പ്രായഭേദമില്ലാതെ കുട്ടികളിലും മുതിര്‍വരിലും ഒരുപോലെ കാണപ്പെടുന്നതാണ് പല്ലുവേദന. പല്ലിനുള്ളില്‍ നിന്നും പുറത്തുനിന്നുമൊക്കെയുള്ള ഒരുതരം അസ്വസ്ഥതയായിട്ടാണ് പലപ്പോഴും പല്ലുവേദന അനുഭവപ്പെടുക. പല്ലുകള്‍ക്കിടയിലുള്ള ഭക്ഷണപദാര്‍ഥങ്ങളില്‍ ബാക്ടീരിയ പ്രവര്‍ത്തിക്കുന്നതിലൂടെ മോണയിലും പല്ലിനിടയിലും നീര്‍ക്കെട്ടുണ്ടാവുകയും ഇത് പല്ല് വേദനയ്ക്ക് കാരണമാകുകയും ചെയ്യാറുണ്ട്. ഇത് കൂടാതെ പല കാരണങ്ങള്‍ കൊണ്ടും പല്ലു വേദന ഉണ്ടാവാറുണ്ട്. ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ സംസാരിക്കാനോ പോലും വയ്യാത്ത അവസ്ഥയിലെത്തിക്കുന്ന പല്ലുവേദനയുടെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രാരംഭ ലക്ഷണങ്ങളെ ചികിത്സിക്കേണ്ടത് പ്രധാനമാണ്.
പല്ലുവേദനയുടെ കാരണങ്ങള്‍
• ദന്തക്ഷയം
• പല്ലിനു ചുറ്റുമുള്ള വീക്കം(കുരു)
• പൊട്ട'ിയ പല്ലുകള്‍
• പല്ലിനുണ്ടാകുന്ന അണുബാധ
• പല്ലിനുണ്ടാകുന്ന തേയ്മാനം
• പല്ല് അടച്ചതിനു ശേഷവും പിന്നീട് അണുബാധയുണ്ടായി വേദന വരാം
പല്ല് വേദനയുടെ ലക്ഷണങ്ങള്‍
• തീവ്രമായ പല്ലുവേദന
• പല്ലില്‍ തൊടാന്‍ പറ്റാത്ത അവസ്ഥ
• വായിലുണ്ടാകുന്ന നീര്‍ക്കെട്ട്
• ഇടയ്ക്കിടെയുണ്ടാകുന്ന തലവേദന
• പനി
• ഉറക്കത്തെ പ്പോലും ബാധിക്കുന്ന രീതിയിലുള്ള പല്ലുവേദന
• ചൂടുള്ളതോ തണുത്തതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന വേദന
• വായില്‍ പഴുപ്പ് രസം അനുഭവപ്പെടുന്നു
• ചെവി മുതല്‍ താടി വരെ വേദന അനുഭവപ്പെടുന്നു
വായും പല്ലും ശുചിയായി സൂക്ഷിക്കുന്നതിലൂടെയും ക്രമമായ പരിശോധനകളിലൂടെയും സമയോചിതമായ ചികിത്സയിലൂടെയും പല്ലുവേദന തടയാവുന്നതാണ്. പല്ലുവേദനയ്ക്കുള്ള ചികിത്സ നല്‍കുന്നത് വേദനയുടെ സ്വഭാവം, സ്ഥാനം, തീവ്രത, വേദന അധികരിപ്പിക്കുന്ന ഘടകം എന്നിവയെ അടിസ്ഥാനമാക്കിയാണ്. എല്ലാ തരത്തിലുള്ള വേദനകള്‍ക്കും സങ്കീര്‍ണമായ ചികിത്സയുടെ ആവശ്യമില്ല. ഉദാഹരണത്തിന് ചില ടൂത്ത് ബ്രഷ് പല്ലിന് ഉള്ളിലല്ലാതെ പുറത്ത് ചെറുതായി വേദന ഉണ്ടാക്കാറുണ്ട്. അസ്വസ്ഥതയുണ്ടാക്കുന്ന ഇത്തരം വേദനകള്‍ക്ക് സാധാരണയായി മൃദുവായ ബ്രഷ് ഉപയോഗിക്കുവാനാണ് നിര്‍ദ്ദേശിക്കാറ്. ഒരു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന കഠിനമായ വേദനയാണ് ഗുരുതരമാകുന്നത്. അതുപോലെ ഇടയ്ക്കിടെയുണ്ടാകുന്ന വേദനയും.
ചില അവസരങ്ങളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ മാത്രം വേദന അനുഭവപ്പെടുന്നു. അതായത് ചവയ്ക്കുമ്പോഴും കട്ടിയുള്ള ഭക്ഷണം കടിക്കുമ്പോഴും മാത്രം അല്ലാതെ വേദനയുണ്ടാവില്ല. ഇങ്ങനെയുള്ള അവസരങ്ങളില്‍ പല്ലിന് പോടുണ്ടെങ്കില്‍ അത് അടയ്ക്കാനാണ് ഡെന്റിസ്റ്റ് നിര്‍ദ്ദേശിക്കാറ്. എന്നാല്‍ പല്ല് അടച്ചതിന് ശേഷവും അതേ പല്ലിന് ഇടയ്ക്കിടെ വേദന അനുഭവപ്പെടുകയാണെങ്കില്‍ എക്‌സ്‌റെ എടുത്തതിന് ശേഷം വേണ്ടി വന്നാല്‍ റൂട്ട് കനാല്‍ ചികിത്സയാണ് നിര്‍ദ്ദേശിക്കാറ്.
തീവ്രമായ വേദന അനുഭവപ്പെടുന്ന അവസരങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക് ഉപയോഗിക്കേണ്ടിവരും. അതുപോലെ എക്‌സ്‌റെയും അനിവാര്യമാണ്. എക്‌സ്‌റെയിലൂടെ രോഗം തിരിച്ചറിഞ്ഞതിന് ശേഷം റൂട്ട്കനാലൊ അല്ലെങ്കില്‍ വേറെ ചികിത്സാരീതികളൊ വേണ്ടി വന്നേക്കാം.
വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഡെന്റിസ്റ്റിനെ സമീപിച്ച് പരിശോധനകള്‍ നടത്തുന്നതിലൂടെ പല്ലിനെ ആരോഗ്യത്തോടെ കാത്തുസംരക്ഷിക്കാവുന്നതാണ്.

ഡോ. സൂസന്‍ എബ്രഹാം
കസള്‍ട്ടന്റ്- ഇംപ്ലാന്റോളജിസ്റ്റ്
ഡെന്റല്‍ & മാക്‌സിലോഫേഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്
മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്