Saturday 20 January 2024 10:45 AM IST

തല്ലി കഴിപ്പിക്കലും ഭക്ഷണത്തിനു മുൻപിൽ ഇരുത്തി വഴക്കുപറയലും വേണ്ട: കാരണമറിയണോ?

Sruthy Sreekumar

Sub Editor, Manorama Arogyam

angryfoodr34t5

ദേഷ്യവും സമ്മർദവും ഉള്ള സമയത്ത് ആഹാരം കഴിക്കരുത് എന്ന് പറയാറുണ്ട്. ഇതിൽ സത്യമുണ്ടോ ? ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികളെ തല്ലരുതെന്നും വഴക്കു പറയരുതെന്നും കരയിക്കരുതെന്നും പഴമക്കാർ പറഞ്ഞിട്ടുണ്ട്. ഭക്ഷണവും വികാരങ്ങളും തമ്മിൽ എന്താണ് ബന്ധം? നമുക്ക് നോക്കാം.

നമ്മുടെ കുടലിനെ രണ്ടാമത്തെ തലച്ചോർ എന്ന് വിശേഷിപ്പിക്കാം. കുടലും തലച്ചോറും തമ്മിൽ ബന്ധമുണ്ട്. ദഹനേന്ദ്രിയത്തിന്റെ വിവിധ പ്രവർത്തനത്തിനുള്ള സിഗ്നലുകൾ നൽകുന്നത് തലച്ചോറാണ്. അതിനാൽ തന്നെ നമുക്ക് ടെൻഷൻ, സ്ട്രെസ് എന്നിവ ഉള്ളപ്പോൾ അതു വയറിനു പ്രശ്നമുണ്ടാക്കുന്നത്. വയറിളക്കം , ആസിഡ് റിഫ്ലെക്സ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം .നമ്മുടെ ആമാശയത്തിന്റെ ലൈനിങ്ങിൽ നെർവ് സെൽസ് ഉണ്ട്. ഈസോഫാഗസ് മുതൽ റെക്ടം വരെയുള്ള സ്ഥലത്താണ് ഇവ ഉള്ളത്. നമ്മൾ പെട്ടെന്ന് നെർവസ് ആയാൽ അതു ആമാശയത്തെ ബാധിക്കും.

നമുക്ക് രണ്ട് നാഡീവ്യവസ്ഥകളുണ്ട്: സിംപതറ്റിക് , പാരസിംപതറ്റിക് നാഡീവ്യൂഹം. രണ്ടും വ്യത്യസ്തമായി പ്രവർത്തിക്കുന്നു. നമുക്ക് ദേഷ്യം വരുമ്പോൾ, സിംപതറ്റിക് നാഡീവ്യൂഹം സജീവമാവുകയും അതിന്റെ ഫലമായി ദഹന പ്രക്രിയ തടസ്സപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, നമ്മുടെ രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവയുടെ അളവ് വർദ്ധിക്കുന്നു. ഇത് ഭക്ഷണം ആഗിരണം ചെയ്യാനും പോഷകങ്ങൾ ആഗിരണം ചെയ്യാനും ശരീരത്തിന് ബുദ്ധിമുട്ടാണ്.

എന്നിരുന്നാലും, നമ്മൾ ശാന്തമാകുമ്പോൾ നമ്മുടെ പാരസിംപതറ്റിക് നാഡീവ്യൂഹം പ്രവർത്തിക്കുന്നു. കോർട്ടിസോളിന്റെ അളവും രക്തസമ്മർദ്ദവും കുറയുകയും നമ്മുടെ ശരീരം ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കുകയും ചെയ്യാനും ആഗിരണം ചെയ്യാനും തുടങ്ങും.

മനസ് ശരിയായ അവസ്ഥയിൽ അല്ല എങ്കിൽഅമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയും കൂടുതലാണ്.

കുടലും തലച്ചോറും എല്ലായ്പ്പോഴും പരസ്പരം ആശയവിനിമയം നടത്തുന്നു. നിങ്ങൾ കോപിക്കുമ്പോൾ, ആശയവിനിമയം തടയും. അതിനാൽ, ആമാശയം നിറയുമ്പോൾ തലച്ചോറിന് കുടലിൽ നിന്ന് സിഗ്നൽ ലഭിക്കുന്നില്ല.

ഇതെല്ലാം കൊണ്ട് തന്നെ ഇനി ശ്രദ്ധിക്കുക... ശാന്തവും സ്വച്ഛവുമായ മനസ്സോടെ മാത്രം ഭക്ഷണം കഴിക്കുക...

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനിതാ മോഹൻ

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips