Thursday 12 October 2023 12:06 PM IST : By ഡോ. ബി. സുമാദേവി

തൊലിയിലൂടെ ശരീരത്തിലെത്തിയാൽ നാഡീവ്യൂഹത്തിനു ദോഷം, കാൻസറിനും കാരണം; ക്ലീനിങ് ലായനികൾ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

claning45

കൊറോണ കാലമായ ശേഷം പ്രതിരോധ ശേഷിക്കു നൽകുന്ന പ്രാധാന്യം എല്ലാവരും ശുചിത്വത്തിനും നൽകി തുടങ്ങിയിട്ടുണ്ട്. വ്യക്തിശുചിത്വം മാത്രമല്ല, വീടിനകവും നമ്മൾ കൂടുതൽ വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി. വീടിന്റെ തറ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഫ്ലോർ ക്ലീനറുകൾ. അവയെ കുറിച്ച് കൂടുതൽ അറിയാം.

ഫ്ലോർ ക്ലീനറുകൾ പല തരത്തിൽ ലഭ്യമാണ്. വിവിധ തരം തറകൾക്കു വ്യത്യസ്ത ഗുണവിശേഷണങ്ങളുള്ള ക്ലീനറുകളാണ് ഉപയോഗിക്കേണ്ടത്. തറ തുടയ്ക്കും മുൻപ് ചൂലു കൊണ്ടോ വാക്വം ക്ലീനർ ഉപയോഗിച്ചോ തറയിലെ പൊടി നന്നായി നീക്കം ചെയ്യണം. ഫ്ലോർ ക്ലീനർ അൽപ്പം എടുത്ത് വെള്ളത്തിൽ ചേർത്തു നേർപ്പിച്ചാണ് ഉപയോഗിക്കേണ്ടത്. തറ തുടയ്ക്കാൻ തണുത്ത വെളളം മതിയാകും. നന്നായി അഴുക്ക് പുരണ്ടിരിക്കുന്ന തറയാണെങ്കിൽ ഇളം ചൂടുവെള്ളം ഉപയോഗിക്കാം. തറ തുണിയോ മോപ്പോ കൊണ്ട് തുടച്ച ശേഷം ഉണങ്ങിയ തുണി കൊണ്ട് നനവ് ഒപ്പിക്കളയാം. അല്ലെങ്കിൽ ഫാൻ ഇട്ട് തറ ഉണക്കാം. 

ക്ലീനറുകളിൽ അടങ്ങിയിരിക്കുന്നത്

ഫ്ലോർ ക്ലീനറുകൾ വിവിധ വിഭാഗത്തിൽപ്പെട്ട രാസ സംയുക്തങ്ങളാണ് ഉണ്ടാവുക. സോപ്പ് പോലെ പതഞ്ഞ് അഴുക്കു നീക്കം ചെയ്യുന്ന ഡിറ്റർജന്റുകൾ, രോഗാണുക്കളെ നശിപ്പിക്കാൻ കഴിയുന്ന അണുനാശിനികൾ , എണ്ണമെഴുക്ക് അകറ്റുന്ന ഡീഗ്രീസറുകൾ, കറകൾ മാറ്റുന്ന സ്റ്റെയിൻ റിമൂവറുകൾ, ദുർഗന്ധം അകറ്റുന്ന ഡീ ഓഡറന്റുകൾ , സുഗന്ധം നൽകുന്ന പെർഫ്യൂമുകൾ എന്നിങ്ങനെയുള്ള രാസ സംയുക്തങ്ങളും ഫ്ലോർ ക്ലീനറുകളിൽ ഉണ്ടാകും. 

• ആരോഗ്യപ്രശ്നങ്ങൾ

പലതരം ഹാനികരമായ രാസവസ്തുക്കൾ ക്ലീനിങ് ലായനികളുടെ അവശിഷ്ടങ്ങളായി മുറിയിൽ തങ്ങി നിൽക്കാം. നിരവധി വാതകങ്ങൾ വായുവിൽ പടരാനും ഇടയുണ്ട്. ഇവയിൽ ചിലത് തൊലിയിലൂടെ മനുഷ്യ ശരീരത്തിൽ കടക്കുന്നവയാണ്. ചിലതു കൈകളിലൂടെ വായിലേക്കും ചിലപ്പോൾ കണ്ണിലേക്കും തെറിച്ചു വീഴാനും സാധ്യതയുണ്ട്. ഫോർമാൽഡിഹൈഡ് അടങ്ങിയ ക്ലീനറുകളുടെ അവശിഷ്ടം നാഡീവ്യൂഹത്തിനു ദോഷകരമാണെന്നും കാൻസർ ഉണ്ടാക്കാൻ കാരണമായേക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. അമോണിയ ചേർന്ന ക്ലീനറുകൾ ഉണ്ട്. അമോണിയ ശ്വസിച്ചാൽ മൂക്കും വായും പൊള്ളുന്നതായി തോന്നുo. സ്ഥിരമായി ക്ലിനിങ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അധിക സമയം പുതുതായി തുടച്ചു വൃത്തിയാക്കിയ മുറിയിൽ കഴിയേണ്ടി വന്നവർക്കും തലവേദന, ഛർദി, തൊലി ചൊറിഞ്ഞ് തടിക്കൽ, തലകറക്കം, തൊലിക്കു നിറവ്യത്യാസം എന്നിവ കണ്ടുവരുന്നുണ്ട്. 

• സുരക്ഷിതമായി വൃത്തിയാക്കാം

വായു സഞ്ചാരമുള്ള മുറിയിലേ ക്ലീനിങ് ജോലി ചെയ്യാവൂ. തുടയ്ക്കുമ്പോൾ ജനാലകൾ തുറന്നിടണം. മാസ്ക് ധരിക്കാം. ആസ്മാ രോഗികൾ ഇത്തരം ജോലികളിൽ ഏർപ്പെടുകയോ വൃത്തിയാക്കിയ മുറിയിൽ ഉടനെ തന്നെ കയറുകയോ ചെയ്യരുത്. ദോഷഫലങ്ങൾ കുറവുള്ള വെളുത്ത വിനാഗിരി, സോപ്പു ലായനി , കാരം, ബോറാക്സ്, പുൽതൈലം പോലുള്ള സുഗന്ധ എണ്ണകൾ എന്നിവ ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. കുഞ്ഞുങ്ങളുടെ കൈയകലത്തിൽ നിന്നും മാറ്റിവയ്ക്കണം . 

ഡോ. ബി. സുമാദേവി

എറണാകുളം

Tags:
  • Manorama Arogyam
  • Health Tips