Monday 12 September 2022 12:31 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞുങ്ങളിലെ അലർജി വിട്ടുമാറുന്നില്ലേ... വീട്ടിൽ നിന്ന് ഈ സാധനങ്ങൾ മാറ്റിയേ മതിയാകൂ: വിദഗ്ധർ പറയുന്നു

kids-allergy

അണുബാധയും ജലദോഷവും

∙ കുട്ടികളിൽ ഒട്ടുമിക്കവാറും വൈറസ് മൂലമാണു ജലദോഷം ഉണ്ടാവുക. ഇങ്ങനെയുള്ള ജലദോഷം പെട്ടെന്നു മറ്റുള്ളവരിലേക്കു പടർന്നു പിടിക്കും. പ്രതിരോധശേഷി കുറവുള്ളവരിൽ ഇതു പനിയും തൊണ്ടയിൽ അണുബാധയുമായി താഴേക്ക് വ്യാപിച്ച്, ശ്വാസകോശത്തിൽ അണുബാധ – ട്രക്കിയോ ബ്രോങ്കൈറ്റിസ്, ന്യൂമോണിയ എന്നിങ്ങനെ പല അസുഖങ്ങളായി മാറും. എന്നാൽ നല്ല പ്രതിരോധശേഷിയുള്ളവരിൽ ജലദോഷം, തൊണ്ടവേദനയായി 2, 3 ദിവസം കൊണ്ട് മാറുകയും ചെയ്യും. കുട്ടികൾ ട്യൂഷൻ ക്ലാസിലോ അല്ലെങ്കിൽ സ്കൂളിലോ ഒരുപാടു തിങ്ങി ഇരിക്കുകയാണെങ്കിൽ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ഒരാളിൽ നിന്നും മറ്റുള്ളവരിലേക്ക് ഡ്രോപ‌്ലെറ്റ് വഴി അണുബാധ വരും. അതു തടയുവാൻ സ്കൂൾ, ട്യൂഷൻ ക്ലാസ് എന്നീ സ്ഥലങ്ങളിൽ തീരെ തിങ്ങി ഞെരുങ്ങി ഇരിക്കാതിരിക്കണം. വീട്ടിൽ ഉറങ്ങുമ്പോഴും രണ്ടു പേരിൽ കൂടുതൽ ഒരു കിടക്ക പങ്കിടാതെ നോക്കുക. ക്രോസ് വെന്റിലേഷൻ വഴി നല്ല വായുസഞ്ചാരമുള്ള മുറി ആണെങ്കിൽ ഇതുപോലെയുള്ള അണുബാധ വരാൻ സാധ്യത കുറവാണ്.

അലർജി വന്നവരിൽ

കുട്ടികളിൽ തുമ്മലും ജലദോഷവും നിരന്തരം വിട്ടുമാറാതിരിക്കാൻ ഒരു കാരണം അലർജിയാണ്. ജീവിത ശൈലി മാറ്റിയാൽ ഒരുപരിധിവരെ ഇതു കുറയ്ക്കാം. പൊടിയും പുകയും അലർജി വരുത്താം. പുകവലി വീട്ടിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതു കുട്ടികൾക്കു വിട്ടുമാറാത്ത ചുമയ്ക്കും ശ്വാസംമുട്ടലിനും കാരണമാകാം. അടുപ്പു കത്തിക്കുമ്പോഴും ചപ്പുചവറുകൾ തീയിടുമ്പോഴും ഒക്കെ ഉണ്ടാകുന്ന പുകയും, അലർജി വരുത്താം. കൊതുകുതിരി, സാമ്പ്രാണിതിരി മുതലായവയും ഉപേക്ഷിക്കണം. പൊടി അലർജിയുടെ ഒരു പ്രധാന കാരണമാണ് ടാൽക്കം പൗഡർ, പെർഫ്യൂം എന്നിവ. ഇവയും ഒഴിവാക്കണം. ആസ്ബെസ്റ്റോസ് ഷീറ്റും ഉറങ്ങുന്ന മുറിയിൽ കബോർഡും ബുക്ക് ഷെൽഫും മേൽത്തട്ടും ഉണ്ടെങ്കിലും പൊടി അലർജി വരാം.

രോഗത്തെ പ്രതിരോധിക്കാം

∙ അണുബാധയും ഇടയ്ക്കിടെ ജലദോഷവും വരാതിരിക്കാനും കൂടുതൽ സങ്കീർണതകൾ ആകാതിരിക്കാനും കുട്ടിയുടെ പ്രതിരോധശേഷി വർധിപ്പിക്കണം. ധാരാളം പോഷക സമ്പന്നമായ ആഹാരങ്ങൾ നൽകുക. വ്യായാമങ്ങളിൽ ഏർപ്പെടുക, ശുദ്ധവായു ശ്വസിക്കുക എന്നിവ ഗുണം ചെയ്യും. തണുത്ത ശീതള പാനീയങ്ങൾ, ഐസ്ക്രീം, തണുത്ത ചോക്‌ലെറ്റ് എന്നിവ ഉപേക്ഷിക്കണം. പച്ചക്കറികൾ, ഫ്രഷായ പഴവർഗങ്ങൾ, മുട്ട, ഇരുമ്പു സത്ത് അടങ്ങിയ നെല്ലിക്ക പോലുള്ളവ ഒക്കെ നല്ലതായിരിക്കും. കുട്ടികൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കാൻ ശീലിപ്പിക്കുക. കൈമുട്ടു കൊണ്ട് വായ് പൊത്തി ചുമയ്ക്കാനും തുമ്മാനും ശീലിപ്പിക്കുക. കൈപ്പത്തി കൊണ്ടു വായ് പൊത്തരുത്.

∙ വീടു മുഴുവനും നനച്ചു തുടയ്ക്കണം. ഫാൻ, ജനൽ കമ്പികൾ എന്നിവ പ്രത്യേകിച്ചും. വീടു തൂക്കുമ്പോഴും മാറാല അടിക്കുമ്പോഴും കുട്ടികളെ മാറ്റി നിർത്തുക. കാർപെറ്റ് കഴിവതും ഒഴിവാക്കുക. കർട്ടൻ, ചവിട്ടി, ബെഡ്ഷീറ്റ് എന്നിവ നിരന്തരം കഴുകി ഉപയോഗിക്കുക. പഞ്ഞി കൊണ്ടുള്ള മെത്തയും തലയണയും ഉപേക്ഷിക്കുക. പഞ്ഞിപ്പാവകളും പൊടിപിടിക്കാൻ സാധ്യതയുള്ള കളിപ്പാട്ടങ്ങളും ഒഴിവാക്കുക. വളർത്തുമൃഗങ്ങളുടെ രോമം അലർജിക്കു കാരണമാകും. റോഡരികിലാണ് വീടെങ്കിൽ കഴിയുന്നത്ര ചെടികളും മരങ്ങളും നട്ട്, വീടിനുള്ളിൽ പൊടി കയറാതെ നോക്കുക.

ഡോ. സുജ വേണുഗോപാൽ പീഡിയാട്രീഷൻ കോട്ടയം