ശിശുക്കളിൽ ശരീരതാപനില നിയന്ത്രിക്കാനുള്ള കഴിവു പൂർണമായും വികസിച്ചിട്ടില്ല. തന്മൂലം ചൂട്, ക്ഷീണം, നിർജലീകരണം എന്നിവയ്ക്ക് അവർ വളരെ പെട്ടെന്നു വിധേയരാകുന്നു. അമിതമായ വിയർപ്പ്, ചർമത്തിൽ അസ്വാസ്ഥ്യം, ഡയപ്പർ റാഷ്, ചൊറിച്ചിൽ, എന്നിവയ്ക്കു കാരണമാകും, ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നതു സൂര്യാതപം, നിർജലീകരണം, എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ചൂടുള്ളതും ഈർപ്പമുള്ളതുമായ അവസ്ഥകൾ ബാക്ടീരിയ, വൈറൽ അണുബാധകളെ ഉണ്ടാക്കുന്നു. ഇതു വയറിളക്കം, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങി ദഹന പ്രശ്നങ്ങളിലേക്കു വരെ നയിക്കാം.
∙ കുഞ്ഞുങ്ങൾക്കു മുലയൂട്ടൽ അല്ലെങ്കിൽ ഫോർമുല ഫീഡിങ് വഴി നന്നായി ജലാംശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കാരണം ആറു മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കു വെള്ളം നൽകുന്നതു സാധാരണ
ശുപാർശ ചെയ്യുന്നില്ല.
∙ നനഞ്ഞ തുണി കൊണ്ടുചർമം തുടയ്ക്കുകയും ഇളംചൂടു വെള്ളത്തിൽ കുളിപ്പിക്കുകയും ചെയ്യാം .
∙ ശിശുക്കൾ അമിതമായ കരച്ചിൽ, പനി എന്നീ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ഡോക്ടറെ കാണിക്കുക.
∙ അയഞ്ഞതും നേർത്തതുമായ കോട്ടൻ വസ്ത്രങ്ങൾ ധരിപ്പിക്കുക .
∙ കുട്ടികൾ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് രാവിലെ 10-നും വൈകുന്നേരം 4-നും ഇടയിൽ. കടുത്ത ചൂടിൽ ഒാടിക്കളിക്കുന്നതു നിർജലീകരണത്തിന്റെ തോതു വർധിപ്പിക്കും. സൂര്യാഘാതത്തിനും ഇടയുണ്ട്.
∙ കുട്ടികളെ ദിവസം രണ്ടോ മൂന്നോ തവണ കുളിപ്പിക്കാം. കളിച്ചു വിയർത്തു വന്നയുടനെ കുളിപ്പിക്കരുത്.
∙ കുട്ടികൾക്കു ധാരാളം കഞ്ഞിവെള്ളവും നാരങ്ങാവെള്ളവും പഴച്ചാറുകളും നൽകുക.
∙ പകൽ ചെറിയ കുട്ടികളെ ഉറക്കിക്കിടത്തുമ്പോൾ ജനലും വാതിലുമെല്ലാം അടച്ചുപൂട്ടരുത്. കാറ്റു കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം.
∙ കുട്ടികളെ കാറിൽ അടച്ചിടരുത്. കുറച്ചു നേരത്തേക്കാണെങ്കിലും, തണലിലാണെങ്കിലും അടച്ചിടരുത്.
ഡോ. നവമി എസ്, അസി. പ്രഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, അമൃത ഹോസ്പിറ്റൽ, കൊച്ചി
ഡോ. അപർണ അജയ്, സീനിയർ റസിഡന്റ്,
കമ്യൂണിറ്റി മെഡിസിൻ വിഭാഗം,
അമൃത ഹോസ്പിറ്റൽ,
കൊച്ചി