Saturday 30 September 2023 12:49 PM IST : By ഡോ. പാർവതീ കൃഷ്ണ

നാൽപാമരത്തൊലിയിട്ടു തിളപ്പിച്ച വെള്ളം, ഔഷധപ്പുക... സ്ത്രീകളിലെ വെള്ളപോക്കിന് ആയുർവേദ പരിഹാരങ്ങൾ

fr43r

അസ്ഥി ഉരുക്കം, ഉഷ്ണം തുടങ്ങി പലതരം വിശേഷണങ്ങളോടു കൂടി സ്ത്രീകൾ വൈദ്യസഹായം തേടിയെത്തുന്ന ഒരവസ്ഥയാണ് വെള്ളപോക്ക്.

ആർത്തവപ്രായം ആവാത്ത കുട്ടികൾ മുതൽ മാസ മുറ നിന്നു കഴിഞ്ഞവർ പോലും വെള്ളപോക്കെന്ന പ്രശ്നവുമായി ഡോക്ടറെ സമീപിക്കാറുണ്ട്. ഇത് ഒരസുഖമാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതാണ് ഏറ്റവും പ്രാധാനം.

ആർത്തവചക്രത്തിന്റെ മധ്യദിവസങ്ങളിൽ ഈസ്ട്രജൻ അധികമാകുന്നതു നിമിത്തം സ്ത്രീകളിൽ വെളുത്ത നിറത്തിലുള്ള സ്രവങ്ങൾ സ്വാഭാവികമായി തന്നെ ഉണ്ടാകാറുണ്ട്. അത് അല്പം തെളിഞ്ഞ രീതിയില്‍ ചെറിയ അളവിലാണ് കാണപ്പെടുന്നത്. യോനി ഭാഗത്തു ചൊറിച്ചിലോ മറ്റു ബുദ്ധിമുട്ടുകളോ ഒന്നും ഉണ്ടാവുകയും ഇല്ല. ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്തും യോനിയിൽ നിന്നും ഇത്തരം സ്രവങ്ങൾ സ്വാഭാവികമായിത്തന്നെ ഉണ്ടാകും. അവ യോനിഭാഗത്തിനു കൂടുതൽ അയവും വഴുവഴുപ്പും ഉണ്ടാക്കുകയും ചെയ്യുന്നു.

ഗർഭിണികളിലും വെളുത്ത കട്ടിയോടു കൂടിയ സ്രവങ്ങൾ സാധാരണയായി തന്നെ ഉണ്ടാകാറുണ്ട്.

എപ്പോഴാണ് വെള്ളപോക്കിനു വൈദ്യസഹായം തേടേണ്ടത്?

വെള്ളപോക്ക് ഒരു രോഗാവസ്ഥയാകുന്നത് യോനീ ഭാഗത്തും അതിനോടനുബന്ധിച്ച് മറ്റു അവയവങ്ങളിലും ഉള്ള അണുബാധ നിമിത്തമാണ്. അത് ഫംഗസ്, ബാക്ടീരിയ, പാരസൈറ്റ് തുടങ്ങിയ പലതരം അണുബാധ മൂലം ഉണ്ടാകാം.

ആരെല്ലാമാണ് യോനിയിൽ അണുബാധയേൽക്കാൻ കൂടുതൽ സാധ്യത ഉള്ളവർ?

∙ ഗർഭാവസ്ഥ

∙ ദീർഘകാലമായിട്ടുള്ള പ്രമേഹരോഗം

∙ നിരന്തരമായ ആന്റിബയോട്ടിക്കുകളുടെയും സ്റ്റീറോയിഡുകളുടെയും ഉപയോഗം.

∙ രോഗപ്രതിരോധ ശേഷിയെ കുറയ്ക്കുന്ന മരുന്നുകളോ മറ്റു രോഗങ്ങളോ ഉണ്ടാവുക.

∙ അമിതമായ ചൂട്.

∙ ഇറുകിയ വസ്ത്രധാരണ ശീലം

രോഗാവസ്ഥയായ വെള്ളപോക്കിനെ എങ്ങനെ തിരിച്ചറിയാം?

∙ തൈരുപോലെ വെളുത്ത കട്ടിയായോ മഞ്ഞ നിറത്തിലോ പച്ച നിറത്തിലോ, ചാരനിറത്തിലോ, പതയോടുകൂടിയോ യോനി സ്രവം ഉണ്ടാവുക.

∙ യോനി ഭാഗത്തു ചൊറിച്ചിലും ചുവപ്പു നിറവും.

∙ ദുർഗന്ധത്തോടു കൂടിയ പ്രത്യേകിച്ചു മത്സ്യത്തിന്റെ ഗന്ധത്തോടുകൂടിയ സ്രം

∙ മൂത്രം ഒഴിക്കുമ്പോൾ വേദന.

∙ കൂടെ കൂടെ മൂത്രം ഒഴിക്കാൻ തോന്നുക.

∙ അടിവയറു വേദന, നടുവേദന, വിശപ്പില്ലായ്മ, തലകറക്കം.

വെള്ളപോക്കും ഗർഭാവസ്ഥയും

ഗർഭിണികളിൽ യോനിക്കുണ്ടാകുന്ന അണുബാധ ഗർഭം അലസി പോകാനോ തൂക്കം കുറവുള്ള കുഞ്ഞുങ്ങൾ ജനിക്കാനോ മാസം തികയാതെയുള്ള പ്രസവത്തിനോ കാരണമാകാറുണ്ട്.

ആയുർവ്വേദ പരിഹാരമാർഗങ്ങൾ

ആുർവ്വേദ ചികിത്സയിലുടെ വളരെ ഫലപ്രദമായി തന്നെ വെള്ളപോക്കെന്ന രോഗവസ്ഥയെ ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.

ചികിത്സാ പ്രധാനമായും നിശ്ചിയിക്കപ്പെടുന്നത് രോഗലക്ഷണങ്ങളേയും അതിന്റെ കാരണങ്ങളെയും അടിസ്ഥാനമാക്കിയാണ്. അതാതു സ്രവത്തിന്റെ നിറം, മറ്റനുബന്ധ ലക്ഷണങ്ങൾ രോഗിയുടെ ശാരീരികമായ മറ്റു ബുദ്ധിമുട്ടുകൾ തുടങ്ങിയവ കണക്കിലെടുത്താണ് ചികിത്സാ തീരുമാനിക്കപ്പെടുന്നത്.

മരുന്നുകൾ കഴിക്കുന്നതോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്ന ചില ബാഹ്യചികിത്സാ ക്രമങ്ങൾ കൂടി ഉണ്ട്. യോനി ഭാഗം രോഗലക്ഷണങ്ങൾക്കനുസൃതമായ മരുന്നുകൾ ഇട്ടു തിളപ്പിച്ച കഷായം ഉപയോഗിച്ചു കഴുകുക. യോനി ഭാഗത്തു ചില ഔഷഘങ്ങളുടെ പുകയേൽപ്പിക്കുക തുടങ്ങിയവും ചികിത്സയുടെ ഭാഗമാണ്.

മുസലീഖദിരാദി കഷായം, പുനർന്നവാദി കഷായം, ബൃഹത്യാദി കഷായം, അമൃതോത്തരം കഷായം, ചന്ദ്രപ്രഭ ഗുളിക, ശതാവരി ഗുളം, കദളി രസായനം, അശോകാരിഷ്ടം ചന്ദനാസവം തുടങ്ങിയവ അവസ്ഥാനുസാരേണ രോഗിയിൽ പ്രയോഗിക്കാവുന്നതാണ്.

വളരെയധികം ദുർഗന്ധത്തോടും കട്ടിയോടും കൂടിയ യോനി സ്രവങ്ങളിൽ നാല്പാമരം ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ചു യോനീഭാഗം കഴുകാവുന്നതാണ്.

കൊന്നത്തൊലി ഇട്ടു തിളപ്പിച്ച വെള്ളവും പ്രയോജനകരമാണ്.

വെള്ളപോക്ക് രോഗികളിൽ സാമാന്യേന ഉപയോഗിക്കാവുന്ന ചില ആഹാര പ്രയോഗങ്ങളും പാനീയങ്ങളും താഴെ വിവരിക്കാം. എന്നിരുന്നാലും രോഗിയുടെയും രോഗത്തിന്റെയും അവസ്ഥക്കനുസൃതമായി വൈദ്യ നിർദ്ദേശപ്രകാരം മാത്രം സേവിക്കുക.

പാനീയങ്ങൾ

കരിങ്ങാലിക്കാതൽ/ഞെരിഞ്ഞിൽ/ഏലക്കായ് ഇവ ഇട്ടു തിളപ്പിച്ച വെള്ളം.

കുമ്പളങ്ങാ നീരിൽ കൽക്കണ്ടം പൊടിച്ചിട്ട് ഉപയോഗിക്കാം.

കരിമ്പിൻ നീര്, കരിക്കിൻ വെള്ളം

പശുവിൻ പാൽ കാച്ചി ആവശ്യത്തിന് കൽക്കണ്ടം പൊടിച്ചിട്ട് കാലത്തു കഴിക്കാം.

ആഹാരത്തിൽ ഉൾപ്പെടുത്താവുന്ന ചില ഔഷധ പ്രയോഗങ്ങൾ

∙ നാലോ അഞ്ചോ ഏലക്കയുടെ തരി പൊടിച്ചു ഒരു ടീസ്പൂൺ വെണ്ണയിൽ ചേർത്ത് കഴിക്കാം.

∙ കൂവനൂറ് കുറുക്കി പഞ്ചസാര പാവ് കാച്ചി കഴിക്കാവുന്നതാണ്.

∙ വെളുത്ത ചെമ്പരിത്തിയുടെ മൊട്ട് അരച്ചു പാലിൽ ചേർത്തു കഴിക്കാവുന്നതാണ്.

∙ തലെ ദിവസം വെള്ളത്തിൽ ഇട്ട പുളിങ്കുരു പരിപ്പ് പാലിൽ അരച്ചു കലക്കി സേവിക്കാം,

∙ അരിക്കാടിയിൽ തോറ്റാമ്പരൽ അരച്ചു കലക്കി സേവിക്കാം,.

∙ ശതാവരി കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് പകുതി അളവ് പശുവിൻപാൽ ചേർത്തു കഴിക്കാം.

വെള്ളപോക്കുള്ളവർക്കുള്ള പാൽ കഞ്ഞി

ചുക്ക്

തിപ്പലി

ഏലത്തരി

നിലപ്പന

ഞെരിഞ്ഞിൽ
മുളനൂറ് ഇവയെല്ലാം കൂടി പൊടിച്ചത് ഒരു ടേബിൾ സ്പൂൺ (15ഗ്രാം)

ഒരു ടേബിൾ സ്പൂൺ പൊടി 3 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് അരിച്ച് ആവശ്യത്തിന് അരിയും ചേർത്തു വേവിക്കുക. അരി െവന്ത ശേഷം പാലും ചേർത്തു ചൂടാക്കി ആവശ്യാനുസാരം പഞ്ചസാരയും ചേർത്തു പാൽ കഞ്ഞി ആയി ഉപയോഗിക്കാവുന്നതാണ്.

കഞ്ഞിക്കൂട്ട്

ചുക്ക്, ഞെരിഞ്ഞിൽ ഇവ തുല്യ അളവിൽ പൊടിച്ചത് ഒരു ടേബിൾ സ്പൂൺ 3 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് അരിച്ച് ആവശ്യത്തിന് അരിയും ചെറുപയർ പരിപ്പും ഇട്ടു വവിച്ച് കഞ്ഞി കുടിക്കുന്നതു നല്ലതാണ്.

അട

ഞവരയറി ഉണക്കി പൊടിച്ചതും നിലപ്പനക്കിഴങ്ങ് ഉണക്കി പൊടിച്ചതും ചേർത്ത് അടയുണ്ടാക്കി ഉപയോഗിക്കാം.

പഴവർങ്ങളിൽ കദളിപ്പഴം നിത്യേന ഉപയോഗിക്കുന്നത് ഫലപ്രദമാണ്.

വെള്ളപോക്കുള്ളവരിൽ പൊതുവെ കണ്ടുവരുന്ന ചില ശീലങ്ങൾ

∙ സമയം തെറ്റിയുള്ള ഉറക്കം, ആഹാരം, വ്യായാമം.

∙ അധികമായുള്ള എരിവ്, പുളി, ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും, അച്ചാറുകൾ, വിനാഗിരി പോലുള്ളവയുടെ അധിക ഉപയോഗം

∙ ഉണക്ക മത്സ്യത്തിന്റെയും അധികമായുള്ള വറുത്ത മത്സ്യ–മാംസ്യങ്ങളുടെ ഉപയോഗം.

∙ എണ്ണയിൽ വറുത്ത പലഹാരങ്ങളുടെ സ്ഥിര ഉപയോഗം.

∙ പാലുല്പന്നങ്ങളുടെ ഒപ്പം തന്നെ മത്സ്യ–മാംസ്യാദികളുടെയും പഴവർഗങ്ങളുടെ ഉപയോഗം.

∙ വേണ്ടവിധം പാകം ചെയ്യാത്ത ഭക്ഷണങ്ങളുടെ നിത്യോപയോഗം (Fast Food Culture)

ചുരുക്കത്തിൽ ജീവിതചര്യയിൽ ആവശ്യാനുസാരമുള്ള മാറ്റങ്ങളിലൂടെ വെള്ളപോക്കെന്ന രോഗത്തെ തടയാനും ചികിത്സിച്ചു ഭേദമാക്കാനും സാധിക്കും.

ഡോ. പാർവതി കൃഷ്ണ

ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ

അംബാ ആയുർവേദ ഹോസ്പിറ്റൽ

ചങ്ങനാശ്ശേരി

Tags:
  • Daily Life
  • Manorama Arogyam