Thursday 16 February 2023 11:45 AM IST

രാത്രി ഫോണിൽ നോക്കിയിരിക്കുന്നവർ അറിയാൻ, കാഴ്ച പോകാൻ വേറൊന്നും വേണ്ട...

Asha Thomas

Senior Sub Editor, Manorama Arogyam

night-eye-care

പതിവായി രാത്രി ഇരുട്ടത്ത് മൊബൈൽ ഫോൺ കണ്ടിരുന്ന യുവതിയുടെ കാഴ്ച താൽക്കാലികമായി നഷ്ടപ്പെട്ടതായി ഒരു ഡോക്ടർ തന്നെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. ഇടയ്ക്കിടെ വരുന്ന കാഴ്ചക്കുറവ്, വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ എന്നീ പ്രശ്നങ്ങളുമായി ഡോക്ടറെ സമീപിച്ചു പരിശോധിച്ചപ്പോഴാണ് സ്മാർട് ഫോൺ വിഷൻ സിൻഡ്രം ആണെന്നു കണ്ടെത്തിയത്.

എന്താണ് ശരിക്കും സംഭവിച്ചത്? ദിവസവും മണിക്കൂറുകൾ മൊബൈലിൽ ചെലവിടുന്നത് കാഴ്ച നഷ്ടത്തിന് ഇടയാക്കുമോ? പ്രശസ്ത നേത്രരോഗവിദഗ്ധൻ ഡോ. ദേവിൻ പ്രഭാകർ (ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ, തിരുവനന്തപുരം) സംശയങ്ങൾക്ക് ഉത്തരം നൽകുന്നു.

കംപ്യൂട്ടർ വിഷൻ സിൻഡ്രം

ദീർഘനേരം ഡിജിറ്റൽ സ്ക്രീനുകളുടെ മുൻപിൽ ചെലവിടുന്നവരിൽ കണ്ണിനും കാഴ്ചയ്ക്കും അനുഭവപ്പെടുന്ന ആയാസത്തിനും പ്രശ്നങ്ങൾക്കും പൊതുവേ പറയുന്ന പേരാണ് ഡിജിറ്റൽ ഐ സ്ട്രെയിൻ അഥവാ കംപ്യൂട്ടർ വിഷൻ സിൻ‍ഡ്രം. കണ്ണിന് ആയാസം അനുഭവപ്പെടുക, തലവേദന, കാഴ്ച അവ്യക്തമാവുക, കണ്ണ് വരണ്ടതായി അനുഭവപ്പെടുക, കഴുത്തിനും തോളിനും വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പല കാരണങ്ങളാൽ ഈ ലക്ഷണങ്ങൾ വരാം. പ്രകാശം കുറവ്, ഡിജിറ്റൽ സ്ക്രീനിൽ നിന്നുള്ള പ്രതിഫലനം, സ്ക്രീനും കണ്ണും തമ്മിലുള്ള ദൂരം കൃത്യമല്ലാതിരിക്കുക, ശരിയല്ലാത്ത ഇരിപ്പ്, നേരത്തെ തന്നെ കാഴ്ച പ്രശ്നങ്ങൾ ഉണ്ടാവുക എന്നിങ്ങനെയുള്ളവ ഉദാഹരണം.

ഫോണിൽ നോക്കിയിരിക്കുമ്പോൾ സംഭവിക്കുന്നത്

മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ കണ്ണിനുണ്ടാകുന്ന വ്യത്യാസങ്ങൾ എന്തൊക്കെയെന്നു നോക്കാം.

ഡ്രൈ ഐ– നമ്മൾ ഒരു കാര്യം ശ്രദ്ധയോടെ ഏറെനേരം നോക്കുമ്പോൾ ഇമവെട്ടുന്നതിന്റെ തോതു കുറയുന്നു. ഇമവെട്ടുമ്പോഴാണ് കണ്ണിലെ കൃഷ്ണമണിയിൽ കണ്ണീര് കൃത്യമായി പുരളുന്നത്. ഏറെനേരം സ്ക്രീനിലേക്കു തുറിച്ചു നോക്കിയിരിക്കുന്നത് കണ്ണുകൾ വരളുന്നതിന് (Dry Eye) ഇടയാക്കാം. ഇതു കണ്ണിനും കാഴ്ചയ്ക്കും പ്രശ്നങ്ങൾ സൃഷ്ടിക്കാം.

പേശികൾക്ക് ക്ഷീണം– കണ്ണിലെ കൃഷ്ണമണികളെ നടുക്കോട്ടു കൊണ്ടുവരുന്നത് കണ്ണിലെ മീഡിയൽ റെക്റ്റസ് പേശികളാണ്. ഒരുപാടുനേരം അടുത്തുള്ള കാഴ്ചയിൽ തന്നെ നോക്കിയിരിക്കുമ്പോൾ ഈ പേശികൾ കൂടുതലായി പ്രവർത്തിക്കുന്നു. തന്മൂലം ഈ പേശികൾക്ക് ചെറിയൊരു ക്ഷീണം വരാനിടയുണ്ട്. അതുപോലെ തന്നെ അടുത്തുള്ള കാര്യങ്ങൾ വായിക്കാനായി കണ്ണിനുള്ളിലെ ലെൻസിന്റെ പവർ മാറ്റുന്ന സീലിയറി പേശിയും അമിതമായി പ്രവർത്തിക്കുന്നതിനാൽ ഈ പേശികൾക്കും കുറച്ചുനേരം കഴിയുമ്പോൾ ക്ഷീണം വരാം.

മൈഗ്രെയ്ൻ– മൈഗ്രെയ്ൻ അഥവാ ചെന്നിക്കുത്ത് അസുഖമുള്ളവർക്ക് നല്ല തെളി‍ഞ്ഞ പ്രകാശം കണ്ടാലോ മിന്നുന്ന വെളിച്ചം കണ്ടാലോ തീക്ഷ്ണമായ പ്രകാശം കണ്ടാലോ തലവേദന വരാനുള്ള പ്രവണതയുണ്ട്. അതുകൂടാതെ റെറ്റിനെൽ മൈഗ്രെയ്ൻ എന്ന റെറ്റിനയിൽ ഉണ്ടാകുന്ന ഒരുതരം മൈഗ്രെയ്ൻ മൂലവും കാഴ്ചയ്ക്ക് വൈകല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തന്മൂലം തലവേദനയും കണ്ണുവേദനയും വരാം.

ഉറക്കപ്രശ്നങ്ങൾ– മറ്റൊരു അപകടമെന്നു പറയുന്നത്, രാത്രി മണിക്കൂറുകൾ മൊബൈലിൽ ചെലവഴിക്കുന്നത് ഉറക്കം തടസ്സപ്പടാനിടയാക്കാം എന്നതാണ്. ഇതും കണ്ണുവേദനയും തലവേദനയും വരുത്താം.

∙ മൊബൈൽഫോൺ നോക്കിയിരിക്കുമ്പോൾ നമ്മുടെ കയ്യോ തലയിണ കൊണ്ടോ ഒരു കണ്ണോ കാഴ്ചയുടെ ഒരു ഭാഗമോ മറഞ്ഞിരിക്കുന്ന അവസ്ഥ വരാം. ഇങ്ങനെയുള്ളപ്പോൾ റെറ്റിനയുടെ ഒരു ഭാഗത്തു വെളിച്ചം വീഴാതെയും മറ്റാരു ഭാഗത്ത് വെളിച്ചം വീഴുകയും ചെയ്യുന്നതുകൊണ്ട് കാഴ്ചയ്ക്ക് ചില ബുദ്ധിമുട്ടുകൾ (ലൈറ്റ് അഡാപ്റ്റേഷൻ പ്രശ്നങ്ങൾ) വരാൻ സാധ്യതയുണ്ട്.

പരിഹാരത്തിന് 20–20–20 റൂൾ

സ്ക്രീനിൽ നോക്കരുത് എന്നു പറയുന്നത് ഇന്നത്തെക്കാലത്ത് പ്രായോഗികമല്ല എന്നു നമുക്കറിയാം. അതുകൊണ്ട് സ്ക്രീൻ നോക്കിയിരിക്കുന്നതിന് സമയ പരിധി നിശ്ചയിക്കുകയും കണ്ണിനു കൃത്യമായ വിശ്രമം നൽകാൻ ശ്രദ്ധിക്കുകയും ചെയ്യുക.

∙ സാധാരണ രീതിയിലുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം കണ്ണുകളെ പ്രതികൂലമായി ബാധിക്കാറില്ല. മൊബൈൽ ഫോണിൽ നിന്നും കംപ്യൂട്ടറിൽ നിന്നും കണ്ണിനു ഹാനികരമായ ഇവി കിരണങ്ങൾ ഉത്ഭവിക്കാറുമില്ല. എന്നിരുന്നാലും രാത്രി സമയങ്ങളിൽ അധികനേരം മൊബൈലിന്റെ സ്ക്രീനിൽ നോക്കിയിരുന്നാൽ കണ്ണിന്റെ റെറ്റിനയുടെ ഒരു ചെറിയ ഭാഗത്തു മാത്രം ഒരുപാടു വെളിച്ചം വീഴുകയും ബാക്കി റെറ്റിനയുടെ ഭാഗത്ത് ഇരുട്ടാവുകയും ചെയ്യുന്നതിനാൽ ഒരു അസന്തുലിതാവസ്ഥ ഉണ്ടാവുന്നു. ഇതു കാഴ്ചക്കുറവിന് ഇടയാക്കാം. ഇങ്ങനെ ഉണ്ടാവുന്ന കാഴ്ചക്കുറവ് കണ്ണിനു വിശ്രമം കൊടുത്തുകഴിഞ്ഞാൽ പൂർവസ്ഥിതിയിലേക്ക് തിരിച്ച് എത്തുന്നതാണ്. അതുകൊണ്ട് സ്ഥിരമായി മണിക്കൂറുകൾ മൊബൈലിൽ ചെലവിടുന്നവർ 20–20–20 റൂൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കുക. അതായത് ഒാരോ 20 മിനിറ്റു കഴിയുമ്പോഴും 20 അടി ദൂരെയുള്ള വസ്തുവിലേക്ക് 20 സെക്കൻഡ് നേരം നോക്കുക. ഇതു കണ്ണിന്റെ പേശികൾക്ക് ആവശ്യമായ വിശ്രമം നൽകും .

∙ സ്ക്രിനിൽ ചെലവിടുന്ന സമയത്തിനു പരിധി വയ്ക്കുകയാണ് പ്രധാനമായും വേണ്ടുന്ന മറ്റൊരു കരുതൽ. പകൽസമയം കംപ്യുട്ടറിനു മുൻപിൽ ചെലവിടുന്നവർ രാത്രി അധികസമയം സ്ക്രീൻ നോക്കിയിരിക്കരുത്. അത്യാവശ്യം കാര്യങ്ങൾക്ക് ആയി മൊബൈൽ ഉപയോഗിക്കുക.

നമ്മൾ സാധാരണ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻസ്– ഫെയ്സ് ബുക്ക് ആയാലും ഇൻസ്റ്റഗ്രാം ആയാലും നെറ്റ് ഫ്ലിക്സ് ആയാലും നമുക്കു താൽപര്യമുള്ള ദൃശ്യങ്ങൾ അതുതന്നെ മനസ്സിലാക്കി നമുക്കു തന്നുകൊണ്ടിരിക്കുന്നു. ഒരു വിഡിയോ തീരുമ്പോൾ അടുത്തത് എന്ന രീതിയിൽ തുടർച്ചയായ ഒരു കാഴ്ചയ്ക്ക് ഇതിനു പ്രേരകമാകുന്നു. അതുകൊണ്ട് ഇത്തരം ആപ്ലിക്കേഷൻസ് ്നോക്കുമ്പോൾ നിശ്ചിതമായ ഒരു സമയദൈർഘ്യം ഉറപ്പിച്ച് അത് അലാം ആയി സെറ്റ് ചെയ്താൽ മണിക്കൂറുകളോളം സ്ക്രീനിനു മുന്നിൽ ചെലവിടുന്നത് കുറയ്ക്കാനാകും.

∙ കണ്ണടകൾ വയ്ക്കുന്ന വ്യക്തികൾ, പ്രത്യേകിച്ച് ദീർഘദൃഷ്ടി ഉള്ളവർ, വെള്ളെഴുത്ത് എന്നിവയ്ക്ക് കണ്ണട ഉപയോഗിക്കുന്നവർ അതു വച്ചുതന്നെ മൊബൈൽ നോക്കുക. അല്ലെങ്കിൽ കണ്ണിനുള്ളിലെ സിലിയറി പേശികൾക്ക് അമിത ആയാസം വരാൻ സാധ്യതയുണ്ട്. മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി ഉള്ളവർക്ക് ചില അവസരങ്ങളിൽ കണ്ണാടി വയ്ക്കാതെ ഫോൺ നോക്കിയിരുന്നാലും വലിയ ബുദ്ധിമുട്ട് ഉണ്ടാകണമെന്നില്ല.

∙ രാത്രി ഇരുട്ടത്തിരുന്നു ഫോൺ നോക്കുന്നത് ഒഴിവാക്കുക. മൊബൈൽ ഫോണിന്റെ സ്ക്രീനിലുള്ള പ്രകാശത്തിലും കുറഞ്ഞ പ്രകാശത്തിലും നോക്കുന്നതാണ് നല്ലത്.

∙ ആധുനിക ഫോണുകളിലെല്ലാം തന്നെ ബ്ലൂ ലൈറ്റ് ഫിൽറ്ററും നൈറ്റ് മോഡുമൊക്കെ ഉണ്ട്. ഈ സംവിധാനം ഒാൺ ആക്കിയാൽ റെറ്റിനയ്ക്കുള്ള ലൈറ്റ് അഡാപ്റ്റേഷന്റെ പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.

∙ കണ്ണിനു വേദനയോ കാഴ്ചയ്ക്ക് അവ്യക്തതയോ അനുഭവപ്പെട്ടാൽ ഉടനെ തന്നെ ഡോക്ടറെ കാണുക.

Tags:
  • Manorama Arogyam