Saturday 17 December 2022 02:38 PM IST : By സ്വന്തം ലേഖകൻ

വായിൽ ബ്ലീഡിങ് സ്പോട്ട്, ദേഹത്ത് ചുവന്ന കുരുക്കൾ...; കുട്ടികളിലെ ഡെങ്കിപ്പനി: ഗുരുതര രോഗലക്ഷണങ്ങൾ

kids-dengue-fever-

കുഞ്ഞിന്റെ പനി മൂന്നാല് ദിവസം കഴിഞ്ഞു. ഒട്ടും കുറവില്ല നല്ല ക്ഷീണമുണ്ട് . അമ്മയും കുഞ്ഞും കോവിഡ് ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ് ആണ്. പക്ഷേ പനിക്ക് ഒട്ടും കുറവില്ല. എന്ത് ചെയ്യണം? ആന്റിബയോട്ടിക് മരുന്ന് കൊടുത്താലോ?

മിക്കപ്പോഴും പനി മാറാതെ വരുമ്പോഴും കുഞ്ഞിന്റെ അമിതക്ഷീണം കാണുമ്പോഴുമാണ് മാതാപിതാക്കൾ ആശങ്കയിൽ ആകുന്നത്. മഴയും തുടങ്ങിയപ്പോൾ മുൻപുണ്ടായിരുന്ന ഡെങ്കിപ്പനി കേസുകൾ വീണ്ടും തലപൊക്കി തുടങ്ങിയിട്ടുണ്ട്. മിക്കപ്പോഴും പനി കുറയാതെ അധിക ദിവസം നീണ്ടു നിൽക്കുകയും ഒടുവിൽ ആശുപത്രിയിലെത്തുമ്പോൾ ചില കുട്ടികൾ നിർജലീകരണം മൂലം നല്ല അവശരും ആയിരിക്കും. മഴക്കാലം തുടങ്ങിയതോടുകൂടി കോവിഡ് മാത്രമല്ല , മഴക്കാല രോഗങ്ങളും ശ്രദ്ധിക്കണം. ഇവയിൽ പ്രധാനം ഡെങ്കിപ്പനി തന്നെയാണ്. ചില പ്രധാന കാര്യങ്ങൾ ഡെങ്കിപ്പനിയെ കുറിച്ച് അറിഞ്ഞിരിക്കണം.

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

കടുത്ത പനി, എല്ലു നുറുങ്ങും പോലത്തെ ദേഹം വേദന, കണ്ണിനു പുറകിൽ വേദന, ഓക്കാനം, ഛർദ്ദിൽ,ക്ഷീണം, ദേഹത്ത് ചുവന്ന കുരുക്കൾ- ഡെങ്കിപ്പനി ആകാം.മടിക്കാതെ പരിശോധിച്ച് ഉറപ്പിക്കുക.

കോവിഡ് കാലമായതിനാൽ എല്ലാ പനിയും കൊവിഡ് അല്ല എന്ന് ഉറപ്പിക്കണം. പനി തുടങ്ങി മൂന്നു ദിവസം കഴിഞ്ഞ് രക്തപരിശോധന ചെയ്താൽ മതിയാകും. DengueNs1, Dengue Igm antibody പരിശോധനകളാണ് ചെയ്യുക. ആദ്യ അഞ്ചു ദിവസം dengue ns1 പരിശോധനയും,അതിനുശേഷം Dengue Igm antibody പരിശോധനയും ചെയ്യും.

പനി തുടങ്ങുമ്പോൾ തന്നെ പ്ലേറ്റ്ലെറ്റ് കൗണ്ട് (platelet count )കുറയില്ല. ഡെങ്കിപ്പനി ആണ് കുഞ്ഞിന് എന്ന് കേൾക്കുമ്പോൾ തന്നെ മാതാപിതാക്കൾക്ക് ഭയമാണ്. പ്ലേറ്റ് ലെറ്റ് കൗണ്ട് (platelet count) കുറഞ്ഞാൽ ബ്ലീഡിങ് വരുമോ? രക്തം നൽകേണ്ടി വരുമോ? അറിയുക. പനി തുടങ്ങി മൂന്നാം ദിവസം മുതൽ പ്ലേറ്റ് ലെറ്റ്‌ കൗണ്ട് (platelet count) കുറയുകയും ഏഴ് മുതൽ ഒൻപത് ദിവസത്തിനുള്ളിൽ സാധാരണ നിലയിലാകും.

പ്ലേറ്റ്ലറ്റ്കൗണ്ട് കൂട്ടാൻ കുഞ്ഞുങ്ങൾക്കു കൊടുക്കുന്ന പൊടിക്കൈകൾ, മരുന്നുകൾ അവർക്ക് മിക്കപ്പോഴും ഛർദിൽ ഉണ്ടാകുകയും കൂടുതൽ വഷളാക്കുകയും ചെയ്യും. പ്ലേറ്റ്ലറ്റ് കൗണ്ട് കൂട്ടും എന്ന് അവകാശപ്പെടുന്ന പല ഗുളികകളും സിറപ്പുകളും വിപണിയിൽ ഇപ്പോൾ ലഭ്യമാണ്. ഇവയ്ക്കൊന്നിനും യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല, കൗണ്ട് കൂട്ടുകയും ഇല്ല. കാര്യമായ രീതിയിൽ കുറയുന്ന പ്ലേറ്റ് ലെറ്റ് കൗണ്ട് കൂട്ടുവാൻ പ്ലേറ്റ്ലറ്റ് കോൺസെൻട്രേറ്റ്(Platelet concentrate) രക്തത്തിൽ നിന്നും വേർതിരിച്ച് ശേഖരിക്കുന്ന ആണിവ.

ഡെങ്കിപ്പനി ചികിത്സ എങ്ങനെ?

സാധാരണ ഗുരുതര ലക്ഷണം ഇല്ലാത്ത എല്ലാ ഡെങ്കിപ്പനിയും വീട്ടിൽ ചികിത്സിക്കാവുന്നതാണ്. ആവശ്യത്തിന് റെ സ്റ്റ്, ഡോക്ടറുടെ നിർദ്ദേശപ്രകാരം fluids മതിയാകും. രുചിയുള്ളതും എളുപ്പം ദഹിക്കുന്നതും ആയ ഭക്ഷണം നൽകുക. ആന്റിബയോട്ടിക് മരുന്നിന്റെ യാതൊരു ആവശ്യവുമില്ല. വീട്ടിൽ കഴിയുന്ന കുട്ടികൾക്കും കൃത്യമായ തുടർ രക്തപരിശോധന നടത്തണം. (Hb, pcv, platelet count).പനി കുറയാൻ ഒരാഴ്ച വരെ എടുക്കാം. പാരസെറ്റമോൾ മരുന്ന് അല്ലാതെ മറ്റു വേദനസംഹാരികൾ ഒന്നും തന്നെ കുട്ടിക്ക് നൽകരുത്.

കുട്ടികളിലെ ഗുരുതര രോഗലക്ഷണങ്ങൾ

കുട്ടികളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു കഴിഞ്ഞാൽ എല്ലാവർക്കും ഭയമാണ്. ആശുപത്രിയിൽ അഡ്മിറ്റ് ആകണോ? കുട്ടിയെ എപ്പോഴാണ് ഡോക്ടറെ കാണിക്കേണ്ടത്?

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

1. തുടർച്ചയായ ഛർദിൽ

2. കഠിനമായ വയറുവേദന

3. മയക്കം/ ബോധക്ഷയം

4. ദേഹത്ത് ചുവന്ന കുരുക്കൾ

5. മൂത്രത്തിന്റെ അളവ് കുറയുക

6. വായിൽ ബ്ലീഡിങ് സ്പോട്ട്

7. മലത്തിൽ കറുപ്പ്

8. പെരുമാറ്റത്തിലെ അസ്വസ്ഥത

9. ബിപി കുറയുകയും കയ്യും കാലും തണുത്ത് മരവിച്ച അവസ്ഥ(shock)

10. വളരെ പെട്ടെന്ന് കുറയുന്ന പ്ലേറ്റ് ലെറ്റ് കൗണ്ട്.

11.നെഞ്ചുവേദന

12.ശ്വാസംമുട്ടൽ

13. വയറിനുള്ളിൽ നീർക്കെട്ട്

14. നിർജലീകരണം

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ രോഗം ഗുരുതരമാകുന്നതിന്റെ സൂചനകളാണ്. ഒട്ടും മടിക്കാതെ കുട്ടിയെ പെട്ടെന്നുതന്നെ ശിശുരോഗ വിദഗ്ധനെ കാണിക്കുക, ആശുപത്രി ചികിത്സ ആവശ്യമായി വരും.

ഡെങ്കിപ്പനി നിയന്ത്രണം വീട്ടിൽ നിന്ന് തന്നെ തുടങ്ങണം. ഈ വർഷത്തെ ദേശീയ ഡെങ്കി ദിനത്തിന്റെ സന്ദേശമാണിത്. ലോക്ക് ഡൗണും കൊവിഡും ആളുകളെ വീട്ടിൽ തന്നെ ഇരിക്കുവാൻ നിർബന്ധിതരാക്കി. ആയതിനാൽ നമ്മുടെ വീടും പരിസരവും സുരക്ഷിതമായ എങ്കിൽ മാത്രമേ ഡെങ്കിപ്പനിയിൽ നിന്നും സുരക്ഷ നേടാനാകും.

1. നീളമുള്ള വസ്ത്രങ്ങൾ കുട്ടിയെ ധരിപ്പിക്കുക

2. Repellants പുരട്ടാം

3. കൊതുകുവല ഉപയോഗിക്കാം

4. ചെടിച്ചട്ടി കളുടെ അടിയിൽ ഉള്ള ട്രെ, കേസിലെ വെള്ളം വീഴുന്ന ട്രേ, ഫ്രിഡ്ജ് അടിയിൽ ഉള്ള ട്രേ ഇതിലൊന്നും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക

5. ചിരട്ട പൊട്ടിയ പാത്രം കളിപ്പാട്ടങ്ങൾ ഇവയിലും ശ്രദ്ധിക്കുക.

6 ആഴ്ചയിലൊരു ദിവസം ഡ്രൈഡേ ആചരിക്കുക 7.വീടും പരിസരവും ശുചിയായി സൂക്ഷിക്കുക

ഡെങ്കിപ്പനി നിസ്സാരനല്ല. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. ഡെങ്കിപ്പനിക്ക് കാരണം flavi I വൈറസ് വിഭാഗത്തിൽപ്പെട്ട നാലുതരം ഡെങ്കി വൈറസുകൾ ആണ്. ഒരിക്കൽ ഡെങ്കിപ്പനി വന്നാൽ വീണ്ടും വരികയാണെങ്കിൽ കൂടുതൽ തീവ്രം ആകാനും സാധ്യതയുണ്ട്. ഡെങ്കിപ്പനി സാധാരണ വൈറൽ പനിയെ പോലെ ചില കുട്ടികളിൽ എങ്കിൽ ബ്ലീഡിങ്( dengue hemorrhagic fever) അല്ലെങ്കിൽ (dengue shock syndrome ) അവയവങ്ങളെ ബാധിക്കുന്ന തരത്തിൽ മാരകം ആവാനും മരണകാരണം ആവാനും സാധ്യതയുണ്ട്. പ്രതിരോധമാണ് ഈ രോഗത്തിനെതിരെയുള്ള ഏറ്റവും വലിയ സുരക്ഷാ മാർഗം.

Dr VidyaVimal

Consultant Pediatrician

GG Hospital Trivandrum