നവംബർ 17
ഇന്ന് ലോക പാൻക്രിയാസ് കാൻസർ ദിനം. ആഗ്നേയ (പാൻക്രിയാസ്) ഗ്രന്ഥിയെക്കുറിച്ച് ഇൻസുലിൻ ഹോർമോണിന്റെ ഉൽപാദകഗ്രന്ഥി എന്ന രീതിയിലാകും മിക്കവരും കേട്ടിട്ടുണ്ടാവുക. ഏകദേശം ആറ് ഇഞ്ച് നീളമുള്ളആമാശയത്തിന്റെ താഴ്ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രന്ഥി ഇൻസുലിൻ സ്രവിപ്പിക്കുന്നതിനൊപ്പം ദഹനരസങ്ങളും ഉൽപാദിപ്പിക്കുന്നുണ്ട്. അതായത് ഒരേ സമയം തന്നെ എൻഡോക്രൈൻ ഗ്രന്ഥിയും (ഹോർമോൺ ഉൽപാദിപ്പിക്കുന്നത്) എക്സോക്രൈൻ (ദഹനരസം ഉൽപാദിപ്പിക്കുന്നത്) ഗ്രന്ഥിയുമാണ് പാൻക്രിയാസ്.
പാൻക്രിയാസിൽ വരുന്ന അർബുദമാണ് പാൻക്രിയാറ്റിക് കാൻസർ. ഒാരോ വർഷവും അഞ്ചു ലക്ഷത്തോളം പാൻക്രിയാറ്റിക് കാൻസർ കേസുകളാണ് വരുന്നതെന്നാണ് കണക്കുകൾ. മരണകാരണമായേക്കാവുന്ന അർബുദങ്ങളിൽ ഏഴാം സ്ഥാനത്താണ് ഈ കാൻസർ. അമേരിക്കയിലെ കണക്കനുസരിച്ച് ആകെ അർബുദരോഗികളിൽ മൂന്നു ശതമാനം പാൻക്രിയാറ്റിക് കാൻസർ രോഗികളാണ്. കാൻസർ മരണങ്ങളിൽ ഏഴ് ശതമാനം ഇതു മൂലമുള്ളതാണ്. കേരളത്തിലും പാൻക്രിയാറ്റിക് അർബുദം അത്ര അപൂർവമല്ല എന്നാണ് ചികിത്സാകേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ.
എന്നാൽ പാൻക്രിയാസിൽ വരുന്ന എല്ലാ തടിപ്പുകളും മുഴകളും അർബുദകരമല്ല. പൊതുവെ ആഗ്നേയ ഗ്രന്ഥിക്കു വരുന്ന അർബുദത്തെക്കുറിച്ച് ആളുകൾക്ക് അവബോധം കുറവാണ്. അതുകൊണ്ട് തന്നെ ഈ ദിനാചരണത്തിന് ഏറെ പ്രാധാന്യമുണ്ട്. പാൻക്രിയാസിനെക്കുറിച്ചും മാരകമായ പാൻക്രിയാറ്റിക് കാൻസറിനെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങളെക്കുറിച്ച് പറയുന്നു ഡോ. രമേഷ് എം (ഗ്യാസ്ട്രോഎന്ററോളജിസ്റ്റ്, മാർ സ്ലീവ ഹോസ്പിറ്റൽ, പാല)
1. ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ രോഗം ഭേദമാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ മിക്കവാറും പാൻക്രിയാറ്റിക് കാൻസറിന്റെ കാര്യത്തിൽ രോഗലക്ഷണങ്ങൾ പ്രകടമായി രോഗം ഒട്ടൊക്കെ വ്യാപിച്ചതിനു ശേഷമായിരിക്കും തിരിച്ചറിയുക. അതുകൊണ്ടു തന്നെ ഇതിന്റെ ചികിത്സ ഏറെക്കുറെ ദുഷ്കരമാണ്.
2. രോഗം വഷളായതിനു ശേഷമാകും മിക്കവാറും ലക്ഷണങ്ങൾ പ്രകടമാവുക. മാത്രമല്ല, പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണങ്ങൾ മറ്റു പല രോഗങ്ങളുടേതിനും സമാനവുമാണ് . കണ്ണിലും ചർമത്തിലും മൂത്രത്തിലും മഞ്ഞനിറം വരിക, വിശപ്പു കുറയുക, ഭാരം കുറയുക, വയറിനു പിൻഭാഗത്തേക്കു വ്യാപിക്കുന്ന കലശലായ വേദന അനുഭവപ്പെടുക, പ്രമേഹമുള്ളവരിൽ രക്തത്തിലെ ഷുഗർ നിരക്ക് അനിയന്ത്രിതമാവുകയോ ഷുഗർ ഇല്ലാത്തവരിൽ പുതുതായി വരികയോ ചെയ്യുക, കടുത്ത ക്ഷീണം എന്നിവയൊക്കെ ലക്ഷണങ്ങളാണ്.
3. ക്രോണിക് പാൻക്രിയാറ്റൈറ്റിസ് എന്ന പാൻക്രിയാറ്റിസിന് വീക്കം വന്നവരിൽ അർബുദ സാധ്യത കൂടുതലാണ്.
4. ജനിതകമായ ആപത് സാധ്യതകൾ അർബുദത്തിനിടയാക്കുമെങ്കിലും ജനിതക സാധ്യത ഇല്ലാത്തവരിലും പാൻക്രിയാസ് കാൻസർ വരാം. കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും പാൻക്രിയാസിനു കാൻസർ വന്നിട്ടുണ്ടെങ്കിൽ ജനിതക സ്ക്രീനിങ് പരിശോധന നടത്തുന്നതു നല്ലതാണ്.
5 പാൻക്രിയാസ് അർബുദം നിർണയിക്കാനുള്ള ലളിതമായ പരിശോധനകൾ നിലവിലില്ല. അൾട്രാസോണോഗ്രഫിയോ സി ടി സ്കാനോ എംആർഐയോ ആണ് രോഗസാധ്യത കണ്ടെത്താൻ സഹായിക്കുന്നത്. എന്നാൽ പ്രായോഗികമായ തലത്തിൽ ഇത് എല്ലാവരിലും നടപ്പാക്കാനാകില്ല. പാൻക്രിയാറ്റിക് കാൻസറിന്റേതായ ആപത് ഘടകങ്ങൾ ഉള്ളവർക്ക് പക്ഷേ, ഈ പരിശോധനകൾ നടത്താവുന്നതാണ്.
6. രോഗകാരണം എന്താണെന്നു കൃത്യമായി കണ്ടെത്തിയിട്ടില്ലെങ്കിലും താഴെ പറയുന്നവർക്ക് പാൻക്രിയാറ്റിക് കാൻസർ വരാൻ സാധ്യത കൂടുതലാണ്. അമിതമായി മദ്യപിക്കുന്നവർ, പുകവലിക്കുന്നവർ, പ്രമേഹരോഗികൾ, അമിതവണ്ണമുള്ളവർ, ക്രോണിക് പാൻക്രിയാറ്റൈറ്റിസ് എന്ന പാൻക്രിയാസ് വീക്കം നേരത്തെ വന്നിട്ടുള്ളവർ, പാരമ്പര്യമായി അർബുദ പാരമ്പര്യമുള്ളവർ അല്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും പാൻക്രിയാറ്റിക് കാൻസർ വന്നിട്ടുണ്ടെങ്കിൽ എന്നിവർക്ക് പാൻക്രിയാറ്റിക് അർബുദത്തിനുള്ള സാധ്യത കൂടുതലാണ്. ഇവർ ഡോക്ടറുമായി സംസാരിച്ച് ആവശ്യമെങ്കിൽ പരിശോധനകൾ നടത്തുന്നതു നല്ലതാണ്.
7. മറ്റു രോഗനിർണയത്തിന്റെ ഭാഗമായോ ഹെൽത് ചെക്കപ്പിന്റെ ഭാഗമായോ ഒക്കെ സ്കാൻ ചെയ്യുമ്പോൾ പാൻക്രിയാസിൽ ചെറിയ തടിപ്പുകളോ കല്ലോ പോലുള്ള മാറ്റങ്ങൾ കണ്ടാൽ അത് അവഗണിക്കാതിരിക്കുക. ഡോക്ടറുടെ നിർദേശം തേടിയ ശേഷം ആവശ്യമെങ്കിൽ സിടി സ്കാനോ എംആർഐ പരിശോധനയോ നടത്താം.
8. രോഗം മറ്റിടങ്ങളിലേക്കു വ്യാപിച്ചിട്ടില്ലെങ്കിൽ ശസ്ത്രക്രിയ വഴി ഭേദമാക്കാം. സങ്കീർണമാണ് പാൻക്രിയാറ്റിക് കാൻസറിന്റെ ശസ്ത്രക്രിയ. എന്നാൽ, രോഗം മറ്റിടങ്ങളിലേക്കു പടർന്നുകഴിഞ്ഞാൽ പാലിയേറ്റീവ് ചികിത്സയാണ് ആശ്രയം. അതായത് മഞ്ഞപ്പിത്തം കുറയ്ക്കാനും വേദന ശമിപ്പിക്കാനും ഷുഗർ നില നിയന്ത്രണത്തിലാക്കാനുമൊക്കെയുള്ള ചികിത്സകൾ നൽകുന്നു.
9. പാൻക്രിയാറ്റിക് കാൻസർ വളരെ മാരകമായതും മോശം ചികിത്സാവിജയം നൽകുന്നതുമായ കാൻസറാണ്. സമ്പൂർണ രോഗമുക്തി നേടാനാകുന്നത് 10 ശതമാനം പേർക്കാണ്. 90 ശതമാനം രോഗികളിലും അസുഖം പൂർണമായി മാറ്റാനാവില്ല. രോഗനിർണയത്തിൽ വരുന്ന താമസം രോഗമുക്തിയെ കൂടുതൽ ദുഷ്കരമാക്കും.
10. കൃത്യമായ ഒരു പ്രതിരോധപദ്ധതി നിർദേശിക്കാനാകില്ലെങ്കിലും പുകവലി നിർത്തുന്നതും ശരീരഭാരം കൃത്യമാക്കി നിലനിർത്തുന്നതും വ്യായാമം പതിവാക്കുന്നതും ഗുണകരമാണ്. സംസ്കരിച്ച മാംസവും മധിുരപാനീയങ്ങളും ഒഴിവാക്കുക. മദ്യപാനം ദോഷം ചെയ്യും. കൂടാതെ പച്ചക്കറികളും പഴങ്ങളും മുഴുധാന്യങ്ങളും കൂടുതലുള്ള ആന്റി കാൻസർ ഡയറ്റ് ഈ അർബുദ പ്രതിരോധത്തിനും ഗുണം ചെയ്യും.