Wednesday 27 September 2023 06:04 PM IST : By സ്വന്തം ലേഖകൻ

കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ ചുരുങ്ങിയത് 20 മിനിറ്റ് സമയം നന്നായി കഴുകണം; നിർബന്ധമായും വാക്സിനേഷൻ എടുക്കണം: പേവിഷബാധ തടയാൻ ശ്രദ്ധിക്കേണ്ടത്

rabies232

എല്ലാ വർഷവും സെപ്റ്റംബർ 28 ലോക പേവിഷ ദിനം (World Rabies Day ) ആയി ആചരിക്കുന്നു. ഈ വർഷം പതിനേഴാമത്തെ ലോക റാബീസ് ദിനം ആണ്. പേവിഷബാധയ്ക്ക് എതിരായ പ്രതിരോധ കുത്തിവയ്പ് കണ്ടുപിടിച്ച ലൂയി പാസ്റ്ററുടെ ചരമദിനമാണ് സെപ്റ്റംബർ 28. ഈ വർഷത്തെ സന്ദേശം – എല്ലാവർക്കും ഒരാൾ എല്ലാവർക്കും ഒരു ആരോഗ്യം (ALL FOR 1 - ONE HEALTH FOR ALL) എന്നതാണ്. മനുഷ്യൻ , വളർത്തുമൃഗങ്ങൾ, സസ്യങ്ങൾ, ആവാസ വ്യവസ്ഥ എന്നിവയുടെ ആരോഗ്യം സംരക്ഷിച്ച് സന്തുലിതമാക്കി , പേവിഷബാധാരഹിതമാക്കാനുള്ള ആഹ്വാനമാണ് ഈ വർഷം നൽകുന്നത്. 2030 –ഒാടെ നായ്ക്കൾ വഴി മനുഷ്യരിലെത്തുന്ന പേവിഷബാധയ്ക്ക് ലോകത്തിലാകെ തടയിടുകയാണ് ലക്ഷ്യം.

ലോകാരോഗ്യ സംഘനയുടെ കണക്കനുസരിച്ച് പ്രതിവർഷം 59000 പേരാണ് പേവിഷബാധ നിമിത്തം ലോകത്തിൽ മരിക്കുന്നത് . ഒാരോ ഒൻപതു മിനിറ്റിനുള്ളിൽ ഒരാൾ എന്ന നിരക്കിൽ ലോകത്തിൽ പേവിഷബാധ മൂലം മരണപ്പെടുന്നു. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നാണ് . മരണപ്പെടുന്നവരിൽ പകുതി 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ്.

ജന്തുജന്യ രോഗങ്ങൾ (Zoontic Diseases)

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു പകരുന്ന രോഗങ്ങളെ ജന്തുജന്യ രോഗങ്ങൾ (Zoontic Diseases) എന്നാണു വിളിക്കുന്നത് ഇത്തരം രോഗങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന രോഗമാണ് പേവിഷബാധ (Rabies )നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ മാനവരാശിക്ക് അറിവുള്ളതും ഏറെ ഭീതിയുണ്ടാക്കുന്നതുമായപേവിഷബാധയിൽ ജലത്തോടും വെളിച്ചത്തോടുമുള്ള ഭയപ്പാട് പ്രകടമായി രോഗിക്കു ദാരുണമായ മരണം സംഭവിക്കുന്നു. രോഗം പിടിപെട്ടാൽ ചികിത്സയില്ലാത്തതും നൂറും ശതമാനം മരണം ഉറപ്പാണെന്നതും രോഗത്തിന്റെ ഭീകരാവസ്ഥ കൂട്ടുന്നു. എന്നാൽ രോഗസാധ്യത കണ്ടറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ ജീവൻ രക്ഷപ്പെടുത്താനാകും. സിരകളിലൂടെ ചൂടുരക്തം ഓടുന്ന (warm blooded) എല്ലാ ജീവജാലങ്ങൾക്കും വരാവുന്ന അസുഖമാണ് പേവിഷബാധ.

രോഗം ബാധിച്ചാലും ലക്ഷണങ്ങൾ കാണിക്കാത്ത വവ്വാലുകൾ (vampire bats) മൃഗങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നുനമ്മുടെ നാട്ടിൽ പേവിഷബാധ പരക്കുന്നത് പ്രധാനമായും രോഗം ബാധിച്ച നായയുടെ കടിയിലൂടെയാണ്. രണ്ടാമത് പൂച്ചയുടെ കടിയും മാന്തലും വഴിയാണ്. വന്യമൃഗങ്ങളിൽ നിന്നാണ് നായ്ക്കളിൽ രോഗകാരികളായ വൈറസ് വന്നെത്തുന്നത്. പശു ആട് എരുമ എന്നീ വളർത്തുമൃഗങ്ങളെ പേപിടിച്ച പട്ടി കടിച്ചാൽ അവയ്ക്കും രോഗം പിടിപെടും. രോഗബാധയുള്ള മൃഗങ്ങളുടെ ഉമിനീർ മുറിവിൽ പറ്റിയാലും രോഗബാധയ്ക്കു സാധ്യതയുണ്ട്. പൂച്ച മുൻകൈ ഉപയോഗിച്ചു മുഖം വെടിപ്പാക്കുന്ന സ്വഭാവം ഉള്ളതിനാൽ പൂച്ചയുടെ മാന്തൽഅപകടകരമാണ്.

രോഗകാരണം

വെടിയുണ്ടയുടെ ആകൃതിയുള്ള റാബ്ഡോ ഇനത്തിൽപ്പെടുന്ന ഒരിനം വൈറസ് (Rabdo virus) ആണ് രോഗകാരി. ഇലക്ട്രോൺ മൈക്രോസ്ക്കോപ് കൊണ്ടു മാത്രം കാണാനാകുന്ന അതിസൂക്ഷ്മമായ വൈറസിനു ചുറ്റും മാംസ്യ കൊഴുപ്പ് ആവരണ (lipoprotein )മാണുള്ളത്. നായയുടെ കടിയേറ്റാൽ ആ മുറിവ് ഒഴുകുന്ന വെള്ളത്തിൽ സോപ്പ് ഉപയോഗിച്ചു കഴുകണമെന്നു നിർദേശിക്കുന്നത് വൈറസിന്റെ കൊഴുപ്പു പാളി നീക്കപ്പെട്ട് വൈറസ് നശിച്ചുപോകുന്നതിനു വേണ്ടിയാണ്.

പേവിഷബാധയേറ്റ നായ് മനുഷ്യനേയോ വളർത്തുമൃഗങ്ങളെയോ കടിച്ചാൽ മുറിവിലൂടെ വൈറസ് ശരീരത്തിലെത്തുന്നു. കടിയേറ്റ ഭാഗത്തെ നാഡീ ഞരമ്പുകളിൽ ( Nerves) കൂടി സഞ്ചരിച്ച് അവ നട്ടെല്ലുവഴി (Spinal cord) തലച്ചോറു ലക്ഷ്യമാക്കി നീങ്ങുന്നു. തലച്ചോറിലെത്തിയാൽ വൈറസുകൾ അവിടെ പെരുകി തലച്ചോറിനു ക്ഷതമുണ്ടാക്കുകയും കടിയേറ്റ മനുഷ്യനോ മൃഗത്തിനോ രോഗലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ഇൻകുബേഷൻ സമയം(Incubation period)

കടിയേറ്റ ദിവസം മുതൽ രോഗലക്ഷണങ്ങൾ ആദ്യമായി കാണിക്കുന്നതു വരെയുള്ള സമയമാണ് ഇൻകുബേഷൻ സമയം. നായ്ക്കളിൽ ഇത് 2 ആഴ്ച മുതൽ 4 മാസം വരെയാണ് മനുഷ്യരിൽ ഇത് 20 ദിവസം മുതൽ 3 മാസം വരെ ആണെങ്കിലും കടിയുടെ തീവ്രത (intenity) , ഉമിനീരിലെ വൈറസുകളുടെ അളവ് , കടിയേറ്റ സ്ഥലവും തലച്ചോറും തമ്മിലുള്ള അകലം, എന്നിവയെ ആശ്രയിച്ച് ഇതിൽ വ്യതിയാനം ഉണ്ടായിരിക്കും. തലയോടടുത്തു മുഖത്തു കിട്ടുന്ന കടി , നാഡീകോശങ്ങൾ ഏറെയുള്ള വിരൽ തുമ്പുകളിലെ കടി എന്നിവ ഏറെ അപകടകരമാണ്.

മനുഷ്യരിലെ രോഗലക്ഷണങ്ങൾ

മനുഷ്യരിൽ തുടക്കത്തിൽ പനി, തലവേദന, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ കാണിക്കുന്നുഈ ലക്ഷണങ്ങൾ പേവിഷബാധയുടെ സാധ്യതയായി ചിന്തിക്കില്ല. ക്രമേണ ശബ്ദം , വെളിച്ചം കാറ്റ് എന്നിവയോട് അസഹിഷ്ണുത കാണിക്കുന്നു. വെള്ളത്തോടുള്ള ഭയപ്പാട് (Hydrophobia) , വെള്ളം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങളും മനുഷ്യരിൽ കാണിക്കുന്നു. രോഗി പിന്നീട് മരണത്തിനു കീഴടങ്ങുന്നു.

നായ്ക്കളിലെ പേവിഷബാധയുടെ ലക്ഷണങ്ങൾ

മനുഷ്യരിൽ കാണുന്ന ജല ഭീതി (Hydrophobia) സാധാരണയായി നായ്ക്കളിൽ കാണിക്കുന്നില്ല. നായ്ക്കളിൽ ആക്രമണ സ്വഭാവം, വിശ്രമമില്ലാതെ അലഞ്ഞു നടക്കൽ , അനുസരണമില്ലായ്മ , കല്ല് /തടിക്കഷണം എന്നിവ കടിക്കുക എന്നിങ്ങനെ ക്രുദ്ധ രൂപത്തിലുള്ള (Furious Form) ലക്ഷണങ്ങളും, കീഴ്ത്താടിയും നാവും തളർവാതം പിടിപ്പെട്ടതു പോലെ താഴേക്കു തൂങ്ങി കിടക്കുക , ഉമിനീർ ധാരാളം ഒഴുകുക , അടിതെറ്റി ആടിയുള്ള നടത്തം എന്നിങ്ങനെ തളർച്ചയുടെ രൂപത്തിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മൂക രൂപവും നിലനിൽക്കുന്നു. പശുക്കളിൽ വെകിളി, അമർച്ച , ആക്രമണ സ്വഭാവം എന്നിവ കാണിക്കുന്നു. ലക്ഷണങ്ങൾ കണ്ട് ഏതാനും ദിവസങ്ങൾക്കകം തളർച്ചയും ആഹാരം കഴിക്കാതിരിക്കലും തുടർന്നു മരണവും സംഭവിക്കുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നതിന് 6 ദിവസങ്ങൾക്ക് മുൻപ് അവയുടെ ഉമിനീരിൽ പേവിഷബാധയുടെ വൈറസിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. രോഗലക്ഷണങ്ങൾ കണ്ട് ഏതാണ്ട് നാലു ദിവസങ്ങൾക്കകം അവ മരണത്തിനു കീഴടങ്ങും.

നായയുടെ കടിയേറ്റാൽ എന്തു ചെയ്യണം?

കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ ചുരുങ്ങിയത് 20 മിനിറ്റ് സമയം നന്നായി കഴുകുകയാണ് ആദ്യത്തെ നടപടി. സോപ്പ് ഉപയോഗിക്കുന്നതു വഴി വൈറസിന്റെ കൊഴുപ്പാവരണം നശിക്കാനിടവരുമെന്നതാണ് ഇത്തരം പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം. തുടർന്ന് ഡെറ്റോൾ , സാവ് ലോൻ, പോവിഡോൺ അയോഡിൻ തുടങ്ങിയ മരുന്നുകൾ ഉപയോഗിച്ച് മുറിവ് അണുവിമുക്തമാക്കണം. മുറിവിൽ മുളകുപൊടി , സസ്യരസം , മൈദ എന്നിവ പുരട്ടരുത്. തുടർന്ന് ഉടനടി ആശുപത്രിയിൽ എത്തിച്ച് ഉചിതമായ ചികിത്സ നൽകണം.

കുത്തിവയ്പ് പ്രധാനം

പേവിഷബാധയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ് , അത്യാവശ്യ ഘട്ടങ്ങളിൽ റാബീസ് ഇമ്മ്യൂണോ ഗ്ലോബുലിൻ , ടെറ്റനസിനെതിരെ കുത്തിവയ്പ് , ആന്റിബയോട്ടിക്ക് എന്നിവ ഡോക്ടറുടെ നിർദേശാനുസരണം നൽകണം. പേവിഷ ബാധയ്ക്കെതിരെ നിശ്ചിത അളവ് പ്രതിരോധശേഷി ഉണ്ടാക്കാനുള്ള ആന്റിബോഡി ശരീരത്തിൽ ഉണ്ടാകാൻ നിശ്ചിത ഇടവേളകളിൽ ഡോക്ടറുടെ നിർദേശാനുസരണം കുത്തിവയ്പ് ആവർത്തിക്കണം. നായ്ക്കളിലെ പേവിഷബാധ അറിയുവാൻ ലക്ഷണങ്ങൾ വഴി സാധിക്കും. സ്ഥിരീകരിക്കാൻ ലാബ് പരിശോധന ആവശ്യമാണ്. നാരങ്ങായും അച്ചാറും മുട്ടയുമൊക്കെ നൽകി നായയ്ക്കു പേ വിഷബാധ കണ്ടെത്താമെന്നത് വെറും അബദ്ധ ധാരണയാണ്. തലച്ചോറിൽ നെഗ്രി ബോഡീസിന്റെ സാന്നിധ്യം വഴിയാണ് പേവിഷബാധ ഉറപ്പാക്കുന്നത്.

വെറ്ററിനറി കോളജിലെ പതോളജി വിഭാഗം, മൃഗസംരക്ഷണ വകുപ്പിന്റെ പാലോട് –തിരുവനന്തപുരം – കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ലാബ് , മഞ്ഞാടി , തിരുവല്ല , പാലക്കാട് , കണ്ണൂർ എന്നിവിടങ്ങളിലെ ലാബ് , ഊട്ടിയിലെ കൂനൂർ പാസ്ചർ റിസർച് സ്ഥാപനം എന്നിവിടങ്ങളിൽ മൃഗങ്ങളിലെ പേവിഷബാധനിർണയ സൗകര്യം ഉണ്ട്. ചത്തുപോയ നായയ്ക്ക് പേവിഷബാധയുണ്ടോ എന്നറിയാൻ അതിന്റെ തലയുടെ ഭാഗം ഐസ് പാക്കിൽ പൊതിഞ്ഞ് ലാബിൽ എത്തിക്കണം.

നായ്ക്കളിൽ പേ വിഷബാധയ്ക്ക് എതിരെ പ്രതിരോധ കുത്തിവയ്പ് നിശ്ചയമായും നൽകണം. വർഷം തോറും പ്രതിരോധ കുത്തിവയ്പ് ആവർത്തിക്കണം. പ്രതിരോധ കുത്തിവയ്പ് എടുത്ത നായ്ക്കളുടെ കുഞ്ഞുങ്ങൾക്ക് 3 മാസം വരെ തള്ളയുടെ ശരീരത്തിൽ നിന്നും ലഭിച്ച ആന്റി ബോഡി ഉള്ളതിനാൽ ആദ്യ കുത്തിവയ്പ് മൂന്നു മാസത്തിൽ നൽകണം. കുത്തിവയ്പിന് ഒരാഴ്ച മുൻപായി വിരമരുന്ന് നൽകിയാൽ നന്ന്. വളർത്തുപൂച്ചകൾക്കും പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പു നൽകണം നായ്ക്കൾക്കു കുത്തിവയ്പിനു ശേഷം പൂർണ പ്രതിരോധശേഷി ലഭിക്കാൻ 2- 3 ആഴ്ച വരെ സമയം വേണ്ടിവരും വാക്സീൻ നിർമ്മാണം മുതൽ കുത്തിവയ്പു വരെ വാക്സീന്റെ തണുപ്പ് നഷ്ടപ്പെടരുത്.

മുൻകരുതലുകൾ

അപരിചിതരായ നായ്ക്കളെ തൊട്ടു തലോടരുത്. നായ്ക്കളെ പ്രകോപിപ്പിക്കരുത്. വേദന അനുഭവിക്കുന്നതും രോഗാവസ്ഥയിലുള്ളതുമായ നായ്ക്കളെ വായ് കെട്ടാതെയോ നിയന്ത്രിക്കാതെയോ ശുശ്രൂഷിക്കരുത്.

തയാറാക്കിയത്

∙ ഡോ. നോയൽ ഷാജു

മെഡിക്കൽ ഒാഫീസർ

ഗവ. ജില്ലാ ആശുപത്രി, തൊടുപുഴ

 

∙ സി.കെ.ഷാജു

മുൻ സ്‌റ്റേറ്റ് എപ്പിഡമിയോളജിസ്‌റ്റ്

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്

Tags:
  • Daily Life
  • Manorama Arogyam