Tuesday 10 October 2023 11:49 AM IST : By ഡോ. ശാലിനി നായർ

ആദ്യം വിശ്വാസം നേടിയെടുക്കും, പിന്നാലെ സ്വന്തം ഇംഗിതങ്ങൾക്ക് അനുസരിച്ച് സ്ത്രീയെ മാറ്റും: പ്രണയം നിരസിച്ചാൽ സംഭവിക്കുന്നത്

stalke23432

പ്രണയനിരാസങ്ങളെ തുടർന്നു കൊല്ലപ്പെടുകയോ കൊടിയ പീഡനങ്ങൾക്കിരയാകുകയോ ചെയ്യുന്ന സംഭവങ്ങൾക്കു പിന്നിൽ മനോ വൈകൃതങ്ങളിൽ നിന്നുടലെടുക്കുന്ന സ്‌റ്റോക്കിങ് എന്ന കുറ്റകൃത്യമാണ്

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കൊല്ലുകയോ മാരകമായ വിധം ഉപദ്രവിക്കുകയോ ഒക്കെ ചെയ്യുന്ന സംഭവങ്ങൾ കേരളത്തിൽ സാധാരണ വാർത്തയായി മാത്രം മാറുകയാണ്. കാരണം കഴിഞ്ഞ കുറച്ചു കാലത്തിനിടയിൽ അത്രയേറെ കേട്ടു കഴിഞ്ഞു. എറണാകുളത്തെ അൽക്ക അന്ന ബിനു (20) എന്ന നഴ്സിംഗ് വിദ്യാർത്ഥിനിയെപ്പോലുള്ളവരുടെ പട്ടിക നീളുന്നു. ഇത്തരത്തിൽ ഒരുപാടു പെൺകുട്ടികളും സ്ത്രീകളും അടുത്ത കാലത്തായി ഇരയാവേണ്ടി വന്നിട്ടുള്ള കുറ്റക‍ത്യമാണ് സ്േറ്റാക്കിങ്ങ് (stalking). മലയാളത്തിൽ ഇതിനെ വേണമെങ്കിൽ ‘പിന്തുടരൽ ശല്യം’, പിന്തുടരൽ പീഡനം’, ‘പൂവാലൻ ശല്യം’ എന്നൊക്കെ വിളിക്കാം.

തിരസ്കരിക്കപ്പെട്ട പ്രണയം?

ഈ ക്രൂരകൃത്യങ്ങൾ അരങ്ങേറുന്നത് പലപ്പോഴും ‘‘തിരസ്കരിക്കപ്പെട്ട പ്രണയ’’ത്തിന്റെ പേരിലാണ്! ‘‘എനിക്കവളെ കിട്ടുന്നില്ലെങ്കിൽ, പിന്നെ മറ്റൊരാൾക്കും അവളെ കിട്ടരുത്’’ എന്ന് സ്വാർത്ഥ നിലപാടു കാണിക്കുന്നത് ആഴത്തിൽ വേരൂന്നിയ വികലമായൊരു മനോഭാവമാണ്. എന്നാൽ മിക്കപ്പോഴും സ്‌റ്റോക്കിങ് എന്ന കുറ്റകൃത്യത്തിൽ പെൺകുട്ടിയുെട ഭാഗത്തു നിന്നും ഒരു തരത്തിൽ പ്രണയമോ താൽപര്യമോ ഉണ്ടായിട്ടുണ്ടാവണമെന്നുമില്ല.

സ്‌റ്റോക്കിങ്ങിലേക്കു കാര്യങ്ങൾ നീങ്ങുന്ന ഘട്ടങ്ങൾ ഇവയാണ്:

∙ ആദ്യം പുരുഷൻ സ്ത്രീയുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കുന്നു.

∙ അതു വിജയിച്ചാലും ഇല്ലെങ്കിലും പിന്നീട് അയാളുടെ കാഴ്ചപ്പാടിനും ഇംഗിതങ്ങൾക്കുമനുസരിച്ച് ആ സ്ത്രീയെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നു(Manipulation).

∙ ‘മാനിപ്പുലേറ്റർ’ ആയ പുരുഷൻ അയാൾക്കു സ്വയം കൊടുക്കുന്ന അമിത പ്രാധാന്യത്തോടെയാവും ഈ ബന്ധത്തിൽ സ്വയം അവരോധിക്കുക.

∙ വസ്തുതകൾ തിരിച്ചറിയാൻ തുടങ്ങുമ്പോഴോ, പുരുഷന്റെ ബോധപൂർവമുള്ള സ്വാധീന ശ്രമങ്ങളുെട അപകടസാധ്യതയോ മനസിലാക്കുന്ന പെൺകുട്ടി പിൻമാറാനോ അയാളെ വസ്തുകൾ ബോധ്യപ്പെടുത്താനോ ശ്രമിക്കുന്നു.

∙ അതോടെ നിഷേധത്തിന്റെ പേരിലോ‘നിരസിക്കപ്പെട്ട പ്രണയ’ത്തിന്റെ പേരിലോ പുരുഷനിൽ ‘ജയിക്കാനുള്ള ത്വര’ രൂപപ്പെടുന്നു.

∙ വാക്കുകൾ കൊണ്ടു പ്രവൃത്തികൊണ്ടും പെൺകുട്ടിയെ ജയിക്കാനവുന്നില്ലെന്നും ഇംഗിതത്തിനു വഴങ്ങുന്നില്ലെന്നും കണ്ടാൽ പകയായും പ്രതികാരമായും രൂപപ്പെടും. തുടർന്നു ഏതു വിധേനയും ജയിക്കാൻ, അതു കൊന്നിട്ടായാലും ആ ജയം നേടാൻ ശ്രമിക്കുന്നു.

∙ തനിക്കു കിട്ടാത്തതു ഇനി ആർക്കും വേണ്ട എന്ന മനോഭാവമാണ് ഈ കുറ്റകൃത്യങ്ങൾക്കു പിന്നിൽ പലപ്പോഴും പ്രവർത്തിക്കുക. തീവെച്ചും ആസിഡൊഴിച്ചുമൊക്കെ വൈരൂപ്യപ്പെടുത്താനുള്ള ശ്രമങ്ങളുടെയും ലക്ഷ്യവും ഇതു തന്നെയാണ്.

പിന്നിലെ മനോനില

സത്യത്തിൽ, പ്രണയമെന്നതു രണ്ട് വ്യക്തികൾക്ക് പരസ്പരം തോന്നേണ്ടതായ ഒരു വികാരമാണ്. അതൊരു ‘വൺവേ’ റൂട്ടല്ല! സ്‌റ്റോക്കിങ് എന്ന ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന പുരുഷന്മാർ പലതരം മാനസിക ക്രമക്കേടുകളിലൂടെയും കടന്നു പൊയ്ക്കൊണ്ടിരിക്കുകയാവാം. സാമൂഹ്യ വിരുദ്ധ വ്യക്തിത്വ ക്രമക്കേടുകൾ (ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ), ആത്മരതിപരമായ വൈകല്യങ്ങൾ (നാർസിസ്സിസ്റ്റിക് പേഴ്സണാലിറ്റി ട്രെയ്റ്റ്സ്) ഇത്തരം മാനസിക ക്രമക്കേടുകളിൽ നിന്നുമാണ് തന്റെ പ്രണയിനി തന്റെ ‘സ്വകാര്യസ്വത്താ’ണെന്ന തോന്നലും, അവളുടെ ഭാഗത്തു നിന്നുമുള്ള ഒരു പ്രണയ തിരസ്ക്കരണം സ്വീകരിക്കാനുള്ള പുരുഷന്റെ ബുദ്ധിമുട്ടും മറ്റും ആരംഭിക്കുന്നത്.

തിരസ്ക്കരിക്കപ്പെട്ട ഒരു കാമുകൻ, തന്റെ പ്രണയപക തീർക്കുന്നതിനുവേണ്ടി മുൻകാമുകിയുടെ കടയിൽ മയക്ക് മരുന്ന് കൊണ്ടുവച്ച സംഭവം ഓർക്കുക. സത്യത്തിൽ അയാൾ അതു ചെയ്തത് അയാളുടെ ‘‘മുറിവേറ്റ ഈഗോ’’ യുടെ സംതൃപ്തിക്കു വേണ്ടിയാണ്. ഇത്തരം മാനസികാവസ്ഥയുള്ള വരാണ്, വിവാഹമോചിതരായ സ്ത്രീകളോടും, വിധവകളോടും, ‘പുരുഷസഹായം’ ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളോടും സങ്കുചിത മനഃസ്ഥിതിയോടെ പെരുമാറുന്നത്. സ്‌റ്റോക്കിങ്ങ് എന്ന കുറ്റകൃത്യത്തിന്റെ കാര്യത്തിൽ പലർക്കും പദവിയുടേയൊ സ്ഥാനമാനങ്ങളോ ഒന്നും തടസ്സമാകാറില്ല.

അത്യപൂർവമായി പുരുഷനു എതിരേ നീങ്ങുന്ന സ്ത്രീ സ്‌റ്റോക്കിങ് കുറ്റവാളികളേയും കാണാം. എന്നാൽ അതു തന്നെ മിക്കപ്പോഴും അവരുടെ സംശയരോഗത്തിന്റെ(ഡെല്യൂഷനൽ ഡിസോർഡറിന്റെ ഭാഗവുമാകാം.

സ്േറ്റാക്കിങ്ങ്– ബോധവൽക്കരണം

സ്‌റ്റോക്കിങ്ങിന്റെ പുതിയ മുഖമാണ് സൈബർ സ്‌റ്റോക്കിങ്. ഇന്നത്തെ സമാന്തര ജീവിതമായ സാമൂഹിക മാധ്യമ ഇടങ്ങളിൽ മുൻപുണ്ടായിരുന്ന ബന്ധത്തിന്റെ പോരിൽ സ്‌റ്റോക്കിങ് ചെയ്യപ്പെടുന്ന സ്ത്രീകൾ ഏറെയാണ്. ഒരു സ്ത്രീക്ക് തന്റെ പ്രണയാഭ്യർത്ഥനകൾ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ടെന്ന വസ്തുത പുരുഷൻ അംഗീകരിക്കേണ്ടതുണ്ട്. സ്ത്രീയുടെ സ്വാതന്ത്ര്യത്തേയും, തിരഞ്ഞെടുക്കാനും, നോ പറയാനുമുള്ള അവളുടെ അവകാശത്തേയും മാനിക്കാനുള്ള കഴിവുകേടു കൊണ്ടാണ് അക്രമാസക്തമായ കൃത്യങ്ങളിലേക്കു പലരും എടുത്തു ചാടുന്നത്. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർഥികളായിരിക്കുമ്പോൾ മുതൽ ആൺകുട്ടികളേയും പെൺകുട്ടികളേയും ബോധവൽക്കരിക്കേണ്ടതുണ്ട്. സമൂഹവും നിയമസംവിധാനങ്ങളുംസ്‌റ്റോക്കിങ്ങിന്റെ കാര്യത്തിൽ കർശന നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ട്.

ഡോ. ശാലിനി നായർ

ഡയറക്ടർ,

ഉണർവ് മൈൻഡ് & ബിഹേവിയർ സെന്റർ,

കൺസല്‍റ്റന്റ് സൈക്യാട്രിസ്റ്റ്,

ലിസി ഹോസ്പിറ്റൽ

എറണാകുളം

drshalini_nair@yahoo.co.in

Tags:
  • Manorama Arogyam