കല്ലും മണ്ണും മണലും അളവൊപ്പിച്ചു ചേർത്തു പണിയുമ്പോൾ കെട്ടിടങ്ങൾ പിറക്കുന്നു. അതിനൊപ്പം സ്വപ്നങ്ങളും ആദർശങ്ങളും ആശയങ്ങളും ചേരുമ്പോഴാണ് അതൊരു സ്ഥാപനമാകുന്നത്.
കല്ലിന്മേൽ കല്ലു ചേർത്തു കെട്ടിടങ്ങൾ പണിതുയർത്തുന്ന കാസർകോട്, ചെറുവത്തൂരുകാരൻ കണ്ണങ്കൈ കുഞ്ഞിരാമൻ തന്റെ ആശയും ആദർശവും സ്വപ്നവും ചാലിച്ചു കെട്ടിപ്പൊക്കിയതാണ് കെ കെ ആർ മെഡിക്കൽ ക്ലിനിക് അഥവാ കണ്ണങ്കൈ കുഞ്ഞിരാമൻ മെഡി. ക്ലിനിക് ചെറുവത്തൂരിന്റെ സ്വന്തം ജനകീയ ആശുപത്രി. പുറമേയ്ക്കു നോക്കിയാൽ മൾട്ടിസ്പെഷാലിറ്റി ആശുപത്രികളുടെ പകിട്ടില്ലാത്ത ചെറിയൊരു രണ്ടുനില കെട്ടിടം. താഴെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റി, ഒബ്സർവേഷൻ റൂം, റജിസ്ട്രേഷൻ കൗണ്ടർ, ചെറിയൊരു ഫാർമസി. മറുവശത്തായി ഡോക്ടർമാരുടെ ഒപി. മുകളിൽ ചെറിയൊരു ഹാൾ.
‘‘വല്യ വല്യ ആശുപത്രികളോടു മത്സരിക്കുവാൻ നിനക്കാകുമോ കുഞ്ഞിരാമാ, ആശുപത്രി നടത്തിപ്പിനെ കുറിച്ചു നിനക്കെന്തറിയാം ?’’ എന്നു സ്നേഹബുദ്ധ്യാ പലരും ഉപദേശിച്ചു. എത്രാനാൾ ഈ ആശുപത്രി പ്രവർത്തിക്കുമെന്നു നോക്കാമെന്നു ചിലർ ഊറിച്ചിരിച്ചു. പക്ഷേ, അസാധാരണമായ നിശ്ചയദാർഢ്യത്തിന്റെ കരുത്തുറ്റ തൂണിൽ കുഞ്ഞിരാമൻ ഒറ്റയ്ക്കു കെട്ടിപ്പൊക്കിയ ആശുപത്രി ഈ ജൂൺ 25 ന് ഒരു വർഷം പൂർത്തിയാക്കുകയാണ്.
അമ്മയുടെ ഒാർമയ്ക്ക്
സാധാരണക്കാർക്കു താങ്ങാവുന്ന ചെലവിൽ ചികിത്സ ല ഭ്യമാക്കുന്ന ഒരു ആശുപത്രി എന്ന ചിന്ത കുഞ്ഞിരാമന്റെ മനസ്സിൽ വീണത് അമ്മ പാറുവിന്റെ ചികിത്സാ കാലത്താണ്. നെഞ്ചുവേദനയ്ക്കു സ്ഥിരമായി മരുന്നു കഴിച്ചിരുന്ന അമ്മയ്ക്കു പെട്ടെന്ന് അസുഖം വർധിച്ചതോടെ ശസ്ത്രക്രിയ അ ല്ലാതെ മറ്റു മാർഗമില്ലാതെ വന്നു. കാസർകോട് ഒരു ആശുപത്രിയിൽ സർജറി ചെയ്തെങ്കിലും അമ്മയുടെ നില പെട്ടെന്നു വഷളായി. അബോധാവസ്ഥയിലായി. തുടർന്ന് മംഗലാപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ ഒരു മാസത്തിലധികം അഡ്മിറ്റായിരുന്നു.
പരിശോധനകളായും മരുന്നായും നല്ലൊരു തുക ചെല വായി. അമ്മയുടെ ചികിത്സയ്ക്കുള്ള തുക സംഘടിപ്പിക്കാ ൻ കുഞ്ഞിരാമൻ അതിരാവിലെ എണീറ്റു കാസർകോട് പ ണിക്കുപോകും. വൈകുന്നേരം കിട്ടുന്ന ട്രെയിൻ പിടിച്ച് മംഗലാപുരത്ത് ആശുപത്രിയിലെത്തും. വീണ്ടും അതിരാവിലെ ട്രെയിനിൽ കാസർകോടിന്. ഒരു മാസം രാവും പകലുമില്ലാതെ ഒാടിത്തളർന്നെങ്കിലും അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. വീണ്ടും ആറര വർഷം കൂടി അമ്മ സുഖമായി കുഞ്ഞിരാമനൊപ്പം ജീവിച്ചു.
അന്നത്തെ നെട്ടോട്ടത്തിനിടയിലാണു സ്വന്തം നാട്ടിൽ തന്നെ നല്ലൊരു ആശുപത്രി ഉണ്ടായിരുന്നെങ്കിൽ ഉപകാരം ആയേനേ എന്നു ചിന്തിക്കുന്നത്. പിന്നീടു കോവിഡ് കാലം വന്നപ്പോഴും പലരും ചികിത്സ തേടി ആശുപത്രികളിൽ പോയി നിരാശരായി മടങ്ങുന്നതു കുഞ്ഞിരാമൻ നേരിട്ടു കണ്ടു. കൊറോണ പേടി കാരണം സാധാരണക്കാരനു ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥയ്ക്കു രണ്ടു മൂന്നു തവണ ദൃക്സാക്ഷിയായതോടെ ചെറുവത്തൂരിൽ ഒരു ആശുപത്രി നിർമിക്കണം എന്നു കുഞ്ഞിരാമൻ മനസ്സിൽ കുറിച്ചു.
സ്വയം പണിത ആശുപത്രി
ചെറുവത്തൂർ റെയിൽവേ സ്േറ്റഷനു സമീപം സ്വന്തമായി എട്ടു സെന്റ് സ്ഥലമുണ്ടായിരുന്നു. അവിടെ കെട്ടിടം പണിയാമെന്നു തീരുമാനിച്ചു. പകൽ പണിക്കുപോകും, ശേഷം ലഭിക്കുന്ന സമയത്ത് ആശുപത്രി പണിക്കിറങ്ങും. പ്ലാനും ഡിസൈനുമെല്ലാം കുഞ്ഞിരാമന്റേത്. ചെയ്യാവുന്നത്ര പണികളെല്ലാം സ്വയം ചെയ്തു, ചെലവു കുറച്ചു. അങ്ങനെ 2023 ജൂൺ 25 ന് ആശുപത്രി ഉത്ഘാടനം നടത്തിയപ്പോൾ ആളുകൾ ആശ്ചര്യപ്പെട്ടുÐ ‘കുഞ്ഞിരാമാ, നീ ഒരു സംഭവം തന്നെ.’
ഡോക്ടർമാരെത്തുന്നു
ആശുപത്രിക്കു കെട്ടിടമായാൽ പോരാ, ഡോക്ടർമാരെ ല ഭിക്കണം, പരിചയസമ്പന്നരായ നഴ്സുമാരും പാരാമെഡിക്ക ൽ സ്റ്റാഫും വേണം. ഉപകരണങ്ങൾ വേണം. കടമ്പകൾ ഒട്ടേറെയായിരുന്നു.
മംഗലാപുരത്തെ ഒരു ആശുപത്രിയിലെ സച്ചിൻ മാധവ് എന്ന ഡോക്ടറെയാണു കുഞ്ഞിരാമൻ ആദ്യം സമീപിച്ചത്. നല്ല ഡോക്ടറാണ് എന്ന കേട്ടറിവിൽ പോയെന്നേയുള്ളൂ, നേരിട്ടു പരിചയമില്ല. ‘‘ചെറുവത്തൂരിൽ ഒരു ആശുപത്രി പണിതിട്ടുണ്ട്. കച്ചവടമല്ല, ആളുകൾക്കു നല്ല രീതിയിൽ ചികിത്സ കൊടുക്കുകയാണ് ഉദ്ദേശം. വലിയ വലിയ ആശുപത്രികൾ തരുന്ന ശമ്പളമുണ്ടാകില്ല. പക്ഷേ, മോശമല്ലാത്ത ഒരു തുക തരാം’’ എന്നു തുറന്നുപറഞ്ഞു. ആലോചിച്ചിട്ടു പിറ്റേന്നു മറുപടി പറയാമെന്നു ഡോക്ടറും പറഞ്ഞു.
ബാക്കി കഥ ഡോ. സച്ചിൻ മാധവ് പറയുന്നു.
‘‘എന്റെ സർവീസിൽ ആദ്യമായാണ് ഇത്തരമൊരു അഭ്യർഥന കേൾക്കുന്നത്. ദിവസവും ഒന്നു രണ്ടു മണിക്കൂർ വരാമോയെന്നാണു ചോദിച്ചത്. അവരുടെ ഉദ്ദേശശുദ്ധിയും ആത്മാർഥതയും മനസ്സിലായതോടെ പോകാമെന്നു തീരുമാനിച്ചു.’’
മംഗലാപുരത്തെ ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വൈകുന്നേരം വണ്ടി ഒാടിച്ച് ആറരയോടെ ഡോ. സച്ചിൻ ചെറുവത്തൂര് എത്തും. ദിവസവും രണ്ടു മണിക്കൂർ സേവനം എന്ന കരാർ നാലഞ്ചു മണിക്കൂർ വരെ നീണ്ടുപോയിത്തുടങ്ങി. ഇപ്പോൾ ആറരയ്ക്കെത്തുന്ന ഡോക്ടർ മടങ്ങുന്നതു രാത്രി ഒരു മണിയോടെയാണ്.
ഹൃദ്രോഗ സ്പെഷാലിറ്റി ഉൾപ്പെടെ...
സാധാരണക്കാരന്റെ ആർജവം നിറഞ്ഞ അഭ്യർഥനയ്ക്കു മുൻപിൽ കൂടുതൽ ഡോക്ടർമാരെത്തി. ചർമരോഗം, സ്ത്രീരോഗം, ശിശുരോഗം, ജനറൽ സർജറി, ഹൃദ്രോഗം എന്നീ സ്പെഷാലിറ്റികളിലുള്ള ഡോക്ടർമാരുടെയും സേവനം ഇ പ്പോൾ ലഭ്യമാണ്. ഏതു സമയത്തു രോഗികൾ വന്നാലും ചികിത്സ കിട്ടാതെ മടങ്ങരുത് എന്ന ഉദ്ദേശത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം രണ്ടു ഡോക്ടർമാരുണ്ട്. ഇവരെ കൂടാതെ നഴ്സിങ്Ðപാരാമെഡിക്കൽ വിഭാഗങ്ങളിലായി മുപ്പതിലധികം പേർ ജോലി ചെയ്യുന്നു.
ചെലവു കുറച്ച്, ജനങ്ങൾക്കായി
വളരെ കുറഞ്ഞ ചികിത്സാനിരക്കാണ് ഈടാക്കുന്നത്. ഒ ബ്സർവേഷനിൽ വയ്ക്കുന്നതിനു മണിക്കൂറിന് 25 രൂപ മാത്രമേയുള്ളൂ. കിടപ്പിലായ രോഗികളെ വീടുകളിൽ ചെന്നു ചികിത്സിക്കുന്ന സംവിധാനവുമുണ്ട്, അതിനും വളരെ ചെറിയൊരു തുകയേ ഫീസായി ഈടാക്കുന്നുള്ളു. മരുന്നുകൾ ക്ലിനിക്കിന്റെ ഫാർമസിയിൽ നിന്നും 10 ശതമാനം വിലക്കുറവിൽ വാങ്ങിക്കാം.
കുഞ്ഞിരാമന്റെ അമ്മ പാറു മരണമടഞ്ഞ ദിവസമായ ആഗസ്റ്റ് 19 നു ചികിത്സ പൂർണമായും സൗജന്യമാണ്. ശിശുദിനത്തിൽ കുട്ടികൾക്കു ചികിത്സ സൗജന്യമായി നൽകുന്നു. അർബുദ സ്ക്രീനിങ് പോലുള്ള മെഡിക്കൽ ക്യാംപുകൾ നടത്തുക, ഹിയറിങ് എയ്ഡ് പോലുള്ള മെഡിക്കൽ ഉ പകരണങ്ങൾ സൗജന്യമായി നൽകുക എന്നിങ്ങനെ ഒട്ടേറെ ജനോപകാരപ്രദമായ കാര്യങ്ങളും ഇതിനിടയിൽ നടത്തുന്നുണ്ട്.
തങ്ങൾക്കായി കുഞ്ഞിരാമൻ പണിതീർത്ത ആശുപത്രിയുടെ മേൽ നാട്ടുകാർക്കു വലിയ പ്രതീക്ഷകളുണ്ട്. അതുകൊണ്ടാണ് ആശുപത്രി നാട്ടിൽ തന്നെ നിലനിൽക്കണം എന്ന ഉദ്ദേശത്തോടെ നാടക കലാകാരന്മാരും നാട്ടുകാരായ അഭ്യുദയകാംക്ഷികളും ചേർന്ന് സൊസൈറ്റി ഫോർ കോസ്റ്റ് കെയർ കമ്യൂണിറ്റി ഒാൺ റൂറൽ ഹെൽത് എന്നൊരു സമിതി രൂപീകരിച്ചത്. ആശുപത്രിയുടെ മുന്നോട്ടുള്ള വളർച്ചയിൽ സഹായം തേടി സർക്കാർ തലത്തിൽ ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. പൊസിറ്റീവായ പ്രതികരണമാണു ലഭിച്ചതെന്നു കുഞ്ഞിരാമൻ പറയുന്നു.
അവസാനിക്കാത്ത സ്വപ്നങ്ങൾ
ക്ലിനിക്കിനെ ചുറ്റിപ്പറ്റി ഒരുപാടു സ്വപ്നങ്ങളുണ്ട് കുഞ്ഞിരാമന്. ചികിത്സ പൂർണമായും സൗജന്യമായി നൽകാനാകണം എന്നാണ് ഒരു ആഗ്രഹം. വയോജനങ്ങൾക്കു വേണ്ടി എല്ലാത്തരം സൗകര്യങ്ങളുമുള്ള ഒരു സംവിധാനം- വാർധക്യത്തിൽ ആസ്വദിച്ചു ജീവിക്കാനൊരിടം- രൂപപ്പെടുത്തണമെന്നും മനസ്സിലുണ്ട്.
ഇപ്പോൾ ഒരു മാസം 15 ലക്ഷത്തോളം രൂപയാണ് ആശുപത്രി നടത്തിപ്പിനു ചെലവാകുന്നത്. ചെലവു കുറച്ചു ചികിത്സ നൽകുന്നതുകൊണ്ട് പകുതിയോളം തുകയേ ക്ലിനിക്കിൽ നിന്നും ലഭിക്കുന്നുള്ളു. അതുകൊണ്ട് പണിക്കു പോയി കിട്ടുന്ന തുക മുഴുവനായി തന്നെ കുഞ്ഞിരാമൻ ആശുപത്രി നടത്തിപ്പിനായി നീക്കിവയ്ക്കുന്നു.
നാടകത്തിലൂടെ ലഭിക്കുന്നതും ആശുപത്രിക്ക്
കൽപണിയാണു കുഞ്ഞിരാമന്റെ ജീവനോപാധിയെങ്കിൽ നാടകമാണു മനസ്സിന്റെ ആവേശം. അഞ്ചാം ക്ലാസ്സിൽ അ ച്ഛൻ മരിച്ചു. ഏഴാം ക്ലാസ്സായപ്പോഴേക്കും പഠനം നിർത്തി സിമന്റു കുഴയ്ക്കാനും കല്ലു കെട്ടാനുമൊക്കെ പഠിച്ച കുഞ്ഞിരാമൻ 14 വയസ്സിൽ നാടക അരങ്ങിലേക്ക് എത്തി. കേരളസംഗീത നാടക അക്കാദമി പുരസ്കാരം നേടിയ നടൻ കൂടിയാണ് അദ്ദേഹം. നാടകാഭിനയം വഴിയും നാടകോത്സവങ്ങൾ നടത്തിയും കിട്ടുന്ന പണവും ആശുപത്രി നടത്തിപ്പിലേക്ക് എടുക്കുന്നു.
പണിയെടുത്ത് സ്വന്തം നിലയിൽ എത്രകാലം ആശുപത്രി നടത്തിക്കൊണ്ടു പോകുമെന്ന ചോദ്യത്തിനു മുൻപിൽ കുഞ്ഞിരാമൻ ഒന്നു മൗനിയായി. പിന്നെ പതിഞ്ഞതെങ്കിലും ദൃഢമായ സ്വരത്തിൽ പറഞ്ഞു.
‘‘ഞാൻ കുട്ടിയായിരിക്കുമ്പോൾ അമ്മ പാടത്തു പണിക്കു പോയി നെല്ലു കൊണ്ടുവന്നു മെതിച്ചെടുത്ത്, അത് അടുപ്പിന്റെ മുകളിലിട്ട് ഉണക്കി, കുത്തിയെടുത്താണു ചോറു വ യ്ക്കുക. ഈ കഷ്ടപ്പാടിനിടയിലും മറ്റുള്ളവരെ സഹായിക്കാൻ അമ്മ മറന്നിട്ടില്ല. അതു കണ്ടു വളർന്നതുകൊണ്ട് അ ധ്വാനം കൊണ്ട് എന്തും പ്രാവർത്തികമാക്കാം എന്ന ധൈര്യമുണ്ട്. നമുക്കായിട്ട് എത്ര സമ്പാദിച്ചു കൂട്ടിയിട്ടും കാര്യമില്ല. മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകുന്നില്ല. ജീവിച്ചിരിക്കുന്ന കാലത്തു ജനിച്ച മണ്ണിനു വേണ്ടി നമുക്ക് എന്തു ചെയ്യാൻ പറ്റിയെന്നതല്ലേ പ്രധാനം?’’
സാധാരണക്കാരനായ ഒരാളുടെ അസാധാരണമായ ഈ ജീവിതദർശനമാണ് കെകെആർ മെഡിക്കൽ ക്ലിനിക്കിന്റെ ഭാവി മൂലധനം. ചെറുതെങ്കിലും ജനകീയ വിപ്ലവത്തിന്റെ ഈ തീജ്വാല അണയാതെ സൂക്ഷിക്കാൻ നമുക്കോരോരുത്തർക്കും ബാധ്യതയില്ലേ?