Tuesday 30 November 2021 05:52 PM IST

ക്ഷയരോഗ നിർമാർജനത്തിന് മൃഗങ്ങളിലെ ക്ഷയരോഗനിയന്ത്രണം അനിവാര്യം; ചെയ്യേണ്ട കാര്യങ്ങൾ അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

Untitlcasdaed

മനുഷ്യരിലെ ക്ഷയരോഗത്തിന്റെ പ്രധാന കാരണം മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ ആണ്. എന്നാൽ മൈക്കോബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന (Zoonotic) ക്ഷയരോഗം (Bovine TB) കൂടിയുണ്ടെന്നുള്ള കാര്യം പലർക്കും അജ്ഞാതമാണ്. ക്ഷയരോഗനിർമാർജനത്തിനായുള്ള ദേശീയതല പരിപാടികളിൽ ഒന്നും തന്നെ ഈ രീതിയിലുള്ള ക്ഷയരോഗ പകർച്ച നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളോ നിരീക്ഷണസംവിധാനങ്ങളോ ഇല്ല. പൊതുജനാരോഗ്യ സംവിധാനങ്ങൾ മൃഗജന്യമായ ക്ഷയരോഗത്തിനെതിരെ കണ്ണടച്ചിരിക്കുകയാണ്. എന്നാൽ, ബൊവൈൻ ടിബി കേസുകൾ ഒട്ടേറെ കാണുന്നുണ്ടെന്നും അതിനെ അവഗണിക്കുന്നത് ക്ഷയരോഗ നിർമാർജന യജ്ഞം പൂർത്തീകരിക്കുന്നതിനു തടസ്സമായേക്കാമെന്നും ചൂണ്ടിക്കാണിക്കുകയാണ് മൃഗരോഗ വിദഗ്ധർ.

കണക്കുകൾ പറയുന്നത്

2013ൽ ആഗോളതലത്തിൽ മൃഗജന്യമായ ക്ഷയരോഗത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ 15 വർഷം മുൻപ് ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിച്ച വെല്ലുവിളികളെല്ലാം ഇന്നും ഏറെ പ്രസക്തമായി നിലനിൽക്കുന്നുവെന്ന് കണ്ടിരുന്നു. 2018 ലെ ഒരു പഠനം പറയുന്നതനുസരിച്ച് ഇന്ത്യയിലെ മൃഗജന്യമായ ക്ഷയരോഗത്തിന്റെ വ്യാപ്തി 7.3 ശതമാനമാണ്. അതായത് കന്നുകാലി വളർത്തലിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഏതാണ്ട് 2 കോടിയിലധികം കന്നുകാലികൾ മൈക്കോബാക്ടീരിയം ബോവിസ് ബാധിതരാണ്. 2019 ലെ ലൈവ്സ്േറ്റാക്ക് സെൻസസ് പ്രകാരം 19 കോടിയോളം കന്നുകാലികളുണ്ട് കേരളത്തിൽ. വരും വർഷങ്ങളിൽ കന്നുകാലികളുടെ എണ്ണം വർധിക്കാനാണ് സാധ്യത. രോഗനിയന്ത്രണത്തിന് കർശനമായ നടപടികൾ എടുത്തില്ലെങ്കിൽ ബൊവൈൻ ടിബിയുടെ നിരക്കു കൂടാനിടയാകാം.

നിലവിൽ നടത്തുന്ന സാധാരണ ക്ഷയരോഗപരിശോധനകൾ മൈക്കോബാക്ടീരിയം ബോവിസ് ആണോ രോഗകാരണം എന്നു തിരിച്ചറിയാൻ പര്യാപ്തമല്ല. സാധാരണ കഫപരിശോധന ( വഴി ഏതിനം ടിബി ആണെന്നറിയാൻ സാധിക്കില്ല.കൾച്ചർ പരിശോധന വഴി വേർതിരിച്ചറിയാൻ സമയമെടുക്കും. മോളിക്യുലർ പരിശോധനകൾ കോസ്റ്റ് എഫക്ടീവുമല്ല. അതുകൊണ്ടു തന്നെ മൈക്കോബാക്ടീരിയം ബോവിസ് കേസുകളുടെ വ്യാപനം എത്രമാത്രമുണ്ടെന്നു കൃത്യമായി നിർണയിക്കുന്നത് വലിയ വെല്ലുവിളിയാണ്. എങ്കിലും ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ ആകെ ടിബി രോഗികളുടെ നിരക്കിൽ ഏകദേശം 10 ശതമാനം മൈക്കോബാക്ടീരിയം ബോവിസ് കൊണ്ടുവരുന്നവയാണെന്നാണ്.

‘‘ ഏതിനം ക്ഷയരോഗാണുവാണെന്നു വേർതിരിച്ചറിഞ്ഞ് ചികിത്സിക്കാത്തതു കൊണ്ട് നമ്മുടെ നാട്ടിൽ ബൊവൈൻ ടി ബി എത്രമാത്രം വ്യാപകമാണെന്നു കൃത്യമായി പറയാനാവില്ല. ചെറിയൊരു ശതമാനം കണ്ടേക്കാം.’’ തൃശൂർ ജില്ലാ ടിബി സെന്ററിലെ റെസ്പിരേറ്ററി മെഡിസിൻ കൺസൽറ്റന്റ് ഡോ. സജീവ്കുമാർ പറയുന്നു.

‘‘ ബൊവൈൻ ടിബി സാധാരണ ക്ഷയരോഗത്തിന്റേതിനോട് സമാനമായതുകൊണ്ട് നിലവിലുള്ള ഡോട്സ് പദ്ധതി തന്നെ ചികിത്സയ്ക്ക് മതിയാകും. ഡോട്സ് പ്രോഗ്രാമിലെ നാലു മരുന്നുകളിൽ ഒന്നായ പൈറസിനാമൈഡ് (Pyrazinamide) മൈക്കോബാക്ടീരിയം ബോവിസ് പ്രതിരോധിക്കുന്നതല്ലെങ്കിലും ബാക്കി മരുന്നുകൾ കൊണ്ട് ഫലപ്രദമായി ചികിത്സിച്ചു സുഖമാക്കാം.

ക്ഷയരോഗനിർമാർജനത്തിലേക്ക് വേണ്ടി വളരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുമ്പോഴും മൃഗങ്ങളിൽ ടിബി നിലനിൽക്കുന്നത് പരിഗണിക്കേണ്ട വിഷയമാണ്. അതുവഴി മനുഷ്യരിലേക്ക് ക്ഷയം പകരാനുള്ള സാധ്യതയുണ്ടല്ലൊ. അതുകൊണ്ട് മൃഗങ്ങളിലെ ടിബിയും നിർമാർജനം ചെയ്യാനുള്ള കാര്യങ്ങളിലേക്ക് കൂടി കടക്കേണ്ടതല്ലേ ?’’ ഡോ. സജീവ് കുമാറിന്റെ ചോദ്യം ഏറെ പ്രസക്തമാണ്.

വികസ്വര രാജ്യങ്ങളിൽ രോഗബാധയുണ്ടെന്നു തീർച്ചയുള്ള വളർത്തുമൃഗത്തെ കൊന്നു മറവു ചെയ്യുക എന്നതാണ് രോഗനിയന്ത്രണത്തിന് അവലംബിക്കുന്ന ശാസ്ത്രീയ രോഗനിയന്ത്രണമാർഗ്ഗം. പക്ഷേ, നമ്മുടെ നാട്ടിൽ ഇതു നടപ്പാക്കാൻ സാമൂഹികമായ ചില തടസ്സങ്ങളുണ്ട്. മറ്റു രാജ്യങ്ങളിൽ രോഗബാധയുള്ള മൃഗത്തെ കൊല്ലുന്നതിന് നഷ്ടപരിഹാരമായി വളർത്തുന്നയാൾക്ക് ചെറിയൊരു തുക നൽകും. പക്ഷേ, നമ്മുടെ നാട്ടിൽ നിലവിൽ ഇത്തരമൊരു രീതിയില്ലാത്തതു കൊണ്ട് കന്നുകാലി വളർത്തലുകാർക്ക് വലിയ ധനനഷ്ടത്തിനിടയാക്കും. അതുകൊണ്ടു തന്നെ വളർത്തുമൃഗങ്ങളിലെ ക്ഷയരോഗനിയന്ത്രണം കൃത്യമായി നടപ്പാക്കാൻ പ്രയാസമാണെന്നു മൃഗരോഗ വിദഗ്ധർ പറയുന്നു.

എങ്ങനെ പകരുന്നു?

ആടുമാടുകളെയാണ് (Cattle, Buffalo, Goat) ബൊവൈൻ ടിബി പ്രധാനമായും ബാധിക്കുന്നതെങ്കിലും മനുഷ്യർ ഇണക്കി വളർത്തുന്നതും അല്ലാത്തതുമായ എല്ലാ സസ്തനികളെയും തന്നെ ഈ ക്ഷയരോഗം ബാധിക്കാറുണ്ട്. കേരളത്തിൽ കാട്ടിലുള്ളതും നാട്ടിൽ വളർത്തുന്നതുമായ ആനകളിലും ക്ഷയരോഗം കണ്ടതായി പഠനങ്ങൾ ഉണ്ട്.

‘‘രോഗബാധിതരായ കന്നുകാലികളുടെ പാലും പാലുൽപന്നങ്ങളും മാംസവും നന്നായി പാകപ്പെടുത്താതെ കഴിക്കുന്നതാണ് പ്രധാനമായും രോഗം മനുഷ്യരിലേക്ക് പകരാൻ ഇടയാക്കുന്നത്. രോഗം ബാധിച്ച മൃഗത്തിന് ക്ഷീണം, തളർച്ച, വിശപ്പില്ലായ്മ, ഇടതടവില്ലാതെയുള്ള ചുമ, വയറിളക്കം, ലിംഫ് നോഡുകൾ വലുതാവുക എന്നീ ലക്ഷണങ്ങൾ പ്രകടമാകാം. ആദ്യഘട്ടത്തിൽ ഈ എല്ലാ ലക്ഷണങ്ങളും പ്രകടമാകണമെന്നില്ല. പക്ഷേ, രോഗപ്പകർച്ചയ്ക്ക് സാധ്യതയുണ്ട് താനും.

ട്യൂബർകുലിൻ സ്കിൻ ടെസ്റ്റ്, കൾച്ചർ പരിശോധ എന്നിവയാണ് പ്രധാന രോഗനിർണയ പരിശോധനകൾ. ഏറ്റവും കുറഞ്ഞത് എട്ട് ആഴ്ച എടുക്കും പരിശോധനാഫലം ലഭിക്കാൻ. അതുകൊണ്ട് തന്നെ കന്നുകാലികളിൽ പതിവായി പരിശോധന നടത്തുന്നത് പ്രായോഗികമല്ല. മൃഗങ്ങളിലെ ക്ഷയരോഗചികിത്സ മനുഷ്യരുടേതിനു സമാനമാണെങ്കിലും നല്ല ചെലവു വരുമെന്നതും ഏറെനാളത്തെ ചികിത്സ വേണമെന്നതും കൊണ്ട് പ്രായോഗികല്ല.’’ വയനാട്, പൂക്കോട് കോളജ് ഒാഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസിലെ വെറ്ററിനറി എപ്പിഡെമിയോളജി & പ്രിവന്റീവ് മെഡിസിൻ വിഭാഗം അസി. പ്രഫസർ & ഹെഡ് ഡോ. ദീപ പറയുന്നു.

തടയാൻ ശ്രദ്ധിക്കേണ്ടത്

കേരളത്തിൽ കന്നുകാലിവളർത്തലും പാലുൽപാദനവും നല്ല തോതിൽ നടക്കുന്നുണ്ടെങ്കിലും മലയാളികളുടെ പൊതുവായ ശുചിത്വബോധം മൂലം പാൽ നന്നായി തിളപ്പിച്ചേ ഉപയോഗിക്കാറുള്ളൂ എന്നത് ഒരളവു വരെ രോഗപ്പകർച്ച തടയാൻ സഹായിക്കുന്നുണ്ട്. പക്ഷേ, ഷേക്കുകളിലും മറ്റും തിളപ്പിക്കാത്ത പാൽ ചേർക്കുന്നതും കറന്നയുടനേ ഇളംചൂടു പാൽ കുടിക്കുന്ന ശീലവും ഒഴിവാക്കേണ്ടതുണ്ട്. പാസ്ചറൈസ് ചെയ്ത പാലുൽപന്നങ്ങൾ മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കണം.

അറവുശാലകളിലെ ശാസ്ത്രീയമായ മാംസനിരീക്ഷണം (Post mortem inspection) വഴിയായി രോഗം കണ്ടുപിടിക്കാനും രോഗപകർച്ച തടയുവാനും സാധിക്കും. മൃഗത്തിന് രോഗബാധയുണ്ടെന്നു കണ്ടാൽ ആ മാംസം ഉപയോഗിക്കുവാനേ പാടില്ല. ’’ വയനാട്, പൂക്കോട് കോളജ് ഒാഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസിലെ വെറ്ററിനറി പൊതുജനാരോഗ്യവിഭാഗം അസി. പ്രഫസറും സെന്റർ ഫോർ വൺ ഹെൽത് കോ ഒാഡിനേറ്ററുമായ ഡോ. ജെസ്സ് വർഗീസ് പറയുന്നു

എന്നാൽ, അറവുമൃഗത്തിന് രോഗപരിശോധന നടത്തുന്നതുൾപ്പെടെയുള്ള ശാസ്ത്രീയമായ കശാപ്പുരീതികൾ പിന്തുടരുന്ന അറവുശാലകൾ കേരളത്തിൽ കുറവാണെന്നതാണ് യാഥാർഥ്യം.. റയിൽവേ ട്രാക്കുകളും റബർ തോട്ടങ്ങളും പോലുള്ള സ്ഥലങ്ങളിൽ വച്ചുള്ള പ്രാകൃതമായ കശാപ്പാണ് പലയിടത്തും അനുവർത്തിക്കുന്നത്. അണുബാധയും പകർച്ചവ്യാധികളും കണ്ടെത്താനായി നിയമാനുസൃതം അറവിനു മുൻപും പിൻപും നടത്തേണ്ട ആന്റിമോർട്ടം–പോസ്റ്റ് മോർട്ടം പരിശോധനകൾ നടക്കുന്നില്ല. തന്മൂലം ക്ഷയരോഗബാധയുള്ള മൃഗമാണോ എന്നു തിരിച്ചറിയപ്പെടാതെ പോകാനും രോഗാണുവുള്ള മാംസം ആളുകളിലേക്ക് എത്താനും ഇടയുണ്ട്. സുരക്ഷാ മുൻകരുതലുകളൊന്നും പാലിക്കാതെ അശാസ്ത്രീയമായി കശാപ്പു നടത്തുമ്പോൾ അതു നടത്തുന്നവരിലേക്കു രോഗപ്പകർച്ചയ്ക്കുള്ള സാധ്യത കൂടുതലാണ്.

വേണം ഏകാരോഗ്യ സംവിധാനം

മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന രോഗങ്ങൾ മൃഗരോഗവിദഗ്ധരും പൊതുജനാരോഗ്യവിദഗ്ധരും ചേർന്നുള്ള കൂട്ടായ ശ്രമം കൊണ്ടേ തടയാനാകൂ എന്ന് ലോകാരോഗ്യസംഘടന ഉൾപ്പെടെയുള്ള വിദഗ്ധ സമിതികളെല്ലാം പറഞ്ഞുകഴിഞ്ഞതാണ്. പക്ഷേ, നമ്മുടെ നാട്ടിലെ അവസ്ഥയെന്താണ്?

‘‘ കേരളത്തിൽ നിലവിൽ ക്ഷയരോഗ നിയന്ത്രണത്തിനായി പൊതുജനാരോഗ്യവിദഗ്ധരും മൃഗാരോഗ്യവിദഗ്ധരും ചേർന്നുള്ള ഒരു ഏകാരോഗ്യ സമീപനം ഇല്ല. ഇത് ഉണ്ടായാലേ ക്ഷയരോഗനിർമാർജനം അതിന്റെ പൂർണമായ അർഥത്തിൽ നമ്മുടെ നാട്ടിൽ നടപ്പിലാക്കാനാവൂ. ’’ കേരളത്തിലെ ഏകാരോഗ്യസംവിധാനത്തിന്റെ കോ ഒാഡിനേറ്റർ കൂടിയായ ഡോ. ജെസ്സ് വർഗീസ് പറയുന്നു.

സംസ്ഥാന ക്ഷയരോഗ സെല്ലുമായി ബന്ധപ്പെട്ടപ്പോഴും ബൊവൈൻ ടിബിയുടെ കാര്യത്തിൽ നിലവിൽ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ കൂട്ടായ പദ്ധതികളൊന്നുമില്ലെന്നാണ് അറിയാനായത്.

‘‘ ഏകാരോഗ്യ സംവിധാനം സംബന്ധിച്ച് ഒരു വർക് ഷോപ് തൃശൂരിൽ വച്ച് നടത്തിയിരുന്നു. പക്ഷേ, കൂട്ടായൊരു പ്രഖ്യാപനമൊന്നും ഉണ്ടായില്ല. മൃഗരോഗ വിദഗ്ധരുടെ ഭാഗത്ത് നിന്ന് ഒരു ഇനിഷ്യേറ്റീവ് കൂടി വേണം. പാല് പാസ്ചറൈസ് ചെയ്ത് ഉപയോഗിക്കാനൊക്കെ തുടങ്ങിയതിൽ പിന്നെ മൃഗജന്യമായ ക്ഷയരോഗത്തിന്റെ വ്യാപനം കുറവാണ്. അഥവാ വന്നാൽ തന്നെ ലിംഫ് നോഡിനെ ബാധിക്കുന്ന ടിബിയാണ് വരിക. അതും വളരെ അപൂർവമാണ്. ’’സ്േറ്ററ്റ് ടി ബി ഒാഫിസർ ഡോ. എം. സുനിൽകുമാർ പറയുന്നു.

മൃഗജന്യമായ ക്ഷയരോഗത്തെക്കുറിച്ച് ഒരു പുനർവിചിന്തനം നടത്തുകയും അതു നിയന്ത്രിക്കുന്നതിന് പൊതുജനാരോഗ്യവിദഗ്ധരും മൃഗരോഗവിദഗ്ധരും ചേർന്നുള്ള കൂട്ടായ ശക്തമായ നടപടികൾ കൈക്കൊള്ളുകയും ചെയ്താലേ 2035– ഒാടെ ക്ഷയരോഗ നിർമാർജനം എന്ന സ്വപ്നം പൂർത്തീകരിക്കാനാകൂ. രോഗനിയന്ത്രണത്തെക്കുറിച്ചും രോഗം പകരുന്ന വഴികളേക്കുറിച്ച് അളുകളെ ബോധവൽകരിക്കുകയും വേണം. കന്നുകാലികളുമായും മൃഗോൽപന്നങ്ങളുമായും നേരിട്ട് ഇടപഴകലിന് സാധ്യതയുള്ള ആളുകളെ പ്രത്യേകിച്ചും.

Tags:
  • Manorama Arogyam