ADVERTISEMENT

ആദ്യത്തെ കുഞ്ഞരിപ്പല്ലുകൾ...കുഞ്ഞ് വിടർന്നങ്ങു ചിരിക്കുമ്പോൾ തെളിയുന്ന പല്ലുകളുടെ മനോഹാരിത...വിരലിൽ ഒരു കുഞ്ഞിബ്രഷ് ഇട്ട് ആ പല്ലുകൾ വൃത്തിയാക്കാൻ മാതാപിതാക്കൾക്കു വലിയ ഉത്സാഹമാണ്. എന്നാൽ കുട്ടി വളർന്നു തുടങ്ങവേ ദന്തപരിപാലനത്തിലുള്ള ഈ ശ്രദ്ധ പതിയെ കുറയും. ഫലമോ പല്ലുവേദന, ദന്തക്ഷയം, പോട്, മോണരോഗങ്ങൾ എന്നിങ്ങനെ ഒട്ടേറെ രോഗാവസ്ഥകളും. കുട്ടികളിൽ സാധാരണമായ ദന്തക്ഷയത്തിന്റെയും പോടിന്റെയും പ്രതിവിധികളും മുൻകരുതലുകളും അറിയാം.

കുഞ്ഞിനു പല്ലു മുളച്ചു തുടങ്ങുന്നതിനു മുൻപു തന്നെ മോണ വൃത്തിയാക്കാം. മോണ ‘ഗംപാഡ് ’എന്നാണ് അറിയപ്പെടുന്നത്. ഈ കാലത്തു നേർത്ത കോട്ടൻ തുണി നനച്ചു മോണ തുടച്ചു മസാജ് ചെയ്യണം. കുഞ്ഞുങ്ങളിൽ ഏറ്റവും സാധാരണം പാൽപ്പല്ലുകളിലുണ്ടാകുന്ന ദന്തക്ഷയമാണ്. പല്ല് ദ്രവിക്കുന്നതാണു പ്രധാന ലക്ഷണം. ഇതിനെ ‘പാൽക്കുപ്പി ദന്തക്ഷയം അഥവാ നഴ്സിങ് ബോട്ടിൽ കാരീസ്’എന്നു വിളിക്കുന്നു. ചെറിയ കുട്ടികളിൽ മുകൾ നിരയിലുള്ള പല്ലുകളിൽ ഇതു കൂടുതലായി കാണാം.

ADVERTISEMENT

മുലപ്പാൽ കുടിച്ച് ഉറങ്ങുമ്പോൾ വായിൽ ഉമിനീരു കുറവായതിനാൽ മുൻനിരയിലെ പല്ലുകൾ വൃത്തിയാക്കപ്പെടാത്തതാണു കാരണം. രാത്രി കുഞ്ഞിനു പാലു കൊടുത്തതിനു ശേഷം മൃദുവായ കോട്ടൻ തുണി ഉപയോഗിച്ചു പല്ലുകൾ തുടച്ചു വൃത്തിയാക്കാം. കുഞ്ഞിനു പാൽ നൽകുമ്പോൾ അമ്മ തിളപ്പിച്ചതും നന്നായി ചൂടു മാറിയതുമായ വെള്ളം കൂടി കരുതണം. ഒാരോ തവണയും പാൽ നൽകി കഴിഞ്ഞിട്ട് ഒരു സ്പൂണിൽ വെള്ളം കോരി മുൻനിരയിലെ പല്ലുകൾക്കു മുകളിലൂടെ വായിലൊഴിക്കുക. നാലഞ്ചു സ്പൂൺ ഒഴിക്കാം.  ഇതു പല്ലുകൾക്ക് ക്ലെൻസിങ് ഗുണം നൽകുന്നു. ഫിംഗർ ബ്രഷ് ഉപയോഗിച്ചു രാവിലെയും രാത്രിയിലും മൃദുവായി പല്ലു തേയ്പിക്കാം. വെള്ളം കുടിപ്പിക്കുന്നതും പ്രതിരോധ മാർഗമാണ്.

രണ്ടു വയസ്സു കഴിയുന്നതോടെ ബ്രഷിങ് തുടങ്ങാം. പേസ്‌റ്റ് അരിമണി വലുപ്പത്തിൽ മതി. പാൽപ്പല്ലുകളിൽ രാത്രി പുരട്ടാവുന്ന മരുന്നുകളുണ്ട്. അവ റീ മിനറലൈസേഷൻ അഥവാ പല്ലുകളെ ധാതുസമ്പന്നമാക്കുന്നതിനു സഹായിക്കുന്നു. രാത്രിയിൽ കുടിക്കുന്ന പാൽ, മറ്റു മധുരപാനീയങ്ങൾ എന്നിവ പല്ലിൽ പറ്റിയിരിക്കാം. അങ്ങനെ ഉമിനീരിലെ മ്യൂസിൻ എന്ന ഘടകവും ആഹാര അവശിഷ്ടങ്ങളും ചേർന്നു പല്ലിനുമേൽ പ്ലാക്ക് എന്ന സുതാര്യമായ പാട രൂപപ്പെടുന്നു. ആഹാരത്തിലെ അന്നജവുമായി പ്രതിപ്രവർത്തിക്കുമ്പോൾ രൂപപ്പെടുന്ന അമ്ലം പ്ലാക്കിൽ തങ്ങി നിന്ന് അതിവേഗം പല്ലിന്റെ ഇനാമൽ ദ്രവിച്ചു തുടങ്ങുന്നു. വായ്ക്കുള്ളിലെ സ്‌ട്രെപ്‌റ്റോകോക്കസ് മ്യൂട്ടൻസ് എന്ന ബാക്ടീരിയയാണു കുട്ടികളുടെ പല്ലിൽ പറ്റിയിരിക്കുന്ന മധുര പദാർഥങ്ങളുമായി പ്രതിപ്രവർത്തിച്ച് അമ്ലങ്ങൾ രൂപപ്പെടുത്തുന്നത്. ഈ അവസ്ഥയെ പുഴുപ്പല്ല് എന്നു സാധാരണയായി പറയാറുണ്ട്.

ADVERTISEMENT

കുട്ടികൾ ആഹാരവും മധുരപദാർഥവും കഴിച്ചതിനുശേഷം വായ് നന്നായി വൃത്തിയാക്കണം. മധുര പലഹാരങ്ങൾ, പല്ലിൽ ഒട്ടിയിരിക്കുന്ന മിഠായികൾ, ക്രീം ബിസ്‌ക്കറ്റുകൾ എന്നിവ കഴിയുന്നത്ര ഒഴിവാക്കണം. ഇനാമലിന്റെ ഉപരിതലത്തെയാണു ദന്തക്ഷയം ബാധിച്ചത് എങ്കിൽ ഫ്ലൂറൈഡ് ലവണങ്ങൾ പുരട്ടുന്നതു സംരക്ഷണമേകും. ഡെന്റൽ സീലന്റുകൾ ഉപയോഗിച്ച് ഇനാമലിനെ സീൽ ചെയ്യാം. കുട്ടികളിൽ ദന്തക്ഷയം തടയുന്നതിനു ഫ്ലൂറൈഡ് അടങ്ങിയ പേസ്‌റ്റുകളും ഗുണം ചെയ്യും. ഫ്ലൂറൈഡ് ആപ്ലിക്കേഷനും പല്ലുകളിൽ ചെയ്യുന്നുണ്ട്.

പോടും വേദനയും

ADVERTISEMENT

ദന്തക്ഷയത്തെ തുടർന്നാണു പല്ലുകളിൽ പോട് ഉണ്ടാകുന്നത്. പോടു രൂപപ്പെടുന്നതിന്റെ ഭാഗമായി കുട്ടിക്ക് അസഹ്യവേദന അനുഭവപ്പെടാം. പല്ലിലെ പോട് അടയ്ക്കുകയാണു (ഫില്ലിങ്) പ്രതിവിധി. ഗ്ലാസ് അയണോമർ ഫില്ലിങ്ങുകളോ (ജി െഎസി) കോംപസിറ്റ് റെസിനുകളോ ആണ് ഇപ്പോൾ ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ ദന്തക്ഷയം പൾപ്പിനെ ബാധിച്ചു നീരും പഴുപ്പും വേദനയുമായാൽ സാധാരണ രീതിയിൽ പല്ല് അടയ്ക്കാനാകില്ല. കേടുബാധിച്ച പൾപ്പു നീക്കം ചെയ്തിട്ടു റൂട്ട് കനാൽ ചികിത്സ ചെയ്യേണ്ടി വരും. ചെറിയ കുട്ടികൾക്കു റൂട്ട് കനാൽ ചികിത്സ ചെയ്യാമോ എന്ന ആശങ്ക മാതാപിതാക്കളുടെ മനസ്സിലുണ്ട്. എന്നാൽ ഡോക്ടറുടെ നിർദേശത്തോടെ ചെയ്യാവുന്നതാണ്.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ജീവാ പി. പി. , ഡോ. ജിബി സിറിയക് , ഗവ. ഡെന്റൽ കോളജ് , കോട്ടയം

ADVERTISEMENT