Wednesday 17 January 2024 04:50 PM IST

പ്രസവം കഴിഞ്ഞതോടെ 10 കിലോ കൂടി, ഭർത്താവ് മെലിഞ്ഞിരിക്കുന്നത് കണ്ട് പരിഹാസവും: 90 ദിനം കൊണ്ട് വയറും വണ്ണവും കുറച്ച് രാഖിയുടെ വാശി

Asha Thomas

Senior Sub Editor, Manorama Arogyam

rakhiweight343

വൈപ്പിൻ നെടുമങ്ങാട് സ്വദേശിനി രാഖി ഒരു സാധാരണ വീട്ടമ്മയായിരുന്നു. ഏതൊരു സ്ത്രീയേയും പോലെ പ്രസവത്തെ തുടർന്നുള്ള ശരീരഭാരം കുറയ്ക്കാൻ ശ്രമം തുടങ്ങി. ആ ശ്രമത്തിന്റെ ഒടുവിൽ വണ്ണവും വയറും കുറയ്ക്കുക മാത്രമല്ല ഫിറ്റ്നസ് ചാംപ്യനുമായി. വൈകിയാണെങ്കിലും ഫിറ്റ്നസ് പാഷനായെടുത്ത രാഖിയുടെ ട്രാൻസ്ഫർമേഷൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തരംഗം തന്നെ തീർത്തിരുന്നു. ഭാരം കുറച്ച്, അവിശ്വസനീയമായ മേക്ക് ഒാവർ‌ നടത്തിയ രാഖി തന്റെ ഭാരം കുറയ്ക്കൽ ടിപ്സ് പങ്കിടുന്നു.

ആദ്യത്തെ പ്രസവം കഴിഞ്ഞു 10 കിലോയോളം വണ്ണം കൂടിയിരുന്നു. ഭർത്താവാണെങ്കിൽ നന്നേ മെലിഞ്ഞിട്ടാണ്. പൊണ്ണത്തടിയും വച്ച് ചടങ്ങുകൾക്കൊക്കെ പുറത്തുപോകാൻ ചമ്മലായിരുന്നു. അതുകൊണ്ട് ചടങ്ങുകൾക്കൊക്കെ പുറത്തിറങ്ങുന്നതു തന്നെ കുറഞ്ഞു. ആദ്യത്തെ പ്രസവം കഴിഞ്ഞ് 2–3 വർഷം എടുത്തു പ്രസവത്തിനു മുൻപുള്ള ശരീരഭാരത്തിലേയ്ക്കെത്താൻ.

പഠിച്ചത് ഇന്റീരിയർ ഡിസൈനിങ്ങാണ്. ആദ്യത്തെ കുട്ടിയുണ്ടായി കഴിഞ്ഞ് ഇന്റീരിയർ ഡിസൈനറായി കൊച്ചി വൈറ്റിലയിൽ 6–7 വർഷം ജോലി ചെയ്തിരുന്നു. രാവിലെ പോകും വൈകുന്നേരം വരുമ്പോഴേയ്ക്കും കുഞ്ഞ് ഉറങ്ങിയിട്ടുണ്ടാകും. കുഞ്ഞിനൊപ്പമോ കുടുംബത്തിനൊപ്പമോ പങ്കിടാൻ സമയം കുറവ്. അങ്ങനെ ജോലി നിർത്തി. കുറേനാൾ പിഎസ്‌സി പരിശീലനത്തിനു പോയി. കുറേ കഷ്ടപ്പെട്ട്, രണ്ടു ലിസ്റ്റിൽ വന്നു. എക്സൈസ് വകുപ്പിന്റേതായിരുന്നു ഒരെണ്ണം. ആ ലിസ്റ്റിൽ നിന്നു വിളിച്ച സമയത്ത് രണ്ടാമതു ഗർഭിണിയാണ്. ഫിസിക്കൽ ടെസ്റ്റിനു പോകാൻ പറ്റാതെ അവസരം നഷ്ടമായി. അതോടെ പിഎസ്‌സി ശ്രമം ഉപേക്ഷിച്ചു.

കാര്ബോഹൈഡ്രേറ്റ് കുറച്ചു , സൈക്ലിങ് പതിവാക്കി 

രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ 75 കിലോയായി ശരീരഭാരം. ആദ്യ പ്രസവത്തിന്റെ അനുഭവത്തിൽ നിന്നും കുറേ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ഡയറ്റൊക്കെ സ്വയം ക്രമപ്പെടുത്തി. കാർബോഹൈഡ്രേറ്റ് കുറയ്ക്കുകയാണ് പ്രധാനമായി ചെയ്തത്. പരമാവധി മധുരം ഒഴിവാക്കി. ചായ നിർത്തി.

ഉണർന്നയുടനെ നേരിയ ചൂടുവെളളം കുടിക്കും. പിന്നെ, ഗ്രീൻ ടിയിൽ നാരങ്ങാനീരും തേനും ചേർത്തു കഴിക്കും.

പ്രഭാതഭക്ഷണം ഒാട്സ്, കൂടെ മുട്ട പുഴുങ്ങിയത് കഴിക്കും. ഇടനേരങ്ങളിൽ എണ്ണപ്പലഹാരങ്ങൾ ഒഴിവാക്കി, കാരറ്റ് ജൂസ് പോലെയുള്ളവ കഴിച്ചു. ഉച്ചയ്ക്ക് ഒരു തവി ചോറ്. കൂടെ സാലഡുകൾ, പയർ മുളപ്പിച്ചത് പോലുള്ളവ കറി.

പഞ്ചസാര ചേർക്കാതെ കാപ്പി കുടിക്കുമായിരുന്നു. കൂടെ അഞ്ചോ ആറോ നട്സ് കഴിക്കും. വൈകുന്നേരം ചപ്പാത്തി , കൂടെ ചിക്കനാണെങ്കിൽ ഗ്രേവി കുറച്ച് കഷണം മാത്രം കഴിക്കും.

കൊച്ചുകുഞ്ഞുള്ളതുകൊണ്ട് നടത്തമൊന്നും പ്രായോഗികമല്ലായിരുന്നു. വൈകുന്നേരമായിരുന്നു അൽപം സമയം കിട്ടിയിരുന്നത്. കുറച്ചു സമയം കൊണ്ട് പരമാവധി കാലറി എരിയ്ക്കാൻ പറ്റുന്ന വ്യായാമം ചെയ്യണം. അങ്ങനെ സൈക്ലിങ് തിരഞ്ഞെടുത്തു. മുസരിസ് എന്ന ഒരു സൈക്ലിങ് ക്ലബിൽ ചേർന്ന്. അതിലെ അംഗങ്ങൾ ദിവസവും കുറഞ്ഞത് 20 കി.മീറ്ററോളം സൈക്കിൾ ചവിട്ടണമെന്നാണ് നിയമം. 20 കിലോമീറ്റർ ദൂരത്തേയ്ക്ക് പോവുക പ്രായോഗികമല്ലാതിരുന്നതിനാൽ ഒരു സ്ഥലത്തു തന്നെ പലതവണ റൗണ്ടടിക്കുമായിരുന്നു.

വർക് ഔട്ടിനെ കുറിച്ചു വലിയ ധാരണയൊന്നും അപ്പോഴില്ല. യു ട്യൂബ് നോക്കി വയറു കുറയാനുള്ള ചില ഗ്രൗണ്ട് എക്സർസൈസും ചെയ്യുമായിരുന്നു.

ഇങ്ങനെ 90 ദിവസം എത്തിയപ്പോഴേക്കും ശരീരഭാരം ഏതാണ്ട് 55–56 കിലോയിലെത്തി. അതോടെ‘പെട്ടെന്ന് എങ്ങനെ ഇത്ര മെലിഞ്ഞു’ എന്ന് ആളുകൾ ചോദിച്ചുതുടങ്ങി. ഈ ഫീൽഡിൽ നിൽക്കുന്നത് നല്ല കാര്യമാണല്ലൊ എന്ന തോന്നലുണ്ടായത് അതുകേട്ടപ്പോഴാണ്. ഇതാവുമ്പോൾ ശരീരം നോക്കാം, ഒരു ജോലിയുമായി.. കുടുംബത്തിനു വേണ്ടി സമയവും കിട്ടും. അതുവരെ ജോലിയായി ചെയ്തതൊന്നും പാഷനായിരുന്നില്ല. പക്ഷേ, ഇത്തിരി വൈകിയാണെങ്കിലും ഫിറ്റ്നസ് ആണ് പാഷനെന്നു ഞാൻ തിരിച്ചറിഞ്ഞു.

പിന്തുണച്ചത് ഭർത്താവ് 

rakhi33435 ഭർത്താവ് ചന്ദ്രകാന്തിനൊപ്പം

ഫിറ്റ്നസ് രംഗത്തേയ്ക്ക് വരാൻ ഏറ്റവുമധികം പിന്തുണച്ചത് ഭർത്താവ് ചന്ദ്രകാന്ത് ആണ് . അദ്ദേഹം പൊലിസ് സർവീസിലാണ്. ഒരു വാട്സ് ആപ് ഗ്രുപ്പിൽ സർക്കാർ നടത്തുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിനെ കുറിച്ചു കണ്ടപ്പോൾ ഞാൻ കൂട്ടുകാർക്ക് അത് അയച്ചുകൊടുത്തു. ഒപ്പം ഭർത്താവിനും അയച്ചു. വൈകുന്നേരമായപ്പോഴേക്കും അദ്ദേഹം കോഴ്സിന് എന്റെ പേര് റജിസ്റ്റർ ചെയ്ത് ഫീസ് അടച്ച് റെസിപ്റ്റും അയച്ചു തന്നു.

ആ സമയത്ത് രണ്ടാമത്തെ കുട്ടിയ്ക്ക് ഒരു വയസ്സ് ആയിട്ടേയുള്ളൂ. അതുകൊണ്ട് ചെറിയ എതിർപ്പൊക്കെ കുടുംബത്തിൽ നിന്നുണ്ടായിരുന്നു. ഈ സമയത്തു വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ എറണാകുളം 2022 മോംസ് ടൈറ്റിൽ നേടി. ആദ്യ മത്സരം ജയിച്ചതോടെ എതിർപ്പൊക്കെ മാറി, കുടുംബം ഒന്നടങ്കം പിന്തുണച്ചുതുടങ്ങി.

ആദ്യമത്സരത്തിന്റെ സമയത്ത് ഡയറ്റിങും മറ്റുമായി കുറച്ചു ബുദ്ധിമുട്ടി. മത്സരത്തിനു കുറേ ലെവലുകളുണ്ട്. ആദ്യം ഇൻട്രഡക്ഷൻ റൗണ്ട്, തുടർന്ന് പോസിങ്, പെർഫോമൻസ് റൗണ്ട് എന്നിങ്ങനെ...ആ സമയത്ത് ഒാരോ റൗണ്ടിലേയ്ക്കും ചെയ്യേണ്ടുന്ന കാര്യങ്ങൾ പരിശീലിക്കുക ബുദ്ധിമുട്ടായിരുന്നു. കുഞ്ഞ് ചെറുതാണല്ലൊ. കുഞ്ഞ് ഉറങ്ങിക്കഴിഞ്ഞ് ബെഡ് ലാംപിന്റെ വെളിച്ചത്തിൽ രാത്രി ഒരു മണിക്കും രണ്ടു മണിക്കുമൊക്കെയായിരുന്നു പ്രാക്ടീസ്. പരിശീലകന്റെ അടുത്തുപോയി പോസിങ് കൃത്യമായി പഠിച്ച് ഫോണിൽ റെക്കോഡ് ചെയ്യും. അതുനോക്കിയായായിരുന്നു രാത്രി പരിശീലനം.

മത്സരം ജയിച്ചതോടെ എനിക്കും ആവേശമായി. അടുത്ത ലെവൽ മത്സരത്തിനായി ഭക്ഷണമൊക്കെ പ്രത്യേകം ചിട്ടപ്പെടുത്തി. ജിമ്മിൽ പതിവായി പോയി. ഡയറ്റ് കർശനമായിരുന്നു. മത്സരം അടുക്കുമ്പോഴേയ്ക്കും പരമാവധി കാർബോഹൈഡ്രേറ്റ് ഭക്ഷണം ഒഴിവാക്കി. പ്രോട്ടീൻ മാത്രമാക്കും. മസിൽസ് കൂടുതൽ പുറത്തേയ്ക്കു തെളിയാനും ശക്തി കൂട്ടാനുമൊക്കെയായി ഉച്ചയ്ക്ക് എടുക്കുന്ന കാർബോഹൈഡ്രേറ്റ് പോലും നിർത്തും. ഒന്നു രണ്ടു മാസത്തേയ്ക്ക് പൂർണമായും ഒഴിവാക്കും. പിന്നീട് നടന്ന വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ കേരള മിസ് ആൻഡ് മിസ്റ്റർ 2022-2023 മോംസ് ടൈറ്റിൽ വിന്നർ ആയി.

കടുത്ത പരിശീലനത്തിന്റെ നാളുകൾ 

സൗത്ത് ഇന്ത്യ മത്സരമാണ് ഇനി വരാനുള്ളത്. കേരള പോലെയല്ല മത്സരം കടുപ്പമാണ്. ഒരു വർഷം എങ്കിലും വർക് ഔട്ട് ചെയ്ത് ശരീരം ടൈറ്റാക്കി ഫിറ്റ് ആക്കണം. ട്രെയിനർ പ്രമോദ് സാറിന്റെ നേതൃത്വത്തിൽ അതിനുള്ള പരിശീലനത്തിലാണ്. ഡയറ്റൊക്കെ കൂടുതൽ ഗൗരവത്തിൽ ശ്രദ്ധിക്കുന്നു.

രാവിലെ ഒരു ഗ്ലാസ്സ് നേരിയ ചൂടുവെള്ളം കുടിയ്ക്കും. അഞ്ചു മുട്ടയുടെ വെള്ളയും ഒഴു മുഴുവൻ മുട്ടയും കഴിക്കും. പതിനൊന്നരയ്ക്ക് കാരറ്റ് ജൂസ്.

ഇപ്പോൾ വൈപ്പിനിൽ തന്നെ സ്ത്രീകൾക്കായി ഇൻസൈറ്റ് ഫിറ്റ്നസ് എന്ന പേരിൽ ഒരു ഫിറ്റ്നസ് സെന്റർ നടത്തുന്നുണ്ട്. എയ്റോബിക് ഇൻസ്ട്രക്ടർ, സുംബ ട്രെയിനർ എന്നീ കോഴ്സുകളും ചെയ്തു.

ചില ദിവസം സുംബ ക്ലാസ്സൊക്കെ എടുത്തു കഴിഞ്ഞ് ഭയങ്കര ക്ഷീണം തോന്നും. അപ്പോൾ വേ–പ്രോട്ടീൻ കഴിക്കും. മത്സരത്തിനു പോകുമ്പോൾ മസിൽ ക്വാളിറ്റി പോകാതിരിക്കാൻ

ഉച്ചയ്ക്ക് ബസുമതി റൈസ്, എയർ ഫ്രൈ ചെയ്ത ചിക്കൻ,കൂടെ സാലഡ്. വൈകുന്നേരമാണ് എന്റെ ജിം വർക് ഔട്ട് സമയം. വെയിറ്റ് ലിഫ്റ്റിങ്ങൊക്കെയാണ് പ്രധാനമായും ചെയ്യുന്നത്. അതിനു മുൻപ് ഒാട്സും പ്രോട്ടീൻ പൗഡറും മിക്സ് ചെയ്തു കഴിക്കും. അല്ലെങ്കിൽ മധുരക്കിഴങ്ങ് കഴിക്കും. വർക് ഔട്ട് കഴിഞ്ഞ് വന്നിട്ട് മിക്സഡ് ഫ്രൂട്ട്സ്. രാത്രി വേ–പ്രോട്ടീൻ. ഒരു കുക്കുമ്പർ മുഴുവൻ കഴിക്കും. ഉറങ്ങും മുൻപ് ലെമൺ ഗ്രാസ് ടീ കുടിയ്ക്കും.

എത്ര വൈകിയാലും നമ്മുടെ പാഷൻ കണ്ടെത്തുകയാണ് പ്രധാനം. അതുതരുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല–രാഖിയുടെ ചിരിയിൽ സംതൃപ്തിയുടെ തിളക്കം.

Tags:
  • Manorama Arogyam