Tuesday 15 March 2022 02:22 PM IST

കൊടുംചൂടിൽ ഉറക്കക്കുറവും അമിതവിയർപ്പും ചൂടുകുരുവും: ചെയ്യേണ്ടതെന്ത്?

Sruthy Sreekumar

Sub Editor, Manorama Arogyam

venal3243

ഒാരോ വർഷവും നിരവധി ആരോഗ്യപ്രശ്നങ്ങൾ സമ്മാനിച്ചാണ് വേനൽക്കാലം കടന്നുപോകുന്നത്. വർഷംകൂടുംതോറും ചൂടും ഏറി വരുകയാണ്. പകൽ സമയം
വീടിനുള്ളിൽ പോലും ഇരിക്കാൻ കഴിയാത്ത അവസ്ഥ. ഫാനിട്ടാലോ ചൂടുകാറ്റാണ് അതിൽ നിന്ന് വരുക. വേനൽക്കാലത്ത് സാധാരണയായി കണ്ടുവരുന്ന ചില പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും മനസ്സിലാക്കാം.

* വേനലിൽ സർവസാധാരണമായ െചങ്കണ്ണ് രണ്ടു തരത്തിൽ വരാം. അലർജിക് കൺജങ്റ്റിവൈറ്റിസും കണ്ടേജിയസ് കൺജങ്റ്റിവൈറ്റിസും. ചൂടുകാലത്ത് പൊതുവെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ കൂടുതലായിരിക്കും. ഇതിൽ നിന്നുള്ള അലർജി കാരണം വരുന്ന അലർജിക് കൺജങ്റ്റിവൈറ്റിസ് തടയാൻ യാത്ര െചയ്യുമ്പോൾ സൺ ഗ്ലാസോ പ്ലെയിൻ ഗ്ലാസോ ധരിക്കുക. പ്രത്യേകിച്ച് ടൂവീലർ പോലുള്ള തുറന്ന വാഹനങ്ങളിൽ യാത്ര െചയ്യുന്നവർ. നടന്നുപോകുന്നവരും കണ്ണട വയ്ക്കുന്നതു നല്ലതാണ്. ഇടയ്ക്കിടെ മുഖവും കണ്ണുകളും നല്ല വെള്ളത്തിൽ കഴുകണം. രണ്ടു നേരം കുളിക്കണം. കണ്ടേജിയസ് കൺജങ്റ്റിവൈറ്റിസ് വന്നാൽ ആൾക്കൂട്ടം ഒഴിവാക്കണം. രോഗിയ്ക്കു പ്രത്യേക മുറി നൽകാം. രോഗി ഉപയോഗിച്ച കട്ടിൽ, ടൗവൽ തുടങ്ങിയവ പങ്കിടരുത്. വസ്ത്രങ്ങൾ
പ്രത്യേകം അലക്കണം.

cdsfdsef34

* തലവേദനയും ഛർദിയുമായി ആരംഭിക്കുന്ന സൂര്യാഘാതത്തിൽ ശരീരം ചുട്ടുപൊള്ളുന്നു. കടുത്ത പനിയുണ്ടാകാം. തുടർന്ന് വ്യക്തിക്ക് ബോധക്ഷയം വരും. ബോധമില്ലാത്ത സംസാരവും പെരുമാറ്റവും ഉണ്ടാകാം. പലപ്പോഴും കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. ബോധമില്ലാത്ത ആളെ വെള്ളം കുടിപ്പിക്കാൻ ശ്രമിക്കരുത്. സൂര്യാഘാതമേറ്റ ആളെ പെട്ടെന്നു തന്നെ തണലിലേക്കു മാറ്റി കിടത്തുക. പൊള്ളൽ ഉണ്ടായ ഭാഗത്ത് ഐസ് പായ്ക്കു വയ്ക്കാം. ശരീരമാകെ നനഞ്ഞ തുണി കൊണ്ടോ കുളിപ്പിച്ചോ തണുപ്പിക്കണം. പ്രഥമശുശ്രൂഷ നൽകിയാൽ ഉടനെ ആശുപത്രിയിൽ എത്തിക്കണം. ∙ സൺബേൺ അഥവാ സൂര്യതാപം ഏറ്റാ ൽ തണലിലേക്ക് മാറിവിശ്രമിക്കുക. ധാരാളം വെള്ളം കുടിക്കുക. കുമിള വന്നിടത്ത് ഐസ് തുണിയിൽ പൊതിഞ്ഞു വയ്ക്കാം.

* ജ്യൂസിലും മറ്റും ഉപയോഗിക്കുന്ന ഐസ് ക്യൂബ് ആണെങ്കിലും തണുത്ത വെള്ളം ആണെങ്കിലും ശുദ്ധീകരിച്ച വെള്ളം മാത്രമെ ഉപയോഗിക്കാവൂ. വെള്ളം തിളപ്പിച്ച് ശുദ്ധമാക്കണം. അഞ്ച് മിനിറ്റ് വെള്ളം വെട്ടിത്തിളച്ചാൽ അണുവിമുക്തമാകും. വെള്ളം ശുദ്ധീകരിക്കാൻ മറ്റൊരു മാർഗം ക്ലോറിനേഷൻ ആണ്. 1000 ലീറ്റർ വെള്ളത്തിൽ രണ്ടര ഗ്രാം
ബ്ലീച്ചിങ് പൗഡർ എന്ന കണക്കിലാണ് കിണറിൽ ക്ലോറിനേഷൻ ചെയ്യുന്നത്. ബ്ലീച്ചിങ് പൗഡർ കവർ പൊട്ടിച്ചാൽ ഉടൻ തന്നെ ഉപയോഗിക്കണം. ഇല്ലെങ്കിൽ ഫലം പോകും. ഒരു മണിക്കൂർ കൊണ്ട് ജലം ശുദ്ധമാകും. ഇന്ന് ക്ലോറിൻ ടാബ്‌ലെറ്റുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മറ്റും ലഭ്യമാണ്. 20 ലീറ്റർ വെള്ളത്തിൽ 1 ക്ലോറിൻ ടാബ്‌ലെറ്റ് ഇട്ടാൽ ഒരു മണിക്കൂറിനു ശേഷം വെള്ളം ശുദ്ധമാകും.

* ഭക്ഷണ കാര്യത്തിൽ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിക്കുമ്പോൾ ആവിയിൽ വേവിച്ച വിഭവങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഈ വിഭവങ്ങൾ ആകും അണുവിമുക്തമാകാൻ കൂടുതൽ സാധ്യത. ഏതു ഭക്ഷണമാണെങ്കിലും പാകം ചെയ്തു ആറ് മണിക്കൂറിനുള്ളിൽ കഴിക്കുന്നതാണ് ആരോഗ്യകരം. ഭക്ഷണം പാകം ചെയ്യാനും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം.

ഉറക്കക്കുറവും ഏ സി ഉപയോഗവും

dewdfew45

* എസി അല്ലെങ്കിൽ എയർ കണ്ടീഷൻ എന്നു പറയുന്നത് മുറിക്കുള്ളിലെ ഊഷ്മാവ്, ഈർപ്പം, വായുവിലെ ഘടന, എന്നിവ ക്രമീകരിക്കുന്നതിനുള്ള സംവിധാനമാണ്. എസി ഉപയോഗിക്കുന്നതുകൊണ്ട് ശാരീരികÐമാനസിക സ്വസ്ഥതയും ഉണർവും ലഭിക്കുന്നു. ചിലർക്ക് എസിയുടെ തണുപ്പേ‌റ്റാൽ തൊലിപ്പുറത്തും കണ്ണിലും ചൊറിച്ചിലും തലവേദനയും ക്ഷീണവും അനുഭവപ്പെടുന്നതും കാണാറുണ്ട്. ഇതിനെ സിക്ക് ബിൽഡിങ് സിൻഡ്രം എന്നാണ് പറയുന്നത്. ഇതിന്റെ കാരണം എസി അല്ല. കൃത്യമായി എസി മെയിൻറ്റനൻസ് െചയ്യാത്തതാണ്. ശരിയായ കപ്പാസിറ്റിയിലുള്ള എസി വയ്ക്കണം. അതു കൃത്യമായ ഇടവേളകളിൽ മെയിൻറ്റനൻസ് െചയ്യണം. അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം. ഫിൽറ്റർ സമയാസമയം മാറ്റുകയും അതു വൃത്തിയാക്കുകയും വേണം.

* ചൂടുകാലത്ത് ഉറക്കക്കുറവ് ധാരാളം പേരെ അലട്ടുന്ന വിഷയമാണ്. ഇതു പരിഹരിക്കാൻ ഏറ്റവും ശാസ്ത്രീയമായ മാർഗം മുറിയിലെ താപനില ക്രമീകരിക്കുക എന്നതാണ്. അതിനു സഹായിക്കുന്നത് എയർ കണ്ടീഷനറുകൾ ആണ്. എസി ഇല്ലാത്തവരാണെങ്കിൽ ഫാനിട്ട് നല്ല വായു സഞ്ചാരം ഉറപ്പാക്കിയ മുറിയിൽ കിടക്കുക. ഇടയ്ക്ക് വെള്ളവും കുടിക്കണം. നനഞ്ഞ തുണിയും മറ്റ് ശരീരത്തിൽ ഇട്ട്, ഫാനും ഇട്ട് കിടക്കുന്നതു നല്ലതല്ല. ജലദോഷം പിടിപെടും. എയർ കൂളറുകൾ ഉപയോഗിച്ചാൽ മുറിയിലെ ഈർപ്പത്തിന്റെ അളവ് കൂടും. അതിനാൽ അവ ഒഴിവാക്കുക. രാത്രി കിടക്കുന്നതിനു മുൻപ് കുളിക്കാം. തല കുളിച്ചാൽ മുടി ഉണങ്ങിയതിനുശേഷം മാത്രമെ ഉറങ്ങാൻ കിടക്കാവൂ. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. മുറിയിൽ പ്രകാശം ഒഴിവാക്കാം. കിടന്നുകൊണ്ടുള്ള മൊബൈൽ ഫോൺ നോട്ടം വേണ്ട. കണ്ണിന് ആയാസം നൽകരുത്.

* പ്രധാനപ്പെട്ട വേനൽപ്രശ്നമാണ് ചൂടുകുരു. കഴുത്ത്, നെഞ്ച്, മുതുകുഭാഗം എന്നിവിടങ്ങളിൽ കുരു പോലെ കൂട്ടമായി ഉണ്ടായി ചൊറിച്ചിലും പുകച്ചിലും അസ്വസ്ഥതയും ഉണ്ടാകുന്നു. ചിലപ്പോൾ നേർത്ത വെള്ളം നിറഞ്ഞ കുമിളകളായോ പഴുത്ത കുരുക്കളായോ കാണപ്പെടാം. കുരുക്കളിൽ ബാക്ടീരിയൽ അണുബാധ ഉണ്ടായാൽ പഴുപ്പും നീർവീക്കവും വേദനയും ഉണ്ടാകും. ചൂടുകുരുവിന് തണുപ്പാണു ചികിത്സ. ശരീരം തണുപ്പിക്കണം. ഇതിനായി ഫാനോ എസിയോ ഉപയോഗിക്കാം. തണുത്ത വെള്ളത്തിൽ തുണി മുക്കി ഇടയ്ക്കിടെ കുരുക്കളുള്ള ഭാഗത്തു വയ്ക്കുക. ചൊറിച്ചിൽ കുറയ്ക്കാൻ വൈദ്യനിർദേശപ്രകാരം ലോഷൻ പുരട്ടാം. കറ്റാർവാഴ ജെൽ പുരട്ടുന്നതും ഗുണം െചയ്യും. ഇതിലൊന്നും രോഗശമനം ലഭിക്കുന്നില്ലെങ്കിൽ ഡോക്ടറെ കാണുക. വീര്യം കുറഞ്ഞ സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങളും മറ്റു മരുന്നുകളും ചികിത്സയാണ്.

* വല്ലാതെ വിയർത്തു കായികാധ്വാനം ചെയ്യുന്നവർക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഹീറ്റ് ക്രാംപ്സ്. കൂടുതലും കാലിലാണ് ഉണ്ടാകുക. ധാരാളം വെള്ളം കുടിക്കണം. കോച്ചി വലിക്കൽ മാറിയതിനു ശേഷം മാത്രം കായികാധ്വാനം തുടരുക. കോച്ചിപ്പിടുത്തം മാറാൻ ആ ഭാഗം ലഘുവായി മസാജ് െചയ്യുക. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു നുള്ള് ഉപ്പിട്ട് കുടിക്കുന്നതും കരിക്കിൻവെള്ളമോ ഉപ്പു േചർത്ത കഞ്ഞിവെള്ളമോ കുടിക്കുന്നതും നല്ലതാണ്. ഒരു മണിക്കൂറിൽ കൂടുതൽ പ്രശ്നം നീണ്ടു നിന്നാൽ, ഹൃദ്രോഗമുള്ളവർ വൈദ്യസഹായം തേടണം.

∙ ഹീറ്റ് എക്സോഷൻ: അമിതമായി വിയർത്തു കഴിഞ്ഞാലാണിത് ഉണ്ടാകുന്നത്. ക്ഷീണം, ഓക്കാനം , ഛർദി, തലകറക്കം, തലവേദന, പേശീവലിവ്, ശരീരം തണുത്തു വിളറിയിരിക്കുക എന്നിവയാണ് ലക്ഷണങ്ങൾ. തണുപ്പുള്ളിടത്തേക്കു മാറുക, വസ്ത്രങ്ങൾ അയച്ചിടുക, അൽപാൽപമായി വെള്ളം കുടിക്കുക.

അമിതവിയർപ്പും ചൂടുകുരുവും

cdsfds453

* അമിതവിയർപ്പിനു കാരണം ചൂടു മാത്രമല്ല, കൂടിയ അളവിലുള്ള ഹ്യൂമിഡിറ്റി അഥവാ ഈർപ്പവും കൂടിയാണ്. ചൂടിനൊപ്പം ഈർപ്പവും കൂടുതലുള്ള കാലാവസ്ഥയാണ്
നമ്മുെട നാട്ടിൽ. അമിതമായി വിയർക്കുന്നവർ നേരിട്ടു സൂര്യപ്രകാശം ഏൽക്കാതിരിക്കുക. കഴിവതും പകൽ 11 Ð 3 മണിക്ക് ഇടയ്ക്കു പുറത്തിറങ്ങരുത്. പ്രത്യേകിച്ച് പുറംജോലികൾ െചയ്യുന്നവർ. വസ്ത്രധാരണത്തിലും ശ്രദ്ധിക്കാം. കഴിവതും ഇളംനിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. സിന്തറ്റിക് തുണിത്തരങ്ങൾ,
സിൽക്ക് എന്നിവ ഒഴിവാക്കാം. വിയർപ്പുനാറ്റത്തിനു കാരണം ബാക്ടീരിയ ആണ്. ഇതു പരിഹരിക്കാൻ ത്വക് രോഗവിദഗ്ധനെ കാണുക. രണ്ടുനേരം കുളിക്കുക. കക്ഷത്തിലെ രോമം കൃത്യമായ ഇടവേളകളിൽ മാറ്റണം.

* കുടിക്കുന്ന വെള്ളത്തിന്റെ അളവു കുറയുന്നത് മൂത്രാശയപ്രശ്നങ്ങൾക്കു കാരണമാകാം. ചൂടുകാലത്ത് നന്നായി വെള്ളം കുടിച്ചാലും മൂത്രാശയ അണുബാധ വരുന്നതായി ചിലർ പരാതി പറയാറുണ്ട്. ചൂടിനു ആനുപാതികമായ അളവിൽ വെള്ളം കുടിക്കാത്തതാണ് ഇതിനു കാരണം. നമ്മൾ സാധാരണ കുടിക്കുന്നതിലും ഇരട്ടി അളവ് വെള്ളം വേനൽക്കാലത്ത് കുടിക്കണം. സാധാരണ രീതിയിൽ ഒന്നര മുതൽ രണ്ട് ലീറ്റർ വരെ വെള്ളം ദിവസവും കുടിക്കണമെന്നാണ് പറയുന്നത്. ചൂടുകാലത്ത് അത് മൂന്നു മുതൽ നാല് ലീറ്റർ വരെയാകാം. മൂത്രമൊഴിക്കുമ്പോൾ
വേദന, അടിവയറ്റിൽ വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ പരിശോധന ചെയ്യണം. മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കുന്നത് ഒഴിവാക്കണം.

* അമിതവിയർപ്പും ദുർഗന്ധവും ചൂടുകുരുവും പരിഹരിക്കാൻ ടാൽക്കം പൗഡറും പ്രിക്ക‌്ലി ഹീറ്റ് പൗഡറും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിയർപ്പ് ദുർഗന്ധവും അമിതവിയർപ്പും തടയാൻ പൗഡർ ഉപയോഗിക്കുന്നത് താൽകാലികമായി ആശ്വാസം തരുമെങ്കിലും ത്വക്കിനു ദോഷകരമാണ്. വിയർപ്പിന്റെ നനവും പൗഡറും കൂടിച്ചേർന്ന് ഇരുന്നാൽ വിയർപ്പു ഗ്രന്ഥി അടഞ്ഞു പോവുക പോലുള്ള പ്രശ്നങ്ങൾക്കു കാരണമാകാം. ചൂടുകുരുവിനു പരിഹാരമായി ഉപയോഗിക്കുന്ന പൗഡറുകൾ മെഡിക്കേറ്റ് ആണ്. ത്വക്കിലെ അണുക്കളെ അവ നശിപ്പിക്കും. ഒരുപരിധിവരെ ഇത്തരം പൗഡറുകൾ നല്ലതാണ്. എന്നാൽ വളരെ സൂക്ഷിച്ചു ഉപയോഗിക്കുക. അധികമായാൽ ത്വക്കിനു പ്രശ്നമാകാം. സ്പ്രേ രൂപത്തിലുള്ളതും ത്വക്കിനു അസ്വസ്ഥത ഉണ്ടാക്കാം.

കുടിവെള്ളം ശ്രദ്ധിക്കാം

xsxdsade324

* വേനൽക്കാലം എന്നാൽ വെള്ളത്തിന്റെ ആവശ്യകത കൂടുകയും ലഭ്യത കുറയുകയും െചയ്യുന്ന സമയമാണ്. ലഭ്യത കുറയുമ്പോൾ കിട്ടുന്ന വെള്ളം ഉപയോഗിക്കും. പലപ്പോഴും ശുദ്ധജലമായിരിക്കില്ല ലഭിക്കുക. ഇതു വയറിളക്കം പോലുള്ള രോഗങ്ങൾ വരുത്താം. വെള്ളം തിളപ്പിച്ചു ഉപയോഗിക്കുക. അല്ലെങ്കിൽ വാട്ടർ പ്യൂരിഫയർ ഉപയോഗിക്കുക. വയറിളക്കം വന്നാൽ വൈദ്യസഹായം തേടാൻ വൈകരുത്. പാചകത്തിനും ഫിൽറ്റർ െചയ്ത വെള്ളം ഉപയോഗിക്കുക. വാട്ടർ പ്യൂരിഫയർ ഇല്ലെങ്കിൽ വൃത്തിയുള്ള കോട്ടൺ തുണി കൊണ്ട് പൈപ്പിന്റെ ദ്വാരം മൂടികെട്ടുക. ആ തുണിയിൽ കൂടി വരുന്ന വെള്ളം പാകം െചയ്യാൻ എടുക്കാം. ഹോട്ടലിൽ നിന്നു ഭക്ഷണം കഴിക്കുമ്പോൾ ആവിയിൽ വേവിച്ച വിഭവങ്ങൾ കഴിക്കാം. ഏതു ഭക്ഷണമാണെങ്കിലും പാകം ചെയ്ത് ആറ് മണിക്കൂറിനുള്ളിൽ കഴിക്കണം.

* കടുത്ത ചൂട് കാരണം തലവേദന എന്ന പരാതി പറയുന്നവർ ധാരാളമുണ്ട്. പലപ്പോഴും ചൂടുകാലത്ത് ശരീരം തളർന്നുപോകുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാൻ ശരീരം ഈ അവസ്ഥയ്ക്കെതിരെ പ്രവർത്തിക്കുന്നു. ഇതിലൂെട നമ്മുെട ശരീരത്തിനു സമ്മർദമേറുകയാണ്. ഇതിന്റെ ഫലമായി തലവേദനയും വരാം. മാത്രമല്ല നിർജലീകരണവും തലവേദന വരുത്താം. നന്നായി വെള്ളം കുടിക്കണം. കഴിവതും നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുക. തലവേദന ഉണ്ടെങ്കിൽ നന്നായി വിശ്രമിക്കുക. ഐസ് ക്യൂബ് നെറ്റിയിൽ വയ്ക്കുക, തണുത്ത വെള്ളത്തിൽ തുണി നനച്ചു നെറ്റിയിൽ വയ്ക്കുക തുടങ്ങിയവ ചെയ്യാം. നന്നായി വിശ്രമിച്ചിട്ടും തലവേദനയ്ക്ക് ഒട്ടും ശമനില്ലെങ്കിൽ മാത്രം വേദനസംഹാരി കഴിക്കാം.

ഡോ. ടി. എസ്. ഫ്രാൻസിസ്

പ്രഫസർ, മെഡിസിൻ വിഭാഗം

എംഒഎസ്‌സി മെഡിക്കൽ കോളജ്

കോലഞ്ചേരി

ഡോ. അരുൺ എൻ. ഭട്ട്

അസിസ്റ്റന്റ് പ്രഫസർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം

പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്,
തിരുവല്ല

Tags:
  • Daily Life
  • Manorama Arogyam