Saturday 16 July 2022 10:10 AM IST : By സ്വന്തം ലേഖകൻ

വഴക്കിടുമ്പോൾ വിളിച്ചു പറയുന്നത് നിങ്ങള്‍ മറന്നേക്കും, പക്ഷേ മക്കളങ്ങനെ മറക്കില്ല; കുഞ്ഞുങ്ങൾക്കു വേണ്ടി ‘നല്ലകുട്ടികളാകാം’

parents-friends

കൊച്ചുകൊച്ചു കാര്യങ്ങളാണ് ജീവിതത്തിലെ പ്രകാശം കെടുത്തുന്നത്. അത് തിരിച്ചറിഞ്ഞ് മുന്നോട്ടുപോയാൽ ഏതു ബന്ധവും സുന്ദരമാക്കാം–
പ്രശസ്ത ധ്യാനഗുരുവും ഫാമിലി കൗൺസലറും ആയ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ പംക്തി തുടരുന്നു

അടുക്കളയിലെ മേശപ്പുറത്ത് ഒരു ആപ്പിൾ. മക്കൾ മൂന്നുപേരുണ്ട്. അമ്മ മക്കളെ നോക്കി പറഞ്ഞു. അമ്മ പറയുന്നത് ബഹുമാനത്തോടെ കേട്ട് അനുസരിക്കുന്നവൻ ആരാണോ, അയാൾക്ക് ഈ ആപ്പിൾ എടുക്കാം. മക്കൾ മൂന്നുപേരും ഉടനെ മൂന്നുവഴിക്ക് പോയി. അതുകണ്ട് അമ്മ ചോദിച്ചു. എന്താടാ ആർക്കും ആപ്പിൾ വേണ്ടേ?

ഇളയ മകൻ തിരിഞ്ഞുനോക്കാതെ പറഞ്ഞു. ‘‘നിന്നിട്ടെന്താ കാര്യം. അത് നമ്മുടെ അപ്പനു മാത്രമല്ലേ കിട്ടുകയുള്ളു.’’

ദമ്പതികൾ പരസ്പരം എങ്ങനെയാണോ വിലകൊടുക്കുന്നത്, അതാണ് മക്കൾ കണ്ടു പഠിക്കുക. അപ്പനെക്കുറിച്ച് മക്കളോട് അവമതിപ്പോടെ സംസാരിച്ചു കേൾപ്പിച്ചാൽ അവർ അപ്പനെ അനുസരിക്കുകയില്ല, അങ്ങനെ സംസാരിച്ച അമ്മയെ ഒട്ടുമേ വിലവയ്ക്കുകയുമില്ല. തിരിച്ചും അങ്ങനെ തന്നെ.

കുടുംബങ്ങളിലെ സംഭാഷണവും ശ്രദ്ധിക്കണം. ഒരിക്കൽ ഒരു അച്ചൻ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുകയായിരുന്നു. ‘‘മക്കളേ, ദൈവം എവിടെയാണ് വസിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?’’ ഒരുത്തൻ വിളിച്ചു പറഞ്ഞു. ‘‘ബാത് റൂമിൽ...’’‘‘ബാത് റൂമിലോ?’’

അതേ, അച്ചോ അപ്പൻ കുളിക്കാൻ കയറി ഇത്തിരി കഴിയുമ്പോൾ അമ്മ വിളിച്ചുചോദിക്കുമല്ലൊ. ‘‘ദൈവമേ, ഇറങ്ങാറായില്ലേ?’’ എന്ന്.

തമ്മിൽ വഴക്കിടുമ്പോൾ പറയുന്നതെന്താണെന്ന് അപ്പനും അമ്മയ്ക്കും ഒാർമ കാണില്ല. മക്കൾ കേൾക്കുന്നുണ്ടെന്ന ബോധവും കാണില്ല. കുട്ടികൾ ഒപ്പു കടലാസ്സ് പോലാണ്. അപ്പനും അമ്മയും പറയുന്നത് അവരുടെ മനസ്സിൽ ആഴത്തിൽ പതിയും.

ഒരിക്കൽ ഒരപ്പൻ സ്വന്തം അമ്മയെ പഴഞ്ചരക്ക് എന്നു വിളിച്ചു. മകൻ ഇതുകേട്ട് അടുത്തു നിൽപുണ്ട്. ആ വാക്ക് അവന്റെ മനസ്സിൽ തറഞ്ഞുകിടന്നു.

ഒരു ദിവസം അപ്പൻ വൈകിട്ട് വീട്ടിൽ വന്നപ്പോൾ മകൻ പ്രായമായ വല്യമ്മച്ചിയെ വീടിനു ചുറ്റുമിട്ട് ഒാടിക്കുന്നു. എന്താടാ കാണിക്കുന്നതെന്ന് അപ്പൻ ചോദിച്ചപ്പോൾ മകൻ പറഞ്ഞു.

‘‘ടീച്ചർ പറഞ്ഞത് പഴയതൊക്കെ ഒാടിച്ചുനോക്കിയിട്ടേ നാളെ ക്ലാസ്സിൽ വരാവൂ എന്നാണ്.!!!’’ അവന്റെ അറിവിൽ അമ്മച്ചി പഴയതാണല്ലോ.

parents

മാതൃക നല്ലതാകട്ടെ

അപ്പന്റെയും അമ്മയുടെയും ജീവിതമാതൃകയാണ് മക്കൾ പകർത്തുന്നത്. അതുകൊണ്ട് നന്നായി ജീവിക്കാനും പെരുമാറാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. ചില വീടുകളിൽ വൈകുന്നേരത്തെ സീൻ ഇങ്ങനെയാണ്. അമ്മ അപ്പനെ പ്രാർഥിക്കാൻ വിളിക്കും. ‘നീയും പിള്ളേരും പ്രാർഥിച്ചോടീ, ഞാനൊന്ന് കുളിച്ചേച്ച് വരാം’എന്ന് പറഞ്ഞ് അപ്പൻ നൈസായി ഒഴിവാകും. വലുതാകുമ്പോൾ മക്കളും തുടങ്ങും കുളിയോടാപ്പം പ്രാർഥന.

നല്ലത് എന്റേതും മോശം നിന്റേതും

ആധുനിക കാലത്ത് പല കുടുംബങ്ങളിലും കുഞ്ഞുങ്ങളെ പ്രതി അപ്പനും അമ്മയും തമ്മിൽതല്ലാണ് നടക്കുന്നത്. മക്കൾക്ക് കുറ്റവും കുറവുമുണ്ടെങ്കിൽ അത് നിെന്റ പ്രശ്നം. നല്ലതൊക്കെ എന്റെ ഗുണം എന്ന സംസാരം നല്ലതല്ല. കണക്കു പരീക്ഷയുടെ മാർക്കുമായി മകൻ വന്നു. 50 മാർക്കിന് 43 മാർക്കിന്റെ കുറവ്. !!!

അപ്പൻ കണ്ണുരുട്ടി, ചൂരലെടുത്തു. അമ്മ പറഞ്ഞു ‘‘പോട്ടെ, ചെറിയ കുട്ടിയല്ലേ...’’

നീ പെറ്റതല്ലേ, നിന്റെ കുഴപ്പം എന്നു പറഞ്ഞുകളഞ്ഞു അപ്പൻ. ഇംഗ്ലിഷ് പരീക്ഷയ്ക്ക് അവന് 50ൽ അമ്പതും കിട്ടി. മുഴുവൻ മാർക്കും നേടി വന്ന മകനെ കണ്ട സന്തോഷത്തിൽ അപ്പൻ പറഞ്ഞു.

‘‘എന്തായാലും എന്റെ വിത്തല്ലേ, അതിന്റെ ഗുണം കാണിക്കാതിരിക്കുമോ?’’

അപ്പനും അമ്മയും പരസ്പരം പഴിചാരുന്നത് കുട്ടികളെ വളരെ നെഗറ്റീവായി ബാധിക്കും. അമ്മ മക്കളെ വഴക്കു പറയുമ്പോൾ അപ്പൻ മറുപക്ഷം പറയരുത്. മക്കളെ തിരുത്തുന്ന കാര്യത്തിൽ രണ്ടുപേർക്കും ഒരേ നിലപാടായിരിക്കണം. ഇല്ലെങ്കിൽ കുട്ടികൾ അത് മുതലെടുക്കും. പരസ്പരം യുദ്ധം ചെയ്യാനല്ല, ഒരുമിച്ചു നിന്നു മക്കളെ നേടാനാണ് ശ്രമിക്കേണ്ടത്. ചില അമ്മമാരുണ്ട്. മകനോ മകളോ തെറ്റ് ചെയ്താൽ പറയും. ‘‘അപ്പനിന്ന് ഇങ്ങോട്ടു വരട്ടെ, ഞാൻ പറഞ്ഞുകൊടുക്കുന്നുണ്ട്.’’

പങ്കാളിയേക്കുറിച്ച് ഭയപ്പെടുത്തുന്ന ഇമേജ് കൊടുക്കരുത്. ചൂരലിന് അടിച്ചാലേ കുട്ടി നന്നാകൂ എന്നാണ് ചിലരുടെ ധാരണ. പക്ഷേ, എത്ര കുട്ടികൾ അങ്ങനെ നന്നായിട്ടുണ്ട്? അമിതമായ ശാസനവും ശിക്ഷണവും കുട്ടിയിൽ നിഷേധാത്മക വികാരങ്ങൾ ഉളവാക്കാം. ക്ഷമയോടെയും സ്നേഹത്തോടെയും പറഞ്ഞു തിരുത്തുകയാണ് വേണ്ടത്.

മക്കളും മാതാപിതാക്കളും സുഹൃത്തുക്കളെ പോലെ പെരുമാറണമെന്നാണ് പുതിയ പേരന്റിങ് തിയറികൾ പറയുന്നത്. പക്ഷേ, മിക്ക വീടുകളിലും കുടുംബാംഗങ്ങൾ തമ്മിൽ സംസാരിക്കാൻ പോലും സമയമില്ല. ബന്ധങ്ങൾക്ക് ഊഷ്മളത നഷ്ടപ്പെടുന്ന കാലം. അതുകൊണ്ട് ബന്ധങ്ങൾ നിലനിർത്താൻ മനപൂർവമായ ശ്രമങ്ങൾ വേണം. അപ്പനേക്കുറിച്ച് അമ്മയും അമ്മയേക്കുറിച്ച് അപ്പനും നന്മ പറഞ്ഞുകൊടുക്കുക. വല്യപ്പനും വല്യമ്മയുമായും സൗഹൃദം സ്ഥാപിക്കാൻ പരിശീലിപ്പിക്കുക. അങ്ങനെ, കൂടുമ്പോൾ ഇമ്പമുള്ളതാകട്ടെ കുടുംബം.

(തുടരും)

Tags:
  • Relationship