ട്. ശരീരത്തിൽ സ്പർശിക്കുന്നതു വഴി ലൈംഗികരോഗങ്ങൾ  പകരില്ല. എന്നാൽ ചുണ്ടുകൾ ചേർത്തുള്ള ചുംബനം വഴി ഒരാളുടെ വദനഭാഗത്തുള്ള അണുബാധ മറ്റേയാളിലേക്കു പകരാൻ സാധ്യതയുണ്ട്. എച്ച്ഐവി പോലെയുള്ള ഗൗരവസ്വഭാവമുള്ള ലൈംഗിക രോഗങ്ങൾ ഇ ങ്ങനെ പകരാൻ സാധ്യത കുറവാണ്. എ ന്നാൽ ചുംബനത്തിനിടയിൽ ഇരുവരുടെയും രക്തമോ ഉമിനീരോ പരസ്പരം കലരുന്ന സാഹചര്യം ഉണ്ടായാൽ ഇത്തരം രോഗങ്ങൾ പകരാം.

11. സ്വപ്നസ്ഖലനം എന്നാലെന്താണ്? ഇത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമോ?

സ്വപ്നസ്ഖലനം കൗമാരപ്രായക്കാരനായ ആൺകുട്ടിയുടെ ലൈംഗിക വികസനത്തിന്റെ ഭാഗമായി സ്വാഭാവികമായി സംഭവിക്കാവുന്ന കാര്യമാണ്. കൗമാരപ്രായത്തിൽ ശരീരത്തിൽ ഹോർമോണുകളുടെ അളവിൽ വ്യത്യാസം ഉ ണ്ടാകുമ്പോൾ അതിന് ആനുപാതികമായി പ്രജനന അവയവങ്ങളുടെ വളർച്ചയും ഉണ്ടാകും. ലൈംഗിക ഉത്തേജനവും ലൈംഗിക സ്വഭാവമുള്ള കിനാവുകളും ഒക്കെ ഈ പ്രായത്തിൽ സാധാരണമായതുകൊണ്ടു തന്നെ സ്വപ്നസ്ഖലനവും സംഭവിച്ചേക്കാം. സ്വപ്നസ്ഖലനം കൊണ്ട് ആരോഗ്യത്തിനു യാതൊരു പ്രശ്നവും ഒരു സാഹചര്യത്തിലും ഉണ്ടാകാറില്ല. ലൈംഗികശേഷി കുറയും എന്ന മട്ടിലുള്ള പ്രചാരണങ്ങൾ ഒക്കെ വെറും കളവാണ്.

12. ഡേറ്റിങ് ശരിയാണോ? ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് അപകടമാണോ?

ഡേറ്റിങ് എന്നത് കൗമാരപ്രായത്തിലുള്ള വ്യക്തികൾക്ക് ഇണകളെ തിരഞ്ഞെടുക്കാനായി പാശ്ചാത്യ ലോകത്തു നിലനിൽക്കുന്ന ഒരു സ്വാഭാവിക രീതിയാണ്. ആധുനികകാലത്ത് ഇതിനു സഹായിക്കുന്ന ഡേറ്റിങ് ആപ്പുകളും നിലവിലുണ്ട് ഡേറ്റിങ് അല്ലെങ്കിൽ ഡേറ്റിങ് ആപ്പുകളുടെ ഉപയോഗം തെറ്റാണെന്നു പറയാനാകില്ല. എന്നാൽ വളരെ ജാഗ്രതയോടെ വേണം ഇത്തരം ആപ്പുകൾ ഉപയോഗിക്കാൻ.

പലപ്പോഴും യഥാർത്ഥ പേരോ വിവരങ്ങളോ മറച്ചുവച്ചുകൊണ്ട് വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കാൻ സാധിക്കും.  ഡേറ്റിങ് ആപ്പ് വഴി ചാറ്റ് ചെയ്യുന്ന വ്യക്തി യഥാർത്ഥത്തിൽ അയാൾ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ നിവൃത്തിയില്ല. ചിലരെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കാറുണ്ട്. ഇക്കാരണം കൊണ്ട് തന്നെ 18 വയസ്സ് തികയുന്നതിനു മുൻപ് ഇത്തരം ആപ്പുകൾ ഉപയോഗിക്കാതിരിക്കുക.

പ്രായപൂർത്തിയായ ശേഷം ഉപയോഗിക്കുകയാണെങ്കിലും താൻ ഇത്തരത്തിൽ പരിചയപ്പെടുന്ന വ്യക്തികളെക്കുറിച്ച് വീട്ടുകാരുടെയോ കൂട്ടുകാരുടെയോ ഇടയിൽ നിങ്ങൾക്കു വിശ്വാസമുള്ള ആരോടെങ്കിലും പറയുന്നതു നന്നായിരിക്കും. സാമ്പത്തിക തട്ടിപ്പുകൾ അടക്കം പലതും ഡേറ്റിങ് ആപ്പുകൾ ഉപയോഗിച്ച് നടത്തുന്നുണ്ട്.  ഒരു കാരണവശാലും നഗ്നചിത്രങ്ങളോ  വിഡിയോകളോ  അയയ്ക്കുകയോ വിഡിയോ കോളിൽ സ്വന്തം നഗ്നത പ്രദർശിപ്പിക്കുക
യോ ചെയ്യാതിരിക്കുക.

13. വസ്ത്രധാരണത്തിൽ സാമൂഹിക മര്യാദ നോക്കണമെന്ന് അമ്മ നിർബന്ധം പിടിക്കുന്നു. ഇഷ്ടമുള്ള വേഷം ധരിക്കുന്നതിൽ എന്താണു തെറ്റ്?

വ്യക്തിപരമായ അവകാശങ്ങൾക്ക് ഏ റെ പ്രാധാന്യം കൊടുക്കുന്ന ഒരു കാലമാണിത്. ഈ കാലഘട്ടത്തിൽ അവനവന് അനുയോജ്യം എന്നു തോന്നുന്ന വസ്ത്രം ധരിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. എന്നാൽ നിങ്ങൾ ധരിക്കുന്ന  വസ്ത്രം നിയമപരമായി പൊതുജന ശാന്തതയ്ക്കു ഭംഗം  വരുത്തുന്നത് ആകരുത് എന്ന് മാത്രം. മോഡേൺ ആയ വസ്ത്രങ്ങൾ ധരിക്കാൻ എല്ലാ അവകാശങ്ങളും ഉള്ളപ്പോൾ തന്നെ നിങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ ചില യാഥാർഥ്യങ്ങൾ മനസ്സിലാക്കുന്നതും നല്ലതാണ്. ഉദാഹരണത്തിന് ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന വസ്ത്രധാരണ രീതിയെ  അവമതിപ്പോടു മാത്രം കാണുന്ന ഒരു സമൂഹത്തിലാണു ജീവിക്കുന്നത് എങ്കിൽ നിങ്ങളുടെ വസ്ത്രധാരണ രീതിയെ കുറിച്ച് മറ്റുള്ളവർ പറയുന്ന അഭിപ്രായപ്രകടനങ്ങൾ നിങ്ങൾക്ക് അലോസരമുണ്ടാക്കിയേക്കും.

ഇത്തരം അഭിപ്രായപ്രകടനങ്ങളെ സ്വഭാവദൃഢതയോടെ,സമചിത്തതയോ ടെ നേരിടാൻ സാധിക്കുമെങ്കിൽ നിങ്ങ ൾ ആഗ്രഹിക്കുന്ന വസ്ത്രധാരണവുമായി മുന്നോട്ടു പോകാം. എന്നാൽ നിങ്ങളുടെ യഥാർത്ഥ  അഭ്യുദയകാംക്ഷികൾ ആയ വ്യക്തികളുടെ അഭിപ്രായം കൂടി ഇത്തരം കാര്യങ്ങളിൽ വിലമതിക്കുന്നത് ഒരു സാമൂഹിക ജീവി എന്നുള്ള നിലയിൽ നന്നായിരിക്കും.

ഡോ. അരുൺ ബി. നായർ

പ്രഫ. സൈക്യാട്രി വിഭാഗം

മെഡി. കോളജ്, ഒാണററി

കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, 

ശ്രീചിത്ര, തിരുവനന്തപുരം

arunb.nair@yahoo.com

Tags:
  • Manorama Arogyam