Wednesday 13 October 2021 04:13 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞിപ്പല്ലുകള്‍ ഭംഗിയായിരിക്കാന്‍ ഗര്‍ഭത്തിലിരിക്കുമ്പോഴേ ശ്രദ്ധ വേണം

teeth

പല്ലുകള്‍ കേടുവരുത്തുന്നത് പ്രധാനമായി മ്യൂട്ടന്‍സ് സ്‌ട്രെപ്‌റ്റോകൊക്കൈ ഇനത്തിലുള്ള ബാക്ടീരിയകളാണ്. പല്ലിലെ പോടും മറ്റ് പ്രശ്‌നങ്ങളും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരും. തീരെ കുഞ്ഞുങ്ങളില്‍ പോലും പല്ലിലെ പോടുകളും പല്ല് ദ്രവിക്കുന്നതും കാണാറുണ്ട്. അങ്ങനെയുണ്ടാകാതിരിക്കാന്‍  ജനിക്കുന്നതിനു മുമ്പു തന്നെ കുഞ്ഞിന്റെ ദന്തസംരക്ഷണത്തില്‍ ശ്രദ്ധവയ്ക്കണം. കുഞ്ഞ് ജനിച്ച ശേഷവും ആറുമാസമാകുമ്പോള്‍ ആദ്യത്തെ പല്ല് വരുന്നതു മുതലും കൂടുതല്‍ ശ്രദ്ധയും വേണം. അതുകൊണ്ട് ഗര്‍ഭകാലം മുതല്‍ തന്നെ കുഞ്ഞിന്റെ ദന്താരോഗ്യത്തെക്കുറിച്ച് അമ്മമാര്‍ ബോധവതികളായേ തീരൂ. മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ദന്താരോഗ്യം ഉറപ്പാക്കാന്‍ ശീലിക്കേണ്ട ചില കാര്യങ്ങള്‍

ഗര്‍ഭകാലത്തെ ദന്തപരിചരണം

ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയ്ക്ക് പല്ലില്‍ പോടുകളും മോണയിലെ അസുഖങ്ങളും വരാന്‍ സാധ്യതകൂടുതലാണ്. ഇത് സ്വാഭാവികമായി കുഞ്ഞിന്റെ ആരോഗ്യത്തിനെയും ബാധിക്കും. മോണയില്‍ നീര്‍ക്കെട്ടോ മുറിവുകളോ ഉണ്ടെങ്കില്‍ നല്ലൊരു ഡോക്ടറെക്കണ്ട് പല്ലുകള്‍ ക്ലീന്‍ ചെയ്യുകയും ആവശ്യമെങ്കില്‍ കൂടുതല്‍ ചികിത്സതേടുകയും വേണം.

ഗര്‍ഭിണികള്‍ ഫ്‌ളൂറൈഡുകള്‍ അടങ്ങിയ ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് രണ്ടുനേരം മുടങ്ങാതെ ബ്രഷ് ചെയ്യണം. പോടുകളും കേടുവന്നു തുടങ്ങിയ പല്ലുകളും അടയ്ക്കണം. ദിവസവും ഫ്‌ളോസ് ചെയ്യാം. 

 ഛര്‍ദ്ദിയുണ്ടെങ്കില്‍ ഛര്‍ദ്ദിച്ച ശേഷം ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ ഒരു ഗ്ലാസ് വെള്ളത്തിലിട്ട് ഇളക്കി അതുകൊണ്ട് വായ കഴുകുക. പല്ലിന്റെ ഇനാമലിന് സംരക്ഷണം കിട്ടാന്‍ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും  പാലും മുട്ടയും മീനുമെല്ലാമടങ്ങുന്ന ആരോഗ്യകരമായ ഭക്ഷണം ഇക്കാലത്ത് കഴിക്കണം. പഞ്ചസാരയും മധുരവുമടങ്ങിയ പലഹാരങ്ങള്‍ നിര്‍ബന്ധമായി കുറയ്ക്കുകയും വേണം.

ജനനം മുതല്‍ ഒരു വയസ്സു വരെ

 ജനിച്ച് അധികമായിട്ടില്ലാത്ത കുഞ്ഞിന്റെയും വീട്ടിലെ മറ്റ് കുട്ടികളുടെയും ഉമിനീരുകള്‍ ഉമ്മ വയ്ക്കുമ്പോഴോ മറ്റോ തമ്മില്‍ കലരാതെ നോക്കേണ്ടതാണ്. പാല്‍ക്കുപ്പിയുടെയും മറ്റും ഊഷ്മാവ് വായ വച്ച് പരിശോധിക്കുന്നതും സ്പൂണും കുറുക്കു നല്‍കുന്ന പാത്രവും മറ്റുള്ളവര്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം. പല്ലിനെ ദ്രവിപ്പിക്കുന്ന ബാക്ടീരിയ പകരാതിരിക്കാന്‍ ഇക്കാര്യത്തില്‍ ശ്രദ്ധ വേണം. 

കുഞ്ഞിന് പല്ലുകള്‍ മുളയ്ക്കുന്നതിനു മുമ്പ്, രാവിലെ ആദ്യതവണ പാല്‍ കൊടുത്ത ശേഷവും രാത്രി ഉറക്കുന്നതിനു മുമ്പും മൃദുവായ കോട്ടണ്‍ തുണി നനച്ച് അതുകൊണ്ട് മോണ മെല്ലെ തുടയ്ക്കാം. പല്ലില്‍ പറ്റിയിരിക്കുന്ന മധുരവും ബാക്ടീരിയയും ഇല്ലാതാക്കാന്‍ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കരുത്. 

പല്ല് വന്നു തുടങ്ങുമ്പോള്‍ മൃദുവായ ചെറിയ ബ്രസിലുകളുള്ള ടൂത്ത്ബ്രഷും വെള്ളവും ഉപയോഗിച്ച് കുഞ്ഞിന്റെ വായയും പല്ലും വൃത്തിയാക്കാം.

അമ്മയുടെ പാലോ കുപ്പിപ്പാലോ ഏറെ കാലം തുടരുന്നത് പല്ലുകള്‍ നേരത്തേ കേടുവരാന്‍ കാരണമാകും. 12-14 മാസമാകുമ്പോഴേക്കും കുപ്പിപ്പാല്‍ കുടിക്കുന്നത് നിര്‍ത്താം. 

ഒരു വയസ്സ് തികയുന്ന സമയത്ത് കുഞ്ഞിനെ നല്ലൊരു ഡെന്റിസ്റ്റിനെ കാണിച്ച് പല്ലിന്റെ വളര്‍ച്ചയും ആരോഗ്യവും മനസ്സിലാക്കാം. 

ഒരു വയസ്സിനു ശേഷം

ഫീഡിങ് ബോട്ടില്‍ വായില്‍ വച്ച് ഉറങ്ങാന്‍ അനുവദിക്കരുത്. പാല്‍ കുടിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ കുഞ്ഞ് ഉറങ്ങിപ്പോയാലും പല്ലുകള്‍ വൃത്തിയാക്കിയേ കിടത്താവൂ.

ചെറിയ വൃത്താകൃതിയില്‍ സ്‌ക്രബ് ചെയ്യുന്ന രീതിയിലാണ് കുഞ്ഞുങ്ങളുടെ പല്ല് വൃത്തിയാക്കേണ്ടത്. ഫ്‌ളൂറൈഡ് അടങ്ങിയ ടൂത്ത്‌പേസ്റ്റ് കൊണ്ട് രണ്ടുനേരം മൃദുവായ ബ്രഷ് ഉപയോഗിച്ച് പല്ലു തേപ്പിക്കണം. 

രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ പല്ലുതേപ്പിക്കാന്‍ വേവിക്കാത്ത അരിയുടെ അത്രയും പേസ്റ്റ് മതി. പല്ലു തേക്കുമ്പോള്‍ അമ്മയോ അച്ഛനോ കൂടെ നില്‍ക്കണം. രണ്ടു വയസ്സിനു മുകളിലാണെങ്കില്‍ ചെറിയൊരു കടലയുടെയോ പയറിന്റെ വലിപ്പത്തില്‍ മതി ടൂത്ത്‌പേസ്റ്റ്. 

 പല്ലുകള്‍ തമ്മിലുള്ള ഇടഭാഗം ടൂത്ത്ബ്രഷ് കൊണ്ട് വൃത്തിയാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഡെന്റല്‍ ഫ്‌ളോസിങ് ശീലിപ്പിച്ചു തുടങ്ങാം.

വിവരങ്ങള്‍ക്ക് കടപ്പാട്: 

ഡോ. വന്ദന വി. ഗോപി

കണ്‍സള്‍ട്ടന്റ് ഓറല്‍ ഫിസിഷ്യന്‍& മാക്‌സിലോഫേഷ്യല്‍ റേഡിയോളജിസ്റ്റ്,

ടൂത്ത് ഹബ് ഡെന്റല്‍ ഡയഗ്നോസ്റ്റിക് സെന്റര്‍, 

വടക്കഞ്ചേരി, പാലക്കാട്.