Wednesday 20 September 2023 05:04 PM IST

കണ്ണിനു വരൾച്ച, ക്ഷീണം, രുചിയില്ലായ്മ, വിഷാദം: അപൂർവരോഗമായ ഷോഗ്രൻസ് സിൻഡ്രത്തെ കുറിച്ചറിയാം

Sruthy Sreekumar

Sub Editor, Manorama Arogyam

rared2324

രോഗങ്ങൾ‍ മനുഷ്യരെ ചിലപ്പോൾ വട്ടംകറക്കാറുണ്ട്. സ്വന്തം വ്യക്‌ തിത്വം വെളിപ്പെടുത്താതെ, ലക്ഷണങ്ങൾ ഒന്നിനുമീതെ ഒന്നായി മനുഷ്യരുെട മേൽ വീഴ്ത്തി...അപൂർവമായ രോഗങ്ങളുെട പിടിയിൽ വീഴുന്നവരുെട കാര്യമാണ് കഷ്ടം. അത്തരമൊരു രോഗമാണ് ഷോഗ്രൺസ് സിൻഡ്രം (Sjogren’s Syndrome). വാതരോഗങ്ങളുെട ലക്ഷണങ്ങളുമായി സാമ്യമുള്ള ഈ രോഗം വർഷങ്ങൾ കഴിഞ്ഞാണ് തിരിച്ചറിയപ്പെടുക. പലപ്പോഴും രോഗികൾ വാതരോഗം എന്നു കരുതി വർഷങ്ങളോളം പല ചികിത്സകളും സ്വീകരിക്കും. പല ഡോക്ടർമാരുെട പക്കൽ‌ രോഗമുക്തി തേടിയെത്തും. എന്നാൽ രോഗലക്ഷണങ്ങൾ കൂടുകയല്ലാതെ കുറയുകയില്ല.

കണ്ണിൽ പുകച്ചിൽ, വായ വരളുക തുടങ്ങി നമ്മൾ നിസ്സാരമാക്കുന്ന ലക്ഷണങ്ങൾ ഈ രോഗത്തിന്റെ സൂചനകളാണ്. മാത്രമല്ല ഗുരുതരമായ ഒട്ടേറെ സങ്കീർണതകളും ഈ രോഗം കാരണം വരാം. എല്ലാതരത്തിലും വ്യക്തിയുെട ജീവിതം ദുസ്സഹമാക്കുന്ന രോഗമാണ് ഷോഗ്രൺസ് സിൻഡ്രം.

പ്രതിരോധശക്തി കുഴപ്പത്തിൽ

ഷോഗ്രൺസ് സിൻഡ്രം ഒാട്ടോ ഇമ്യൂൺ രോഗമാണ്. അതായതു നമ്മുെട ശരീരത്തിലുള്ള രോഗപ്രതിരോധ ശക്തി ശരീരത്തിലെ കോശങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന അവസ്ഥ.ഇതു പൊതുവെ 40നും 60 വയസ്സിനും ഇടയിലുള്ള സ്ത്രീകളെയാണു കൂടുതലായി ബാധിക്കുന്നത്.

സ്ത്രീകളിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം ഒരു കാരണമായി കരുതപ്പെടുന്നു. ചില വൈറസുകളും ഈ രോഗത്തിനു കാരണമായേക്കാം . ഷോഗ്രൺസ് സിൻഡ്രം രണ്ടു തരത്തിലുണ്ട്. പ്രൈമറിയും സെക്കണ്ടറിയും. പ്രൈമറി ഷോഗ്രൺസ് സിൻഡ്രമിൽ ഈ വാതരോഗം മാത്രമെ വ്യക്തികളിൽ കാണുകയുള്ളൂ. മറ്റു വാതരോഗങ്ങൾ ഉണ്ടാവുകയില്ല. സെക്കൻണ്ടറി ഷോഗ്രൺസ് സിൻഡ്രം ഉള്ളവരിൽ നേരത്തെ ചില വാതരോഗങ്ങൾ ഉണ്ടാകും. ഉദാ– റുമറ്റോയിഡ് ആർത്രൈറ്റിസ്. ഇതിനൊപ്പം ഷോഗ്രൺസ് സിൻഡ്രമിന്റെ ചില ലക്ഷണങ്ങളും കാണാം. അതായത് കണ്ണുനീര് ഇല്ലാതെയിരിക്കുക, വായിൽ ഉമിനീര് വറ്റുക പോലുള്ള ലക്ഷണങ്ങൾ.

ഷോഗ്രൺസ് സിൻഡ്രം ശരീരത്തിലെ തലമുടി മുതൽ പാ ദം വരെ ഏതു കോശത്തെയും ബാധിക്കാമെങ്കിലും പ്രധാനമായും ബാധിക്കുന്നത് കണ്ണുനീർ ഗ്രന്ഥിയായ ലാക്രിമൽ ഗ്രന്ഥിയെയും ഉമിനീർ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളായ പരോട്ടിഡ് (Parotid), സബ്മാൻഡിബുലാർ (Submandibular) ഗ്രന്ഥികളെയുമാണ്. കണ്ണുനീരിന്റെ ഉൽപാദനം കുറയുന്നതു കാരണം എപ്പോഴും കണ്ണു വരണ്ടിരിക്കുന്നതായി അനുഭവപ്പെടും. കണ്ണിനകത്ത് പുകച്ചിൽ, മണ്ണു കിടക്കുന്നതുപോലെ തരുതരുപ്പ്, വെയിലിലേക്കു നോക്കാൻ പ്രയാസം എന്നിവയാണ് ആരംഭത്തിൽ അനുഭവപ്പെടുന്ന പ്രയാസങ്ങൾ. കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ കൃഷ്ണമണിയിലും വെള്ളനിറത്തിലുള്ള ഭാഗത്തും വ്രണങ്ങൾ വരാൻ തുടങ്ങും. കണ്ണിനകത്തു ചെറിയ മുറിവു വന്നാൽ പോലും അത് ഉണങ്ങാൻ പ്രയാസമായിരിക്കും. കാഴ്ച വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

പലരും കണ്ണിനകത്ത് വരൾച്ചയോ മറ്റു പ്രശ്നങ്ങളോ വരുമ്പോൾ ഒഫ്താൽമോളജിസ്റ്റിനെയാണ് സമീപിക്കുക. ഇന്ന് കംപ്യൂട്ടറിനു മുന്നിൽ ഇരുന്നുള്ള ജോലിയും മൊബൈൽ‍ ഫോ ണിന്റെ ഉപയോഗവും കൂടിയാകുമ്പോൾ അതിന്റെ പ്രശ്നമാകാം വരൾച്ചയ്ക്കു കാരണം എന്നു ധരിക്കും. കണ്ണിലെ തരുതരുപ്പ് എന്തെങ്കിലും വസ്തു വീണതിനെ തുടർന്നാവാം എന്നു കരുതും. അതിനാൽ തന്നെ പലപ്പോഴും കണ്ണിന്റെ ലക്ഷണങ്ങൾ പലരും അവഗണിക്കാറാണ് പതിവ്. ചിലർ ചികിത്സ തേടും. എന്നാൽ കണ്ണിലെ പ്രശ്നങ്ങൾ വർഷങ്ങളായി തുടരുകയാണെങ്കിൽ ഷോഗ്രൺസ് സിൻഡ്രം ആണെന്നു സംശയിക്കേണ്ടിവരും.

വായയുെട വരൾച്ച

ഷോഗ്രൺസ് സിൻഡ്രമിൽ ഉമിനീർ ഗ്രന്ഥിയിൽ വീക്കം വരാം. ഇതിനെ തുടർന്ന് പനി, വേദന, തൊണ്ടയിൽ തടിപ്പ് എന്നിവ കാണാം. 30–40 ശതമാനം ആളുകളിൽ ഇതു വരാറുണ്ട്. ചിലരിൽ വായ്ക്കുള്ളിലെ ഉമിനീരിന്റെ അളവു കുറയും. ഭക്ഷണം ചവച്ചിറക്കാൻ ഉമിനീർ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഉമിനീരിന്റെ അളവു കുറയുമ്പോൾ ഭക്ഷണത്തിനു രുചിയില്ലായ്മ അനുഭവപ്പെടും. വായ്ക്കുള്ളിൽ ഉണ്ടാകുന്ന അണുക്കളെ നശിപ്പിക്കാനുള്ള കഴിവും ഉമിനീരിനുണ്ട്. ഈ കഴിവു കുറയുന്നതു കാരണം വായ്ക്കകത്തു നിരന്തരം അണുബാധ വരും. ഇതു മോണ, പല്ലിന്റെ വേര് എന്നിവയൊക്കെ ബാധിക്കും. പല്ലിൽ പോടും (കാവിറ്റി) വരും.

പല്ലിന്റെ പോട് അടച്ചാലും വീണ്ടും പ്രത്യക്ഷപ്പെടും. ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. ഭക്ഷണം തൊണ്ടയിൽ തടഞ്ഞു നിൽക്കുന്നതായി തോന്നും. ഈ പ്രശ്നമുള്ളവർക്കു ദ്രാവകരൂപത്തിലുള്ള ഭക്ഷണം തൊണ്ടയിലൂെട എളുപ്പം ഇറങ്ങിപോകും. എന്നാൽ കട്ടിയാഹാരത്തോടൊപ്പം ധാരാളം വെള്ളം കൂടി കൂടിച്ചെങ്കിലേ അതു തൊണ്ടയിലൂെട ഇറങ്ങൂകയുള്ളൂ. ഷോഗ്രൺസ് സിൻഡ്രം ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധിക്കാം. ഹൃദയം, വൃക്ക, നാഡീവ്യൂഹം, ശ്വാസകോശം, രക്തചംക്രമണവ്യവസ്ഥ, ചർമം, വായ തുടങ്ങിയ അവയവങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.

മാനസികമായി തളർന്നുപോകാം

ചില രോഗികൾ സന്ധിവേദന എന്ന ലക്ഷണമായിട്ടായിരിക്കും വരുക. സന്ധികളിൽ വേദന, നീർക്കെട്ട്, രാവിലെ എണീക്കുമ്പോൾ സന്ധികളിൽ മുറുക്കം തുടങ്ങിയ ലക്ഷണങ്ങളായിരിക്കും അനുഭവപ്പെടുക. ഷോഗ്രൺസ് സിൻഡ്രം ഉള്ളവർ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നവരാകും. ഈ രോഗമുള്ള പലരിലും വിഷാദം കാണപ്പെടുന്നു. ഇതു രണ്ടു കാരണങ്ങൾ കൊണ്ടു വരാം. തലച്ചോറിനുള്ളിലെ ചില പ്രവർത്തനങ്ങളെ ഈ രോഗം നേരിട്ടു ബാധിക്കാം. മറ്റൊന്നു രോഗികൾ ദിവസേന നേരിടുന്ന ബുദ്ധിമുട്ടുകൾ കാരണവും. മാംസപേശികൾക്കുള്ള വേദന, സന്ധിവേദന ഇവയെല്ലാം കാരണം മടുപ്പു അനുഭവപ്പെടും.

പലപ്പോഴും രോഗം തിരിച്ചറിയാതെ വലയുന്നവരാകും ഇവരിൽ ഭൂരിപക്ഷവും. ഉറക്കക്കുറവും അനുഭവപ്പെടും. ചില രോഗികൾക്ക് കൗൺസലിങ് വേണ്ടിവരാറുണ്ട്. കുടുംബത്തിന്റെ പിന്തുണയും രോഗികൾക്ക് അത്യാവശ്യമാണ്. രോഗികളെ പരിചരിക്കുന്നവർക്ക് രോഗത്തെ കുറിച്ച് ധാരണയുണ്ടായിരിക്കണം. കാരണം രോഗികൾ പലപ്പോഴും ഒാരോ ദിവസവും ഒാരോ ലക്ഷണമാവും പറയുക. ഷോഗ്രൺസ് സിൻഡ്രം ഉള്ളവരിൽ കടുത്ത ക്ഷീണം അനുഭവപ്പെടും. പേശികളുെട വേദന, ഹീമോഗ്ലോബിൻ കുറവ് എ ന്നിവയെല്ലാം ക്ഷീണത്തിനു കാരണമാകാം. ചില രോഗികളിൽ പേശികൾക്കു നീർക്കെട്ട് (മയോസൈറ്റിസ്), വേദന, ബലക്കുറവ് എന്നിവ വരാം. ഈ പ്രശ്നങ്ങൾ കാരണം നടക്കാനും പടികൾ കയറാനും ബുദ്ധിമുട്ട് അനുഭവപ്പെടാം. സ്ത്രീകളിലാണെങ്കിൽ മുടി കെട്ടാൻ കൈ ഉപയോഗിക്കാൻ പ്രയാസം വരാം.

പരിശോധനകൾ

രോഗനിർണയത്തിനായി എഎൻഎ (ആന്റി ന്യൂക്ലിയർ ആന്റിബോഡി ) എന്ന രക്ത പരിശോധന ചെയ്യാറുണ്ട്. 80 ശതമാനത്തോളം രോഗികളിൽ ഇതു പൊസിറ്റീവ് ആയിവരാറുണ്ട്. എന്നാൽ ഈ പരിശോധന മാത്രം വിലയിരുത്തി രോഗം സ്ഥിരീകരിക്കാൻ കഴിയില്ല. കാരണം എസ്എൽഇ, വാതരോഗങ്ങ ൾ എന്നിവയിലും എഎൻഎ പരിശോധന പൊസിറ്റീവ് ആയി വരാറുണ്ട്. എഎൻഎ പൊസിറ്റീവ് ആണെങ്കിൽ അടുത്ത ഘട്ടമായി മറ്റ് ആന്റിബോ‍ഡികളുെട പരിശോധന െചയ്യാറുണ്ട്. ഷോഗ്രൺസ് സിൻഡ്രം ആണെങ്കിൽ രക്തത്തിൽ കാണുന്ന ചില പ്രത്യേക ആന്റിബോഡികളുണ്ട്. ആന്റി എസ്എസ്എ (anti SS-A), ആന്റി എസ്എസ്ബി (anti SS-B). ഇതും പരിശോധിക്കും. കണ്ണിന്റെ വരൾച്ച നിർണയിക്കാനായി ഷെർമർ ടെസ്റ്റ് നടത്താറുണ്ട്. ഒപ്പം മറ്റ് നേത്രപരിശോധനകളും. 50 ശതമാനം രോഗികളിൽ ആന്റി എസ്എസ്എ രക്തപരിശോധന നെഗറ്റീവ് ആയിരിക്കാം. ഇവരിൽ രോഗനിർണയത്തിനായി മറ്റൊരു പരിശോധനയെ ആശ്രയിക്കേണ്ടിവരും. ചുണ്ടിനകത്തുള്ള ചെറിയ ഉമിനീർ ഗ്രന്ഥിയിൽ (മൈനർ സലൈവറി ഗ്ലാന്റ്) നിന്ന് ബയോപ്സിക്കായി സാമ്പിൾ ശേഖരിക്കും. ഉമിനീർ ഗ്രന്ഥികൾക്ക് എത്ര കേടു സംഭവിച്ചു എന്നു ഈ പരിശോധനയിലൂെട അറിയാൻ സാധിക്കും. പലപ്പോഴും രക്തപരിശോധന പൊസിറ്റീവ് ആണെങ്കിൽ ബയോപ്സിയുെട ആവശ്യം വരാറില്ല. ഉമിനീർ ഗ്രന്ഥിയുെട അൾട്രാ സൗണ്ട് സ്കാനിങ് നിർദേശിക്കാറുണ്ട്. രക്തപരിശോധനകളും കണ്ണിന്റെ പരിശോധനകളും ഷോഗ്രൺസ് സിൻഡ്രം സംശയിക്കുന്ന എല്ലാ രോഗികളിലും നിർദേശിക്കാറുണ്ട്.

ചികിത്സ രണ്ടു രീതിയിൽ

രോഗം സ്ഥിരീകരിച്ചാൽ ചികിത്സ ആരംഭിക്കും. ഗ്രന്ഥികളെ മാത്രം ബാധിച്ചാലുള്ള ചികിത്സ, ഗ്രന്ഥികൾക്കൊപ്പം മറ്റ് അവയവങ്ങളെ ബാധിച്ചാലുള്ള ചികിത്സ എന്നിങ്ങനെ രണ്ടു രീതിയിലാണ് ചികിത്സ നിശ്ചയിക്കുന്നത്. ഗ്രന്ഥികൾക്കു മാത്രം പ്രശ്നമുള്ളവരിൽ കണ്ണുനീർ ഗ്രന്ഥിയിലെ തകരാർ കാരണം കണ്ണുനീർ ഉൽപാദനം ഇല്ലെങ്കിൽ കൃത്രിമ കണ്ണുനീർ നൽകും. പലപ്പോഴും ജീവിതകാലം മുഴുവൻ ഇതു ഉപയോഗിക്കേണ്ടതായി വരാം. അതും ദിവസം മൂന്നും നാലും തവണ വരെ. ഇതു ഉപയോഗിച്ചില്ലെങ്കിൽ കണ്ണിൽ വ രൾച്ച അനുഭവപ്പെടുകയും വ്രണങ്ങൾ വരുകയും െചയ്യാം. വ്രണങ്ങൾ ചിലപ്പോൾ കാഴ്ചശക്തിയെ വരെ ബാധിച്ചുവെന്നു വരാം.

ദിനചര്യയിലും മാറ്റം നിർദേശിക്കാറുണ്ട്. എസിയുെട ഉപയോഗം പരമാവധി കുറയ്ക്കണം. കാരണം ചർമം, കണ്ണ് എന്നിവ വരളാൻ എസി കാരണമാകാറുണ്ട്. വാഹനയാത്രയിൽ സൈഡ് സീറ്റിൽ ഇരിക്കരുത്. കാരണം കാറ്റടിക്കുമ്പോൾ ക ണ്ണ് വരളാം. കാറ്റും പൊടിയും ഉള്ള കാലാവസ്ഥ ഒഴിവാക്കണം. അഥവാ അത്തരം കാലാവസ്ഥ ഉള്ള സ്ഥലത്തു പോവുകയാണെങ്കിൽ കണ്ണിന്റെ സംരക്ഷണത്തിനായി ഗോഗിൾസ് ഉപയോഗിക്കാൻ നിർദേശിക്കാറുണ്ട്.

ഉമിനീർ ഗ്രന്ഥിയിൽ പ്രശ്നമുള്ളവർ രണ്ടുനേരവും ഫ്ലൂറി ൻ അടങ്ങിയ പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് െചയ്യണം. ഉമിനീരിന്റെ പ്രവർത്തനം വർധിപ്പിക്കാനുള്ള പൈലോകാർപ്പിൻ പോലുള്ള മരുന്നുകളും നിർദേശിക്കാറുണ്ട്. മധുരമില്ലാത്ത മിഠായി നുണയുന്നത് ഉമിനീർ ഗ്രന്ഥിയെ ഉത്തേജിപ്പിക്കാറുണ്ട്. ഗ്രന്ഥികൾക്കൊപ്പം സന്ധിവേദന, കാലിലെ വ്രണങ്ങൾ, ശ്വാസകോശപ്രശ്നങ്ങൾ എന്നിവ ഉള്ളവർക്ക് സ്റ്റിറോയ്ഡ്, ഹൈ‍ഡ്രോക്സിക്ലോറോക്വിൻ, റിറ്റുക്സിമാബ് പോലുള്ള മരുന്നുകളും ഉപയോഗിക്കാറുണ്ട്. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം െചയ്യണം.

ഡോ. ഹരികൃഷ്ണൻ ജി

കൺസൽറ്റന്റ് റുമറ്റോളജിസ്റ്റ്

ഗവ. മെഡിക്കൽ കോളജ്
കോട്ടയം

drharikrishnang@gmail.com

Tags:
  • Manorama Arogyam