Friday 17 February 2023 01:14 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

ബീഫ് ഉൾപ്പെടെയുള്ള ചുവന്ന മാംസം, കക്ക, കൊഴുവ: യൂറിക് ആസിഡ് പ്രശ്നം ഉള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും....

vdrg43

രക്തത്തിലെ യൂറിക് ആസിഡിന്റെ അളവു വർധിക്കുമ്പോൾ അത് പരലുകളായി സന്ധികൾക്കു ചുറ്റുമായി അടിഞ്ഞുകൂടി അസഹ്യമായ വേദന ഉണ്ടാക്കാറുണ്ട്. ഈ അവസ്ഥയ്ക്ക് ഗൗട്ട് എന്നാണു പറയുക. പ്രധാനമായും കാലിലെ പെരുവിരലിനു ചുറ്റുമുള്ള ഭാഗത്താണു നീരും വേദനയും സാധാരണയായി കാണാറ്. ഉപ്പൂറ്റി ഭാഗത്തുള്ള സന്ധികളിലും വരാം.

പ്യൂരിൻ എന്ന ഘടകത്തിന്റെ വിഘടനത്തെ തുടർന്നാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിൽ ചെറിയ അളവിൽ, സ്വാഭാവികമായുള്ള ഘടകമാണിത്. പക്ഷേ, പ്യൂരിൻ ധാരാളമുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ പ്യൂരിന്റെ അളവു വർധിക്കാൻ ഇടയാകും. ഇതു യൂറിക് ആസിഡ് അളവു വർധിപ്പിക്കും.

∙ ബീഫ്, ആട്ടിറച്ചി, പന്നിയിറച്ചി പോലെ കൊഴുപ്പ് കൂടുതൽ അടങ്ങിയ മാംസഭക്ഷണങ്ങളിൽ യൂറിക് ആസിഡിനു കാരണമാകുന്ന പ്യൂരിൻ എന്ന ഘടകം ധാരാളമുണ്ട്. അതുകൊണ്ട് അവ അളവു കുറച്ച് കഴിക്കുന്നതാണു നല്ലത്. അവയവമാംസമായ കരൾ, കിഡ്‌നി, ഹൃദയം എന്നിവയിലും പ്യൂരിൻ ധാരാളമുണ്ട്. ഇവ ഒഴിവാക്കുക.

∙ കക്ക, ചൂര, കൊഴുവ, കണ്ണൻ മത്തി, കട്‌ല, കല്ലുമ്മക്കായ എന്നീ ചില കടൽ വിഭവങ്ങളിൽ പ്യൂരിൻ കൂടുതലായുണ്ട്. എന്നാൽ മത്സ്യം കഴിക്കുന്നതുകൊണ്ടു കൂടുതൽ ഗുണഫലങ്ങൾ ഉള്ളതിനാൽ പൂർണമായും അവ ഒഴിവാക്കേണ്ടതില്ല. പ്യൂരിൻ കൂടുതലുള്ളവ മിതമായി വല്ലപ്പോഴും കഴിക്കുക.

∙ വിവിധയിനം യീസ്റ്റ് ഉപയോഗിച്ചുള്ള വിഭവങ്ങൾ, ബ്രഡ്, കേക്ക്, ബിയർ എന്നിവയും യൂറിക് ആസിഡ് പ്രശ്നമുള്ളവർ ഒഴിവാക്കുന്നതാണ് നല്ലത്.

∙ മിതമായ അളവിൽ വൈൻ കഴിക്കാമെന്നു കാണുന്നു. എന്നാൽ, യൂറിക് ആസിഡ് കൂടിനിൽക്കുന്ന സമയത്ത് മദ്യവും ബിയറും പൂർണമായും ഒഴിവാക്കുക.

∙ നല്ല ആരോഗ്യകരമായ ഭക്ഷണക്രമം യൂറിക് ആസിഡ് വർധിക്കാതിരിക്കാൻ സഹായിക്കും. നെയ്യുള്ള മീനുകൾ, ഇഞ്ചി, വാഴപ്പഴം, തക്കാളി, കൈതച്ചക്ക, നാരങ്ങാവർഗങ്ങൾ, തവിട് ഉള്ള അരി, റാഗി എന്നിവ കഴിക്കാം.

∙ മിതമായി പ്രോട്ടീൻ കഴിക്കാം. കൊഴുപ്പുനീക്കിയ കോഴിമാംസം, കൊഴുപ്പു കുറഞ്ഞ പാൽ, പയർ വർഗങ്ങൾ എന്നിവ കുറഞ്ഞ അളവിൽ കഴിക്കാം,.

∙ കൊഴുപ്പു കുറച്ചു മതി. പ്രത്യേകിച്ചു ചുവന്ന മാംസം സൂക്ഷിച്ച് ഉപയോഗിക്കുക. ആഴ്ചയിൽ –23 തവണയിൽ കൂടുതൽ മാംസാംഹാരം കഴിക്കരുത്. എന്നാൽ, മുട്ട കഴിക്കാം.

∙ തവിടു നീക്കാത്ത അന്നജം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഞാവൽപ്പഴം, കറുത്ത ചെറി, സെലറിയുടെ അരി തുടങ്ങിയവയിൽ യൂറിക് ആസിഡ് അളവു കുറയ്ക്കുന്നതും വേദനയും നീർക്കെട്ടും ശമിപ്പിക്കുന്നതുമായ ഘടകങ്ങളുണ്ട്. പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കാൻ ശ്രദ്ധിക്കണം.

∙ അമിതവണ്ണമുള്ളവർ ഭക്ഷണക്രമീകരണവും വ്യായാമവും വഴി ശരീരഭാരം കുറയ്ക്കുന്നത് യൂറിക് ആസിഡ് നിയന്ത്രണത്തിനു ഗുണം ചെയ്യും. എന്നാൽ അതിനായി പട്ടിണി കിടക്കരുത്. പട്ടിണി കിടന്നാൽ യൂറിക് ആസിഡ് വർധിക്കും.

∙ ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ്സ് വെള്ളം കുടിക്കണം. മൂത്രം ജലം പോലെ തെളിഞ്ഞു പോകുന്നത്ര അളവു വെള്ളം കുടിക്കുക. നാരങ്ങാവെള്ളം മുസംബി ജൂസ് എന്നിവ കുടിക്കുന്നതു നല്ലതാണ്. വീട്ടിൽ ഫ്രഷ് ആയുണ്ടാക്കുന്ന ഏതു ജൂസും മിതമായ മധുരം ചേർത്തു കഴിക്കാം.

∙പുളിയുള്ള പഴവർഗങ്ങൾ യൂറിക് ആസിഡ് കൂടുതലുള്ളവർക്ക് നല്ലതല്ല എന്ന ധാരണയിൽ കഴമ്പില്ല. സത്യത്തിൽ ഇവർക്ക് വൈറ്റമിൻ സി ഗുണകരമാണെന്നാണ് ചില പഠനങ്ങളിൽ കാണുന്നത്. അതുകൊണ്ട് ഒാറഞ്ച്, നെല്ലിക്ക, കിവി, മധുരനാരങ്ങ എന്നിങ്ങനെ പുളിയുള്ള പഴവർഗങ്ങൾ ധൈര്യമായി കഴിക്കാം. പക്ഷേ, വൈറ്റമിൻ സി സപ്ലിമെന്റായി കഴിക്കുന്നത് ഡോക്ടറുടെ നിർദേശം തേടിയശേഷം മതി.

∙ ശീതളപാനീയങ്ങളും പാക്കഡ്– ടിൻ ജൂസും ഒഴിവാക്കണം. ഇവയിലെ അമിതമായ മധുരം രാസഘടകങ്ങളും യൂറിക് ആസിഡ് പ്രശ്നമുള്ളവർക്ക് അനുയോജ്യമല്ല.

∙ കാപ്പി മിതമായി ഉപയോഗിക്കാം. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് മിതമായ അളവിലുള്ള കാപ്പികുടി ദോഷകരമല്ല എന്നാണ്.

വിവരങ്ങൾക്ക് കടപ്പാട്

മനോരമ ആരോഗ്യം ആർകൈവ്

Tags:
  • Manorama Arogyam
  • Health Tips