Saturday 06 May 2023 12:33 PM IST

ക്ഷീണം നിസ്സാരമാക്കരുത്, വിളർച്ച മാത്രമല്ല കാരണം; ആർത്തവവിരാമം അടുക്കുമ്പോൾ പോഷണത്തിൽ ഏറെ ശ്രദ്ധ വേണം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

womenprob4343

ഒന്നാലോചിച്ചാൽ ഒരു മാരത്തൺ ഒാട്ടമാണ് സ്ത്രീയുടെ ജീവിതം. അവൾ വീട്ടമ്മയാണെങ്കിൽ നേരം പുലർന്നു വൈകുവോളം അടുക്കള ജോലികളും വീടു വൃത്തിയാക്കലും തുണിയലക്കും പുരയിടത്തിലെ പണികളും. ഉദ്യോഗസ്ഥയാണെങ്കിലോ പകൽ ഒാഫിസ് ജോലിയുടെ തിരക്കും സമ്മർദവും. രാവിലെയും രാത്രിയിലും അടുക്കള ജോലിയും വൃത്തിയാക്കലും ഉൾപ്പെടെ ഒരു നീണ്ട ലിസ്‌റ്റ് അവളെ കാത്തിരിപ്പുണ്ട്. ഇത്രയും പറഞ്ഞത് സ്ത്രീയുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഒാർമിപ്പിക്കാനല്ല. അവൾ മറക്കുന്നതും മിക്കപ്പോഴും ബോധപൂർവം അ വഗണിക്കുന്നതുമായ ഒരു പ്രധാന കാര്യം ഒാർമപ്പെടുത്താനാണ്. അത് അവളുടെ ആരോഗ്യമാണ്.

പോഷകാഹാരമൊന്നും ഉൾപ്പെടുത്താതെ എന്തെങ്കിലും കഴിച്ചെന്നു വരുത്തും.വ്യായാമവും വിശ്രമവും ഒഴിവാക്കും. ഗുരുതരമാകും വരെ വേദനയും മറ്റു രോഗലക്ഷണങ്ങളും പാടേ അവഗണിക്കും. മനസ്സിന്റെ വ്യഥകളെ മൂടി വയ്ക്കും – സ്ത്രീ അനാരോഗ്യത്തിലേക്കുള്ള യാത്രയിലാണ്...

ക്ഷീണം വെറും ക്ഷീണമല്ല

ക്ഷീണമല്ലേ, അതിത്ര പറയാനെന്തിരിക്കുന്നു, എല്ലാവർക്കും ഉള്ളതല്ലേ? എന്നാണു മിക്ക സ്ത്രീകളുടേയും ചിന്ത. അൽപമൊന്നു വിശ്രമിച്ച് ക്ഷീണത്തെ
മറികടക്കാമെന്നാണു പൊതുവെയുള്ള ധാരണ.

ക്ഷീണത്തിനു പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ട്. തൈറോയ്ഡ് പ്രശ്നങ്ങൾ Ð (ഹൈപ്പർ തൈറോയ്ഡിസം), വിളർച്ച, പ്രമേഹം, ഉറക്കക്കുറവ്,സമ്മർദം, വ്യായാമത്തിന്റെ അഭാവം, വിഷാദം, വെള്ളം കുടിക്കൽ കുറയുന്നത്,പോഷകാഹാരം കഴിക്കാത്തത് അങ്ങനെ.ക്രോണിക് ഫറ്റിഗ് സിൻഡ്രം എന്നൊരു രോഗാവസ്ഥ തന്നെയുമുണ്ട്. നാൾക്കു നാൾ കടുത്ത ക്ഷീണത്തിലേക്കു പോകുന്ന ഈ രോഗാവസ്ഥയുടെ കാരണമാകട്ടെ കൃത്യമായി കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുന്നവരിൽ ക്ഷീണം വരും.ആർത്തവരക്തസ്രാവം കൂടുതലുള്ളവരിലും ക്ഷീണം പ്രകടമാണ്.ഒട്ടേറെ സ്ത്രീകൾ തങ്ങളുടെ ആർത്തവ ചക്രത്തിൽ അ സ്വാഭാവികതയില്ല എന്നു കരുതുന്നവരാണ്.എന്നാൽ അവർക്കു രക്തസ്രാവം കൂടുതലായിരിക്കാം. ക്ഷീണം കൊ ണ്ടു തലച്ചോറിന്റെ പ്രവർത്തനക്ഷമത തന്നെ കുറയുന്ന സ്ഥിതി വരാം. 35 വ യസ്സു മുതലുള്ള സ്ത്രീകളാണു കൂടുതലും കടുത്ത ക്ഷീണവുമായി ഒപിയിലെത്തുന്നത്. ജീവിതപ്രാരബ്ധങ്ങൾക്കിടയിൽ പലരും ആരോഗ്യത്തെ പൂർണമായി അവഗണിക്കുന്നതാണു കാരണം.ആർത്തവരക്തസ്രാവം വളരെ കൂടുതലായി ശ്രദ്ധയിൽപെട്ടാൽ ഡോക്ടറെ കാണുക തന്നെ വേണം.രക്തക്കട്ടകൾ ഉണ്ടോ എന്നതും നിർണായകമാണ്.ഇതെല്ലാം ഹീമോഗ്ലോബിൻ കുറഞ്ഞ് വിളർച്ചയിലേക്കു നയിക്കും.നല്ലൊരു ജീവിതശൈലി ക്രമീകരിക്കേണ്ടതുണ്ട്.വ്യായാമവും ഉറക്കവും വെള്ളംകുടിക്കലും ചിട്ടയോടെയാകട്ടെ.

പോഷകാഹാരം കഴിക്കുന്നുണ്ടോയെന്നു ചോദിച്ചാൽ സ്ത്രീകൾ പറയും. എന്തെങ്കിലുമൊന്നു കഴിക്കാൻ തന്നെ സമയം കുറവാണ്. പിന്നല്ലേ?

പുരുഷന്റെയും സ്ത്രീയുടെയും ശരീരഘടന വ്യത്യസ്തമാണ്.ആർത്തവം, ഗർഭം, മുലയൂട്ടൽ, ആർത്തവവിരാമം എന്നിങ്ങനെ ഏറെ ജൈവപ്രക്രിയകളിലൂടെ കടന്നു പോകേണ്ടവളാണ് സ്ത്രീ.അതുകൊണ്ടുതന്നെ ചില പോഷകങ്ങളും വൈറ്റമിനുകളും ധാതുക്കളും സ്ത്രീകൾക്കു കൂടുതൽ ആവശ്യമാണ്. ഒാരോ കാലത്തും ആവശ്യമായ രീതിയിൽ ആഹാരം ക്രമീകരിക്കുകയാണു പ്രധാനം.സമീകൃതാഹാരമാണു വേണ്ടത്. ശരീരഭാരത്തിനും ഉയരത്തിനും അനുസരിച്ചു ബിഎംെഎ അറിയേണ്ടതുണ്ട്. ഉൗർജം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റുകൾ, വൈറ്റമിനുകൾ, എല്ലാം ഉൾപ്പെടുത്തണം. ചിലതിനു കൂടുതൽ പ്രാധാന്യം നൽകണം. തവിടോടു കൂടിയ ധാന്യങ്ങൾ, മില്ലറ്റ്സ് ഇവ കഴിക്കാം. പ്രോട്ടീനു വേണ്ടി പരിപ്പ്, പയറു വർഗങ്ങൾ, ഇറച്ചി, മുട്ട, മത്സ്യം ഇവ കഴിക്കാം.ആരോഗ്യകൊഴുപ്പുകളും ഉൾപ്പെടുത്തണം.

ഇരുമ്പ് ഏറെ പ്രധാനമാണ്. ഇരുമ്പ് അടങ്ങിയ ഇലക്കറികളും ഈന്തപ്പഴവും കഴിക്കാം. ഇരുമ്പ് അടങ്ങിയവ കഴിക്കുമ്പോൾ അതിനൊപ്പം വൈറ്റമിൻ സി ഉൾപ്പെടുത്തുന്നതിലൂടെ ഇരുമ്പിന്റെ ആഗിരണം നന്നായി ഉറപ്പു വരുത്താം. പേരയ്ക്ക, നാരങ്ങ ഇവയിലെല്ലാം വൈറ്റമി ൻ സി ഉണ്ട്.ഇരുമ്പ് അടങ്ങിയ ആഹാരം കഴിക്കുമ്പോൾ ഒരു മണിക്കൂർ മുൻപിലോ പിന്നിലോ ചായയും കാപ്പിയും കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിന് അ ത്യാവശ്യമാണ്. ഒാസ്‌റ്റിയോപൊറോസിസ് തടയാനും കൂടിയാണിത്. 1000 മി.ഗ്രാം കാൽസ്യം ഒരു ദിവസം ആവശ്യമുണ്ട്. റാഗിയിലും മുരിങ്ങയില പോലെ ഇരുണ്ട പച്ചനിറമുള്ള ഇലക്കറികളിലും കാൽസ്യം ധാരാളമുണ്ട്. ചെറിയമത്സ്യങ്ങൾ മുള്ളോടു കൂടി കഴിക്കുന്നത് കാൽസ്യം ലഭ്യത ഉറപ്പു വരുത്തും. വൈറ്റമിൻ ഡിയുടെ സാന്നിധ്യത്തിലാണ് കാൽസ്യം നല്ല രീതിയിൽ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്നത്. വൈറ്റമിൻ ഡിയുടെ ഏറ്റവും നല്ല ഉറവിടം സൂര്യപ്രകാശമാണ്. വെള്ളം ഉപാപചയ പ്രവർത്തനങ്ങൾക്കും ദഹനപ്രക്രിയയ്ക്കും ചർമാരോഗ്യത്തിനും ഭംഗിക്കും ശരീരോഷ്മാവ് നിലനിർത്താനും ആവശ്യമാണ്. 10Ð12 ഗ്ലാസ് വരെ വെള്ളം ദിവസവും കുടിക്കാം.

രക്താതിസമ്മർദം ഇല്ലെങ്കിൽ ഒരു ടീസ്പൂൺ ഉപ്പ് ദിവസവും ഉപയോഗിക്കാം. ആർത്തവ വിരാമമാകുമ്പോൾ ഈസ്ട്രജന്റെ അളവു കുറയും. ഈ സമയത്ത് സോയ ആഹാരത്തിൽ ഉൾപ്പെടുത്താം. ഒാട്സ്, ചേമ്പ്, കാച്ചിൽ ഇവ കഴിക്കാം. മൈദ, പഞ്ചസാര, കാപ്പി എന്നിവ നിയന്ത്രിക്കാം. ഒമേഗ 3,ഒമേഗ 6
കൊഴുപ്പുകൾ ആഹാരത്തിലുൾപ്പെടുത്തണം. നട്സ് 30 ഗ്രാം വീതം കഴിക്കാം. ഫ്ലാക്സ് സീഡ്, ഹോട്ട് ഫ്ലഷസ് നിയന്ത്രിക്കും. ഒന്നു മുതൽ രണ്ടു ടീ സ്പൂൺ വരെ പൊടിച്ച ഫ്ലാക്സ് സീഡ് ഉൾപ്പെടുത്താം. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. അക്ക പ്രിയ വർഗീസ്, അഡീഷനൽ പ്രഫസർ, ഗവ. മെഡി. കോളജ്, ആലപ്പുഴ

ഡോ. മുംതാസ് ഖാലിദ് ഇസ്മയിൽ, കൺസൽറ്റന്റ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്, റെയിൻബോ പോളി ക്ലിനിക്, കൊച്ചി

Tags:
  • Daily Life
  • Manorama Arogyam
  • Diet Tips